'നൂല്‍മഴ പെയ്തുതുടങ്ങി, പച്ചപ്പിന്റെ റാണി വിളിക്കുന്നു'; ചെറിയ ചെലവില്‍ റാണിപുരം കയറാം

മഴയിലും കോടമഞ്ഞിലും നനഞ്ഞ് കുളിരണിയാന്‍ കാസര്‍കോട് ജില്ലയിലെ റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മാനിമലയുടെ പച്ചപ്പും സൗന്ദര്യവും മഴയില്‍ നനഞ്ഞ് കണ്‍കുളിര്‍ക്കെ കാണാന്‍ രണ്ടുദിവസങ്ങളിലായി എത്തിയത് 3000-ത്തോളം സഞ്ചാരികള്‍. ഞായറാഴ്ച മാത്രമെത്തിയത് 1517 സഞ്ചാരികള്‍. മുന്‍പ് അവധിദിനങ്ങളിലായിരുന്നു സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. എന്നാല്‍, ഇതില്‍നിന്ന് വിപരീതമായി മറ്റ് ദിവസങ്ങളിലും വലിയ തോതില്‍ സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയതായി വനംവകുപ്പ് ജീവനക്കാര്‍ പറയുന്നു.
ഈ മഴക്കാലത്ത് സഞ്ചാരികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. മുന്‍കാലങ്ങളിലെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് മഴക്കാലത്തിന്റെ ആരംഭത്തില്‍ തന്നെ വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ റാണിപുരത്തേക്ക് എത്തുന്നത്. രണ്ടാഴ്ചയായി എത്തുന്നവരില്‍ 75 ശതമാനവും കര്‍ണാടകയില്‍നിന്നാണ്. ഇതില്‍ ഭൂരിഭാഗവും യുവതീയുവാക്കളാണെന്ന പ്രത്യേകതയുമുണ്ട്.
മണ്‍സൂണ്‍കാലത്തെ റാണിപുരത്തിന്റെ വിനോദസഞ്ചാരസാധ്യത തിരിച്ചറിഞ്ഞതോടെയാണ് സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായത്. മേയ്, ജൂണ്‍ മാസങ്ങളില്‍ ആവശ്യത്തിന് മഴ ലഭിച്ചതോടെ കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയ മാനിപ്പല്‍മേട് പച്ചപ്പണിഞ്ഞ് സഞ്ചാരികള്‍ക്ക് വിസ്മയകരമായ കാഴ്ചയാണൊരുക്കുന്നത്. മുന്‍കാലത്തെ അപേക്ഷിച്ച് അട്ടശല്യം കുറഞ്ഞതും ഗുണകരമായി.
അപൂര്‍വസസ്യങ്ങളും ചിത്രശലഭങ്ങളും ഉരഗങ്ങളും വന്യമൃഗങ്ങളുമുള്ള കാടിന്റെ വന്യതയില്‍ കോടമഞ്ഞിന്റെ തണുപ്പറിയാനും നേര്‍ത്ത് പെയ്യുന്ന മഴയില്‍ നനയാനുമാണ് സമുദ്രനിരപ്പില്‍നിന്നും 1049 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കേരളത്തിന്റെ ഊട്ടിയെ തേടി സഞ്ചാരികള്‍ എത്തുന്നത്. സ്ത്രീകളടക്കമുള്ള വിനോദസഞ്ചാരികളുടെ എണ്ണം കൂടിയതോടെ അവധിദിവസങ്ങളിലെങ്കിലും വിനോദ സഞ്ചാരകേന്ദ്രത്തില്‍ പോലീസിന്റെ സേവനം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.
അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തണം
അയല്‍സംസ്ഥാനങ്ങളില്‍നിന്നടക്കം റാണിപുരത്തേക്ക് സഞ്ചാരികള്‍ വലിയ തോതില്‍ എത്തുമ്പോഴും ആവശ്യത്തിന് അടിസ്ഥാനസൗകര്യങ്ങളില്ലാത്തത് പ്രയാസമുണ്ടാക്കുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നാണ് ട്രക്കിങ് നടത്താനെത്തുന്നവര്‍ക്കുള്ള ടിക്കറ്റ് കൗണ്ടര്‍. ഇവിടെ അവധിദിവസങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വലുതാണ്. ശൗചാലയസൗകര്യമടക്കം ഒരുക്കേണ്ടതുണ്ട്. ട്രെക്കിങ്ങിന് പോകാത്ത സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും സൗകര്യങ്ങളില്ല. വനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലഘുഭക്ഷണശാലയുടെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. ഇതും സഞ്ചാരികളെ ബാധിക്കുന്നുണ്ട്.
മൊബൈല്‍ഫോണിന് കവറേജില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വെല്ലുവിളിയാകുന്നുണ്ട്. നിലവില്‍ വനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ചെറിയ സ്ഥലത്താണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. കൂടുതല്‍ വാഹനങ്ങള്‍ എത്തിയാല്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ല. ബി.എസ്.എന്‍.എല്‍. മൊബൈല്‍ടവറിന്റെ നിര്‍മാണം തുടങ്ങിയതും ഇടയ്ക്ക് മുടങ്ങിയിരുന്ന വൈകുന്നേരത്തെ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് പുനരാരംഭിച്ചതും സഞ്ചാരികള്‍ക്ക് ഗുണകരമാകും. ഉച്ചസമയത്ത് റാണിപുരത്ത് എത്തുന്ന തരത്തില്‍ ഒരു ബസ് കൂടി അനുവദിച്ചാല്‍ നന്നാകുമെന്ന് റാണിപുരം വനസംരക്ഷണസമിതി മുന്‍ പ്രസിഡന്റ് എന്‍.മധുസൂദനന്‍ പറഞ്ഞു.
ചെറിയ ചെലവില്‍ കണ്ടുപോകാവുന്ന ഇടം
കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ പനത്തടിയിലെത്തിയും പാണത്തൂരില്‍നിന്നും റാണിപുരത്തെത്താം. പനത്തടിയില്‍നിന്നും 10 കിലോമീറ്ററാണ് ദൂരം. കാഞ്ഞങ്ങാട് നിന്നും രാവിലെ എട്ടിനും ഉച്ചകഴിഞ്ഞ് 2.40-നും കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുന്നുണ്ട്. പനത്തടിയില്‍നിന്നും ഓട്ടോറിക്ഷ, ടാക്‌സി ജീപ്പുകള്‍ എന്നിവയും ലഭിക്കും. രാവിലെ എട്ട് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് സഞ്ചാരികള്‍ക്ക് വനത്തിനകത്തേക്ക് പ്രവേശനം. വൈകുന്നേരം 5.30-നകം തിരിച്ചിറങ്ങണം. പ്ലാസ്റ്റിക് കുപ്പിയടക്കമുള്ളവയ്ക്ക് നിയന്ത്രണമുണ്ട്. നിലവില്‍ മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശനഫീസ്. വനം വകുപ്പിന്റെ കീഴിലാണ് പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
Content Highlights: ranipuram peak eco tourism kasaragod travel destination