തെപ്പക്കുളത്തേക്ക് വരൂ, 'ചാർലി'ക്കുളം കാണാം

പീരുമേട്: ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 2015-ല്‍ പുറത്തിറങ്ങിയ 'ചാര്‍ലി' എന്ന മലയാളം ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ് പഴയ പാമ്പനാറിന് സമീപത്തുള്ള തെപ്പക്കുളം. ലാഡ്രം തേയിലത്തോട്ടത്തിന് നടുവിലാണ് ഈ മനോഹര പ്രദേശമുള്ളത്.
സിനിമയില്‍ വട്ടവടയെന്ന് പേരിട്ടുവിളിക്കുന്ന സ്ഥലമാണിത്. ഇവിടെയുള്ള സര്‍ക്കാര്‍ എല്‍.പി.സ്‌കൂളാണ് സിനിമയിലെ വൃദ്ധസദനമായി മാറിയത്. തിയേറ്ററുകളില്‍ എത്തിയപ്പോള്‍തന്നെ ചാര്‍ലി സിനിമയുടെ ലൊക്കേഷനുകള്‍ ചര്‍ച്ചയായി മാറിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ആളുകള്‍ സ്ഥലം അന്വേഷിച്ച് എത്തിത്തുടങ്ങിയത്.
മനം നിറയ്ക്കും ലൊക്കേഷന്‍
സിനിമയിറങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും ലൊക്കേഷന്‍ അന്വേഷിച്ച് നിരവധി പേരാണ് എത്തുന്നത്. സ്‌കൂളിനോട് ചേര്‍ന്നുള്ള ഒറ്റയടിപ്പാതയാണ് ഇപ്പോള്‍ സഞ്ചാരികളുടെയും വ്‌ളോഗര്‍മാരുടെയും വിവാഹ ഫോട്ടോഗ്രാഫര്‍മാരുടെയും ഇഷ്ടസ്ഥലമായി മാറിയിരിക്കുന്നത്. തേയിലത്തോട്ടത്തിന് നടുവിലൂടെയുള്ള ഒറ്റയടിപ്പാതയും ഇരു വശങ്ങളിലും നിരനിരയായി നില്‍ക്കുന്ന ചൂളമരങ്ങളും നല്‍കുന്നത് സുന്ദരമായ അനുഭവമാണ്. മഴക്കാലത്ത് റോഡിന് ഇരുവശത്തും തടാകം രൂപപ്പെടും. കോടമഞ്ഞും കൂടിയെത്തിയാല്‍ കാഴ്ചയുടെ വശ്യതയേറും. സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ തടാകത്തിന്റെ പേര് ചാര്‍ലിക്കുളമെന്നായി മാറി.
കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയില്‍ പഴയ പാമ്പനാറില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ലോക്കേഷനിലെത്താം. തമിഴ്, തെലുങ്ക് സിനിമകള്‍ക്ക് പുറമേ മമ്മൂട്ടി അഭിനയിച്ച താപ്പാന, മോഹല്‍ലാല്‍ ചിത്രം ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രദേശം ചിത്രീകരിച്ചിട്ടുണ്ട്.
ചാര്‍ലിക്കുളം മാര്‍ക്കറ്റ് ചെയ്യണം
പ്രധാന ഇടങ്ങള്‍ തേടിയാണ് സഞ്ചാരികള്‍ എത്തുന്നത്. അവര്‍ക്കിവിടെ വേണ്ടതെല്ലാം ഒരുക്കണം. ചാര്‍ലിക്കുളംപോലെയുള്ള ഇടങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയാണ് വേണ്ടത് - ജോണ്‍സണ്‍, ടൂര്‍ ഓപ്പറേറ്റര്‍, പീരുമേട്
സാധ്യതകള്‍ പ്രയോജനപ്പെടുത്തണം
സമൂഹമാധ്യമങ്ങളിലൂടെയാണ് ചാര്‍ലിക്കുളം പ്രചരിച്ചത്. സഞ്ചാരികളുടെ തിരക്കുമുണ്ട്. പ്രദേശവാസികള്‍ക്കും പ്രദേശത്തിനും വികസനമുണ്ടാകുന്ന രീതിയില്‍ ഇവിടത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം - കെ. വിനോദ്, ടൂര്‍ പാക്കേജ് ഡ്രൈവര്‍, പീരുമേട്
Content Highlights: theppakulam charlie movie location