ലോകത്തേറ്റവും സന്തുഷ്ടരായ ജനതയുടെ നഗരത്തില്‍; സ്വപ്‌നതുല്ല്യമായ ഒരു ക്രൂസ് യാത്ര

ലോകത്ത് ഏറ്റവും സന്തോഷഭരിതരായി ആളുകള്‍ ജീവിക്കുന്നത് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നിവിടങ്ങളിലാണെന്ന് പഠനങ്ങള്‍ പറയുന്നു. പൊതുവെ മികച്ച ജീവിത നിലവാരമുള്ള ഇവിടുത്തെ ആളുകള്‍ ഉയര്‍ന്ന ചിന്താഗതിയുള്ളവരായാണ് കരുതപ്പെടുന്നത്. യാത്രകള്‍ ആരംഭിച്ച കാലം മുതല്‍ക്കേയുള്ള ആഗ്രഹമായിരുന്നു ഈ രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്ന് സന്ദര്‍ശിക്കണം എന്നുള്ളത്. ശാന്തസുന്ദരമായ ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പെന്‍ഹേഗനിലേക്കാണ് ഇത്തവണത്തെ യാത്ര. അവരുടെ സമ്പന്നമായ ചരിത്രത്തിന്റെ ഭാഗമായ നീഹവനില്‍ നടത്തിയ ബോട്ട് ക്രൂയിസിന്റെ വിശേഷങ്ങളിലേക്ക്.
രാത്രിയോടെയാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പെന്‍ഹേഗനില്‍ എത്തിയത്. മുന്‍പ് പല യാത്രകളിലും കൂടെയുണ്ടായിരുന്ന സക്കറിയ അച്ചായനും ഒപ്പമുണ്ട്. രണ്ട് ദിവസത്തെ കാഴ്ചകള്‍ ആണ് ഞങ്ങളുടെ ഇവിടുത്തെ പദ്ധതി. താമസിച്ചിരുന്ന ഇബിസ് സ്‌റ്റൈല്‍ ഹോട്ടലില്‍ നിന്ന് രാവിലെ തന്നെ മെട്രോയില്‍ സെന്‍ട്രല്‍ സ്റ്റേഷനായ കോംഗന്‍സ് നിറ്റോര്‍വില്‍ (Kongens Nytorv) എത്തി. മെട്രോ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയത് വിശാലമായ ഒരു ചത്വരത്തിലേക്കാണ്. നല്ല തണുപ്പുണ്ട്. തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും ധരിച്ച് സൈക്കിളുകളില്‍ ഓഫീസിലും മറ്റും പോകുന്ന ധാരാളം ആള്‍ക്കാരെ വഴിയില്‍ കാണാം. ശൈത്യകാലമായതിനാല്‍ മരങ്ങളെല്ലാം ഇലകൊഴിച്ച് നില്‍ക്കുന്നുവെങ്കിലും പുല്‍ത്തകിടിയും ശില്‍പങ്ങളും കല്‍വിരിച്ച പാതകളും അവിടം മനോഹരമാക്കുന്നു.
ആദ്യം തന്നെ 17-ആം നൂറ്റാണ്ടിലെ ഒരു തുറമുഖമായിരുന്ന നീഹവനിലേക്കാണ് (Nyhavn) ഞങ്ങള്‍ പോകുന്നത്. ചത്വരത്തിന്റെ ഒരു വശത്തായാണ് കോപ്പെന്‍ഹേഗനിലെ ഏറ്റവും പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കായ നീഹവന്‍. ഞങ്ങള്‍ നടന്ന് അവിടെയുള്ള നങ്കൂര ശില്പത്തിന്റെ അടുത്ത് എത്തി. അര കിലോമീറ്ററോളം നീളത്തിലുള്ള ഒരു കനാല്‍ ആണ് ഇവിടം. തടിക്കപ്പലുകള്‍, ആധുനിക ബോട്ടുകള്‍, ആഡംബരയാനങ്ങള്‍ എന്നിവ കനാലില്‍ കാണാം. വിവിധ നിറങ്ങളിലുള്ള ടൗണ്‍ഹൗസുകള്‍ കനാലിന് ഇരുവശവും, വാട്ടര്‍ ഫ്രണ്ട് റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു ഈ തുറമുഖ പ്രദേശം. നിരവധി കനാല്‍ ടൂറുകള്‍ ഇവിടെ നിന്ന് പുറപ്പെടുന്നുണ്ട്, അതിനാല്‍ രാവിലെ തന്നെ വിനോദസഞ്ചാരികളുടെ നല്ല തിരക്കായിരുന്നു ഇവിടെ. ഞങ്ങള്‍ രണ്ട് മണിക്കൂര്‍ നേരത്തേക്കുള്ള ഒരു കനാല്‍ ക്രൂയിസിന്റെ ടിക്കറ്റ് എടുത്തു. പുറപ്പെടാന്‍ ഒരു മണിക്കൂര്‍ കൂടി ഉള്ളതിനാല്‍ കുറച്ച് സമയം കനാല്‍ തീരത്തുകൂടി നടന്നു. അവിടെ കണ്ട ഒരു കോഫി ഷോപ്പില്‍ നിന്ന് ഒരു എസ്പ്രസ്സോ കോഫിയും ഡാനിഷ് പേസ്ട്രിയും കഴിച്ച് തണുപ്പകറ്റി.
1670 കളില്‍ സ്വീഡിഷ് യുദ്ധത്തടവുകാരാല്‍ നിര്‍മ്മിച്ച ഈ പ്രദേശത്തിന്റെ ചരിത്രത്തെ അനുഭവിച്ചറിയാന്‍ കഴിയുന്ന സ്ഥലമാണിത്. ചരക്ക് തുറമുഖം മുതല്‍ നാവികര്‍ക്കുള്ള വിനോദകേന്ദ്രമായി വരെ, അതിന്റെ 350 വര്‍ഷത്തെ ചരിത്രത്തില്‍ നിരവധി രൂപാന്തരങ്ങള്‍ നീഹവന്‍ കണ്ടിട്ടുണ്ട്. വാട്ടര്‍ഫ്രണ്ട് പ്രൊമെനേഡ് ആണ് ഇവിടം ഇപ്പോള്‍. നീഹവന്‍ അതിന്റെ വൈവിധ്യമാര്‍ന്ന ചരിത്രംപോലെ ഇന്നും കോപ്പെന്‍ഹേഗനിലെ പഴയ വീടുകളും തുറമുഖ ഭാഗങ്ങളും എല്ലാം പരിരക്ഷിച്ച് അതിന്റെ സമ്പന്നമായ കാഴ്ചകളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.ഞങ്ങളുടെ ബോട്ടിന്റെ സമയമായിരിക്കുന്നു. നൂറോളം പേര്‍ക്ക് കയറാവുന്ന വെള്ളത്തിലൂടെ പരന്ന് ഒഴുകുന്ന ഒരു ബോട്ട്. ഞാന്‍ ബോട്ടിന്റെ പിന്‍ഭാഗത്ത് ഓപ്പണ്‍ ഏരിയയിലുള്ള ഒരു സീറ്റില്‍ ഇരുപ്പുറപ്പിച്ചു. അച്ചായന്‍ ആകട്ടെ തണുപ്പ് സഹിക്കാന്‍ പറ്റാത്തതിനാല്‍ ഉള്ളിലാണ് ഇരുന്നത്. ബോട്ട് പതുക്കെ മുന്നോട്ട് നീങ്ങി.
ബോട്ടിനുള്ളിലെ ഹെഡ്‌ഫോണിലൂടെ കരയില്‍ ഇരുഭാഗത്തുമുള്ള പ്രധാന കാഴ്ചകളെ പറ്റി വിശദീകരിക്കുന്നുണ്ടായിരുന്നു. കനാലില്‍ നിന്ന് പതുക്കെ ബാള്‍ട്ടിക് സമുദ്രത്തിലേക്ക് ബോട്ട് ഇറങ്ങി. ദൂരെയായി വലിയ ഫാക്ടറികളും ഓഫീസ് സമുച്ചയങ്ങളുമൊക്കെ കാണാമായിരുന്നു. ഓപ്പറ ഹൗസും, അമേലിയോബോര്‍ഗ് രാജകൊട്ടാരവും, ലിറ്റില്‍ മെര്‍മെയ്ഡ് ശില്പമുള്ള പാര്‍ക്കും, സമീപമായി ആഗോള ഷിപ്പിംഗ് മേഖലയിലെ ഭീമന്‍ മെര്‍സ്‌കിന്റെ ഓഫീസും, മാര്‍ബിള്‍ ദേവാലയം എന്നറിയപ്പെടുന്ന പച്ച മകുടത്തോടുകൂടിയ ഫ്രെഡറിക് ദേവാലയവും ഒരു വശത്തായി കാണാം. കുറച്ച് നേരത്തെ സവാരിക്ക് ശേഷം തിരികെ ബോട്ട് മറ്റൊരു കനാലിലേക്ക് കയറി.
ഡെന്മാര്‍ക്കിന്റെ സുവര്‍ണ്ണ കാലഘട്ടം ഭരിച്ചിരുന്ന ക്രിസ്റ്റ്യന്‍ നാലാമന്‍ രാജാവിന്റെ സ്മരണകള്‍ പേറുന്ന മനോഹരമായ ക്രിസ്റ്റ്യന്‍ഷാവ് കനാല്‍ ക്വാര്‍ട്ടേഴ്‌സിലൂടെ ബോട്ട് നീങ്ങി. പഴയ രാജകൊട്ടാരത്തിന്റെ ഭാഗമായുള്ള കെട്ടിടങ്ങളും പിരിയന്‍ ഗോപുരമുള്ള ചര്‍ച്ച് ഓഫ് സേവിയര്‍ എന്ന പള്ളിയും കണ്ടു. ഹോള്‍മെന്‍സ് ദേവാലയം സ്ഥിതിചെയ്യുന്നിടത്തു ഞങ്ങളുടെ ബോട്ടിന് സ്റ്റോപ്പ് ഉണ്ടായിരുന്നു, കുറച്ച് ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്തു. അവിടെ നിന്ന് ഞങ്ങള്‍ പഴയ സ്റ്റോക്ക് എക്സ്ചേഞ്ച് കടന്ന് ബോര്‍സ്ഗ്രേവന്‍ എന്ന കനാലിലൂടെയും സഞ്ചരിച്ചു. നിരവധി പഴയ വീടുകളും മറ്റും അവിടെയും കാണാം. കോപ്പെന്‍ഹേഗന്‍ തുറമുഖത്തിന്റെ ഏറ്റവും പഴക്കം ചെന്ന ഭാഗമാണിത്. നിരവധി പാലങ്ങള്‍ അവിടെയുമുണ്ടായിരുന്നു. ചിലതിന് തീരെ ഉയരം കുറവായതിനാല്‍ സൂക്ഷിക്കണം എന്നുള്ള മുന്നറിയിപ്പ് ക്യാപ്റ്റന്‍ നല്‍കുന്നുണ്ടായിരുന്നു. ക്രൂയിസ് ബോട്ടുകള്‍ക്ക് തീരെ ഉയരം കുറവായി ജലനിരപ്പിനോട് പറ്റി പോകുന്ന തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള പാലങ്ങള്‍ക്കടിയിലൂടെ പോകുന്നതിനായി ആണ്. പ്രൗഢസുന്ദരമായ കെട്ടിടങ്ങള്‍ കരയ്ക്ക് ഇരുവശവും. വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന പ്രദേശങ്ങള്‍. കനാലും കരയും എല്ലാം വൃത്തിയോടെ പരിപാലിക്കുന്നതായി കാണാം.
നിരവധി ടൗണ്‍ ഹൗസുകളും, മധ്യകാല നിര്‍മ്മിതികളും, ചില ആധുനിക മ്യൂസിയങ്ങളും പലയിടത്തായി കാണാന്‍ സാധിച്ചു. മറ്റു ചില കനാലുകളില്‍ കൂടിയൊക്കെ സഞ്ചരിച്ചതിനുശേഷം തിരികെ യാത്ര ആരംഭിച്ച നീഹവനില്‍ എത്തി ഞങ്ങള്‍ ക്രൂയിസ് യാത്ര അവസാനിപ്പിച്ചു. അടുത്ത ട്രിപ്പിനുള്ള യാത്രക്കാര്‍ ബോട്ട് കാത്ത് അവിടെയുണ്ടായിരുന്നു. ഞങ്ങള്‍ വീണ്ടും നീഹവന്‍ തീരത്തുകൂടി കുറച്ചു സമയം നടന്നു. തണുപ്പിന് സൂര്യപ്രകാശം കാരണം കുറച്ചു ശമനം വന്നിരുന്നു അപ്പോഴേക്കും. കനാല്‍ ജലാശയത്തിലെ കുഞ്ഞോളങ്ങളില്‍ ഇരുകരയിലുമുള്ള വര്‍ണാഭമായ കെട്ടിടങ്ങളുടെ പ്രതിബിംബം സൗന്ദര്യനടനമാടുന്നു. ലോകപ്രശസ്ത ഡെന്മാര്‍ക്ക് സാഹിത്യകാരനായ ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്‌സണ്‍ തന്റെ ജീവിതത്തിലെ 20 വര്‍ഷം ഇവിടെ താമസിച്ചാണ് വിഖ്യാതമായ കൃതികള്‍ക്ക് ജന്മം നല്‍കിയത്.
ലോകത്തില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ ഡെന്‍മാര്‍ക്കിന്റെ സ്ഥാനം രണ്ടാമതാണ്. വ്യക്തി സ്വാതന്ത്ര്യം ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്നതും ഡെന്‍മാര്‍ക്കില്‍ ആണ്. എന്തുകൊണ്ടും എല്ലാവര്‍ക്കും ജീവിക്കുവാന്‍ ഇഷ്ടം തോന്നുന്ന രാജ്യം. ഡാനിഷ് ആണ് ഈ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ. ഡാനിഷ് ക്രോണ്യ ഇവിടുത്തെ നാണയവും. യൂറോപ്യന്‍ യൂണിയനില്‍ അംഗം ആണെങ്കിലും യൂറോ സോണില്‍ ഡെന്‍മാര്‍ക്ക് അംഗം അല്ല. സൈക്കിള്‍ പാതകള്‍ 'ഡാനിഷ് മോഡല്‍' ആയി തന്നെ ലോകത്ത് അറിയപ്പെടുന്നു. ഇന്ന് കോപ്പെന്‍ഹേഗന്‍ നിരത്തുകളില്‍ വാഹനങ്ങളെക്കള്‍ കൂടുതല്‍ സൈക്കിളുകളാണ്. റോസന്‍ബര്‍ഗ് കാസില്‍, ഫ്രെഡറിക് ദേവാലയം, റൗണ്ട് ടവര്‍, സ്‌ട്രോഗെറ്റ് ഷോപ്പിംഗ് സ്ട്രീറ്റ്, ലിറ്റില്‍ മെര്‍മെയ്ഡിന് സമീപമുള്ള ലാംഗലിനി പാര്‍ക്ക് തുടങ്ങിയ മറ്റ് കാഴ്ചകളിലേക്ക് ഞങ്ങള്‍ നടന്നു. ഡാനിഷ് ജനങ്ങള്‍ അതീവ സുന്ദരന്മാരും സുന്ദരികളുമാണ്, സന്തോഷത്തോടെ ഉല്ലസിച്ചും സമാധാനത്തോടെയും ജീവിക്കുകയും ചെയ്യുന്ന ഒരു ജനത. അങ്ങനെ ഒരു കാഴ്ചപ്പാടുള്ള ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മളിലേക്കും ആ ആനന്ദം പകരുകതന്നെ ചെയ്യും.
Content Highlights: nyhavn copenhagen denmark travel