പശ്ചിമഘട്ടത്തിലെ മനോഹരമായ ലോഹഗഡ്‌വാടി കോട്ടയിലേക്ക് മഴയാത്ര

കുളിരുകോരുന്ന മഴക്കാലത്ത്, പുണെയിലെ മലക്കോട്ട ലോഹഗഡ് ഫോർട്ട് ലക്ഷ്യമിട്ടിറങ്ങി. ലോണേവാലയ്ക്കടുത്തെ ലോഹഗഡ്‌വാടി ഗ്രാമത്തിലാണ് പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ ഈ ഫോർട്ട്. കുന്നിൻചെരുവിലെ വെള്ളച്ചാട്ടങ്ങളെയും അരുവികളെയും സഹ്യാദ്രിമലനിരകളെയും ആസ്വദിച്ച് യാത്ര. മലയോരദേശമായ ലോഹഗഡ്‌വാടിയുടെ അടിവാരത്തിൽ നിന്ന് രണ്ടുമണിക്കൂർ ദൂരം കാൽനടസഞ്ചാരം. കുത്തനെ കല്പടവുകളേറി കുന്നിൻമുകളിലെ ലോഹഗഡ് ഫോർട്ടിലെത്തിച്ചേരാം. 'ലോഹ' എന്നാൽ മറാത്തിയിൽ 'ഇരുമ്പ്' എന്നർത്ഥം. 'ദൃഢമാർന്ന കോട്ട' എന്നതിൽ നിന്നാകാം ഇങ്ങനെ പേര്. കോട്ട രൂപംകൊണ്ടതിനു ശേഷമാകാം ഗ്രാമത്തിനും സമാനമായ പേര് വന്നത്.
മറാത്തിശൈലിയിലെ വേഷവിധാനങ്ങളും ഭാഷയും ശ്രദ്ധ പിടിച്ചുപറ്റും. ഗ്രാമവാസികളിൽ ചിലർ സ്വന്തം കൃഷിയിടങ്ങളിലെ പച്ചക്കറികളും ഫലങ്ങളുമായി അടിവാരത്ത് നിൽപ്പുണ്ട്. ആർത്തലച്ചു പെയ്ത മഴ അൽപം ശമിച്ച ശേഷം കോട്ടയുടെ പടവുകൾ കയറാമെന്നു കരുതി. മലയോരത്തെ ചെറിയ ചായക്കടയിൽ അല്പസമയം ചെലവഴിച്ചു. വിറകടുപ്പിൻ കനലിൽ എണ്ണയിൽ പൊരിച്ചെടുക്കുന്ന ചൂടുവിഭവങ്ങൾ ചുടുചായക്കൊപ്പം വിളമ്പുകയാണ് മധ്യവയസ്‌ക.
സംഭാഷണത്തിലേർപ്പെട്ടു. 'തുജ്ഹം നാവ് കായ് ആഹേ? 'പേരാണ് ചോദിച്ചത്. അവർ ഗ്രാമത്തെക്കുറിച്ചും കച്ചവടത്തെക്കുറിച്ചും സംസാരിച്ചു. രത്‌നഗിരി സ്വദേശിയായ സുഹൃത്തിൽ നിന്ന് അൽപ്പം മറാത്തിഭാഷ പഠിച്ചതാണ്. വളരെ ചുരുക്കം വാക്കുകളെ അറിയൂ. ആശയവിനിമയം പതിയേ ഹിന്ദിയിലേക്കായി. മറാത്തിക്കാർക്ക് ഹിന്ദിയും കൊങ്കണിയുമൊക്കെ നല്ല വശമാണ്. മഴക്കാലത്താണ് സഞ്ചാരികൾ ഈ പ്രദേശത്ത് കൂടുതലായെത്തുന്നത്. മഴക്കെടുതി ദുരിതമുണ്ടെങ്കിലും മലയോരവാസികളായ ലോഹഗഡ്‌വാടി ഗ്രാമത്തിലെ വഴിക്കടക്കാർക്ക് അൽപ്പം കച്ചവടം നടക്കുന്നത് ഈ സീസണിലാണ്.
മഴയ്ക്കൽപം ശമനം വന്നു. എങ്കിലും ശക്തമായ കാറ്റ് തടസ്സമായുണ്ട്. മടങ്ങിവരുന്ന സഞ്ചാരികളോട് യാത്രയുടെ സ്ഥിതിഗതികൾ ആരാഞ്ഞു. ആസ്വദിച്ച യാത്രയുടെ ആനന്ദം വാക്കുകളിൽ പ്രകടമായിരുന്നു. ഏറ്റക്കുറച്ചിലോടെ പെയ്യുന്ന മഴ. വഴിയോരത്തെ കല്പടവുകളിലൂടെ ഒലിച്ചിറങ്ങുന്ന മഴപ്പാച്ചിൽ കാൽപ്പാദങ്ങളിൽത്തട്ടി താഴേക്ക് കുതിക്കുന്നു. മനോഹരമായ അനുഭൂതി.
ലോഹഗഡിന് ഗണേശ് ദർവാസ,നാരായൺ ദർവാസ, ഹനുമാൻ ദർവാസ, മഹാദർവാസ എന്നീ നാലു കവാടങ്ങളുണ്ട്. ഈ കവാടങ്ങൾ കടന്നാൽ മാത്രമേ സഞ്ചാരികൾക്ക് കോട്ടയുടെ മുകളിലെത്താൻ സാധിക്കൂ. നടന്നെത്തിയത് ലോഹഗഡ് ഫോർട്ടിന്റെ പ്രധാനകവാടത്തിലാണ്. കോട്ടയുടെ കല്പടവുകൾക്കിടയിലൂടെ വിദൂരദൃശ്യം, മൂടൽമഞ്ഞും കാർമേഘങ്ങളും ചുറ്റിനിൽക്കുന്ന പശ്ചിമഘട്ടത്തിന്റെ ഭംഗി!
ലോഹ്താമിയ വംശത്തിലെ ഭരണാധികാരികൾ രണ്ടായിരത്തോളം വർഷങ്ങൾക്ക് മുമ്പ് പണിതതാണ് ലോഹഗഡ്‌ഫോർട്ട് എന്ന് പറയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്ത്രത്തെയും സൈനിക, വാസ്തുവിദ്യാ ശാസ്ത്രത്തെയും അടിസ്ഥാനമാക്കി ശത്രുക്കളിൽ നിന്നുള്ള സുരക്ഷയ്ക്കായി നിർമിച്ചതാണ് കോട്ടസമുച്ചയം. ദൃഢമാർന്ന ബസാൾട്ട് പാറകളിലാണ് കോട്ടയുടെ ചുമർനിർമിതി. പീരങ്കിആക്രമണങ്ങൾ തടയാൻ കൂടിയാണ് ഈ ബലംകൂടിയ ചുവർനിർമാണം. കോട്ട സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരയുടെ ഉയരം, ചരിവുകൾ, താഴ്വരകൾ എന്നിങ്ങനെ എല്ലാത്തിനെയും വാസ്തുനിർമാണത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു. പടിക്കെട്ടുകളിലൂടെയും കവാടങ്ങളിലൂടെയും ലക്ഷ്യസ്ഥാനത്തെത്തും മുമ്പേ ശത്രുവിനെ കീഴടക്കാൻ കോട്ടച്ചുമരുകളിൽ തന്ത്രങ്ങളൊരുക്കിയിട്ടുണ്ട്.
ലോഹഗഡിലെ ബുരുജുകളും ശ്രദ്ധേയം. ശത്രുസൈന്യത്തെ അകലെ നിന്ന് നിരീക്ഷിക്കാനും സന്ദേശം കൈമാറാനും ഉതകും വിധത്തിൽ വൃത്താകൃതിയിൽ പടുത്തുയർത്തിയ ഗോപുരങ്ങളാണ് ബുരുജുകൾ. കോട്ടയെ ചുറ്റിപ്പറ്റി ഇത്തരം നിരവധി ബുജരുകൾ കാണാം. ഇഴുകിവീഴാനുള്ള സാധ്യതകൾ കണക്കിലെടുത്ത് വളരെ സൂക്ഷിച്ചു വേണം ഈ ഭാഗങ്ങളിലൂടെ കാൽനടയാത്ര. സഞ്ചാരികളിൽ പലരുടെ കയ്യിലും ട്രെക്കിങ് പോളുകളും ഹൈക്കിങ് സ്റ്റിക്കുകളുമുണ്ട്.
മലമ്പാതയിലൂടെയുള്ള നടത്തത്തിനു രണ്ടും സൗകര്യമായി തോന്നി. കുത്തനെയുള്ള കയറ്റവും ഇറക്കവുമുണ്ട്. ക്രമംതെറ്റിയ പടവുകളും മഴവെള്ളപ്പാച്ചിലും കാറ്റും. വലിയ ഗർത്തങ്ങളിലേക്കോ ആഴമേറിയ പിളർപ്പുകളിലേക്കോ വീണുപോകാതിരിക്കാൻ ട്രെക്കിംഗ് പോളുകളും സ്റ്റിക്കുകളും സൗകര്യമായി തോന്നി.
ലോഹഗഡിന്റെ ശിരോഭാഗത്ത് ക്ഷേത്രത്തിന്റെയും മുസ്ലീംപള്ളിയുടെയും പുരാതനമായ ശേഷിപ്പുകൾ കാണാം. രണ്ടു സംസ്‌ക്കാരങ്ങളെയും കാലഘട്ടങ്ങളെയും ഭരണകൈമാറ്റങ്ങളെയും അടയാളപ്പെടുത്തുന്ന കോട്ടയുടെ മുകളിലെ പ്രധാന ആകർഷണങ്ങളാണ് ഈ നിർമിതികൾ. പവനത്തടാകവും വിൻചുകഡയുമാണ് മറ്റ് കാഴ്ച്ചകൾ. തഴച്ചുവളർന്ന വൃക്ഷലതാദികളുടെ പച്ചപ്പിൽ വെളിവായി കിടക്കുന്ന തേൾവാൽ പോലെയുള്ള പാറനിരയാണ് വിൻചുകഡ. ഇതും കോട്ടയുടെ ഭാഗമാണ്. ദേവഗിരി യാദവർ, ഡൽഹി സുൽത്താനേറ്റ്, ബഹ്‌മനി സുൽത്താൻമാർ, നിസാംശാഹി സുൽത്താനേറ്റ്, മുഗൾ സാമ്രാജ്യം തുടങ്ങി ഛത്രപതി ശിവാജി വരെയുള്ളവർ ലോഹഗഡിന്റെ ഭരണചരിത്രത്തിലുണ്ട്. ശത്രുസംരക്ഷണക്കോട്ട എന്നതിലുപരി അക്കാലത്തെ പ്രധാനപ്പെട്ട വ്യാപാരപാത കൂടിയായിരുന്നു ഈ കോട്ടയും പരിസരപ്രദേശങ്ങളും.
Content Highlights: Comprehensive guide to trekking Lohagad Fort during the monsoon season., Insight into the historical significance and architecture of the fort., Essential safety tips for trekking in the Western Ghats., Cultural highlights of Lohagadwadi village and local interactions., Overview of key landmarks including Vinchukada and the four main gateways.