കൂവകം: എള്ളുപാടങ്ങൾക്കിടയിൽ തിരുനങ്കൈ സമൂഹത്തിന്റെ പ്രണയവും വിലാപവും

#അജികുമാര്‍ കെ. കെ

യാത്രകൾ എപ്പോഴും പുതിയ കാഴ്ചകളും വ്യത്യസ്തമായ അനുഭവങ്ങളും തേടിയുള്ളതാണ്. ഇത്തവണ യാത്ര തമിഴ്‌നാട്ടിലേക്കായിരുന്നു. ഇൗ വർഷം മെയ് 27 ന് കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തൂർപേട്ട താലൂക്കിലെ കൂവകത്തേക്ക് . ലോകമെമ്പാടുമുള്ള ട്രാൻസ്‌ജെൻഡർ (തിരുനങ്കൈ) സമൂഹത്തിന്റെ ഏറ്റവും വലിയ സംഗമകേന്ദ്രമായ കൂവകം!

ഉൽസവത്തിന് എത്തുന്നവർ ;ഫോട്ടോ: രഞ്ജിത്‌

രാവിലെ ഏഴ് മണിയോടെ എറണാകുളം ഇടപ്പള്ളിയിൽ നിന്ന് ക്യാമറാന്മാരായ രഞ്ജിത്ത് രഘു, ജോയ് ആന്റണി എന്നിവർക്കൊപ്പം ഇലക്ട്രിക് കാറിൽ കൂവകം തേടി യാത്ര തുടങ്ങി. കോയമ്പത്തൂർ കഴിഞ്ഞ് സേലത്തെത്തിയപ്പോൾ കാർ ചാർജ് ചെയ്യാനായി നിർത്തി, അവിടെനിന്ന് ഒരു ചായയും ദോശയും കഴിച്ചു. യാത്ര തുടർന്നു. മനോഹരമായ ഇടങ്ങളിലൂടെ നല്ല റോഡിലൂടെ അതിവേഗം യാത്ര തുടർന്നു.

കടുകുപാടം ഫോട്ടോ: രഞ്ജിത്‌

വില്ലുപുരം, ഉളുന്ദൂർപേട്ട വഴി ലക്ഷ്യസ്ഥാനമായ കൂവകം കൂത്താണ്ടവർ ക്ഷേത്രത്തിൽ എത്തി. ഇരുട്ടാവാറായി. അമ്പലത്തിന്റെ പരിസരത്ത് നൂറുകണക്കിന് ഏക്കർ കൊയ്‌തൊഴിഞ്ഞ പാടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും ആളുകൾക്ക് ഇരിക്കാനും കിടക്കാനുമുള്ള വിപുലമായ സജ്ജീകരണങ്ങൾ ഉണ്ടായിരുന്നു. അവിടുത്തെ കച്ചവടക്കാരും പ്രദേശവാസികളും വളരെ സഹകരണമനസ്ഥിതിയുള്ള മനുഷ്യരായിരുന്നു. അവർ തന്നെയാണ് താമസസൗകര്യത്തെക്കുറിച്ച് വിവരങ്ങൾ തന്നത്. അങ്ങനെ വന്നവഴി തന്നെ മടങ്ങി ഉളുന്ദൂർപേട്ടയിൽ താമസം സെറ്റാക്കി. മൂന്നുപേർക്ക് താമസിക്കാൻ ആയിരം രൂപ.

കൂത്താണ്ടവർ ക്ഷേത്രത്തിന്റെ മുകൾഭാഗം ഫോട്ടോ: ജോയ് ആന്റണി

ക്ഷേത്രത്തിൽ

ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാൻ ധാരാളം പോലീസുകാരുണ്ടായിരുന്നു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കൂടുതൽ ബസുകൾ സജ്ജമാക്കിയിരുന്നു, കൃത്യമായ ട്രാഫിക് നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. വലിയ ബുദ്ധിമുട്ടുകളൊന്നും നേരിട്ടില്ല.

അരവാൻ ഫോട്ടോ: രഞ്ജിത്

11-ാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാരുടെ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നതാണ് കൂവകം കൂത്താണ്ടവർ ക്ഷേത്രം. മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധവിജയത്തിനായി അരവാന്റെ ബലിയും, അതിനോടനുബന്ധിച്ച് കൃഷ്ണൻ മോഹിനിയായി വേഷപ്പകർച്ച നടത്തി അരവാനെ വിവാഹം ചെയ്യുന്നതുമാണ് ഈ ഉത്സവത്തിന്റെ ഐതിഹ്യം. ചിത്തിര മാസത്തിലെ പൗർണമി നാളിൽ തുടങ്ങി 18 ദിവസം നീണ്ടുനിൽക്കുന്നതാണ് ഉത്സവം.

അരവാനെ വരിക്കാൻ തയ്യാറായി വരുന്നു ഫോട്ടോ: ജോയ് ആന്റണി

പേതിനാലാം രാവ് തെളിഞ്ഞപ്പോൾ, ആയിരക്കണക്കിന് ട്രാൻസ്‌ജെൻഡേഴ്‌സ് അരവാന്റെ മണവാട്ടികളായി മാറി. പുതിയ താലികളുടെ തിളക്കത്തിലും വർണ്ണാഭമായ പട്ടുടയാടകളിലും അവർ അതിജീവനത്തിന്റെ ആത്മവിശ്വാസം കണ്ടെത്തി. എള്ളുപാടങ്ങൾക്കിടയിൽ അരവാനിൽ അലിഞ്ഞുചേർന്ന് അനുരാഗബദ്ധരായി അവർ നൃത്തമാടി. കിലുങ്ങുന്ന വളകളുടെ ശബ്ദമുയർന്നു. പിറ്റേന്ന് ആ കണ്ട കാഴ്ചയായിരുന്നില്ല.

അരവാന്റെ രഥ യാത്ര ഫോട്ടോ: ജോയ് ആന്റണി

ഇരുപത്തിയെട്ടിന് രാവിലെ ആരംഭിച്ച ആരവത്തിന്റെ രഥയാത്ര അവസാനിക്കുന്നിടത്ത്, തിരുനങ്കമാർ വെള്ളവസ്ത്രം ധരിച്ച് വളകളുടച്ചും താലി അറുത്തും വൈധവ്യം ആചരിക്കുന്ന വിലാപത്തിന്റെ കൂത്തരങ്ങുകൾ അരങ്ങേറി. അന്ന് വൈകീട്ടോടെ അവർ ആ ആരവത്തിൽ പൂർണമായി അലിഞ്ഞുചേർന്നു.

തുടർന്ന് ഉത്സവത്തിന്റെ അടുത്ത ഘട്ടത്തിൽ അഞ്ചുമണിയോടെ അരവാന്റെ വിഗ്രഹം രഥത്തിൽ എഴുന്നള്ളിച്ചു. പ്രതീകാത്മകമായ ബലിയും നടന്നു.

കൂത്താണ്ടവർ ക്ഷേത്രത്തിലെ ഉൽസവ രാത്രി ഫോട്ടോ: രഞ്ജിത്

'അഴുകളം' എന്ന വിലാപഭൂമിയിൽ തിരുനങ്കൈകൾ താലി പൊട്ടിച്ചും വളകളുടച്ചും വൈധവ്യം ആചരിച്ചു. അരവാന്റെ ബലിക്ക് പിന്നാലെ, ആയിരക്കണക്കിന് മണവാട്ടികളുടെ താലിച്ചാർത്തുകൾ അറുത്തെറിയപ്പെട്ടു. വർണശബളമായ ജീവിതത്തിൽ നിന്ന് വൈധവ്യത്തിന്റെ തൂവെള്ള വസ്ത്രങ്ങളിലേക്ക് ആ ഗ്രാമം ആഴ്ന്നുപോയി. ഹൃദയം നുറുങ്ങുന്ന വിലാപങ്ങൾ ആ മണ്ണിൽ മാറ്റൊലികൊണ്ടു. വെറും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ വിവാഹത്തിന്റെ പരമാനന്ദവും വൈധവ്യത്തിന്റെ ശൂന്യതയും ഒരുപോലെ അനുഭവിച്ചുതീർത്ത ആ മനുഷ്യർ!

ഫോട്ടോ: ജോയ് ആന്റണി

എത്തിച്ചേരാൻ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തൂർപേട്ട വഴി കൂവകത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.

വിലാസം: ഉളുന്തൂർപേട്ട, കൂവകം, പെരുമ്പാക്കം, തമിഴ്നാട് - 606102.

ഉത്സവ സമയം: എല്ലാ വർഷവും ചിത്തിര മാസത്തിലെ പൗർണമി ദിവസങ്ങളിൽ .

(2027-ലെ കൂവകം കൂത്താണ്ടവർ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ ഏപ്രിൽ 19-20 തീയതികളിൽ )

Content Highlights: Travelogue of the journey from Ernakulam to Koovakam in Tamil Nadu for the annual festival., Detailed historical context of the 11th-century Koothandavar Temple and the Mahabharata myth of Aravan., Firsthand account of the 24-hour transition from the joy of marriage to the grief of widowhood for the transgender community., Practical travel information including route details, accommodation, and festival dates for April 2027.