മാഫുഷി ദ്വീപില്‍ ഫോട്ടോ ഷൂട്ടുമായി അനിഖ സുരേന്ദ്രന്‍

Photo: instagram.com/anikhasurendran
Photo: instagram.com/anikhasurendran

നടി അനിഖ സുരേന്ദ്രന്റെ മാലദ്വീപ് യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മാലദ്വീപില്‍ എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോയുമാണ് അനിഖ പങ്കുവെച്ചിരിക്കുന്നത്. സ്വിം സ്യൂട്ടില്‍ കിടിലന്‍ ലുക്കിലാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട്. മാലി ദ്വീപിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ദ്വീപുകളിലൊന്നായ മാഫുഷിയില്‍ നിന്നുള്ള ചിത്രങ്ങളാണ് അനിഖ പങ്കുവെച്ചത്. 

ഗോവിന്ദ് പത്മസൂര്യ, ശ്രുതി രജനികാന്ത്, മിര്‍ണ, അഞ്ജു കുര്യന്‍ എന്നിവരും അനിഖയ്‌ക്കൊപ്പം മാലിദ്വീപില്‍ എത്തിയിട്ടുണ്ട്. ഗോവിന്ദ് പത്മസൂര്യ പ്രധാനവേഷത്തിലെത്തുന്ന 'കാര്‍ത്തി കല്യാണി' എന്ന ഹ്രസ്വസിനിമയ്ക്കു വേണ്ടിയാണ് ഇവര്‍ മാലദ്വീപിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന കിങ് ഓഫ് കൊത്തയാണ് അനിഖയുടെ പുതിയ റിലീസ്.

മാലദ്വീപ് അഴകിന്റെ അത്ഭുത ലോകം

ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം സ്വപ്നസമാനമായ അനുഭവമാണ് മാലദ്വീപ് പകരുന്നത്. കടലും തീരവും ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്നാണ് ഈ ദ്വീപസമൂഹം. കാഴ്ചകളുടെ ആകാശമുണ്ട്. താഴെ അടിത്തട്ടിലെ അഴകിന്റെ അദ്ഭുതങ്ങളും. മാലദ്വീപ് ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സ്വയം അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. ടൂറിസമാണ് ദ്വീപിന്റെ പ്രധാന വരുമാനമാര്‍ഗം. ടൂറിസത്തിന് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് മാലദ്വീപിന്റേത്. വളരെ ചുരുങ്ങിയ ചിലവില്‍ നിങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. കടലൊരുക്കുന്ന കാഴ്ചകളെ വളരെ പ്രൊഫഷണലായി തന്നെ ഇവിടം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു. വിനോദത്തിന്റെ പറുദീസയൊരുക്കുന്ന റിസോര്‍ട്ടുകളുണ്ടിവിടെ. പാക്കേജുകളുടെ കാര്യം നോക്കിയാല്‍ ആഡംബര ബജറ്റിലും കയ്യിലൊതുങ്ങുന്ന ബജറ്റിലും റിസോര്‍ട്ടുകള്‍ ലഭ്യമാണ്. 

പഞ്ചസാര മണലുകള്‍ തെളിയുന്ന ബീച്ചുകള്‍. തെളിഞ്ഞ വെള്ളം. വാട്ടര്‍ സ്‌പോര്‍ട്‌സിനുള്ള സൗകര്യങ്ങള്‍... ഒരു സഞ്ചാരിക്ക് കണ്ണുമടച്ച് മാലദ്വീപിലേക്ക് ട്രിപ്പ് ബുക്ക് ചെയ്യാം. ഇന്ത്യയില്‍ നിന്നുവരുന്ന സഞ്ചാരികള്‍ക്കാണെങ്കില്‍ ഒട്ടേറെ അനുകൂല ഘടകങ്ങളുമുണ്ട്. വിസയുടെ സങ്കീര്‍ണതകളേക്കുറിച്ച് തലപുകയ്‌ക്കേണ്ടതില്ല. 

ഇന്ത്യന്‍ സെലിബ്രിറ്റികളുടെയും ഇഷ്ടയിടമായി മാറിയിരിക്കുന്നു മാലദ്വീപ്. ഇവിടെ ഈ പ്രകൃതി തന്നെയാണ് വിരുന്ന്. മാലപോലെ ദ്വീപുകളുടെ നിര. കടലിന്റെ ക്യാന്‍വാസില്‍ കൗതുകം നിറഞ്ഞ ചിത്രം വരച്ചതുപോലെ ഒരു ദ്വീപസമൂഹം. അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന 1200-ഓളം ദ്വീപുകളുടെ കൂട്ടമാണ് മാലദ്വീപെന്നുപറയാം. ഇതില്‍ 200-ഓളം ദ്വീപുകളില്‍ ആള്‍ത്താമസമുണ്ട്. ഇവിടേക്കെല്ലാം സഞ്ചാരികള്‍ക്ക് എത്തിപ്പെടുക പ്രയാസമാണ്. അമ്പതോളം ദ്വീപുകളാണ് വിനോദസഞ്ചാര സാധ്യതകളുമായി സഞ്ചാരികളെ കാത്തിരിക്കുന്നത്. ഓരോ ദ്വീപിനും ഓരോ കഥ പറയാനുണ്ട്. കാഴ്ചകളുടെ ആഴമുള്ള കഥ. പ്രകൃതിയൊരുക്കുന്ന ദൃശ്യഭംഗിക്കൊപ്പം കണ്ടുമനസിലാക്കേണ്ട കുറേ ജീവിതങ്ങള്‍ കൂടിയുണ്ടീ മണ്ണില്‍. സാംസ്‌കാരികമായി ഒട്ടേറെ പ്രത്യേകതകളും ഈ മണ്ണിനുണ്ട്.

Content Highlights: anikha surendran photoshoot maldives