അസ്തമയം, കയാക്കിങ്, ശിക്കാരവള്ളം, കായല്‍ മീന്‍; സഞ്ചാരികളെ കാത്ത് കാക്കത്തുരുത്ത്

കാക്കത്തുരുത്ത്
കാക്കത്തുരുത്ത്

കഴിഞ്ഞ മാസം രാജ്യമാകെ ദീപാവലി ആഘോഷിച്ചപ്പോള്‍ കൊച്ചു കേരളത്തിലെ കാക്കത്തുരുത്തില്‍ കാത്തൂസിനും തുടക്കമായി. പേരിലെ ഈ കുറുമ്പത്തി സഞ്ചാരികളെ മാടിവിളിക്കുന്നത് കാക്കത്തുരുത്ത് എന്ന ചെറുദ്വീപിലേക്കാണ്. വില്ലേജ് ടൂറിസത്തിന്റെ ഭാഗമായാണ് കുഞ്ഞന്‍ ദ്വീപായ കാക്കത്തുരുത്തില്‍ 'കാത്തൂസ്' പദ്ധതി പിറവിയെടുത്തത്.

കുഞ്ഞു ദ്വീപെങ്കിലും ഇവിടെ നിന്നുള്ള കാഴ്ചകള്‍ ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ചതാണ്. നാഷണല്‍ ജ്യോഗ്രഫിക് ട്രാവല്‍ മാഗസിനിലൂടെ ലോകമാകമാനമുള്ള സഞ്ചാരികളുടെ ഹൃദയത്തില്‍ ഇടം തേടിയ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് കാത്തൂസ് ഇനി സമ്മാനിക്കുക ഏറെ വിനോദങ്ങള്‍. പഞ്ചായത്തും ടൂറിസം വകുപ്പും ചേര്‍ന്നൊരുക്കുന്ന കാത്തൂസില്‍ കാത്തിരിക്കുന്നത് ഒട്ടേറെ കാര്യങ്ങളാണ്.

വഞ്ചിയാത്ര നടത്തി ഗ്രാമഭംഗി ആസ്വദിക്കാം. ഒപ്പം അസ്തമയക്കാഴ്ചയും നുകരാം. ഇതായിരുന്നു പതിവ്. അതിനൊപ്പം വിപുലമായ സൗകര്യങ്ങള്‍ കൂടി ചേര്‍ന്നിരിക്കുകയാണ്. ചെറു ഓളങ്ങള്‍ തല്ലുന്ന കായലില്‍ ഇനി കയാക്കിങ്ങിന് സൗകര്യമുണ്ട്. പിന്നോട്ട് തുഴയുമ്പോള്‍ മുന്നോട്ട് പായുന്ന വഞ്ചിയിലിരുന്ന് ഇനി പ്രകൃതിയെ അടുത്തറിയാം. ഒപ്പം കശ്മീര്‍ തടാകത്തില്‍ പേരുകേട്ട ശിക്കാരവള്ളങ്ങളില്‍ യാത്ര ചെയ്യാം. അതുമല്ലെങ്കില്‍ ചൂണ്ടയിട്ട് സമയം നീക്കാം. ഒടുക്കം ചൂണ്ടയില്‍ കുരുങ്ങുന്ന കായല്‍ മീനിനെ നാട്ടുരീതിയില്‍ പാകപ്പെടുത്തി കഴിക്കാം. ഇങ്ങനെ നീളുന്ന മാറ്റങ്ങളില്‍ നാട്ടുകാര്‍ക്ക് തൊഴിലും സഞ്ചാരികള്‍ക്ക് വിനോദവും ഏറും. ഇതാണ് കാത്തൂസ് എന്ന വില്ലേജ് ടൂറിസം പദ്ധതിയുടെ മേന്മ.

ഭക്ഷണ സൗകര്യം 50 പേര്‍ക്ക്

ലൈവ് ഫുഡാണ് നിലവില്‍ ലഭിക്കുക. കായലിനരികിലും കെട്ടിടത്തിനു മുകളിലും ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. കേരളീയ ശൈലിയിലുള്ള പുട്ട്, അപ്പം, ഇടിയപ്പം, കരിമീന്‍ പൊള്ളിച്ചത്, കപ്പമീന്‍കറി, കക്കയിറച്ചി തുടങ്ങിയ ഭക്ഷണമാണ് ലഭിക്കുക.

11.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് സഞ്ചാരികള്‍ക്കുള്ള സമയം. വൈകീട്ട് രണ്ട് മണിക്കൂറോളം നീളുന്ന ബോട്ടിങ്ങിനിടയില്‍ കരോക്കെ ഗാനമേളയും അസ്തമയക്കാഴ്ചകളും കാണാം. അതിനിടെ നാടന്‍ കരിക്കിന്‍ വെള്ളവും സഞ്ചാരികള്‍ക്ക് നുകരാം.

പെഡല്‍ ബോട്ടുകള്‍ പിന്നാലെ

നിലവില്‍ മൂന്ന് കയാക്കുകളാണ് ഇവിടെയുള്ളത്. പെഡല്‍ ബോട്ടുകള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. ഡിസംബറില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന കാക്കത്തുരുത്ത് ടൂറിസം മേളയ്ക്ക് മുന്‍പായി ഇവയെത്തും. അതിലുപരി കാക്കത്തുരുത്തിലെ നാട്ടുവഴികളിലെ നടത്തവും സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവമാണ്.

ചെലവും വഴിയും

ഗ്രാമീണത തുളുമ്പുന്ന ഈ പകല്‍ക്കാഴ്ച കാണാന്‍ 1500 രൂപയാണ് ഒരാള്‍ക്ക് ചെലവ്. ഭക്ഷണം അടക്കം എല്ലാം ഇതില്‍ ഉള്‍പ്പെടും. ആളെണ്ണം 10ല്‍ കൂടുതലെങ്കില്‍ ചെലവ് 1250 ആയി കുറയും. ശുദ്ധവായു ശ്വസിച്ച് കായല്‍കാറ്റിന്റെ തണുപ്പും ഏറ്റുള്ള ഈ യാത്രയ്ക്കായി കൊച്ചിയില്‍നിന്ന് വളരെ വേഗം എത്താനാകും.

ദേശീയപാതയില്‍ എറണാകുളത്തുനിന്ന് ചേര്‍ത്തലയ്ക്ക് പോകുന്ന ദിശയില്‍, എരമല്ലൂര്‍ ജങ്ഷനു ശേഷം ഇടത്തേക്ക് തിരിയുന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ കാക്കത്തുരുത്ത് ദ്വീപിലേക്കുള്ള ഫെറിയില്‍ എത്തിച്ചേരാം. വിവരങ്ങള്‍ക്കും യാത്രയ്ക്കുമായി കാക്കത്തുരുത്ത് വില്ലേജ് ടൂറിസം കോഓര്‍ഡിനേറ്റര്‍ ഫോജി ജോണിനെ ബന്ധപ്പെടാം. ഫോണ്‍: 98479 31669.

Content Highlights: kakkathuruthu island