കുട്ടനാടന്‍ ജീവിതത്തിന്റെ പുതുവഴിയിലൂടെ ഒരു കാര്‍ യാത്ര

കുട്ടനാടിനെക്കുറിച്ച് ഓർക്കുമ്പോൾ ഹൗസ്ബോട്ടിൽ കയറിയുള്ള സഞ്ചാരമാണ് മനസ്സിൽ എത്തുക. ബോട്ടിൽ കയറാതെ, വലിയ കാശുമുടക്കില്ലാതെ കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്രചെയ്യാവുന്ന വഴികളുമുണ്ട്. 2019 അവസാനം പൂക്കൈതയാറിനു കുറുകേ കഞ്ഞിപ്പാടത്ത് പുതിയ പാലം തുറന്നു. കുട്ടനാട്ടിലേക്ക് വാഹനമോടിച്ചുപോകാനാവുന്ന പുതിയൊരു പാത. ജലക്കാഴ്ചകൾക്ക് നടുവിലൂടെ ഇനി കാറോടിച്ച് പോകാം...
ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ദേശീയ പാതയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപ്രതി ജങ്ഷനിൽനിന്ന് ഒരുകിലോമീറ്റർ എത്തുമ്പോൾ എസ്.എൻ. കവല. ഇവിടെ ഇടത്തോട്ട് തിരിയുന്നതാണ് കഞ്ഞിപ്പാടം റോഡ്. അധികം തിരക്കില്ലാത്ത വഴി, മുന്നോട്ടുനീങ്ങുമ്പോൾ കുട്ടനാടിന്റെ മുഖച്ഛായ തെളിഞ്ഞുതുടങ്ങും. തോട്, ആമ്പൽപൂക്കൾ, പച്ചവിരിച്ച നെൽപ്പാടങ്ങൾ, കൃഷിപ്പണിക്കാർ, നടവരമ്പുകൾ, താറാക്കുഞ്ഞുങ്ങൾ അങ്ങനെ...
പൂക്കൈതയാറ് കടന്ന്
കഞ്ഞിപ്പാടം എന്ന സ്ഥലത്താണ് ആദ്യം എത്തുക. പച്ചവിരിച്ച വിശാലമായ നെൽപാടങ്ങൾക്കിടയിലൂടെ തിരക്കില്ലാതെ ഒഴുകുന്ന പൂക്കൈതയാറ്. വലിയ കെട്ടുവള്ളങ്ങളിൽ സഞ്ചാരികൾ, വിദേശികളും സ്വദേശികളും. ആറിനെ കൂസാതെ തലയെടുപ്പോടെ നിൽക്കുന്ന പുത്തൻ പാലം. പാലത്തിലൂടെ മുന്നോട്ടുനീങ്ങുമ്പോൾ ചരിത്രം നമ്മളെ പിന്നിലേക്ക് പിടിച്ചുവലിക്കും. കഞ്ഞിപ്പാടമെന്ന പേരിൽ നിന്നുതന്നെ തുടങ്ങണം ചരിതം. ചെമ്പകശ്ശേരി രാജാവിന് കഞ്ഞിവയ്ക്കാനുള്ള മികച്ച അരി വിളയിച്ച പാടങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ അമ്പലപ്പുഴയും ചുറ്റുമുള്ള പ്രദേശങ്ങളും ചെമ്പകശ്ശേരിരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു. രാജാവും രാജഭരണവുമൊക്കെ പോയിട്ടും കഞ്ഞിപ്പാടത്തെ അരിയുടെ സ്വാദ് കുറഞ്ഞിട്ടില്ല. വേഗത്തിൽ വേവുന്ന, നല്ല സ്വാദുള്ള നെല്ല് വിളയുന്നുണ്ട് ഇപ്പോഴുമിവിടെ. തേങ്ങ ചുട്ടരച്ച ചമ്മന്തിയും കനലിൽ ചുട്ട പപ്പടവും ഇത്തിരി കണ്ണിമാങ്ങാ അച്ചാറും കൂട്ടി ചൂടോടെ ആ കഞ്ഞി കുടിച്ചാൽ കഞ്ഞിപ്പാടം പിന്നെ മനസ്സിൽനിന്ന് മായില്ല.
വശ്യതയോടെ വൈശ്യം ഭാഗം
പാലം കടന്നെത്തുന്നത് കുട്ടനാടിന്റെ വിശാലതയിലേക്കാണ്. ഇരുവശവും നെൽപ്പാടങ്ങളുടെ സമൃദ്ധി. നാട്ടുതനിമയുടെ വേറിട്ട കാഴ്ചകളാണ് എല്ലായിടവും. റോഡുപണി നടക്കുന്നതിനാൽ സാവധാനത്തിലേ വണ്ടി ഓടിച്ചുപോകാനാവൂ. പണി കഴിഞ്ഞാലും അത്രവേഗത്തിൽ വണ്ടി ഓടിക്കാൻ തോന്നില്ല. ഇരുവശവും അത്ര മനോഹരമായ കാഴ്ചകളാണ്. വൈശ്യം ഭാഗം എന്ന തനി കുട്ടനാടൻ ഗ്രാമത്തിലേക്കാണ് എത്തുക. അവിടെ എന്ത് കാണണം എന്ന് പറഞ്ഞുതരാൻ ആർക്കുമാവില്ല. കാഴ്ചയുടെ സൂപ്പർമാർക്കറ്റാണ്. നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
വണ്ടി ഒതുക്കിനിർത്തിയാൽ ഏതുവഴിയേ വേണമെങ്കിലും പോകാം, എത്രദൂരം വേണമെങ്കിലും നടക്കാം. വഴികൾക്ക് മിക്കതിനും രണ്ടോ മൂന്നോ അടി വീതിയേ കാണു. കോഴിയും താറാവും ആടും പശുവുമൊക്കെ കൈവശാവകാശക്കാരായി ഉണ്ടാവും. കുട്ടനാട്ടുകാർ ആ വഴികളിലൂടെ സൈക്കിൾ ചവിട്ടി നീങ്ങും. ശരിക്കും ഒരു സർക്കസാണത്. അവർ വെള്ളത്തിലേക്ക് വീഴുമോ എന്ന് പേടിതോന്നും. പക്ഷേ, കുട്ടനാട്ടുകാരാരും തെന്നിവീഴില്ല!
വെള്ളത്തിൽ വെയിൽ പതിക്കുന്ന സ്ഥലങ്ങളിൽ സൂക്ഷിച്ചുനോക്കിയാൽ പള്ളത്തിയും കരിമീനുമൊക്കെ തുള്ളിക്കളിക്കുന്നത് കാണാം. ചിലപ്പോൾ തോട്ടിൻകരയിൽ വല വീശുന്നവരുണ്ടാവും. വല വട്ടത്തിൽ കറക്കി വിരിച്ചു വീശുന്നത് ഒരു കാഴ്ച തന്നെ. വല വലിച്ചുകയറ്റുമ്പോൾ പരലും പള്ളിയുമൊക്കെ പിടയ്ക്കും. തുണിയലക്കുന്നവർ, പശുവിനെ കുളിപ്പിക്കുന്നവർ, മീൻ കഴുകുന്നവർ അങ്ങനെ ധാരാളംപേർ തോട്ടുവക്കിലുണ്ടാവും. പണ്ട് തോട്ടിൽ കുളിക്കുന്നവരുമുണ്ടായിരുന്നു, ഇപ്പോഴവരില്ല. ചില ഇടവഴികളിലൂടെ ഉള്ളിലേക്ക് നടന്നെത്തിയാൽ ചെറിയ അമ്പലം, താമരക്കുളം, തെങ്ങിൻ തോപ്പ്, പച്ചക്കറികൃഷിയിടം, മീൻ വളർത്തുന്ന കുളങ്ങൾ ഒക്കെയുണ്ടാവും. തോട്ടിലൂടെ പോകുന്ന താറാക്കൂട്ടത്തെ തീർച്ചയായും കാണാം. നൂറുകണക്കിന് താറാവുകളെ നയിച്ച് കൊതുമ്പുവള്ളം തുഴഞ്ഞുപോകുന്ന താറാക്കാരൻ ശരിക്കും ഹീറോയാണ് ഹീറോ! കൊതുമ്പുവള്ളം തുഴയാൻ നല്ല മിടുക്ക് വേണം. വള്ളത്തിന്റെ മുകളറ്റവും ജലപ്പരപ്പും ഒപ്പത്തിനൊപ്പം നിൽക്കും. ചെറിയൊരു ഓളം വരുമ്പോൾ വള്ളം മുങ്ങുമെന്ന് തോന്നും. നമ്മൾ അതിശയിച്ച് നോക്കിനിൽക്കും, താറാക്കാരൻ ആ കൊച്ചുവള്ളവും തുഴഞ്ഞ് മുന്നോട്ടുപോകും. ചിലപ്പോൾ ചുണ്ടത്ത് വയലാറിന്റെ ഒരു സിനിമാപ്പാട്ടുമുണ്ടാവും.
പള്ളി, വള്ളം, ചമ്പക്കുളം
വൈശ്യം ഭാഗം കടന്ന് എത്തുന്ന കവലയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ പമ്പയാറാണ്. ചരിത്രപ്രസിദ്ധമായ മൂലം വള്ളംകളിയുടെ ഫിനിഷിങ് പോയിന്റ് അവിടെയാണ്. ചമ്പക്കുളം വള്ളംകളിയോടെ കേരളത്തിലെ ജലോത്സവങ്ങൾ തുടങ്ങും. മതമൈത്രിയുടെ ചരിത്രവും ഐതിഹ്യത്തിന്റെ മാധുര്യവും ഈ വള്ളംകളിയുടെ പിന്നാമ്പുറത്തുണ്ട്. അമ്പലപ്പുഴ ക്ഷത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം കോട്ടയത്തി നടുത്ത് കുറിച്ചിയിൽ നിന്നാണ് കൊണ്ടുവന്നത്. വിഗ്രഹവുമായി വന്നവർ ചമ്പക്കുളത്തിനടുത്തെത്തിയപ്പോൾ നേരമിരുട്ടി. അവർ രാത്രി അവിടെ തങ്ങി. ക്രിസ്തീയകുടുംബമായ മാപ്പിളശ്ശേരിയിലാണ് ഒരു രാത്രി വിഗ്രഹം സൂക്ഷിച്ചത്. പിറ്റേന്ന് രാവിലെ നിരവധി വള്ളങ്ങളുടെ അകമ്പ ടിയോടെ ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. ഈ ഘോഷയാത്രയുടെ ഓർമയ്ക്കായാണ് അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിൽ എല്ലാ വർഷവും ചമ്പക്കുളത്താറ്റിൽ വള്ളംകളി നടത്തുന്നത്. വിദേശികളടക്കം നിരവധി കാഴ്ചക്കാരെ ത്തുന്ന ടൂറിസം മേളകൂടിയാണ് ഇപ്പോൾ ചമ്പക്കുളം വള്ളംകളി.
ആറ്റിറമ്പിലെ ചെറിയ റോഡിലൂടെ കാറോടിച്ച് പോകാം. പമ്പയാറും അതിലൂടെ പോകുന്ന വള്ളങ്ങളും ചമ്പക്കുളം പാലവും ഒക്കെ ചേർന്ന് ആറ്റുതീരത്തിന് ആകെയൊരു സിനിമാറ്റിക് സൗന്ദര്യമാണ്. ഫിനിഷിങ് പോയിന്റിൽ ഒരു കള്ളു ഷാപ്പുമുണ്ട്. മുൻപിൽ ശാന്തമായൊഴുകുന്ന പമ്പാനദിയുടെ വിശാലതയിലേക്ക് കാഴ്ചയുടെ ജാലകം തുറക്കുന്ന കള്ളുഷാപ്പ്.
കയ്യിൽ പൂക്കളുമായി കന്യാമറിയം
ഫിനിഷിങ് പോയിന്റിൽ നിന്ന് വളരെ കുറച്ച് ദൂരമേയുള്ളൂ ചമ്പക്കുളം വലിയപള്ളിയിലേക്ക്. ചമ്പക്കുളം കല്ലൂർക്കാട് മാർത്ത മറിയം കത്തോലിക്കാ പള്ളി. ചമ്പക്കുളത്താറിന്റെ തീരത്താണ് അതിപുരാതനമായ ഈ പള്ളി. പള്ളിമുറ്റത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിശാലമായ സ്ഥലം. ക്രിസ്മസ് ദിനമായിരുന്നതിനാൽ പള്ളിയാകെ വിജനമായിരുന്നു. പാതിരാകുർബാന കഴിഞ്ഞ് വീട്ടിൽപോയ വിശ്വാസികളൊക്കെ അപ്പവും മുട്ടറോസ്റ്റും കഴിക്കുന്ന തിരക്കിലായിരിക്കണം. എങ്കിലും ക്രിസ്മസ് ആഘോഷത്തിന്റെ ശേഷിപ്പുകളൊക്കെ അവിടെയുണ്ടായിരുന്നു.
എ.ഡി. 427-ലാണ് പള്ളിയുടെ ആദ്യരൂപം നിർമിച്ചതെന്നാണ് ചരിത്രം. പിന്നീട് പലവട്ടം പുതുക്കി നിർമിച്ചു. പ്രാചീന ശിലാലിഖിതങ്ങൾ പലതും ഇവിടെനിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. വളരെ പഴക്കംചെന്ന ഒരു കൽക്കുരിശും, കത്തോലിക്കാ സിറിയൻ പള്ളികളുടെ മാതൃദേവാലയമായി ഇതിനെ കണക്കാക്കുന്നു. കൈയിൽ പൂക്കളുമായി നിൽക്കുന്ന കന്യാമറിയമാണ് ഭക്തർക്ക് അഭയമരുളുന്നത്. അൾത്താരയും പ്രാർഥനാ ഹാളും അതിമനോഹരമായ ചിത്രങ്ങളും ശില്പവേലകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്, സ്വർഗംപോലെയൊരു അൾത്താര. അൾത്താരയിലും പള്ളിമച്ചിലും നിറയെ ചിത്രങ്ങൾ, ശ്രീലങ്കയിൽ നിന്നെത്തിയ ചിത്രകാരന്മാരാണ് അവയൊക്കെ വരച്ചത്. ഉറപ്പാണ്,
കുട്ടനാടിന്റെ താരം കള്ളുതന്നെ!
ആറ്റുതീരത്തിനടുത്തായി മീൻവളർത്തുന്ന സ്ഥലം. വലയിട്ട് സൂക്ഷിച്ചിരിക്കുന്ന മീൻകുളങ്ങൾക്ക് നടുവിലെ വരമ്പിന് ഇരുവശവും ഉയരം കുറഞ്ഞ തെങ്ങുകൾ, അതിൽ ചിലതിൽ കള്ളിൻകുടങ്ങൾ, കലത്തിന് പുറത്ത് ചോക്ലേറ്റ് നിറമുള്ള പൂമ്പാറ്റകൾ. കരിക്കും തേങ്ങയും കുലനിറഞ്ഞ് നിൽക്കുന്ന തെങ്ങിന്റെ തലപ്പിൽനിന്ന് കള്ള് ഊറ്റിയെടുക്കാമെന്ന് കണ്ടുപിടിച്ചത് അസാധാരണമായ കഴിവുള്ള ഒരു ബുദ്ധിരാക്ഷസനായിരിക്കണം.
തെങ്ങിന്റെ മുകളിൽക്കയറി ചൊട്ടയുടെ അറ്റം ചെത്തിക്കളയുക, അവിടെ ചളി തേക്കുക, ചൊട്ടയിൽ അടിച്ച് പതംവരുത്തുക, ചൊട്ടയുടെ അറ്റത്ത് പ്രത്യേക രീതിയിൽ കലം കമഴ്ത്തിവെച്ച് കള്ള് ഊറ്റിയെടുക്കുക, അങ്ങനെ വിചിത്രമായ നടപടികളിലൂടെയാണ് കള്ളിന്റെ ജനനം.
ചെത്തുതെങ്ങിനെക്കുറിച്ച് വിശദമായ ചർച്ചകളിൽ മുഴുകി അവിടെ നിൽക്കുമ്പോൾ ഒരു സൈക്കിളിൽ കഥാനായകനെത്തി. കള്ള് എടുക്കുന്ന പാതവും കത്തി തിരുകിയ പലകയുമൊക്കെയായി ആ കുട്ടനാടൻ ചങ്ങാതി തെങ്ങിൻ മുകളിലേക്ക് കയറി. പൊക്കം കുറഞ്ഞ രണ്ട് തെങ്ങുകളിൽ നിന്ന് കള്ള് ശേഖരിക്കുന്നതിന്റെ മുഴുവൻ ദൃശ്യങ്ങളും ലൈവായി ക്യാമറയിൽ പകർത്തിയപ്പോൾ മനസ്സ് നിറഞ്ഞു. സൂപ്പർതാരത്തോടൊപ്പം സെൽഫിയെടുത്ത സന്തോഷം
കൃഷിയിടങ്ങൾക്ക് ഇടയിലൂടെ
ചമ്പക്കുളം പാലമിറങ്ങിയാൽ വലത്തോട്ടുള്ള വഴി എടത്വയിലേക്കാണ് (ഇടത്തോട്ട് പോയാൽ ആലപ്പുഴ-ചങ്ങനാശേരി റോഡിൽ മങ്കൊമ്പിലെത്താം). എടത്വയ്ക്കുള്ള റോഡ് പുതുതായി ടാർ ചെയ്തതിനാൽ യാത്ര സുഖകരമാണ്. കുട്ടനാടിന്റെ ശരിയായ ഭംഗികളിലൂടെയാണ് ആ പാത കടന്നുപോകുന്നത്. വഴിയരികിൽ പലയിടത്തും കള്ളുഷാപ്പുകൾ. ന്യൂയോർക്ക് സിറ്റി, അമേരിക്ക തുടങ്ങിയ പേരുകളുള്ളവയുമുണ്ട്. ഫിഫ എന്ന പേരിലുമുണ്ട് ഒരു ഫാമിലി റസ്റ്റോറന്റും കള്ളുഷാപ്പും. അവിടെ ഓരോ കുപ്പയ്ക്കും ഫുട്ബോൾ ജഴ്സിയുടെ നിറങ്ങൾ. അർജന്റീന, ബ്രസീൽ അങ്ങനെ. കുട്ടനാടൻ പാടത്തിന് നടുവിൽ ശരിക്കുമൊരു ഫുട്ബോൾ ടച്ചിൽ ഇരുന്ന് കപ്പയും മീൻകറിയും താറാവ് ഫ്രൈയും കഴിക്കാം, കള്ളും കുടിക്കാം.
പച്ചപ്പാടത്തിന് നടുവിലൂടെ ഒരു കറുത്ത രേഖപോലെയാണ് റോഡ് നീളുന്നത്. ഇരുവശവും നോക്കെത്താദൂരത്തോളം പുഞ്ചപ്പാടം. പലയിടത്തും പാടത്തിന് നടുവിൽ പക്ഷികൾ കൂട്ടമായി ഇരിക്കും. ഇലക്ട്രിക് കമ്പികളിലും കാണും കൂട്ടംകൂട്ടമായി പക്ഷികൾ. അവ ഒരുമിച്ച് പറന്നാൽ കാഴ്ച മറ്റൊന്നാവും. ധൈര്യമുണ്ടെങ്കിൽ ചെറിയ വരമ്പിലൂടെ പാടത്തിന് നടുവിലേക്ക് നടക്കാം, പക്ഷികൾക്ക് നടുവിലേക്ക്... കുട്ടനാടിന്റെ ഹൃദയത്തിലേക്ക്...
സെയ്ന്റ് ജോർജിന്റെ ദേവാലയം
എടത്വാ പോലീസ് സ്റ്റേഷന് മുൻപിൽവെച്ച് തിരുവല്ല-അമ്പലപ്പുഴ റോഡിലേക്ക് കയറും. വലത്തോട്ട് പോയാൽ എടത്വാപ്പള്ളി. പമ്പാതീരത്ത് സ്ഥിതിചെയ്യുന്ന സെയ്ന്റ് ജോർജ് ദേവാലയം. എ.ഡി. നാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ ഈ പ്രദേശത്ത് സെയ്ന്റ് ജോർജിനെ ആരാധിക്കാൻ തുടങ്ങിയിരുന്നു. 1810-ലാണ് ഇപ്പോഴുള്ള പള്ളി നിർമിച്ചത്. പള്ളിയിലുള്ള സെയ് ന്റ് ജോർജിന്റെ പ്രതിമ ഇടപ്പള്ളി യിൽനിന്ന് കൊണ്ടുവന്നതാണ്. ഇടപ്പള്ളിയിലെ പള്ളിയിൽനിന്ന് പ്രതിമ കൊണ്ടുപോന്നതിനു ശേഷം അവിടത്തെ ഭക്തർക്ക് ദർശനം ഉണ്ടായെന്നും അവർ എടത്വാപ്പള്ളിയിലേക്ക് തീർഥാടകരായി വന്നുതുടങ്ങി എന്നുമാണ് ഐതിഹ്യം. പമ്പാതീരത്തെ പള്ളിയുടെ കാഴ്ച മനോഹരമാണ്. പള്ളിയുടെ ഉൾഭാഗവും കമനീയമാണ്. അൾത്താരയും അലങ്കാരങ്ങളും പൊന്നിൻകുരിശും... എല്ലാ മനസ്സുകളും സെയ്ന്റ് ജോർജ് പുണ്യവാളനിലേക്കെത്തുന്ന പവിത്രമായ ശാന്തത...
വെറും പച്ചയല്ല, ശരിക്കും പച്ച
എടത്വായിൽനിന്ന് അമ്പലപ്പുഴയ്ക്കുള്ള റോഡ് എത്തുന്നത് കുട്ടനാടിന്റെ പച്ചപ്പിനെ ഒട്ടും മറച്ചുവയ്ക്കാത്ത സ്ഥലത്തേക്കാണ്. റോഡിനിരുവശവും പച്ചവിരിച്ച നെൽപ്പാടങ്ങൾ, സ്ഥലത്തിന്റെ പേരും അതു തന്നെ, പച്ച! പച്ചയിലുമുണ്ട് ഒരു പള്ളി. സീറോ മലബാർ സഭയുടെ ലൂർദ്മാതാ പള്ളി. പ്രധാന റോഡിൽനിന്ന് ഒരല്പം ഉള്ളിലേക്ക് നീങ്ങിയാണ് പള്ളി നിൽക്കുന്നത്. പള്ളിക്കരികിലെ തോടിന് കുറുകെ രണ്ട് ചെറിയ പാലങ്ങൾ, തോട്ടുവക്കത്തുകുടി വളഞ്ഞുപോകുന്ന ചെറിയൊരു റാഡ്, അതിനുപിന്നിൽ പളളി. ലാൽ ജോസിന്റെ സിനിമക്ക് പറ്റിയ സ്ഥലമാണെന്ന് ഒറ്റനോട്ടത്തിൽ ഉറപ്പിക്കാം, തകഴി ശാസ്താവും മ്യൂസിയവും
വീണ്ടും മുന്നോട്ടുപോയാൽ തകഴിയായി. ഇവിടെയും പമ്പാ നദിക്ക് കുറുകെ വലിയൊരു പാലമുണ്ട്. പാലം കടന്ന് മുന്നോട്ട് പോകുമ്പോൾ തകഴി ധർമശാസ്താക്ഷേത്രം. പുരാതനമായ ക്ഷേത്രമാണ്. പച്ചമരുന്നുകൾ ചേർത്ത് വർഷത്തിലൊരിക്കൽ ഉണ്ടാക്കുന്ന എണ്ണ ഈ ക്ഷേത്ര ത്തിന്റെ പ്രശസ്തിക്ക് കാരണമാണ്.
ക്ഷേത്രത്തിൽ നിന്നിറങ്ങി റെയിൽവേ ക്രോസ് കടന്നാൽ തകഴി ശിവങ്കരപ്പിള്ളയുടെ വീട്. വീടിനരികിൽ സ്മൃതിമണ്ഡപവും പൂർണകായ പ്രതിമയും. വിശ്വസാഹിത്യകാരനും ഭാര്യ കാത്തയും ഏറെക്കാലം താമസിച്ച വീടാണ് ഇപ്പോൾ മ്യൂസിയമാക്കിയിരിക്കുന്നത്. മ്യൂസിയത്തിൽ ജ്ഞാനപീഠമടക്കമുള്ള അവാർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. തകഴി സ്മാരകത്തിൽ അല്പസമയം നിശ്ശബ്ദമായി നിന്നാൽ തകഴിച്ചേട്ടന്റെ 'കാത്തെ' എന്നുള്ള നീട്ടിവിളി മുഴങ്ങുന്നതായി തോന്നും.
കരുമാടിക്കുട്ടൻ കാത്തിരിക്കുന്നു...
തകഴി സ്മാരകം പിന്നിട്ട് പോകുന്ന റോഡിന്റെ ഇരുവശവും വീണ്ടും പാടങ്ങൾതന്നെ. പച്ചപ്പുകണ്ട് കൊതിതീരും. ഇടയ്ക്കിടെ വീടുകളും തോടും. കരുമാടിയെന്ന സ്ഥലത്താണ് എത്തുക, കരുമാടിക്കുട്ടന്റെ നാട്. അവിടെ റോഡരികിൽ അടുത്തടുത്ത് രണ്ട് ക്ഷേത്രങ്ങൾ. രണ്ട് കുളം, ആൽത്തറ, ചുറ്റിലും പാടങ്ങൾ, പാടത്തിനരികിൽ ഒരു കളിത്തട്ടും. കുട്ടനാടിന്റെ തനിച്ചേലുള്ള സ്ഥലം. അമ്പലങ്ങൾക്ക് നടുവിലൂടെയാണ് കരുമാടിക്കുട്ടന്റെ അടുത്തേക്കുള്ള വഴി. തോട്ടുവക്കത്ത് ഇരിക്കുന്ന പാതിപ്രതിമയാണ് കുട്ടൻ. ബുദ്ധപ്രതിമയെന്ന് ചരിത്രം. ആലപ്പുഴ-കൊല്ലം ജലപാതയുടെ ഓരത്താണ് കരുമാടിക്കുട്ടന്റെ ഇരിപ്പ്. ഇപ്പോൾ കുട്ടന് ബുദ്ധമതമെന്നല്ല, ഒരു മതവുമില്ല. ധ്യാനനിമഗ്നനായി ഇരിക്കുന്ന രൂപത്തിലാണ് കുട്ടന്റെ പ്രതിമ. പണ്ട് കുട്ടനെ ആന കുത്തി കുത്തേറ്റ് ശരീരത്തിന്റെ പകുതിഭാഗം അടർന്നുപോയി. ശരീരം പകുത്തുപോയെങ്കിലും മുഖത്തിന് ഒരു കുഴപ്പവുമില്ല. ആർക്കിയോളജിക്കൽ സർവ ഓഫ് ഇന്ത്യ കൂടാരവും മതിലുമൊക്കെ കെട്ടി സംരക്ഷിക്കുന്നുണ്ട് കുട്ടനെ.
റോഡരികിലുള്ള ക്ഷേത്രങ്ങളിലൊന്നിന്റെ പേര് കാമപുരം. ഇവിടത്തെ കൽവിളക്ക് ക്ഷേത്രനടയിൽനിന്ന് കുറച്ച് ഇടത്തേക്ക് നീങ്ങിയാണ് നിൽക്കുന്നത്. കൽവിളക്ക് ഇപ്പോഴും നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് വിശ്വാസം. ക്ഷേത്രം കടന്ന് മുന്നോട്ടുപോയാൽ കരുമാടിപ്പാലം. പാലത്തിന് അരികിലായി ഗാന്ധിജി താമസിച്ച ബംഗ്ലാവുണ്ട്. വലിയ സംരക്ഷണമൊന്നുമില്ലാത്ത നിലയിലാണെങ്കിലും ചരിത്രത്തിന്റെ ഗാംഭീര്യത്തിന് കുറവൊന്നുമില്ല.
ഗാന്ധിജിയുടെ സന്ദർശനം
1937ൽ തന്റെ അഞ്ചാമത്തെ കേരള സന്ദർശനത്തിനിടയിലാണ് മഹാത്മജി അമ്പലപ്പുഴയിലും തകഴിയിലുമെത്തിയത്. ജനുവരി 11-ന് രാവിലെ കൊല്ലത്തുനിന്ന് പുറപ്പെട്ട് തട്ടാരമ്പലം-ഹരിപ്പാട് വഴി തോട്ടപ്പള്ളിയിൽ എത്തി. അവിടെ ചങ്ങാടത്തിൽ കാർ കടത്തുന്ന സ്ഥലത്ത് വലിയ വെടിക്കെട്ടോടുകൂടി സീകരണം ഒരുക്കിയിരുന്നു. അമ്പലപ്പുഴയിൽ എത്തിയ ഉടനെ ക്ഷേത്രത്തിന് മുൻവശത്ത് ബോട്ടുജെട്ടിക്കരികിൽ ഒരു പൊതുയോഗത്തിൽ ഗാന്ധിജി സ്വീകരിച്ചു. മൗനവ്രതത്തിലായിരുന്നതിനാൽ ഗാന്ധിജി പ്രസംഗിച്ചില്ല. തുടർന്ന് ഗാന്ധിജി അമ്പലപ്പുഴ ക്ഷേത്രം സന്ദർശിച്ചു.
ക്ഷേത്രദർശനത്തിനുശേഷം ഗാന്ധിജിയും സംഘവും മോട്ടോർ ബോട്ടിൽ കരുമാടി ട്രാവലേഴ്സ് ബംഗ്ലാവിലേക്ക് പോയി. കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ട് പോകുന്ന തോട്ടിൻകരയിലാണ് കരുമാടി ട്രാവലേഴ്സ് ബംഗ്ലാവ്. ട്രാവലേഴ്സ് ബംഗ്ലാവിലെത്തിയശേഷം തകഴി ക്ഷേത്രത്തിലേക്ക് ഗാന്ധിജിയും കൂട്ടരും പോയി. സന്ധ്യമയങ്ങിയ സമയത്ത് തകഴി ക്ഷേത്രത്തിലെത്തിയ ഗാന്ധിജിയെ വാദ്യഘോഷത്തോടെ സ്വീകരിച്ചു. ഗാന്ധിജിയും കുട്ടരും നാലമ്പലത്തിൽ പ്രവേശിച്ചപ്പോൾ, ഇടയ്ക്ക കൊട്ടി ഭജന നടക്കുകയായിരുന്നു. അമ്പലത്തിന്റെ വിശാലമായ തെക്കേമുറ്റത്ത് ഉയർത്തിക്കെട്ടിയ വേദിയിൽ ഗാന്ധിജി ഒരു മേശപ്പുറത്തിരുന്നു. ഗാന്ധിജിയുടെ രാത്രിപ്രാർഥന അവിടെവെച്ച് നടത്തി. പ്രാർഥനയ്ക്കുശേഷം കരുമാടിയിലേക്ക് ബോട്ടിൽ മടങ്ങി. ട്രാവലേഴ്സ് ബംഗ്ലാവിലായിരുന്നു രാത്രി താമസം.
പാൽപ്പായസ മധുരവുമായി അമ്പലപ്പുഴ
പിന്നെയെത്തുന്നത് പാൽപ്പായസ മധുരത്തിലേക്കാണ്, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ, ഉച്ചക്ക് ഭഗവാന് നിവേദിക്കുന്ന പാൽപ്പായസത്തിനാണ് ഏറ്റവും പ്രശസ്തി. ചെമ്പകശ്ശേരി രാജാക്കന്മാരുടെ കാലത്ത് നിർമിച്ചതാണ് ക്ഷേത്രം. കുട്ടനാട്ടിലെ ഏറ്റവും ഉയർന്നസ്ഥലത്താണ് ക്ഷേത്രം നിർമിച്ചതെന്നാണ് കഥ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കുറച്ചുകാലം ഗുരുവായൂരിലെ പ്രതിഷ്ഠ അമ്പലപ്പുഴയിൽ കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നു. അന്ന് വിഗ്രഹം സൂക്ഷിച്ചിരുന്ന സ്ഥലം ഇപ്പോൾ ഗുരുവായൂർ നട എന്ന് അറിയപ്പെടുന്നു. ക്ഷേത്രത്തിന് നേരെ മുൻപിലാണ് കുഞ്ചൻ നമ്പ്യാർ സ്മാരകം. മഹാകവി കലക്കത്ത് കുഞ്ചൻ നമ്പ്യാർ തന്റെ ജീവിതത്തിന്റെ നല്ലപങ്ക് ചെലവഴിച്ചത് അമ്പലപ്പുഴയിലായിരുന്നു. ക്ഷേത്രത്തിന്റെ തെക്കേ നടയിൽ നിന്ന് അല്പം അകലെയായി നമ്പ്യാരുടെ സമാധിസ്ഥലവുമുണ്ട്.
അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വീണ്ടും ദേശീയപാതയിലെത്താം. ഇരുവശവും കടകളും തിരക്കുമൊക്കെയുള്ള വഴിയിലൂടെ വീണ്ടും വണ്ടിയോടിക്കാം. അപ്പോഴും നമ്മുടെ മനസ്സ് പിന്നിലേക്കാവും സാരികൾ, കുട്ടനാടിന്റെ മായാത്ത സൗന്ദര്യത്തിലേക്ക്.
Take deviation if neded!
എടത്വയിൽനിന്ന് അമ്പലപ്പുഴയ്ക്കുള്ള വഴിയിൽ അല്പം മുന്നോട്ട് പോകുമ്പോൾ ഇടത്തോട്ടു തിരിഞ്ഞ് വീയപുരം വഴി പോയാൽ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുന്നിലൂടെ ദേശീയപാതയിലെത്താം. ഈ വഴിയും വേറിട്ട യാത്രാനുഭവം നൽകും. താറാമുട്ട കച്ചവടം, പച്ചക്കറികൃഷി, പിന്നെ കരുവാറ്റ വള്ളംകളി നടക്കുന്ന സ്ഥലം ഇതൊക്കെ കടന്നാണ് ആ വഴി പോകുക. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രവും അതിനടുത്തുള്ള കൊട്ടാരവും വേണമെങ്കിൽ കാണാം. ഹരിപ്പാട്ടുനിന്ന് ഒന്നരകിലോമീറ്റർ പോയാൽ പ്രശസ്തമായ മണ്ണാറശാല നാഗരാജ ക്ഷേത്രമായി.
റിസോർട്ടുകളുടെ നാട്
ഗൂഗിൾ മാപ്പിൽ ഈ വഴിയിലെ താമസസ്ഥലങ്ങൾ പരതിയാൽ നമ്മൾ അതിശയിച്ചുപോകും. വൈശ്യം ഭാഗംമുതൽ ചമ്പക്കുളംവരെയുള്ള ഭാഗങ്ങളിലും അതിനടുത്തുമായി നിരവധി റിസോർട്ടുകളാണുള്ളത്. വമ്പൻ തുകയ്ക്കുള്ളവ മുതൽ സാധാരണക്കാർക്കും കടന്നുചെല്ലാവുന്നവ വരെ അക്കൂട്ടത്തിലുണ്ട്. കുട്ടനാടിന്റെ ഭംഗി ചിത്രീകരിക്കുന്ന പല പരസ്യചിത്രങ്ങളിലും സിനിമകളിലും ഇത്തരം റിസോർട്ടുകൾ മുഖംകാ ണിക്കാറുണ്ട്. ചിലതൊക്കെ പഴയ മാതൃകയിലുള്ള കേരളീയ വീടുകൾ പരിഷ്കരിച്ചെടുത്തവയാണ്. ഗൂഗിൾ മാപ്പിൽ തിരഞ്ഞാൽ ഇവയുടെയൊക്കെ മനോഹര ചിത്രങ്ങളും കാണാം.
(മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights:Kuttanad Travel, Alappuzha Tourism, Kerala Tourism
Content Highlights: