അഗാധമായ ഗര്ത്തിലെന്നപോലെ ഒരു ഗ്രാമം, നീലിച്ച കാടും മലയും ഉള്‍പ്പെട്ട പറഞ്ഞറിയിക്കാനാവാത്ത കാഴ്ച

ഛണ്ഡിഗഢും ചില ഭയങ്ങളും
ഉത്തരാഖണ്ഡില്‍ നിന്നും പഞ്ചാബിലെ ഗ്രാമപാളങ്ങിലൂടെയും നഗരങ്ങള്ക്കിടയിലൂടെയും ചൂളം മുഴക്കി വണ്ടി പാഞ്ഞു. രാത്രി വളരെ വൈകിയപ്പോള്‍ ഛണ്ഡിഗഢിലെത്തി. കുളുവിലേക്കുള്ള ബസില്‍കയറി അവിടെ നിന്നും മറ്റൊരു മാര്‍ഗത്തിലേക്ക് വഴിതിരിഞ്ഞാലാണ് എനിക്ക് പുരാതനമായആ ഹിമാലയഗ്രാമങ്ങളില് എത്താനാവുക. ഈ രാത്രി തന്നെ ഇവിടെ നിന്നും പുറപ്പെടണം എന്ന് വിചാരിച്ചു. സെക്ടര്‍ നമ്പര്‍ 40 ഐ.എസ്.ടി എന്ന സ്റ്റോപ്പില്‍ നിന്ന് വൈകാതെപോകുന്ന ഒരു ബസുണ്ട്. ഞാന്‍ സ്റ്റേഷനു വെളിയിലേക്കിറങ്ങി.
ഡല്‍ഹിയുടെ സ്റ്റേഷന് കവാടത്തില്‍ അനുഭവിച്ച റിക്ഷാവാലകളുടെ ഭയംതോന്നിക്കുന്ന ഒച്ചകള്‍ ഇവിടെ അതിലും ഭീകരമായി ഉയര്‍ന്നുകേള്‍ക്കുന്നു. പ്ലാറ്റ്ഫോമുകളില്‍ വരെ കയറിവന്ന് അവര്‍ യാത്രികരെ തങ്ങളുടെ വണ്ടികളില്‍ കയറാനായി പിടിച്ചുകൊണ്ടുപോകുന്നു. പുറത്തിറങ്ങിയപാടെ അവരുടെ കൂട്ടം എന്നെ വളഞ്ഞു. വേണ്ടെന്ന് കണിശമായി പറഞ്ഞ് ഞാന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരാള്‍ സവിശേഷമായി എന്നെ നോട്ടമിട്ട് പിന്നെയും പിറകെ വരുന്നു. കുളുവിലേക്ക് ബസ് ലഭിക്കുന്ന സ്റ്റോപ്പിലെത്താന്‍ നാല് കിലോമീറ്ററെങ്കിലും ദൂരമുണ്ട്. എത്രയും പെട്ടന്ന് എത്തിയാലാണ് എനിക്ക് ബസ് കിട്ടുക. റിക്ഷയിലോ ടാക്സിയിലോ തന്നെ പോകണം.
'സെക്ടര്‍ നമ്പര്‍ 40 ഐ.എസ്.ടി.' ഞാന്‍ അയാളോട് പറഞ്ഞു. ശ്രമം ഉപേക്ഷിക്കാതെ പിന്നാലെ കൂടിയപ്പോള്‍ ഒരാളെ കിട്ടിയതിന്റെ ആനന്ദം ആ മുഖത്ത് തെളിഞ്ഞു. അയാള്‍ എന്നെ വണ്ടിയുടെ അടുത്തേക്ക് വിളിച്ചുകൊണ്ടുപോയി.
'എത്ര രൂപയാണ് ?' ഹിന്ദിയൊപ്പിച്ച് ഞാന്‍ ചോദിച്ചു. 'കയറൂ..' എന്ന് മാത്രം അയാള്‍ നിര്‍ബന്ധിച്ചു. വണ്ടിസ്റ്റാര്‍ട്ട് ചെയ്ത്മുന്നോട്ട് നീങ്ങാന്‍ നേരം, എത്ര രൂപയാണെന്ന് പറഞ്ഞശേഷം വിട്ടാല്‍ മതിയെയെന്നായി ഞാന്‍. ആ മനുഷ്യന് അപ്പോള്‍ ഡ്രൈവിങ് സീറ്റില്‍ നിന്ന് തല തിരിച്ച് എവിടേക്കാണ് പോകേണ്ടത് എന്ന് അന്വേഷിച്ചു. പോകേണ്ടസ്ഥലം മുന്‍പ് പറഞ്ഞുകഴിഞ്ഞതാണ്. പിന്നെയും ഈ ചോദ്യം'?
'സെക്ടര്‍ നമ്പര്‍ 40 ഐ.എസ്.ടി, കിത്തനേ റൂപേ.' ഞാന്‍ വീണ്ടും ചോദിച്ചു.
'സിക്സ് ഹണ്ട്രഡ്'
നാല് കിലോമീറ്റര്‍ മാത്രമുള്ള ദൂരത്തിന് അറുന്നൂറ് രൂപ വാങ്ങി എന്നെ പറ്റിയ്ക്കാനുള്ള ശ്രമമാണ്.
'ഞാന്‍ കുളുവിലേക്കാണ്. എനിക്ക് ബസ് കയറേണ്ട സ്റ്റോപ്പ് ഇവിടെ അടുത്താണ്, പത്ത് മിനുറ്റ്കൊണ്ട് എത്തിയാല്‍ മാത്രമെ ആ ബസ് കിട്ടുകയുള്ളു' എന്നെല്ലാം ഞാന്‍ പരിമിതമായ എന്റെ ഭാഷാജ്ഞാനത്തില്‍ അയാളെ പറഞ്ഞ് മനസ്സിലാക്കി.
അയാള്‍ അപ്പോള്‍ വണ്ടി ഓഫ് ചെയ്ത് പാന്റിന്റെ കീശയില്‍ നിന്നും ഹാന്‍സ് പോലെ ഒരു ലഹരി എടുക്കുകയും അത് ഉള്ളംകൈയ്യിലിട്ട് തിരുമ്മികൊണ്ട് എന്തൊക്കെയോ പറയുകയും ചെയ്തു. മനപൂര്‍വ്വം സമയം വൈകിച്ച് ആ ബസ് നഷ്ടപ്പെടുത്താനും അത് വഴി തനിക്ക് പരിചയമുള്ള ഒരു ഏജന്റ് മുഖാന്തരം അവരുടെ വണ്ടിയില്‍ കൂടുതല്‍ പൈസ വാങ്ങി എന്നെ കുളുവിലേക്ക് കയറ്റിവിടാനുമാണ് അയാള്‍ ശ്രമിക്കുന്നതെന്ന് എനിക്ക് ബോധ്യപ്പെട്ടു.
ഞാന്‍ ആ വണ്ടിയില്‍ നിന്നും ഇറങ്ങാനൊരുങ്ങി. അപ്പോള്‍ അയാള്‍ ബലമായി ഡോര്‍ അടച്ചുപിടിക്കാന്‍ ശ്രമിച്ചു. എങ്ങനെയോ വേഗം അതില്‍ നിന്നും ഇറങ്ങി ഞാന്‍ സ്റ്റേഷനകത്തേക്ക് കയറി.
ഛണ്ഡിഗഢിലെ റിക്ഷാവാലകളുടെ പെരുമാറ്റം ഈ നഗരത്തില്‍ എനിക്ക് പേടി ഉണ്ടാക്കുന്നു. പുലര്‍ന്നശേഷം ഇനി യാത്രയാവാമെന്ന് വിചാരിച്ച് ഞാന്‍ അവിടെതന്നെ ഇരുന്നു. അപ്പോഴാണ് ഒരു മനുഷ്യനെ പരിചയപ്പെട്ടത്. അയാള്‍ പറഞ്ഞതു പ്രകാരം, ബസ് ലഭിക്കുമെന്ന ഉറപ്പില്‍ വീണ്ടും അടുത്തുള്ള സ്റ്റാന്റിലേക്ക് നൂറ് രൂപ പറഞ്ഞുറപ്പിച്ച് റിക്ഷ പിടിച്ചു.
വിജനമായ റോഡ്. തെരുവുവിളക്കുകളില്‍ നിന്നും വീഴുന്ന വെളിച്ചങ്ങള്ക്കുള്ളില് ഒളിച്ചിരിക്കുന്ന ഇരുട്ടുപോലെ എന്റെയുള്ളില്‍ ഏതോ ഭയം കുടുങ്ങികിടന്നു. വണ്ടി ഓടിച്ചിരുന്ന അപരിചിതനായ മനുഷ്യന് എന്നോട് സ്നേഹം തോന്നാനായി എന്തൊക്കെയോ ഞാന്‍ മിണ്ടിക്കൊണ്ടിരുന്നു.
ബസ് സ്റ്റാന്റില്‍ നിന്ന് ആളുകള്‍ ഏറെക്കുറെ ഒഴിഞ്ഞുപോയിരുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികള്ക്കടുത്തും മറ്റുമായി തെരുവുനായകള്‍ കിടക്കുന്നു. അല്‍പ്പം ചില കടകള്‍ മാത്രം ആ ഭാഗങ്ങളില്‍ തുറന്നുവെച്ചിട്ടുണ്ട്. ഞാന്‍ അവിടെ ഒരിടത്ത് കുളുവിലേക്കുള്ള ബസ് തിരക്കി. ഇംഗ്ലീഷ് വശമില്ലാത്തതിനാലാവാം അയാള്‍ പഞ്ചാബിയില്‍ എന്തോ മറുപടി തന്ന് എന്നെ അവിടെ നിന്നും പറഞ്ഞയച്ചു. തൊട്ടടുത്ത കടകളിലൂടെ കുളുവിലേക്കുള്ള ബസ് അന്വേഷിച്ചുകൊണ്ട് നടന്നപ്പോഴാണ് ഒരു ടാക്സിവാല പിന്നെയും പിറകെ കൂടിയത്.
'ടാക്സിയില്‍ എനിക്ക് എവിടേക്കുംപോകാനില്ല. ഇവിടെനിന്ന് കുളുവിലക്കുള്ള ബസിലാണ് കയറേണ്ടത'്. അയാള്‍ എന്റെ അടുത്തുനിന്നും ഒഴിഞ്ഞുപോകാനായി പറഞ്ഞു. പഞ്ചാബിയില്‍ അയാള്‍ അപ്പോള്‍ എന്തോപറഞ്ഞു. അത് വ്യക്തമല്ലെങ്കിലും കുളുവിലേക്ക് ഇവിടെ നിന്നാല്‍ ബസ് ലഭിക്കില്ല എന്നാണ് ആ പറഞ്ഞത് എന്ന് മനസ്സിലായി.
എന്നെ കബളിപ്പിക്കുന്നതാവാം. ഏതെങ്കിലും ഒരു സ്റ്റോപ്പിലേക്ക് കയറ്റികൊണ്ടുപോയി അവിടെ വരെയുള്ള ടാക്സിചാര്‍ജ് വാങ്ങാനുള്ള തന്ത്രപ്പാടാവാം. ഞാന്‍ അവിടെ തന്നെ നിന്നു. മാറിപ്പോവാതെ അയാളും എനിക്കടുത്ത് തന്നെ ഉണ്ട്. എന്റെ പരിഭ്രമം കണ്ട് ആ പരിസരത്തുണ്ടായിരുന്ന ഉയരംകൂടിയ ഒരു മനുഷ്യന് അടുത്തേക്ക് വന്നു. അയാളുടെ പേര് ഖാന് എന്നാണ്. പഞ്ചാബിയിലേക്ക് ഇടയ്ക്കിടെ മുറിഞ്ഞുള്ള അയാളുടെ ഇംഗ്ലീഷ് എനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഏതൊക്കെയോ സ്റ്റാന്ിന്റെയും മറ്റും പേരുകള്പറയുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ അവിടേക്ക് വന്നു. സാമാന്യം മദ്യപിച്ചിട്ടുണ്ടായിരുന്ന ആ മനുഷ്യന് ഇംഗ്ലീഷില്‍ എന്നോട് വിവരങ്ങള്‍ തിരക്കി. ശേഷം ഫോണെടുത്ത് ഏതോ നമ്പറിലേക്ക് ഡയല്‍ചെയ്ത് എനിക്കജ്ഞമായ ഭാഷയില്‍ സംസാരിച്ചു.പിന്നെ എന്നോട് പറഞ്ഞു. 'ഒന്നരയ്ക്ക് ഒരു ബസ്പോകുന്നുണ്ട്. എ.സി വോള്‍വോ. ആയിരംരൂപ'. അപ്പോഴത്തെ എന്റെ മനസ്സിന്റെ അനുഭവത്തില്‍ എനിക്ക് ആരെയും വിശ്വാസം വരുന്നുണ്ടായിരുന്നില്ല. ഞാന്‍ വിവരങ്ങള്‍ പിന്നെയും ചോദിച്ചുകൊണ്ടിരുന്നു.ആ മനുഷ്യനും ഖാന് എന്നയാളും എന്നോട് സ്നേഹത്തിലെന്നപോലെ സംസാരിച്ച് ടാക്സിവാലകളും മറ്റും വിശ്രമിക്കുന്ന ബസ് സ്റ്റാന്‍ിനു പിന്നിലുള്ള സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി. ഇരുട്ടിനുമേല്‍ തെരുവുവിളക്കിന്റെ മഞ്ഞവെളിച്ചം വീണുകിടക്കുന്നു. അവിടെ ഒരു മരത്തിനുകീഴില്‍ മൂന്നാല് കസേരകള്‍ ഇട്ടിരുന്നു. അതില്‍ എന്നെ ഇരുത്തിക്കൊണ്ട് അവരും ഇരുന്നു. അല്‍പ്പം മുന്‍പ് പിറകെ കൂടിയ ആ റിക്ഷാവാലയും അവര്‍ക്കൊപ്പം സമീപത്ത് തന്നെ നില്‍ക്കുന്നുണ്ട്. എനിക്ക് എന്തോ സംശയം തോന്നുന്നു. മനസ്സിന്റെ ആലോചനകള്‍ അപരിചിത നഗരങ്ങളെപ്പറ്റി കേട്ടിട്ടുള്ളതായ ഭയത്തിന്റെ അറിവുകളിലേക്ക് ഓടിപ്പോകുന്നു.
'പേടിക്കുകയൊന്നും വേണ്ട. ഇനി വണ്ടി കിട്ടിയില്ലെങ്കില്‍ എന്റെ വീട്ടില്‍ ഈ രാത്രികഴിയാം'. ഖാന് എന്നയാള്‍ പറഞ്ഞു. സമയം അപ്പോള്‍ ഒന്നേകാല്‍ ആയിരുന്നു. ഒന്നരയ്ക്കാണ് ഉണ്ട് എന്ന് പറയുന്ന ബസ്. ആ റിക്ഷാവാലയെ ചൂണ്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു. 'ഇയാള്‍ എന്തിനാണ് ഇനിയും ഇവിടെ നില്‍ക്കുന്നത്' ?
'ബസ് ഇവിടെ നിന്നല്ല പുറപ്പെടുന്നത്. എണ്‍പത് രൂപ ഇയാള്‍ക്ക് നല്‍കണം. ഇയാള്‍ നിങ്ങളെ സ്റ്റോപ്പിലെത്തിച്ച് വണ്ടി കയറ്റിവിടും'.ഖാന് മറുപടിപറഞ്ഞു.
അല്‍പ്പനേരം കഴിഞ്ഞ് എന്നെയുംകൂട്ടി അവര്‍ അടുത്തുള്ള ഒരു കെട്ടിടത്തിനുള്ളിലേക്ക് കയറി. ഒരു കുടുസ്സുമുറി. അകത്ത് അത്രയെളുപ്പം കണ്ടുപിടിക്കാന്‍ പറ്റാത്തവിധം ഇട്ടിരിക്കുന്ന കട്ടിലില്‍ ആരോ ഉറങ്ങുന്നു. ആ മുറിയുടെ ഏറ്റവും മുന്നിലായി ഒരു ടേബിളും അതിനോട് ചേര്‍ന്ന് ഒരു കസേരയും ഉണ്ട്. മദ്യപിച്ചിരുന്ന മനുഷ്യന് ആ കസേരയില്‍ ചെന്നിരുന്ന് മേശയുടെ വലിപ്പ് തുറന്ന് ഒരു സ്ലിപ്പെടുത്തു. അതിലേക്ക് എന്റെ പേരും വിവരങ്ങളും ആയിരം രൂപ എന്നും എഴുതിച്ചേര്‍ത്തു. ആ മഞ്ഞകടലാസിന്റെ ഏറ്റവും മുകളിലായി ഒരു ട്രാവല്‍ ഏജന്‍സിയുടെ പേര് മുദ്രണം ചെയ്യപ്പെട്ടിരുന്നു. ശേഷം എന്നോട് ആയിരം രൂപ നല്കാന് പറഞ്ഞു. ഛണ്ഡിഗഢില്‍ നിന്നും കുളുവിലേക്ക് ഏകദേശം ആയിരം രൂപയോടടുത്ത് തന്നെ ചാര്‍ജ് വരുന്നുണ്ട്. പൈസ വാങ്ങി ഇയാള്‍ എന്നെ പറ്റിച്ചെങ്കിലോ എന്ന ആശങ്കയില്‍ ഞാന്‍ പറഞ്ഞു.
'ടിക്കറ്റ് ബസില്‍ എടുത്തുകൊള്ളാം'
'അങ്ങനെയല്ല ക്യാഷ് ഇവിടെ അടച്ച് സ്ലിപ്പ് വണ്ടിയില്‍ കാണിക്കുകയാണ് ചെയ്യേണ്ടത്'. ആ മനുഷ്യന് നിര്‍ബന്ധിച്ചു. സമയം അപ്പോള്‍ ഒന്നരയോട് അടുക്കാറായിരുന്നു. സംഭവിക്കാനുള്ളത് സംഭവിക്കും എന്ന് വിചാരിച്ച് ഞാന്‍ ബാഗില്‍ നിന്ന് അത്രയും രൂപയെടുത്ത് അയാള്‍ക്ക് നീട്ടി. ശേഷം എന്നെയുംകൊണ്ട് ആ റിക്ഷാവാല ഛണ്ഡിഗഢിലെ വിജനമായ പാതയിലൂടെ വണ്ടിയോടിച്ചു.
മേല്‍ക്കൂരയോ കെട്ടിടങ്ങളോ ഇല്ലാതിരുന്ന വഴിയരികില്‍ ഒരിടത്ത് വണ്ടി നിര്‍ത്തി. ഒരു മരച്ചുവട്ടില്‍ കുറച്ച് മനുഷ്യര്‍ വട്ടംകൂടിയിരുന്ന് കഞ്ചാവ് പുകയ്ക്കുന്നു. ടാക്സിക്കാരന് വണ്ടിയില്‍നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്ന് എന്തോ സംസാരിച്ചു. അത് ഒരു രഹസ്യം പറയുന്നത് പോലെ എനിക്ക് തോന്നി. പിന്നെഎന്നോട് 'ഇവിടെ ഇറങ്ങികൊള്ളു. അവര്‍ കയറ്റിവിടും'എന്ന് അറിയിച്ചു.
സമയം അഞ്ചോ പത്തോ മിനുറ്റ് പിന്നെയും നീങ്ങിയെന്നു തോന്നുന്നു. മൂടിക്കെട്ടിയ ഒരു ബസ് വന്നുനിന്നു. അതില്‍ നിന്നും ഡ്രൈവറും മറ്റ് രണ്ടു മനുഷ്യരും ഇറങ്ങി. അവര്‍ കഞ്ചാവ് പുകച്ചുകൊണ്ടിരുന്ന ആ കൂട്ടത്തിലേക്ക് ചെന്നു. അതേ സമയത്ത് തന്നെ അവിടെ ഉണ്ടായിരുന്ന ഒരാള്‍ എന്റെ അടുത്തേക്ക് വന്ന് ഇതില്‍ കയറിക്കൊള്ളൂ എന്ന് അറിയിച്ചു. എന്നില്‍ സംശയത്തിന്റെ പിന്നെയും എന്തൊക്കെയോ പേടികള്‍.. ഈ ബസില്‍ നിന്നും ഇറങ്ങിപ്പോയ മനുഷ്യര്‍ അവരുമായി എന്താണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്?
ഞാന്‍ വണ്ടിയുടെ അകത്തേക്ക് കയറി. ആദ്യമാദ്യം ഷാളുകളിലും മറ്റും മൂടിക്കെട്ടിയ മനുഷ്യര്‍. പിന്നെയാണ് സ്ത്രീകളെയും കുട്ടികളെയും കണ്ടത്. അപ്പോഴാണ് ഈ ബസ് കുളുവിലേക്ക് തന്നെ എന്ന് ഉറപ്പിച്ചത്. മിക്കവരും ഉറക്കംപിടിച്ചിരുന്നു.
കസോളില്‍
ചില്ല് ജനാലയിലൂടെ പ്രഭാതത്തിന്റെ വെളിച്ചം അകത്തേക്ക് കയറി. കണ്ണുകള്‍ തുറക്കുമ്പോള്‍ വണ്ടി ഒരു പര്വ്വതശൃംഖത്തിന്റെ അരികിലൂടെ നീങ്ങുകയായിരുന്നു. ഹിമാചലിന്റെ തണുപ്പ് കെട്ടികിടക്കുന്ന ജലാശയങ്ങളും ദുര്‍ഘടമായ പാതകളും കണ്ട് അത് പിന്നെയും മുകളിലേക്ക് കിതച്ചു. ഏതാണ്ട് പതിനൊന്നോടെ ഞാന്‍ കുളുവിലെത്തി. അല്‍പ്പം കൂടിമുന്നോട്ട് പോയാല്‍ മണാലി ആണ്. ടൂറിസ്റ്റുകള്‍ ധാരാളമായി വന്നുചേരുന്ന ആ സ്ഥലത്തേക്ക് പക്ഷേ എന്തുകൊണ്ടോ എനിക്ക് എത്തണമെന്നില്ലായിരുന്നു. എന്റെ മാര്‍ഗം ഏകാന്തമായ പാര്‍വതി താഴ്വരയാണ്. അവിടെ, ഒരു ചെറുപട്ടണം പോലെ രൂപപ്പെട്ടിട്ടുള്ള കസോള്‍ എന്ന സ്ഥലത്തേക്കാണ് ആദ്യംഎത്തേണ്ടത്.
ബസിറങ്ങി നടക്കുമ്പോള്‍ മുന്നില്‍ പോകുന്ന മനുഷ്യനോട് കസോളിലേക്കുള്ള യാത്രാമാര്‍ഗം അന്വേഷിക്കാമെന്ന് കരുതി ഒപ്പമെത്തി. സംസാരിച്ചുതുടങ്ങിയപ്പോഴാണ് മനസ്സിലായത് അതൊരു മലയാളിയാണെന്ന്. ഹരിദ്വാറിലൂടെയുള്ള അലച്ചിലില്‍, കുതിരവണ്ടിയില്‍ ഇരിക്കുമ്പോള്‍ കണ്ടുമുട്ടിയ സ്വാമിജിയ്ക്കു ശേഷം മറ്റൊരു മലയാളിയെ കാണുകയാണ്. നീട്ടിയ മുടിയും മെലിഞ്ഞ ശരീരവുമുള്ളആള്ക്ക് അധികം പ്രായം ഉണ്ടായിരുന്നില്ല. പേര് അരുണ്‍ വിക്രമന്. രണ്ടുവര്‍ഷത്തിലേറെയായി പാര്‍വതി താഴ്വരയിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. ഇപ്പോള്‍ എന്തോ ആവശ്യത്തിന് ഡല്‍ഹിയില്‍ പോയി മടങ്ങുന്ന വഴിയാണ്.
ഒപ്പം പോകാമെന്ന് പറഞ്ഞ് അയാള്‍ എന്നെയും കൂടെ കൂട്ടി. തണുപ്പുകാലം തുടങ്ങാറായതിനാല്‍ എവിടെ നിന്നോ അയച്ച് വരുത്തിയ കമ്പിളിവസ്ത്രങ്ങള്‍ വാങ്ങാനായി ഒരു കൊറിയര്‍ കടയിലേക്കാണ് ആദ്യംപോയത്. പിന്നെ ഒരിടത്ത് നിന്നും അയാള്‍ എനിക്ക് ഭക്ഷണം വാങ്ങിത്തന്നു. ഒരേ ഭാഷ സംസാരിക്കുന്നവര്‍ അധികമാരും ആ ഭാഷ സംസാരിക്കാനില്ലാത്ത ദേശങ്ങളില്‍വെച്ച് കണ്ടുമുട്ടുമ്പോള്‍ പെട്ടെന്ന് ഉണ്ടാകുന്ന സൗഹൃദംപോലെ ഞങ്ങള്‍ സംസാരിച്ചു. അരുണ്‍ എന്നെ അയാളുടെ ഗ്രാമത്തിലേക്ക് ക്ഷണിച്ചു. പാര്‍വതി വാലിയിലെ മറ്റുസ്ഥലങ്ങളിലേക്കും കൊണ്ടുപോകാമെന്ന് അറിയിച്ചു. അതുപ്രകാരം കുളുവില്‍ നിന്നുള്ള ബസില്‍ ഇരിക്കുമ്പോള്‍ ലക്ഷ്യം ഷില്ഹ ഗ്രാമമായിരുന്നു. വന്നദൂരത്തില് നിന്ന് അല്‍പ്പം പിന്നിലേക്കെത്തി ബുന്ദര്‍ എന്ന സ്ഥലത്ത് നിന്ന് തിരിയുന്ന മറ്റൊരുപാത. രണ്ടുബസുകളില്‍ കയറണം. ഡല്‍ഹിയിലും ഛണ്ഡിഗഢിലുമൊക്കെ അനുഭവിച്ച റിക്ഷാവാലകളുടെയും മറ്റും ഭയംതോന്നിക്കുന്ന ഒച്ചപ്പാടുകളില്ല. കേരളത്തിലേതുപോലെ മനുഷ്യരുള്ള ഇടമെന്ന് അരുണ്‍ ആ സ്ഥലത്തെ ഉപമിച്ചു.
വണ്ടി കയറ്റങ്ങള്‍ കയറികൊണ്ടിരുന്നു. സവിശേഷമായി വസ്ത്രധാരണം ചെയ്ത ഗ്രാമീണര്‍ വണ്ടിയിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നു. വഴിയരികുകളില്‍ ഞാന്‍ ഇതുവരെയും കാണാത്ത കാഴ്ച്ചകളുടെ ഭംഗികള്‍. ചെമ്മരിയാടുകളുടെ വലിയ കൂട്ടങ്ങള്‍.അവയെ മേയ്ക്കുന്ന ഇടയന്മാര്.തോളില്‍ പുല്കൊട്ടകളുമായി നടന്നുനീങ്ങുന്ന ഗ്രാമത്തിലെ സ്ത്രീകള്‍. കസോള്‍ എത്തുന്നതിന് മുന്‍പ്, എനിക്ക് ആ സ്ഥലങ്ങളില്‍ ഒറ്റയ്ക്കാവണമെന്ന് തോന്നി.
'ഷില്ഹയിലേക്ക് രണ്ടുദിവസം കഴിഞ്ഞ് വരാം. ഞാന്‍ ഇപ്പോള്‍ കസോളില്‍ ഇറങ്ങുകയാണ്'. പെട്ടെന്നുള്ള തോന്നലില്‍ അരുണിനെ അറിയിച്ചു. അയാളുടെ ഫോണ്‍നമ്പര്‍ വാങ്ങി ഞാന്‍ ആ സ്ഥലത്ത് വണ്ടിയിറങ്ങി.
മിനി ഇസ്രായേല്‍ എന്നാണ് കസോളിനെ വിശേഷിപ്പിക്കുന്നത്. ഇസ്രായേലികളെയും ഹിപ്പികളെയും പരിസരങ്ങളില്‍ ധാരാളമായി കാണുന്നു. ഒരിടത്ത്, പൈന്മരങ്ങള്ക്കിടയില്ചുവന്ന പട്ടുതുണികള്‍ മൂടി, കല്ലുകെട്ടി നിര്‍മ്മിച്ച ഏതോ പ്രതിഷ്ഠാസ്ഥാനത്തേക്ക് കയറുന്ന പടിക്കെട്ടില്‍ ഒരു കുഞ്ഞിനെയും മടിയില്‍വെച്ച് ഏകാന്തതയില്‍ മുങ്ങി ഇരുന്ന മനുഷ്യനെ ഞാന്‍ പ്രത്യേകമായി ഓര്‍ക്കുന്നു. കടുംനിറത്തില്‍ ചിത്രത്തുന്നലുള്ള കുപ്പായംധരിച്ച, നീലക്കണ്ണുകളും നീണ്ട ചെമ്പന്‍ മുടിയുമുള്ള ആ മനുഷ്യന്റെ രൂപത്തിനപ്പുറം അയാളിലെ വിഷാദഭാവത്തിലേക്കായിരുന്നു എന്റെ കാഴ്ച്ചയുടെ ശ്രദ്ധയത്രയും. കളിപ്പാട്ടവുംപിടിച്ച് മടിയിലിരുന്ന കുഞ്ഞ് അവിടെ ഉണ്ട് എന്നേ ഉള്ളൂ. അത് ഓര്ക്കാതെയെന്ന പോലെ അയാള്‍ മറ്റേതോ ലോകത്തില്‍ ആയതുപോലെ. നിശബ്ദനും ചിന്താമഗ്നനുമാണ്. വിഷാദികളുടെ ഭാവം അതാണെന്ന്് എന്ന് എനിക്ക് തോന്നി.
ഞാന്‍ നടന്നു. ഒരുവശത്തൂടെ പാര്വതിനദി ഒഴുകുന്നു. ഏതൊക്കെയോ വഴികളിലൂടെ അലഞ്ഞശേഷം എനിക്ക് താമസിക്കുവാനായി മൂന്നൂറ് രൂപയ്ക്ക് ഒരു മുറി കണ്ടുപിടിച്ചു. ഭാണ്ഡങ്ങളും മറ്റും ആ മുറിയിലിറക്കിവെച്ച് അതിനു മുകളിലുള്ള ടെറസ്സിലേക്ക് എത്തി. അവിടെ ഒറ്റയ്ക്കായി. ഒരിക്കല്‍ കവിതയെഴുതുന്ന ഒരുസുഹ്യത്ത് എന്റെ ദേശത്തെ- വയനാട്ടിലെ-മലകളെ ഉപമിച്ചത് ഓര്‍മ്മ വരുന്നു. 'ആകാശത്തിലേക്കുയര്‍ന്നു നില്ക്കുന്ന ഭൂമിയുടെ മുലഞെട്ട് പോലെ'. ഇതാ ഇപ്പോള്‍ എന്നെ ചുറ്റി ഭീമാകാരമായി വളരെ വളരെ പൊക്കത്തില്‍ പാര്വതിശൃംഗങ്ങള്. കുറച്ച് കഴിഞ്ഞപ്പോള്‍ മഴ വീഴാന്‍ തുടങ്ങി. ഞാന്‍ മുറിയിലേക്ക് ചെന്ന് തുറന്ന ജനാലയിലൂടെ മലനിരകളില്‍ വീഴുന്ന മഴയെ അറിഞ്ഞുകൊണ്ട് നിന്നു.
ചോജ് ഗ്രാമത്തില്‍
മഴ അധികസമയം നീണ്ടുനിന്നില്ല.ഉച്ചകഴിഞ്ഞുള്ളവെയില്നനഞ്ഞ പച്ചകളിലേക്ക്ഒഴുകി. ഞാന്‍ മുറിയില്‍ നിന്ന് ഇറങ്ങിനടന്നു. കസോളിന്റെ പ്രധാനഭാഗത്ത് അല്‍പ്പം തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഹിപ്പി കുപ്പായങ്ങള്‍, കുല്‍വി തൊപ്പികള്‍, വിവിധ മാതൃകകളിലുള്ള ചില്ലങ്ങള് എന്നിങ്ങനെ അനേകം സാധനങ്ങള്‍ അലങ്കരിച്ചുവെച്ചിരിക്കുന്ന ഷോപ്പുകള്‍. അതെല്ലാം കണ്ടുകൊണ്ട് നീങ്ങുമ്പോള്ഒരു മനുഷ്യന് അടുത്തേക്ക് വന്നു. ഒരു പരിചയപ്പെടല്‍ പോലെയാണ് സംസാരിച്ചത്. പിന്നെ അയാള്‍ ചോദിച്ചു.
'യു വാന്റ്മലാന ക്രീം' ? ഇന്ത്യയിലെ ഏറ്റവും പുരാതനഗ്രാമമായ മലാന കസോളിന് അടുത്താണ്. മലാനക്രീം എന്ന പേരില്‍ അവിടെ ഉല്‍പ്പാദിപ്പിക്കുന്ന കഞ്ചാവ് പ്രസിദ്ധമാണ്.
'ഹൗ മച്ച് കോസ്റ്റ്' ഞാന്‍ ചോദിച്ചു.
'ടു തൗസന്റ് ഫൈവ് ഹണ്ട്രഡ്'
'വേണ്ട' എന്ന് പറഞ്ഞ് മുന്നോട്ടുനീങ്ങി. വിലകുറച്ച് പറഞ്ഞ് അത് വാങ്ങാന്‍ നിര്ബന്ധിച്ചുകൊണ്ട്അയാള് പിന്നെയും പിറകെയുണ്ടായിരുന്നു.
പാര്‍വതി നദി മുറിച്ചുകടന്നാല്‍ വളര്ന്നുനില്ക്കുന്ന പൈന്‍മരങ്ങളുടെയും മറ്റും കാടാണ്. അതിനിടയിലൂടെ ചെറിയ പാതകള്‍ നീണ്ടുപോകുന്നു. സഞ്ചാരികള്‍ക്കായി ഒരുക്കിയ ഹോം സ്റ്റേകളും കഫേകളും ആദ്യമാദ്യം പ്രത്യക്ഷമാണ്. പിന്നെ ആ പാതയില്‍ അധികം ആളുകളില്ലാതാവുന്നു. ചോജ് വില്ലേജ് എന്ന സൈന്‍ ബോര്‍ഡ് കണ്ടപ്പോള്‍ എന്റെ ലക്ഷ്യം അവിടേക്കായി. മലമുകളിലേക്ക് വളരുന്ന കയറ്റങ്ങളൂടെ പാത. ഗ്രാമീണരായ മനുഷ്യര്‍ അതുവഴി ഇടയ്ക്ക് നടന്നുപോകുന്നു. കുറേ വീടുകള്‍ നില്ക്കുന്ന ഒരു സ്ഥലം എത്തിയപ്പോള്‍ അത് ചോജ് ആണെന്ന് മനസിലായി. പരന്ന കല്ലുകള്‍ മേല്ക്കൂരകളാക്കി നിര്‍മ്മിച്ച വീടുകള്‍. എന്നാല്‍ ഏറിയകൂറും പുതിയ വാസ്തുശൈലി അവലംബിച്ചിട്ടുണ്ട്. രണ്ടോ അതിലധികമോ തട്ടുകളായി ഉയര്‍ത്തിനിര്‍ത്തിയിരിക്കുന്നു. ബാഹ്യമായ കാഴ്ച്ചയില്‍ പ്രധാനമായും മരങ്ങളും പാറകളില്‍ നിന്ന് ചെത്തിയെടുത്ത കല്ലുകളുമാണ് അവയുടെ നിര്മ്മാണസാമഗ്രികളെന്ന് മനസ്സിലാവുന്നു. നഗരങ്ങളിലെ യന്ത്രഫാക്ടറികളില് നിര്‍മ്മിച്ചെടുക്കുന്ന ആധുനിക ഗൃഹനിര്‍മ്മാണത്തിന്റെ അസംസ്കൃത വിഭവങ്ങള്‍ വാഹനങ്ങള്‍ എത്തിപ്പെടാത്ത ഈ മലമുകളിലേക്ക് കൊണ്ടുവരാന്‍ പ്രയാസമുണ്ടായിരിക്കും. വീടിന്റെ മുറ്റങ്ങളിലും മറ്റും പല ജോലികളില്‍ വ്യാപൃതരായ നിവാസികളെകണ്ടു. ശൈത്യകാലം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ തണുപ്പിന് ഭേദമുണ്ട്. എങ്കിലും മിക്കവരും കട്ടികൂടിയ കമ്പിളി കുപ്പായങ്ങള്ക്കുള്ളിലാണ്.
രണ്ടുവശങ്ങളിലും പ്രത്യേകതരം കല്ലുപതിച്ച മുക്കുത്തി അണിഞ്ഞ് ചൂമന്ന തലകെട്ടും അതിന് ചേരുംവിധം വസ്ത്രവും ധരിച്ച് ചാറ്റല്‍മഴയിലൂടെ കുടചൂടി നടന്നുപോകുകയായിരുന്ന ഒരു അമ്മൂമ്മയെ കണ്ടപ്പോള്‍ എനിക്ക് അവരെ അനുഗമിക്കണമെന്ന് തോന്നി.പിന്നാലെ നടന്ന് ഒപ്പമെത്തി. അവരെ തന്നെ ഞാന്‍ നോക്കുന്നു എന്നതുകൊണ്ടാവാം അവര്ചിരിച്ചു. ഞാന്‍ അപ്പോള്‍ 'കേരളത്തില്‍ നിന്ന് വരികയാണ്' എന്ന് ഇംഗ്ലീഷില്‍ പറഞ്ഞു. അത് അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ചിരിച്ചുകൊണ്ട് അവര്‍ എന്നോടും എന്തോ പറയുന്നു. എനിക്കും മനസ്സിലാവുന്നില്ല.എങ്കിലും ഒരു പക്ഷിയുടെ മനോഹരമായ ചിലമ്പല്‍ പോലെ, പല്ലുകള്‍ കൊഴിഞ്ഞ ആ മുത്തശ്ശിയുടെ ഒച്ചയെ കേള്‍ക്കുമ്പോള്‍ ഉള്ളം ഒരു വലിയ ആനന്ദത്തെ അറിയുകയാണ്.
ഹിമാചലിലെ സ്ത്രീകള്‍ വിശേഷിച്ചും വൃദ്ധകള്‍ വളരെ സുന്ദരികളാണ്. ആടയാഭരണങ്ങളിലും കടുംനിറങ്ങളിലുള്ള കുപ്പായങ്ങളിലും അവര്‍ നന്നായി ഒരുങ്ങുന്നു.
ഞാന്‍ പിന്നെയും മുന്നോട്ടുനീങ്ങി. വഴിയില്‍ നിന്ന് കാണാവുന്ന അകലത്തില്‍ പുല്ലുകള്‍ ധാരാളമായി വളര്‍ന്ന ഒരിടത്ത് നാല്ക്കാലികളുടെഒരു കൂട്ടം മേയുന്നു. ആദ്യനോട്ടത്തില്‍ പശുകിടാങ്ങള്‍ എന്നാണ് വിചാരിച്ചത്. പിന്നെയാണ് മനസ്സിലായത്. അവയെല്ലാം കഴുതകളായിരുന്നു. സമീപത്ത് വടിയുംപിടിച്ച് ഒരു പയ്യന് ഇരിക്കുന്നു. ഞാന്‍ അവന്റെ അടുത്തെത്തി പേര് ചോദിച്ചു. ഭുവന്. അവന് ഇംഗ്ലീഷ് വശമുണ്ട്. കുറച്ച് വര്‍ഷങ്ങളായി ഇവിടെയാണ് ജീവിക്കുന്നതെങ്കിലും സ്വദേശം നേപ്പാളിലെ ഏതോ ഗ്രാമമാണ്. മാതാപിതാക്കളെല്ലാം അവിടെയാണ്. ഇവിടെ ആരുടെ ഒപ്പമാണ് താമസിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഭാര്യയും കുഞ്ഞും ഉണ്ട്എന്ന് പറഞ്ഞു. എനിക്ക് അത്ഭുതംതോന്നി. വളരെ ഇളപ്പം തോന്നിക്കുന്ന മുഖമാണ് ഭുവന്റേത്. പ്രായം ഏങ്ങനെപോയാലും ഇരുപതിന് അപ്പുറത്തേക്ക് കടക്കുകയില്ല. ഇവിടെ എന്തുചെയ്യുന്നു എന്ന ചോദ്യത്തിന് അവന് ചിരിച്ചുകൊണ്ട് വലതുകൈനീട്ടി കാണിച്ചു. അതില്‍ പെരുവിരലിലെ നഖം മാത്രം വളര്‍ത്തി പച്ചനിറമടിച്ചിരിക്കുന്നു. എനിക്ക് അത്മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഭുവന് അപ്പോള്‍ പറഞ്ഞു; 'ക്രീംഉരയ്ക്കാനാണെന്ന്'. ക്രീം എന്നത് ഛരസ്സ് ആണ്. ഉണക്കിയ കഞ്ചാവിന്റെ ഇലകള്‍ ഉള്ളംകൈയ്യിലിട്ട് ഉരച്ച്, പറ്റിപിടിച്ച കറ വളര്ത്തിയആ നഖം ഉപയോഗിച്ച് ചുരണ്ടിയെടുക്കുന്നു.
മഴ ചാറി അല്‍പ്പം നനച്ചിരുന്ന പുല്മെത്തയിലിരുന്നുകൊണ്ട് ഞങ്ങള്‍ പിന്നെയും സംസാരിച്ചു. അടുത്ത് കഴുതകള്‍ പുല്ലുതിന്നുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് കത്തുകള്‍ എഴുതുമായിരുന്ന ഒരു കൂട്ടുകാരി അയച്ചു തന്ന ഷെല്‍വിയുടെ കവിത എനിക്ക് ഓര്‍മ്മ വരുന്നു.
'വിദൂരവും അപരിചിതവുമായ ഒരു ഗ്രാമത്തില്‍
മഴതോരുവാനായി നാമൊരു മണ്കുടിലില് കാത്തുനില്‍ക്കുകയാണ്.
കഴുതകള്‍ക്കും കുഞ്ഞാടുകള്‍ക്കും മണ്കലങ്ങള്ക്കുമിടയില്
അപ്പോള്‍ നമുക്കേറെ വാത്സല്യംതോന്നുന്ന
കുട്ടികള്‍ക്കു നടുവില്‍,
ഭാഷയ്ക്കും മൗനത്തിനുമിടയില്‍,
ഏതോകാലത്തിന്റെ ഒറ്റച്ചരടു ജപിച്ച്..'
ഭുവന്റെവീട് മലയുടെ കുറച്ചുകൂടി മുകളിലുള്ള ഒരിടത്താണ്. എനിക്ക് അങ്ങോട്ട് പോകണമെന്ന് തോന്നി. കൊണ്ടുപോകും എന്ന ഉറപ്പില്ലാതെയാണ് ചോദിച്ചത്. അവന് പക്ഷേ മേഞ്ഞുകൊണ്ടിരുന്ന കഴുതകളെ ഉപേക്ഷിച്ച് എന്നെയും കൂട്ടി നടന്നു. വഴിയരികിലെ മനുഷ്യര്‍ ഞങ്ങളെ നോക്കുന്നു. ചിലര്‍ കുശലാന്വേഷണം പോലെ ഭുവനോട് മിണ്ടുന്നു.
ഒരു ചെറിയവീട്. സമീപത്ത് വേറെയും വീടുകളും ആളുകളും. ഭുവന് എനിക്ക് അവിടം കാണിച്ചുതന്നു. ഞങ്ങള്‍ ഏറെസംസാരിച്ചു. ഭുവന് എനിക്ക് പാട്ട് പാടി തന്നു.
ഇരുട്ട് വീഴുംമുന്‍പ് മലയിറങ്ങണം. അതിനായി തിരിച്ച് നടന്നു. ചോജ് ഗ്രാമത്തിന്റെ പകുതിയോളം അവന് എന്നെ അനുഗമിച്ചിരുന്നു. ഇനിയൊരു കണ്ടുമുട്ടലിന്റെ യാതൊരു സാധ്യതയും പറയാതെ പിരിഞ്ഞു.
എപ്പോഴും പാതിമയക്കത്തിലെന്നപോലെ അടഞ്ഞമാതിരി കണ്ണുകളുള്ള, ചിരിക്കുന്ന, കഞ്ചാവിലകള് പടത്തിയ ചിത്രമുള്ള കുപ്പായം ധരിച്ച ഭുവനെ ഒാര്‍ക്കുമ്പോള്‍ ഒരു ദിവസത്തിന്റെ പകുതിയില്‍താഴെ സമയം മാത്രം ഒന്നിച്ചുണ്ടായിരുന്ന അവനെ ഞാന്‍ സ്നേഹിക്കുന്നുണ്ടെന്ന് അനുഭവിക്കുന്നു. സ്നേഹത്തിന്റെ അനുഭവം ഓര്‍മ്മയാണ്. കഴിഞ്ഞത് ഇനിയൊരിക്കലും സംഭവിക്കുകയില്ല എന്ന അഭാവം സൃഷ്ടിക്കുന്ന വേദന. ഭുവന്റെ പക്കല്‍ കൈമാറാന്‍ ഒരു ഫോണ്‍നമ്പര്‍ ഉണ്ടായിരുന്നില്ല.
വിദൂരവും അപരിചിതവുമായ ഗ്രാമത്തില്‍ കണ്ടുമുട്ടിയ അവനെ ഇനിയൊരിക്കലും കാണുകയില്ല, മിണ്ടുകയില്ല എന്ന അഭാവത്തിന്റെ അനുഭവത്തില്‍ ഞാന്‍ അവനെഏറ്റവും തീക്ഷ്ണമായി ഓര്‍ക്കുന്നു.
മലയുടെ താഴെയെത്തി ഒരു കടയില്‍നിന്ന് റൊട്ടിയും ദാലും കഴിച്ച് വിശപ്പ് മാറ്റി.അടുത്തുള്ള വഴികളിലൂടെ പിന്നെയും ചുറ്റിത്തിരിഞ്ഞ് രാത്രി വൈകിയപ്പോള്‍ മുറിയിലേക്ക് ചെന്നു. ആ സ്ഥലത്തിന്റെ നോട്ടക്കാരനായ ആളും കുടുംബവും തൊട്ടടുത്ത മുറിയിലാണ് താമസിക്കുന്നത്. അതിനുള്ളില്‍ നിന്ന്് കുട്ടികളുടെയും സ്്ത്രീയുടെയും ഒച്ചകള്‍ കേള്‍ക്കുന്നു. അജ്ഞാതമായ ആ ഭാഷ ചെവിയിലേക്കെത്തുമ്പോള്‍ എന്റെ ഏകാന്തത ഒന്നുകൂടി കനപ്പെടുകയാണ്.
തുറന്ന ജനാലയിലൂടെ കാറ്റ് അകത്തേക്ക് കയറിവരുന്നു. അകലെ ആകാശംചൊരിയുന്ന വെട്ടത്തില്‍ പാര്വതിശൃംഗങ്ങള്ക്ക് അപ്പോള്‍ ഭീമാകാരമായ ഇരുട്ടിന്റെ ഏതൊക്കെയോ രൂപങ്ങള്‍...
ഞാന്‍ കട്ടിലിലേക്ക് കയറി. ഉറക്കം ആഗ്രഹിച്ച് കണ്ണുകളടച്ച് കിടന്നു.
ചലാല് ഗ്രാമം
ചലാല് ഗ്രാമത്തിലേക്ക് പോകുന്ന നടപ്പാതയുടെ ആരംഭസ്ഥാനത്ത് ഒരു ടീ ഷോപ്പ് നിന്നിരുന്നു. അതിന് സമീപത്തെ മരച്ചുവട്ടിലായി ഇട്ടിരിക്കുന്ന ടേബിളിന്റെ ഇരുവശങ്ങളിലും ഒരു സ്ത്രീയും പുരുഷനും ഇരിക്കുന്നു. സ്ത്രീയുടെ വിരലുകള്‍ക്കിടയില്‍ പുകയുന്ന കഞ്ചാവ്. ഭംഗിയുള്ള, ചുമന്ന ലിപ്സ്റ്റിക്കിട്ട അവരുടെ ചുണ്ടുകള്‍ ആ പുക വലിച്ചെടുക്കുന്നു.
ഞാന്‍ അതുവഴിനീങ്ങിയപ്പോള് അവരുടെ ഒപ്പമുണ്ടായിരുന്ന മനുഷ്യന് എന്നെ അടുത്തേക്ക് വിളിച്ചു. പരിചയപ്പെടാനാവും എന്നോര്‍ത്താണ് അവിടേക്ക് നീങ്ങിയത്. ഒഴിഞ്ഞുകിടന്ന കസേരകളിലൊന്ന് ടേബിളിനടുത്തേക്ക് വലിച്ചിട്ട് അയാള്‍ എന്നോട് ഇരിക്കൂ എന്ന് പറഞ്ഞു. ആ മനുഷ്യന്റെ മുഖത്ത് ചിരിയുടെ സ്നേഹഭാഷ്യം.
പേരും നാടുമെല്ലാംചോദിച്ച് ഞാന്‍ ഇവിടേക്ക് ആദ്യമായി എത്തുന്ന സഞ്ചാരിയാണ് എന്ന് മനസ്സിലാക്കി. ശേഷം എന്നോട് ഇന്നലെ മറ്റൊരാള്‍ ചോദിച്ച അതേ ചോദ്യം ആവര്‍ത്തിച്ചു.
'യു വാണ്ട് മലാന ക്രീം' ?
ഇത്രയും സംസാരമായ സ്ഥിതിയ്ക്ക് വേണ്ടെന്ന് ഒറ്റയടിക്ക് പറഞ്ഞാല്‍ അയാള്‍ക്ക് മുഷിയും. വേണമെന്നോ വേണ്ടെന്നോ പറയാതെ എത്ര രൂപയാണ് എന്ന് ചോദിച്ചു. എന്റെ ആ നീക്കത്തില്‍ ഉറപ്പായും ഞാന്‍ അത് വാങ്ങുമെന്ന് അയാള്‍ വിചാരിച്ചിരിക്കാം.
'ടു തൗസന്റ് ഫൈ് ഹണ്ട്രഡ്' ഇത് പറഞ്ഞ ഉടനെ അയാള്‍ ഇതിനോടകം ആ സ്ത്രീയുടെ ചുണ്ടുകളില്‍ നിന്ന് കൈമാറി വന്ന ജോയിന്റ് എനിക്ക് നീട്ടി.'പുകയെടുത്തു നോക്കൂ.. എങ്ങനെയുണ്ടെന്ന് അറിയാം'
അടുത്തിരുന്ന സ്ത്രീ ഞങ്ങളെ ശ്രദ്ധിക്കാതെ മറ്റേതോ ലോകത്തില്പ്പെട്ടതുപോലെ നിശബ്ദയായി വേറെയെങ്ങോ ദൃഷ്ടി പതിപ്പിച്ച് ഇരിക്കുകയാണ്. 'രണ്ട് ആഴ്ച്ചയോളം ഞാന്‍ ഈ സ്ഥലത്തുണ്ടാവും. കൈയ്യില്‍ ഇപ്പോള്‍ ക്യാഷില്ല. മുറിയിലാണ്. ഉറപ്പായുംവരാം' എന്ന് പറഞ്ഞ് അവിടെ നിന്നും എഴുന്നേറ്റ് നടന്നു.
പാര്വതിനദിയിലൂടെ ഒഴുകുന്ന ജലത്തിന് നീലനിറം. അകലങ്ങളിലേക്ക് വലുതാവുന്ന പാര്വതിശൃംഗങ്ങള്ക്ക് നീലനിറം.
ഞാന്‍ ചലാല് ഗ്രാമം ലക്ഷ്യമാക്കി നടന്നു. വീതിയുള്ള പാത മെലിഞ്ഞ് ഒറ്റയടിപ്പാതയായി പരിണമിക്കുന്നു. മനുഷ്യര്‍ വല്ലപ്പോഴും മാത്രം ആ വഴിയിലൂടെ നടക്കുന്നു. ഇന്നലെ ചെന്ന ദൂരത്തെക്കാള്‍ ഞാന്‍ നടന്നുകഴിഞ്ഞിരുന്നു. കാടിന്റെ വിജനത. പക്ഷേ എനിക്ക് പേടിയാവുന്നില്ല. എന്റെ നാട്ടിലെ ഏതെങ്കിലം വനത്തിലൂടെയാണ് ഒറ്റയ്ക്കുള്ള ഈ നടപ്പെങ്കില്‍ ഒരുപക്ഷേ ഞാന്‍ പേടിക്കുമായിരുന്നെന്ന് തോന്നുന്നു. കാരണം അവിടം എനിക്ക് പരിചിതമാണ്. പരിചിതം എന്ന അറിവ് ഭയത്തെ ഉണ്ടാക്കും. ആനയും കടുവയുമുണ്ടെന്ന് പ്രചരിക്കുന്ന ഒരു സ്ഥലത്തെ കഥകള്‍ കേള്‍ക്കുന്ന ആള്‍ക്ക് ആ അറിവ് ബാധിച്ച് അവിടേക്ക് പോകാന്‍ ഭയമാകുന്നതുപോലെ..
ഈ സ്ഥലം എനിക്ക് അപരിചിതമാണ്. ഈ അപരിചിതത്വത്തില്‍ ഞാന്‍ തേടുന്ന ഭംഗിയുള്ള കാഴ്ച്ചകള്‍ മാത്രമെ ഉണ്ടാവൂ എന്ന എന്റെ ബോധത്തിന്റെ വിശ്വാസം എന്നെ മുന്നോട്ട് നയിക്കുന്നു. കുറേ നീങ്ങിയപ്പോള്‍ പുറത്ത് ഭാണ്ഡങ്ങള്‍ കെട്ടിവെച്ച് വരിവരിയായി മലയിറങ്ങിവരുന്ന കഴുതകളെ കണ്ടു. കുറേ എണ്ണം. ഏറ്റവും പിറകില്‍ അവയെ തെളിയ്ക്കുന്ന ക്ഷീണിച്ച മനുഷ്യന്. വണ്ടികള്‍ ചെല്ലാത്ത മലമുകളിലെ ഗ്രാമങ്ങളിലേക്കും തിരിച്ചും ചുമടുകളെത്തിക്കാനുള്ള മാര്‍ഗം കഴുതകളാണ്.
കുറച്ച് കഴിഞ്ഞപ്പോള്‍ അനേകം വീടുകള്‍ കൂട്ടമായി നില്ക്കുന്ന ഒരു പരിസരത്തെത്തി. ചലാല് ഗ്രാമം. ഇന്നലെ കണ്ടതിന് സമാനമായ വീടുകള്‍. മനുഷ്യര്‍. ഒരാളോട് സംസാരിച്ചപ്പോള്‍ കുറേക്കൂടി മുകളിലേക്ക് ചെന്നാല്‍ ഒരു വ്യൂ പോയിന്റിലെത്താമെന്ന് അറിഞ്ഞു. അതുപ്രകാരംഞാന് പിന്നെയും നടന്നു. കയറ്റങ്ങള്‍. നീണ്ടുമെലിഞ്ഞ ആ നടപ്പാതയിലേക്ക് കാട്ടുചെടികള്‍ പടര്‍ന്നുവീണു. ശരീരം കിതയ്ക്കുന്നു. അപ്രകാരം പാര്വതിശൃംഗത്തിന്റെ പൊക്കത്തിലൊരിടത്ത് ഞാനെത്തി. അയാള്‍ പറഞ്ഞ ആ കാഴ്ച്ചയുടെ അടുത്തേക്ക് നീങ്ങി. ഒരുപാട് താഴെ അഗാധമായ ഒരു ഗര്ത്തിനുള്ളില് ചലാല് ഗ്രാമം. പശ്ചാത്തലത്തില്‍ ഉയര്ന്നുനില്ക്കുന്ന ശൃംഗത്തിന്റെ ഭാഗങ്ങള്‍. നീലിച്ച കാടും മലയും ഗ്രാമവും ഉള്‍പ്പെട്ട ആ കാഴ്ച്ച എന്നിലുണ്ടാക്കിയ അനുഭൂതി നിര്‍വചിക്കാനാവുന്നതല്ല.
സമീപത്ത് വളര്‍ന്ന ഒരു മരത്തിന്റെ തണലുപറ്റി ഈ പ്രപഞ്ചത്തിലെ ഒരു നിസ്സാര ബിന്ദുവാണ് ഞാന്‍ എന്ന തോന്നലില്‍ ഇരുന്നു. എന്റെ നാട് എനിക്കിപ്പോള്‍ വളരെ വളരെ അകലെയാണ്. കാടിന്റെ ഈ അനന്തതയില്‍ ഞാന്‍ ഒറ്റയ്ക്കാണ്. മുന്നില്‍ വളര്‍ന്ന അഗാധമായ ഈ താഴ്ച്ചയിലേക്ക് വീണുപോയാല്‍ ആരും അറിയാനില്ല. ദൂരങ്ങളും കാഴ്ച്ചകളും വളര്‍ത്തുന്ന വിശാലതയില്‍ മനുഷ്യന് വളരെ ചെറുതായി അതിനുള്ളില്‍ ഒരു നിസ്സാര ബിന്ദുവായി ചുരുങ്ങുന്നു.
ഏറെ സമയം ആ ഇരുപ്പിരുന്നു. ഞാന്‍ മലയിറങ്ങി വീണ്ടുംചലാല് ഗ്രാമത്തിലേക്ക് പ്രവേശിച്ചു. മരപ്പാളികള്കൊണ്ടുണ്ടാക്കിയ വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് പുറത്ത് കുട്ടയും തൂക്കി കോവണി ഇറങ്ങിവരുന്ന ഒരു മനുഷ്യനെ കണ്ടു. ഞാന്‍ ചിരിച്ചപ്പോള്‍ അയാളും ചിരിച്ചു. അത് പിന്നെ പരിചയപ്പെടലിന്റെ സംസാരമായി. മലയാളിയാണ് എന്നറിഞ്ഞപ്പോള്‍ സംസാരിക്കാന്‍ അയാള്‍ക്കും താല്‍പ്പര്യം.
ഠാക്കൂര്‍ സജ്ഞീവ് എന്നാണ് ആ മനുഷ്യന്റെ പേര്. ആ ഗ്രാമത്തിലെ പുതുതലമുറയിലെ മിക്കവര്‍ക്കും ഇംഗ്ലീഷ് ഏറെക്കുറെ വശമുണ്ടെന്ന് മനസ്സിലായി. അയാള്‍ എന്നോട് വിചിത്രങ്ങളായ പല കാര്യങ്ങളും പറഞ്ഞു. തന്റെ തലയില്‍ ധരിച്ച തൊപ്പിയുമായി ബന്ധപ്പെട്ടതാണ് ഒന്ന്. അതിന്റെ പേര് കുല്‍വി എന്നാണ്. കസോളിലെ കടകളില്‍ അവ ധാരാളമായി തൂക്കിയിട്ടിരിക്കുന്നത് കണ്ടിരുന്നു. സഞ്ചാരികളായി ഇവിടേക്കെത്തുന്ന പലരും അവ വാങ്ങി ധരിക്കുമെങ്കിലും ഠാക്കൂര്‍ സജ്ഞീവ് ഉള്‍പ്പെട്ട കമ്മ്യൂണിറ്റിയുടെ പ്രത്യേക വിശ്വാസത്തിന്റെ ഭാഗമായതാണ് കുല്‍വി. എപ്പോഴും അവര്‍ അത് ധരിച്ചിരിക്കും. ഉറങ്ങുമ്പോള്‍ പോലും അത് വേണമെന്ന് നിര്‍ബന്ധം. ജാതിയില്‍ ഉയര്‍ന്നത് എന്ന് കരുതപ്പെടുന്ന വിഭാഗമാണ് അവര്‍. പാണ്ഡവവീരരാണ് ഉപാസനാമൂര്‍ത്തികള്‍. മറ്റ് ജാതികളിലെ ആരെങ്കിലുമൊരാള്‍ ആ തൊപ്പി നീക്കി അവരുടെ തലയില്‍തൊട്ടാല്‍ മൂവായിരംരൂപ പിഴ നല്‍കണം. എനിക്ക് അതിശയംതോന്നി. തൊട്ടുകൂടായ്മയുടെ പ്രാകൃതമായ ആചാരങ്ങളും വിശ്വാസങ്ങളും അനുവര്‍ത്തിക്കുന്ന പുരാതനമനുഷ്യര്‍.
ഠാക്കൂര്‍ സജ്ഞീവ് നിഷ്കളങ്കമായമായാണ് ജാതിയെപ്പറ്റിയും തങ്ങളുടെ മഹത്വത്തെപ്പറ്റിയും സംസാരിക്കുന്നത്.ആ മനുഷ്യന്റെ ബോധത്തെ ജാതി എത്ര ബലമായാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഞാനോര്‍ത്തു. ഉയര്ന്നവിഭാഗമായതിനാല് തങ്ങളിലാര്‍ക്കും ജോലി ലഭിക്കാറില്ല എന്ന ആ നിഷ്കളങ്കമനസ്സിന്റെ അഭിപ്രായത്തോട് എനിക്ക് പുച്ഛവും സഹതാപവും തോന്നുന്നുണ്ട്. എങ്കിലും എനിക്ക് അയാളോട് സനേഹമായി.
അയാള്‍ എന്നെ കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാട്ടിലൂടെയുള്ള മറ്റൊരു പാത. വിളഞ്ഞുനില്‍ക്കുന്ന ചോളങ്ങള്ക്കിടയില് ഞങ്ങള്‍ എത്തി. അവിടെ അയാളുടെ അമ്മയും സഹോദരിയും ചോളങ്ങള്‍ പറിച്ച് കുട്ടകളിലാക്കികൊണ്ടിരുന്നു. അമ്മയുടെ പേര് കിംദാസി എന്നും സഹോദരിയുടെ പേര് പൂജ എന്നുമാണ്. അവര്‍ ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ട്. ഇടയ്ക്ക് അമ്മ അയാളോട് എന്തോ പറയുന്നു. അവിടെ വളര്‍ന്നുനിന്ന ഒരു മരത്തിലെ പഴം പറിച്ച് സജ്ഞീവ് അപ്പോള്‍ എനിക്ക് നീട്ടി. ജപ്പാന് ഫല്. അത് എനിക്ക് പറിച്ചുകൊടുക്കൂ എന്നാവണം ആ അമ്മ പറഞ്ഞിട്ടുണ്ടാവുക.
നാലാം ക്ലാസ് വരെയുള്ള ഒരു പ്രൈമറി സ്കൂള്‍ ആണ് ചലാല് ഗ്രാമത്തിലുള്ളത്. അത് കഴിഞ്ഞാല്‍ പന്ത്രണ്ട് വരെ കസോളില്‍ ഒരു സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നടന്നുചെല്ലണം.
ഞങ്ങള്‍ പിന്നെയും പലതും സംസാരിച്ചു. സമയം പെട്ടെന്ന് നീങ്ങി. ഞാന്‍ പിന്നെ അവരോട് യാത്ര പറഞ്ഞ് ആ സ്ഥലത്തുനിന്നും ഇറങ്ങി. എനിക്കു മുന്നില്‍ അപ്പോള്‍ വളരുന്നത് ജെറിഗ്രാമത്തിലേക്കുള്ള പാതയാണ്. വലിയ കയറ്റങ്ങള്‍ ഇല്ലാതെ അത് ചലാലിന് സമാന്തരമായി നീങ്ങുന്നു. ആളുകളില്ലാത്ത ആ കാട്ടുപാതയിലൂടെ ഒരു മണിക്കൂറിന് മുകളില്‍ ഞാന്‍ നടന്നെന്ന് തോന്നുന്നു.പാര്‍വതി താഴ്വരയില് ആരംഭിക്കുന്ന ആദ്യത്തെ ഗ്രാമമാണ് ജെറി. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് അധികം ദൂരത്തല്ലാതെയുണ്ട്. ബുന്ദറില്‍ നിന്ന് കസോളിലേക്കുള്ള ബസിലിരിക്കുമ്പോള്‍ ചെമ്മരിയാടുകളുടെ കൂട്ടങ്ങളെയും അവയെ മേയ്ക്കുന്ന ഇടയന്മാരെയും, പുറത്ത് പുല്ലിന്കുട്ടകളുമായി നടന്നുപോകുന്ന സ്ത്രീകളെയും കണ്ട് എനിക്ക് ഒറ്റയ്ക്കാവണമെന്ന് തോന്നിയത് ഇവിടെയെവിടെയോ വെച്ചാണെന്ന് തോന്നുന്നു.
ഞാന്‍ ജെറിഗ്രാമത്തിലേക്ക് പ്രവേശിച്ചു. അവിടെ നിന്നിരുന്ന അനേകം വീടുകള്‍ക്കിടയിലൂടെ അലഞ്ഞ് പിന്നെ ബസ് കയറുന്ന സ്റ്റോപ്പിലേക്ക്..
ദീര്‍ഘമായ നടത്തത്തിന്റെ ക്ഷീണംശരീരത്തെ ബാധിച്ചിട്ടുണ്ട്. എന്തെങ്കിലും കഴിക്കണം. അല്‍പ്പംകൂടി കഴിഞ്ഞാല്‍ ഇരുട്ട് വീഴും. മുറിയിലെത്തി വിശ്രമിക്കാം. കസോളിലേക്ക് പോകുന്ന ബസിനായി ഞാന്‍ കാത്തുനിന്നു.
മണികരണിലെ ഭ്രാന്തനും ഷില്ഹ ഗ്രാമവും
'ഇന്ന് ഞാന്‍ ഷില്ഹയിലേക്ക് വരും'. അരുണിനെ ഫോണില്‍ വിളിച്ചുപറഞ്ഞു. ഏതാണ്ട്ഉച്ചയോടെ കസോളിലെ മുറിയുടെ ചാവി അതിന്റെ നടത്തിപ്പുകാരനെ ഏല്‍പ്പിച്ച് അവിടം ഉപേക്ഷിച്ചു. ഇനിയൊരിക്കലും ഞാന്‍ ആ മുറിയിലേക്ക് കയറിച്ചെല്ലുകയില്ലായിരിക്കും. പ്രയാണങ്ങളില്‍ ഒഴിവാക്കാനാവാത്ത നിവൃത്തിയാണ് ഉപേക്ഷിക്കല്‍. അതിന് വേദനയുണ്ട്. എന്നാല്‍ ആനന്ദവും. സമുദ്രത്തിലേക്കെത്തി തന്നെ പൂര്‍ത്തിയാക്കാനുള്ള പുഴയുടെ ഒഴുക്കിന്റെ ദാഹമാണത്. അനിശ്ചിതമായ ഈ പ്രയാണത്തില്‍ ഞാന്‍ പലതിലേക്കുമെത്തുന്നു. യാത്രയുടെ അനിവാര്യതയായി എത്തിയ ഇടങ്ങള്‍ ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് കൂടുകള്‍ ഒഴിഞ്ഞുപോകുന്നു.
ഷില്ഹ ഗ്രാമത്തിലേക്ക് പോകാന്‍ ബര്‍ഷേനി ബസില്‍കയറി ഉച്ച്ദാര് സ്റ്റോപ്പില്‍ ഇറങ്ങണം. അവിടുന്ന് മലകയറ്റത്തിന്റെ നീണ്ട ഒറ്റയടിപ്പാതകളാണ്. കസോളില്‍ നിന്ന് ബസ് ലഭിക്കാത്തതിനാല്‍ മണികരണിലേക്കാണ് ആദ്യമെത്തിയത്. വണ്ടി ലഭിക്കാന്‍ പിന്നെയും രണ്ട് മണിക്കൂറിലേറെ കാത്തുനില്ക്കേണ്ടിവന്നു.
ഒരിടത്ത് ഒരു വൃദ്ധന് വഴിയരികില്‍ ധാരാളമായി വളര്‍ന്നുനിന്ന ഒരു ചെടിയുടെ ഇലകള്‍ പെട്ടിച്ച് ഉള്ളംകൈയ്യിലിട്ട് തിരുമ്മികൊണ്ടിരുന്നു.അവ എന്താണെന്ന് ആദ്യംമനസ്സിലായില്ല. പിന്നെയാണ് ബോധ്യപ്പെട്ടത്. കഞ്ചാവ് ചെടികളാണ്. പൊക്കത്തില്‍ കാട് പോലെ റോഡരികുകളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നു. ചോജ് ഗ്രാമത്തിലെ ഭുവന്റെ തൊഴില്‍ എനിക്ക് ഓര്‍മ്മ വന്നു.
ഞാന്‍ ആ വൃദ്ധന്റെ അടുത്തെത്തി സംസാരിക്കാന്‍ തുനിഞ്ഞു. കേരളത്തില്‍ നിന്നാണെന്നും ഇപ്പോള്‍ ഷില്ഹയിലേക്ക് പോകുകയാണെന്നും പറഞ്ഞു. അയാള്‍ എന്നോടും സംസാരിക്കുന്നു. ഹിന്ദിയിലേക്ക് മുറിയുന്ന ഇംഗ്ലീഷ്. അരുണാചല്‍ പ്രദേശ് ആണ് സ്ഥലം, മകന് കല്ഗയിലുണ്ട് എന്നെല്ലാം പറയുന്നു. സംസാരിക്കുമ്പോള്‍ എന്റെ ശ്രദ്ധ മുഖ്യമായും അയാള്‍ ഉള്ളെകൈയ്യിലിട്ട് ഉരച്ചുകൊണ്ടിരുന്ന കഞ്ചാവിലകളിലേക്കായിരുന്നു. ആ വൃദ്ധന്റെ അടുത്ത് നിന്നും പിന്നെ ഒഴിഞ്ഞുപോയി മറ്റൊരിടത്ത് നിന്നു.
അടുത്ത നിമിഷത്തില്‍ വൃദ്ധന് വളരെ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. അയാള്‍ നിന്നിരുന്ന സ്ഥലത്തേക്ക് ഞാന്‍ നോക്കി. ഒരുകൂട്ടം കഞ്ചാവിലകള് തണ്ടോടെ പറിച്ച് നിലത്തിരുന്നാണ് അയാള്‍ അപ്പോള്‍ ഉരച്ചുകൊണ്ടിരുന്നത്. അടുത്ത് ആരുമില്ല. എന്നിട്ടുംആരോ ഉണ്ടെന്നപോലെ അയാള്‍ മുഴക്കത്തില്‍ സംസാരിക്കുന്നു. അയാള്‍ക്ക് ഭ്രാന്തായിരുന്നു. ഭ്രാന്ത് വന്ന മനുഷ്യനോടാണ് അല്‍പ്പം മുന്‍പ് ബോധത്തിലെന്നപോലെ ഞാന്‍ സംസാരിച്ചത്. ചലാല് ഗ്രാമത്തിലൂടെ നടക്കുമ്പോള്‍ ഒരു വീടിന്റെ തിണ്ണയിലിരുന്ന് കണ്ണെടുക്കാതെ എന്നെ തന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്ന ഭ്രാന്ത് വന്ന സ്ത്രീയെ ഓര്‍ക്കുന്നു. ജെറി ഗ്രാമത്തിലേക്കുള്ള വഴി ഏതെന്ന് ചോദിച്ചപ്പോള്‍ അവര്‍ ചിരി നിര്‍ത്തി ബോധത്തിലായി ഒരു ദിശയിലേക്ക് കൈക്കള്‍ ചൂണ്ടി.
കുറച്ചുകഴിഞ്ഞപ്പോള്‍ ബര്‍ഷേനി ബസ് വന്നു. ഞാന്‍ അതില്‍ കയറി. ദുര്‍ഘടമായ പര്വ്വതപാതയിലൂടെ വണ്ടി കയറ്റങ്ങള്‍ കയറി. ചില ഭാഗങ്ങളില്‍ ഉയര്‍ന്നുനിന്ന പാറകളുടെ അഗ്രങ്ങള്‍ മേല്‍ക്കൂരപോലെ ആ പാതയെ മൂടിനിന്നു.
ഉച്ച്ദാര് സ്റ്റോപ്പിലിറങ്ങി നടക്കുമ്പോള്‍ എനിക്കൊപ്പം ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവും ഉണ്ടായിരുന്നു. വഴിചോദിച്ചപ്പോള്‍ 'ഒപ്പംവന്നോളു. ഞങ്ങളുംആ വഴിക്കാണെന്ന്' അയാള്‍ പറഞ്ഞു. എന്തോ ആവശ്യത്തിനായിആ മനുഷ്യന് പിന്നെ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. ഞാനും ആ സ്ത്രീയും മാത്രമായി. സുനിത എന്നാണ് അവരുടെപേര്. ഭാഷ വശമില്ലാത്തതിനാല്‍ ഞങ്ങള്‍ അധികമായൊന്നും സംസാരിച്ചില്ല. പരസ്പ്പരമുള്ള ചിരി. അവര്‍ എനിക്ക് വഴികാട്ടിയായി മുന്നില്‍നടന്നു. ഏറെക്കുറെ കുത്തനെയുള്ള കയറ്റം. അവര്‍ വേഗം കയറിയെത്തുന്നു. ഞാന്‍ നന്നായി കിതയ്ക്കുന്നുണ്ട്. കുറച്ചുനേരം എവിടെയെങ്കിലും ഇരുന്ന് വിശ്രമിക്കാന്‍ തോന്നുന്നു. പക്ഷേ അവര്‍ കയറിക്കൊണ്ടിരുന്നു.
മരക്കൂട്ടങ്ങള്‍ക്കിടയിലെ ഏകാന്തമായ വനഭംഗിയിലൂടെ നടക്കുമ്പോള്‍ പലതരം ഒച്ചകള്‍ കേള്‍ക്കുന്നു. പക്ഷികളുടെ ചിലമ്പലുകള്‍. കാറ്റ് തൊടുന്ന മരങ്ങളുടെ ഉലച്ചിലുകള്‍. പാര്‍വതിനദിയുടെ കൈയൊഴുക്കുകളായ കാട്ടുചോലകള്‍.
ആ വനപാത പിന്നെ ഒരു കുന്നിന് മുകളിലെത്തി. അവിടെ വളര്‍ന്നുനിന്ന ഒരു ആപ്പിള്‍തോട്ടത്തിനരികില്‍ ഞങ്ങള്‍ വിശ്രമിക്കാനിരുന്നു. ഇനിയും പൊക്കത്തില്‍ ദൂരെ പൊട്ടുകള്‍ പോലെ വീടുകള്‍ കാണാം. അതാവും ഷില്ഹ ഗ്രാമം. എനിക്ക് ആശ്വാസമായി. കുറച്ചുകഴിഞ്ഞപ്പോള്ആ സ്ത്രീയുടെ ഭര്‍ത്താവ് കുന്നുകയറി ഞങ്ങളുടെ അടുത്തെത്തി. സമീപത്തുണ്ടായിരുന്ന ആപ്പിള്‍തോട്ടം അവരുടെ ഉടമസ്ഥതയിലുള്ളതാണ്. അതിനകത്തേക്ക് കയറി രണ്ടുമൂന്ന് ആപ്പിളുകള്‍ പൊട്ടിച്ച് അയാള്‍ എനിക്കും സ്ത്രീക്കും നല്കി. അത് കഴിച്ചുകൊണ്ട് ഞങ്ങള്‍ പിന്നെയും നടന്നു.
അവര്‍ മറ്റൊരു വഴിയിലേക്ക് പിരിഞ്ഞു. എനിക്ക് എത്തേണ്ട സ്ഥലത്തേക്ക് ഇനി കുറച്ചുകൂടി നടന്നാല്‍ മതിയെന്ന് പറഞ്ഞു. ഏതാണ്ട് ഒന്നരമണിക്കൂറില്‍ ഏറെയായി ഈ നടപ്പരാംഭിച്ചിട്ട്. ഫോണില്‍ റെയ്ഞ്ച് നഷ്ടപ്പെട്ടിരുന്നു. അരുണിനെ വിളിക്കാനാവുന്നില്ല. ബുന്ദറില്‍ നിന്ന് കസോളിലേക്കുള്ള ബസിലിരിക്കുമ്പോള്‍ അവന് കാണിച്ചു തന്ന ഇടത്തിന്റെ ഫോട്ടോ മനസ്സിലുറപ്പിച്ച് ഞാന്‍ ആ സ്ഥലം തേടിക്കൊണ്ടിരുന്നു. പിന്നെയും ഒരുപാട് മുന്നിലേക്ക് പോയി. ഷില്ഹ വിട്ട് മറ്റൊരു ഗ്രാമത്തിലേക്ക് ഞാന്‍ എത്താറായിട്ടുണ്ട്..പുല്ലിന്കുട്ടയുമായി അപ്പോള്‍ മലയിറങ്ങി വന്ന ഒരു സ്ത്രീയോട് സ്ഥലം അന്വേഷിച്ചു. വന്ന വഴിയില്‍ കുറെ പിന്നിലാണ് ഷില്ഹ എന്നറിഞ്ഞു. അല്‍പ്പംകൂടി കഴിഞ്ഞാല്‍ ഇരുട്ട് വീഴും. അതിനുമുന്‍പ് അവിടേക്കെത്തണം. ഞാന്‍ ആ സ്ത്രീയെ പിന്തുടര്ന്നു.
ഇടയ്ക്ക് ഫോണില്‍ റെയ്ഞ്ച് തെളിഞ്ഞപ്പോള്‍ അരുണിനെ വിളിച്ചു. അവന് സ്ഥലത്തില്ല. മറ്റേതോ ഗ്രാമത്തില്‍ പോയിരിക്കുകയാണ്. പക്ഷേ സാരമില്ല. അവന് താമസിക്കുന്ന മുറിയുടെ വാതില്‍ ലോക്ക് ചെയ്തിട്ടില്ല. അവിടെ കയറിവിശ്രമിച്ചുകൊള്ളാന് പറഞ്ഞു. എത്താന്‍ കുറച്ച് വൈകുമെന്നും. ഒരുപാട് അന്വേഷിച്ച് ഞാന്‍ ആ സ്ഥലം കണ്ടുപിടിച്ചു. ഷില്ഹയിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ മരംകൊണ്ടുള്ള ചവിട്ടുപടികളുണ്ട്. അത് കയറി വേണം ഗ്രാമത്തിലെത്താന്‍. പലരോടായി ചോദിച്ചപ്പോള്‍ അരുണ്‍ താമസിക്കുന്ന ഇടം കണ്ടെത്താനായി. ഒരു ഷെഡ്ഡ് പുര. മുറ്റത്ത് കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയിരിക്കുന്നു. വാതില്‍തുറന്ന് ഞാന്‍ അകത്തേക്ക് കയറി. ഒറ്റമുറി. നിലത്ത് ഒന്നുരണ്ട് പായ്കള്‍ വിരിച്ചിട്ടുണ്ട്. ഭാണ്ഡം ഇറക്കിവെച്ച് ഞാന്‍ കിടന്നു.
നന്നായി വിശന്നപ്പോള്‍ എഴുന്നേറ്റ് പുറത്തേക്കിറങ്ങി. ഇരുട്ട് പരന്നുകഴിഞ്ഞിരുന്നു. തിരിച്ചുപോരുമ്പോള്‍ വഴിതെറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് കുന്നിന്മുകൡലെ ആ ഒറ്റയടിപാതയിലൂടെ ഫോണിന്റെ പ്രകാശത്തില്‍ ഞാന്‍ നടന്നു. ഭക്ഷണം ആഗ്രഹിച്ച്. അടുത്തുള്ള ഒരു വീടിന്റെ മുറ്റത്ത് ചെന്ന് അവിടെ നിന്നിരുന്ന ഗ്രാമീണനായ മനുഷ്യനോട് കഴിക്കാന്‍ വല്ലതുംലഭിക്കുന്ന കടകളുണ്ടോ എന്ന് തിരക്കി. ഞാന്‍ പറയുന്നത് അയാള്‍ക്ക് മനസ്സിലാവുന്നില്ല. കഴിക്കണം എന്ന് അപ്പോള്ആംഗ്യംകാട്ടി. അയാള്‍ അകത്തേക്ക് പോയി ഒരു മുഴുത്ത ആപ്പിളുമായി തിരിച്ചുവന്നു. കീശയില്‍ നിന്നും പൈസ എടുത്ത് നീട്ടിപ്പോള് വേണ്ടെന്ന് ആംഗ്യംകാട്ടി. അയാള്‍ എന്നെ ഒരു ഭിക്ഷുവായി കരുതിയിരിക്കുമോ?
ഞാന്‍ മുറിയിലേക്ക് ചെന്നു. കാറ്റിന്റെയുംകാടിന്റെയും ഒച്ചയൊഴിച്ചുള്ള നിശബ്ദതയും ഇരുട്ടും അവിടെകനക്കുന്നു.മലമുകളിലെ ആ അപരിചിത ഗ്രാമത്തില്‍ എനിക്ക് അപ്പോള്‍ വലിയ ഏകാന്തത തോന്നി. ഞാന്‍ വാതിലടച്ച് കിടന്നു. അരുണ്‍ വരുന്നതുംകാത്ത്.. പ്രഭാതമായാല് ഷില്ഹയില് നിന്നും നീളുന്ന യാത്രയുടെ അനിശ്ചിതമായ വഴികളെ ആലോചിച്ച്.
Content Highlights: himalaya travel, Chandigarh travel, Solo Travel, Adventure travel