സാഹസികരെ കാത്ത് ഒരപ്പന്‍കെട്ട്; ഗ്ലാസ് നിര്‍മിത തൂക്ക്പാലവും സിപ് ലൈനും ഉടനെത്തും

ഒരപ്പന്‍കെട്ട്
ഒരപ്പന്‍കെട്ട്

ല്ലൂര്‍ മണ്ഡലത്തിലെ സാഹസികവിനോദത്തിന്റെ കേന്ദ്രമാകാന്‍ പാണഞ്ചേരി പഞ്ചായത്തിലെ ഒരപ്പന്‍കെട്ട് ഒരുങ്ങുന്നു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനായോഗം റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്നു. സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി അഞ്ച് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തിന്റെ ഭൂപ്രകൃതി നിലനിര്‍ത്തിയും ഒരപ്പന്‍ കെട്ടിനെ പൂര്‍ണമായും സംരക്ഷിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്.

മണലിപ്പുഴയില്‍നിന്ന് എത്തുന്ന വെള്ളം കാര്‍ഷിക ആവശ്യത്തിനും മറ്റുമായി തടയണകെട്ടി സംരക്ഷിക്കുന്ന പ്രദേശമാണ് ഒരപ്പന്‍കെട്ട്. നിലവില്‍ വെള്ളം കെട്ടിനിര്‍ത്തുന്ന ഭിത്തികള്‍ കൂടുതല്‍ ബലപ്പെടുത്തുന്നതിന് തീരുമാനമായി. സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തും. ഗ്ലാസ് നിര്‍മിത തൂക്കുപാലമാണ് ഒരപ്പന്‍ കെട്ടിലെ പ്രധാന ആകര്‍ഷണം. ഇതിന് പുറമേ സിപ് ലൈന്‍, റോക്ക് ക്ലൈബിങ്, വ്യൂ പോയിന്റ് എന്നിവയും ഒരപ്പന്‍കെട്ടില്‍ ഒരുക്കുന്നുണ്ട്.

വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനും സുരക്ഷിതമായി കുളിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. റോഡും നടപ്പാതകളുമെല്ലാം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതായിരിക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മാര്‍ച്ച് 15നുള്ളില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും എത്രയുംവേഗം പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുകയും ചെയ്യുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു.

ഒരപ്പന്‍കെട്ട് ബലപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ വിധത്തിലുമായിരിക്കണം നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി നിര്‍ദേശിച്ചു. ബജറ്റില്‍ അനുവദിച്ചതിലും കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ എം.എല്‍.എ. ഫണ്ട് കൂടി ഉപയോഗിക്കാന്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ബിജു വര്‍ഗീസ്, പി.ഐ. സുബൈര്‍കുട്ടി, ഡി.ടി.പി.സി. സെക്രട്ടറി ഡോ. ജോബി ജോര്‍ജ്ജ്, ആര്‍ക്കിടെക്ട് സുനില്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: orappankettu waterfalls Peechi Thrissur travel