കക്കയം തുറന്നു; അരുവികളും കുന്നുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ സ്വര്‍ഗം, മഴകൊള്ളാന്‍ പോകാം

മഴയെത്തുടര്‍ന്ന് അടച്ചിട്ട വനംവകുപ്പിന്റെ കക്കയത്തെ ഇക്കോ ടൂറിസം കേന്ദ്രവും കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള ഹൈഡല്‍ ടൂറിസം കേന്ദ്രവും ഞായറാഴ്ച തുറക്കും. കളക്ടര്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ 24-നാണിവ അടച്ചത്. ജനുവരിയില്‍ കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടര്‍ന്ന് അടച്ചിട്ട ടൂറിസംകേന്ദ്രങ്ങള്‍ 111 ദിവസത്തിനുശേഷം വീണ്ടും തുറന്നെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് രണ്ടുതവണ അടച്ചിട്ടു.
കക്കയം ഡാം
യാത്ര സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
ട്രെക്കിങ് പാതകള്‍ക്കും ബോട്ടിങ്ങിനും പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ ഡാം സൈറ്റാണ് കക്കയം. ചുറ്റും അരുവികളും കുന്നുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കക്കയത്തെ മലബാറിന്റെ ഊട്ടിയെന്നും വിളിക്കാറുണ്ട്. കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ ബാലുശേരി റോഡില്‍ യാത്ര ചെയ്താല്‍ കക്കയത്ത് എത്താം. അടിയന്തരാവസ്ഥക്കാലത്തെ കുപ്രസിദ്ധമായ കക്കയം പോലീസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നതും ഇവിടെയാണ്. കക്കയം ഡാം, കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലെ ജലസംഭരണി, പവര്‍ഹൗസ്, കരിയത്താന്‍ മല, ഉരക്കുഴി വെള്ളച്ചാട്ടം തുടങ്ങി കക്കയം യാത്രയില്‍ മുന്നില്‍ തെളിയുന്ന കാഴ്ചകള്‍ നിരവധിയാണ്.
തലയാടാണ് കക്കയത്തോടടുത്ത് കിടക്കുന്ന അത്യാവശ്യം നല്ല ഒരു ടൗണ്‍. തലയാട് പിന്നിട്ടുകഴിഞ്ഞാല്‍ കക്കയം ചുരം പാത തുടങ്ങുകയായി. മലയോര മേഖലയിലെ വളഞ്ഞുപുളഞ്ഞുള്ള ചുരം പാതയിലൂടെയുള്ള യാത്ര തികച്ചും വേറിട്ട അനുഭവമാണ്. വനംവകുപ്പിന്റെ ചെക്ക്പോസ്റ്റില്‍ നിന്ന് കാല്‍നടയായി നടന്ന് ഡാമിലെത്താം. ഇവിടെ സഞ്ചാരികള്‍ക്കായി സ്പീഡ് ബോട്ടും മുളച്ചങ്ങാടവും ഒരുക്കിയിട്ടുണ്ട്. അപൂര്‍വമായ സസ്യ, വന്യജീവി സമ്പത്തിന്റെ കലവറയാണ് മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഈ വനപ്രദേശം. ബോട്ടുയാത്രയ്ക്കിടയില്‍ വന്യമൃഗങ്ങളെയും കാണാന്‍ സാധിക്കും.
കക്കയത്തെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവമേഖലകളില്‍ ഒന്നായി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ അംഗീകരിച്ചിട്ടുണ്ട്. മഴക്കാലമാണ് കക്കയം യാത്ര ഏറ്റവും മനോഹരമാവുക. ഡാം സൈറ്റില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ നടന്നാല്‍ ഉരക്കുഴി വെള്ളച്ചാട്ടത്തിലെത്താം. കോവിഡ് കാലത്ത് ഇവിടത്തെ ആള്‍ത്തിരക്ക് അല്‍പം കുറഞ്ഞുവെങ്കിലും ഇപ്പോള്‍ നിരവധി സഞ്ചാരികള്‍ കക്കയത്ത് എത്താറുണ്ട്.
Content Highlights: kakkayam ecotourism travel destination kozhikode monsoon travel