മണ്ണിന് കുടപിടിച്ചതുപോലെ ആകാശം മറച്ച് മുളങ്കാടുകൾ, പോകാം സ്വർഗഭൂമിയിലേക്ക്

മഞ്ഞിന്റെ പുതപ്പണിഞ്ഞാണ് ജനശതാബ്ദി കോഴിക്കോട്ട് നിന്ന് യാത്ര തുടങ്ങിയത്. പത്രവായനയും പാട്ടുകേട്ടുള്ള കൊച്ചുറക്കവും കഴിഞ്ഞ് കോട്ടുവായിട്ടപ്പോഴേക്കും 'തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സ്വാഗതം ചെയ്തു. പ്ലാറ്റ്ഫോമിലൂടെ പുറത്തേക്കുള്ള നടത്തത്തിനിടെയാണ് ഇരിപ്പിടങ്ങളിലൊന്നിൽ ഒറ്റയ്ക്കിരിക്കുന്ന ഒരു പേഴ്സ് ശ്രദ്ധയിൽപ്പെട്ടത്. ട്രെയിനിൽ കയറാനുള്ള ഓട്ടത്തിനിടെ ആരുടെയോ പോക്കറ്റിൽ നിന്ന് പുറത്തുചാടിയ ആ വിരുതനെ കൗശലക്കാർ കൈയിലാക്കുംമുൻപേ റെയിൽവേ പോലീസിനെ ഏൽപ്പിച്ച് കൈയൊപ്പ് പതിച്ചുനൽകി.
സ്റ്റേഷനുപുറത്തെ പ്രീപെയ്ഡ് കൗണ്ടറിൽനിന്ന് ഓട്ടോ പിടിച്ച്, നേരേ, പതിവുപോലെ ഭാരത് ഹോട്ടലിലേക്ക്. ഇഡ്ഡലിയും വടയും സ്പെഷ്യൽ ചമ്മന്തിയും നല്ല ചൂടുചായയും... ഹാവൂ, എന്തൊരാശ്വാസം! പ്രഭാതഭക്ഷണം നൽകിയ ഊർജത്തിൽ മനസ്സിൽ യാത്രയുടെ വിസിലടിച്ചു. സ്റ്റാൻഡിൽ നിന്ന് മുപ്ലിയത്തേക്കുള്ള ബസ്സിന്റെ വിൻഡോ സീറ്റുതന്നെ സ്വന്തമാക്കി. തൃശ്ശൂർ നഗരത്തിൽനിന്ന് മുപ്ലിയത്തേക്ക് 45 കിലോമീറ്റർ ദൂരമുണ്ട്. ആമ്പല്ലൂർ, പുതുക്കാട് വഴിയുള്ള യാത്രയിൽ ആദ്യപാദം നിറയുന്നത് നഗരക്കാഴ്ചകൾ തന്നെ. മെല്ലെമെല്ലെ തൃശ്ശൂർ ഗ്രാമങ്ങൾ വന്നുനിറഞ്ഞു.
മുപ്ലിയം ടൗണിൽ ബസ്സിറങ്ങുമ്പോൾ കാത്തുകിടക്കുന്ന ഓട്ടോച്ചേട്ടൻമാർ പ്രതീക്ഷയോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. എന്നാൽ, മുളങ്കാട് കുടനിവർത്തുന്ന ആ പച്ചത്തുരുത്തിലേക്ക് എത്രദൂരമുണ്ടെന്ന് കൃത്യമായി ഞങ്ങൾക്കറിയില്ലായിരുന്നു. തൊട്ടടുത്തുകണ്ട കടയിൽനിന്നൊരു നാരങ്ങാവെള്ളം കാച്ചി വിവരം തിരക്കി. വെള്ളാരംപാടം എന്നാണ് ഞങ്ങളന്വേഷിക്കുന്ന സ്ഥലത്തിന്റെ പേരെന്ന് അവിടെനിന്ന് മനസ്സിലായി. പിന്നെ ഒട്ടും താമസിച്ചില്ല, ഓട്ടോച്ചേട്ടൻമാരിൽ മുൻനിരക്കാരനൊപ്പം ഞങ്ങൾ വെള്ളാരംപാടത്തേക്ക് പറപറന്നു. പോകപ്പോകെ റോഡരികിൽ മുളങ്കാടുകൾ നിറഞ്ഞു. പ്രവേശനകവാടത്തിനരികെ ഞങ്ങളെ വിട്ട് ഓട്ടോച്ചേട്ടൻ അടുത്ത ദൂരത്തിലേക്ക് തിരിച്ചു. റോഡിനപ്പുറം കുറുമാലിപ്പുഴയും ഇപ്പുറം മുളങ്കാടുകളും നിറയുന്ന ആ ഭൂമികയിൽ അധികം മനുഷ്യരൊന്നുമുണ്ടായിരുന്നില്ല. ഞങ്ങളെയും കാത്ത് വായപിളർന്നുകിടന്ന ആ മുളങ്കൂട്ടം മാത്രം.
പൊളി ലൊക്കേഷൻ
വനംവകുപ്പിനുകീഴിലുള്ള സ്ഥലം ഇപ്പോഴും വിനോദസഞ്ചാരകേന്ദ്രമായി വികസിച്ചിട്ടില്ല. അതിനാൽത്തന്നെ കാവൽക്കാരോ മറ്റ് സൗകര്യങ്ങളോ ഒന്നുംതന്നെ ഇവിടെയില്ല. (പ്രകൃതിതന്നെ പൂക്കുന്നു, കായ്ക്കുന്നു, കൊഴിയുന്നു- അത്രമാത്രം. ഞങ്ങളെത്തുമ്പോൾ സമയം രാവിലെ പത്തുകഴിഞ്ഞങ്കിലും മുളങ്കാടുകൾ കുടപോലെ ആകാശത്ത മറച്ചുനിൽക്കുന്നതിനാൽ സൂര്യപ്രകാശം ഇപ്പോഴും കാട്ടിനുള്ളിലേക്ക് മുറിഞ്ഞുവീഴുന്നതേയുള്ളൂ. മുളങ്കൂട്ടത്തിനിടയിൽ പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ കാട്ടിനുള്ളിൽ എവിടെ ക്യാമറവെച്ചാലും അവിടെ സുന്ദരമായ ഫ്രയിം വിടരും. മഴക്കാലത്ത് പൊട്ടിവീണ മുളങ്കൂട്ടങ്ങളും മരങ്ങളും ഇനിയും വെട്ടിമാറ്റാത്തതിനാൽ അവ വഴിയിലാകെ തീർക്കുന്ന കാഴ്ചകളും സുന്ദരമാണ്. മുയലും ഉടുമ്പും പോലുള്ള ചെറുമൃഗങ്ങളും കാട്ടുകോഴിയും മയിലും പോലെ വിവിധതരം പക്ഷികളുമാണ് ഈ മുളന്തുരുത്തിലെ അന്തേവാസികൾ. നടത്തത്തിനിടയിൽ എങ്ങും നിറയുന്നത് കിളിക്കൊഞ്ചലുകൾതന്നെ. പല സിനിമാപ്പാട്ടുകളിലും കണ്ടുമറന്ന ജപ്പാനിലെ മുളങ്കാടുകളെ ഓർമിപ്പിക്കും വെള്ളാരംപാടത്തെ ഈ മുളങ്കാടിൻകൂട്ടം. വെഡ്ഡിങ് ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടലൊക്കേഷനാണ് ഇവിടമെന്ന് നാട്ടുകാർ പറയുന്നു. ആ വാദം തെറ്റാൻ വഴിയില്ല. കാരണം, അത്രമേൽ സുന്ദരമായ പച്ചപ്പാണവിടെ. വില്ലേജ് ടൂറിസത്തിന് ഏറെ സാധ്യതയുള്ള സ്ഥലം. എന്നാൽ, അത്തരമൊരു കാൽവയ്പ് നടത്താത്തത് ഏറെ അതിശയകരമായിത്തോന്നി. ഫോട്ടോകൾ പകർത്തിയും കാഴ്ചകളാസ്വദിച്ചും മുന്നോട്ടു നടന്നു. ഒരു ചെറിയ കുന്നുമുഴുവൻ പരന്നുകിടക്കുന്ന രീതിയിലാണ് കാട് സ്ഥിതിചെയ്യുന്നത്. നടന്നുനടന്ന് കുന്നിന്റെ ഉച്ചിയിലെത്തിയാൽ അവിടെ കരിമ്പാറക്കൂട്ടങ്ങളാണ്. കുന്നിൻമുകളിൽ മുളങ്കാടുകളില്ലാത്തതിനാൽ ആകാശം തുറന്നുകിടക്കും, അവിടം ഒരു വ്യൂപോയന്റായി മാറും. അത്ര ദൂരം നടന്നതിന്റെ ക്ഷീണമകറ്റാൻ പാറപ്പുറത്ത് കണ്ണടച്ച് മലർന്നുകിടന്നു. എവിടെനിന്നോ ഒരു ഇളംകാറ്റുവന്ന് തഴുകിത്തലോടി. കുന്നിൻപുറത്തേക്ക് മുളങ്കാടുകൾക്കിടയിൽനിന്ന് ആവേശത്തോടെ ഒരു മയിൽ നടന്നുവന്നു. ഞങ്ങളെക്കണ്ടതും, മെല്ലെ അത്, വീണ്ടും കാടിനുള്ളിലേക്കുതന്നെ വലിഞ്ഞു.
നട്ടുവളർത്തിയ തണലുകൾ
വെള്ളിക്കുളങ്ങര വനം ഡിവിഷനിലെ മുനിയാട്ടുകുന്നിനോടുചേർന്ന് 1992-ലാണ് തേക്കുതോട്ടത്തിൽ മുളകൾ നട്ട് പരിപാലിച്ചുതുടങ്ങിയത്. 40 ഹെക്ടർ സ്ഥലത്ത് അധികം ഉയരവും വണ്ണവുമില്ലാത്ത ലാത്തിമുളകളാണ് വളർത്തിയത്. വേനൽക്കാലത്തും ഇവിടം മാത്രം കുളിരിന്റെ പുതപ്പണിയും. എന്നാൽ, സന്ദർശിക്കാനെത്തുന്ന പലരും ശീതളപാനീയക്കുപ്പികളും മറ്റ് പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഇതിനുള്ളിൽത്തന്നെ് ഉപേക്ഷിച്ച് പോകുന്നത് പതിവാണ്. അങ്ങിങ്ങായി അത്തരം കാഴ്ചകൾ ശ്രദ്ധയിൽപ്പെട്ടു.
ടൂറിസത്തിനായി സ്ഥലം തുറന്നുകൊടുക്കാത്തതിനാൽത്തന്നെ വേസ്റ്റ് ബാസ്കറ്റുകളോ മാലിന്യം ഉപേക്ഷിക്കാനുള്ള സംവിധാനങ്ങളോ സ്ഥലത്ത് നിലവിലില്ല. അത്തരം സംവിധാനങ്ങൾ പെട്ടെന്ന് ഒരുക്കിയില്ലെങ്കിൽ ഈ തണൽത്തുരുത്തിനെയും പ്ലാസ്റ്റിക് കവർന്നെടുക്കുന്ന കാലം വിദൂരമല്ല. വെള്ളാരംപാടം സന്ദർശിക്കാൻ ഏറ്റവും നല്ല സമയം രാവിലേ ഏഴുമണിയും ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷവുമാണ്. വൈകീട്ട് നാലായാൽപ്പിന്നെ ഉള്ളിൽ ഇരുട്ടുപരന്നുതുടങ്ങും. കാഴ്ചകളാസ്വദിക്കാനോ ഫോട്ടോ പകർത്താനോ ഒന്നും ഈ സമയം അനുയോജ്യമല്ല.
ഒറ്റയ്ക്കും സുഹൃത്തുക്കളോടൊത്തും പ്രദേശവാസികളാണ് പ്രഭാതത്തിൽ കൂടുതലായും ഇവിടെയെത്തുന്നത്. അവധിദിനങ്ങളിൽ വൈകുന്നേരങ്ങൾ ആഘോഷമാക്കാനായി കുടുംബങ്ങളും വരാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കാടിന്റെ ഓരോ ഭാഗവും കൺകുളിരെ കണ്ട്, കുറച്ചധികം ഫോട്ടോകൾ പകർത്തി. ഇനി മെല്ലെ കുന്നിറങ്ങാം. റോഡ് മുറിച്ചുകടന്ന് കുറുമാലിപ്പുഴയോട് കുറച്ചു സമയം കിന്നാരം പറഞ്ഞു. നദിയിലൊഴുകുന്ന ജലത്തെപ്പോലെ സമുദ്രത്തെ തൊടുന്നതിനുമുൻപേ ഇനിയും ഒരുപാടുദൂരം ഞങ്ങൾക്കും യാത്രചെയ്യാനുണ്ട്. മുപ്ലിയം ടൗണിലേക്കുള്ള ഓട്ടോയ്ക്കായി കൈനീട്ടുമ്പോൾ മുളങ്കാടുകൾ കാറ്റിലാടി വന്നു കൈവീശി...
Mupliyam Bamboo forest is located in Vellarampadam, Near Mupliyam in Thrissur District. It comes under Varantharappilly Panchayath.
Getting there
By Road: Buses are available from Thrissur bus stand. Mupliyam is 40 Kms away. By Rail: Nearest Railway Stations are Irinjalakuda (7.8 Kms), Chalakudy (10.07 Kms), and Thrissur (19.52 Kms) By Air: Nearest airport is Kochi (70Kms)
(മാതൃഭൂമി യാത്ര 2022 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: bamboo forest in mupliyam, forest walk thrissur, baboo forests in kerala