കാട്ടരുവികളും പുല്‍മേടുകളും കടന്ന് മലകയറാം; അവധിക്കാലയാത്ര ഈ ഹില്‍സ്റ്റേഷനിലേക്കാവട്ടെ

കണ്ണും മനസ്സും നിറയ്ക്കുന്ന പ്രകൃതി ഭംഗി. അതാണ് റാണിപുരം. പുല്‍ച്ചെടികളുടെ പച്ചപ്പും കോടമഞ്ഞും മൂടിപ്പുതച്ച് കിടക്കുന്ന കുളിര്‍മയുടെ സൗന്ദര്യറാണി. 139 ഹെക്ടറില്‍ വ്യാപിച്ചുകിടക്കന്ന ജൈവവൈവിധ്യങ്ങളുടെ വനമേഖല. നിബിഡവനങ്ങളും മലനിരകളും പുല്‍ത്തകിടികളും ചേര്‍ന്ന് ഭൂമിയൊരുക്കുന്ന റാണിപുരത്തെ കാഴ്ച വിവരണങ്ങളാല്‍ ഒതുക്കാന്‍ കഴിയുന്നതല്ല.
കര്‍ണാടകയുടെ അതിര്‍ത്തി പങ്കിട്ട് പനത്തടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരം പ്രക്യതി കനിഞ്ഞനുഗ്രഹിച്ച പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റര്‍ കിഴക്കോട്ടേക്ക് സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം. സമീപകാലംവരെ മലയാളികളുടെ വിനോദസഞ്ചാര സാധ്യതകളില്‍ വലിയരീതിയില്‍ ഉള്‍പ്പെടാതിരുന്ന ഈ പ്രദേശം സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍ പോസ്റ്റുകളിലൂടെയാണ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങിയത്. റോഡ് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പോട്ടതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ ഏറെ വര്‍ധനവുണ്ടായി.
ആദ്യകാലത്ത് മാടത്തുമല എന്ന് വിളിക്കപ്പെട്ടിരുന്ന സ്ഥലം 1969 സെപ്റ്റംബര്‍ 26-നാണ് കോട്ടയം അതിരൂപത വിലയ്ക്ക് വാങ്ങി. 46 ക്‌നാനായ കുടുംബാംഗങ്ങള്‍ ഇവിടേക്ക് കുടിയേറ്റം നടത്തി. പരിശുദ്ധമറിയത്തിന്റെ ഓര്‍മയ്ക്കായി അവര്‍ മാടത്തുമലയ്ക്ക് റാണിപുരം എന്ന പുതിയ പേരിട്ടു. കാനനപ്രദേശമായ റാണിപുരത്തെ മനുഷ്യവാസയോഗ്യമായ വിനോദസഞ്ചാരകേന്ദ്രമാക്കിയതിന് പിന്നില്‍ കുടിയേറ്റജനതയുടെ അശ്രാന്തപരിശ്രമമുണ്ട്.
139 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ വനമേഖലയാണ് റാണിപുരം. വനംവകുപ്പിന് കീഴില്‍ റാണിപുരം വനസംരക്ഷണ സമിതിക്കാണ് പരിപാലന ചുമതല. കാസര്‍കോട് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം. കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റര്‍ കിഴക്കോട്ടേക്ക് സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം. കര്‍ണാടകയുടെ സൗന്ദര്യങ്ങളായ കുടക്, കുശാല്‍നഗര്‍, മൈസൂര്‍ റാണിപുരത്തിന്റെ അയല്‍ക്കാര്‍. പാണത്തൂരില്‍ നിന്ന് തലക്കാവേരിയിലേക്ക് 40 കിലോമീറ്ററും കുടകിലേക്ക് 60 കിലോമീറ്ററും എരുമാട് ദര്‍ഗ്ഗയിലേക്ക് 60 കിലോമീറ്ററും ദൂരമേയുള്ളൂ. റാണിപുരത്തെ കാലാവസ്ഥ ഊട്ടിയ്ക്ക് സമാനമാണ്. കേരളത്തിന്റെ ഊട്ടിയെന്ന വിശേഷണം റാണിപുരത്തിന് വന്നത് അങ്ങനെയാണ്.
അവധിക്കാലത്ത് സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം സന്ദര്‍ശിക്കാനുള്ള മികച്ച സാധ്യതകളിലൊന്നാണ് റാണിപുരം. കെ.റ്റി.ഡി.സിയുടേത് ഉള്‍പ്പടെ നിരവധി താമസ സൗകര്യങ്ങളും ഇവിടെയുണ്ട്. രണ്ടര മണിക്കൂറോളമുള്ള ഹൈക്കിങ്ങിനിടെ സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ഉള്‍പ്പടെ കൂടുതല്‍ സൗകര്യങ്ങള്‍ കൂടെ ഇവിടെ ഉണ്ടാവേണ്ടതുണ്ട്.
Content Highlights: ranipuram hills travel destination