360 ഡിഗ്രി വ്യൂ, തൈലപ്പുല്ലിന്റെ സുഗന്ധം, കോടമഞ്ഞ് പുതച്ച മലനിരകൾ; കാണാം പുഷ്പഗിരി മലനിരകൾ

#കെ.എസ്. മധു
പുഷ്പഗിരി മലമുകളിലെ പുൽത്തകിടി | ഫോട്ടോ: മാതൃഭൂമി
പുഷ്പഗിരി മലമുകളിലെ പുൽത്തകിടി | ഫോട്ടോ: മാതൃഭൂമി

കോടമഞ്ഞ് പുതച്ചുനിൽക്കുന്ന മലനിരകൾ. അവിടെച്ചെന്നാലോ, സദാ കുളിരേകുന്ന ഇളംകാറ്റിൽ തലകുമ്പിടുന്ന പുൽനാമ്പുകളും പുൽത്തകിടികളും. കാറ്റിന് മേലാടയായി തൈലപ്പുല്ലിന്റെ സുഗന്ധം. ഹരിതാഭമായ വിദൂരദൃശ്യങ്ങളുടെ വിസ്മയം ഒളിപ്പിച്ച് സഞ്ചാരികളെ കാത്തിരിക്കുകയാണ് പുഷ്പഗിരി മലനിരകൾ.

360 ഡിഗ്രി വ്യൂ

ഇടുക്കി കാമാക്ഷി പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന പുഷ്പഗിരി മലനിരകൾ കുടിയേറ്റക്കാലം മുതൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. 360 ഡിഗ്രിയിൽ ചുറ്റും വിശാലമായ കാഴ്ച ലഭിക്കുന്ന അപൂർവ സഞ്ചാരകേന്ദ്രമാണിത്. തൈലപ്പുല്ലുകൾ തലയാട്ടിനില്ക്കുന്ന മലനിരകളിൽ സദാ തഴുകിയെത്തുന്ന കാറ്റിന് ഔഷധമൂല്യമുണ്ടെന്നാണ് വിശ്വാസം. 

1970-80 കാലത്ത് ജില്ലയിലെ പ്രധാന പുൽത്തൈല നിർമാണകേന്ദ്രങ്ങളിലൊന്നായിരുന്നു പുഷ്പഗിരി. ഉത്പാദനച്ചെലവിന്റെ വർധനയും വിറകിന്റെ ലഭ്യതക്കുറവുംമൂലം പിൽക്കാലത്ത് പുൽതൈലനിർമാണകേന്ദ്രങ്ങൾ അപ്രത്യക്ഷമായി. സമുദ്രനിരപ്പിൽനിന്ന് 3400 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന പുഷ്പഗിരി മലനിരകളിലെ പ്രധാന ആകർഷണം കോടമഞ്ഞിന്റെ സാന്നിധ്യമാണ്.

ദൂരക്കാഴ്ചകൾ സുന്ദരം

മലമുകളിൽനിന്ന് നോക്കിയാൽ കാണുന്ന ദൂരക്കാഴ്ചകൾ ആരെയും കൊതിപ്പിക്കും. കുയിലിമല, നെടുങ്കണ്ടം, കട്ടപ്പന, കല്യാണത്തണ്ട്, രാമക്കൽമേട്, മൂന്നാർ, ആനമുടി, മതികെട്ടാൻ, മീനുളിയാൻ, ചൊക്രമുടി തുടങ്ങിയവ ഇവിടെനിന്നാൽകാണാം. പുഷ്പഗിരിയിലെ കുരിശുമല നന്നങ്ങാടികളുടെ കലവറകൂടിയാണ്. ചെറുതും വലുതുമായ ഒട്ടേറെ നന്നങ്ങാടികളും ഇവിടെയുണ്ട്.

2005-ൽ വിവിധ കമ്പനികൾ പുഷ്പഗിരിക്കുന്നുകളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ചു. ഇതോടെ പുഷ്പഗിരിക്കുന്നുകൾ ടവറുകളുടെ നാടെന്നും അറിയപ്പെടാൻ തുടങ്ങി. 2015-ൽ ജില്ലാ വിനോദസഞ്ചാരവകുപ്പ് അധികൃതർ പുഷ്പഗിരിയിൽ സന്ദർശനം നടത്തുകയും ജില്ലയുടെ വിനോദസഞ്ചാരഭൂപടത്തിൽ പുഷ്പഗിരിയെ ഉൾപ്പെടുത്തുമെന്നറിയിക്കുകയും ചെയ്‌തെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. 20 വർഷം മുമ്പ് അനർട്ടിന്റെ നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കാറ്റാടി സ്ഥാപിച്ചിരുന്നു. വർഷത്തിൽ എല്ലാ ദിവസവും ശക്തമായ കാറ്റ് ലഭിക്കുന്ന പുഷ്പഗിരിക്കുന്നുകൾ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തി. എന്നാൽ, പിന്നീട് തുടർപ്രവർത്തനങ്ങൾ ഉണ്ടായില്ല.

മൺപാതകൾ സഞ്ചാരയോഗ്യമാക്കണം

മൂന്നാറിനും തേക്കടിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഭൂപ്രദേശമാണ് പുഷ്പഗിരി. മൂന്നാറിലേക്കും തേക്കടിയിലേക്കും 50 കിലോമീറ്ററാണ് പുഷ്പഗിരിയിൽ നിന്നുള്ള ദൂരം. ഇവിടേക്കെത്തിച്ചേരാനുള്ള മൺപാത സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം കാലങ്ങളായി നാട്ടുകാർ ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതർ അവഗണിക്കുകയാണ്.

പ്രാഥമിക സൗകര്യങ്ങളും വിശ്രമകേന്ദ്രങ്ങളും അമിനിറ്റി സെന്ററും സ്ഥാപിച്ച് പുഷ്പഗിരിയുടെ വിനോദസഞ്ചാരസാധ്യത പ്രയോജനപ്രദമാക്കണമെന്നാണ് പ്രദേശവാസികളാവശ്യപ്പെടുന്നത്. മൂന്നാർ, തേക്കടി കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കട്ടപ്പന-തോപ്രാംകുടി റൂട്ടിൽ തുടർച്ചയായി സർക്കാർ ബസ് സർവീസ് ആരംഭിക്കുകയും റോഡ് ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്താൽ പുഷ്പഗിരിക്കും അത് പ്രയോജനപ്പെടും.

Content Highlights: Discover the serene Pushpagiri Hills in Idukki, known for its panoramic views and misty peaks