അടുത്ത യാത്ര രാമേശ്വരത്തേക്കാണോ? എങ്കിൽ ഈ അനുഭവങ്ങൾ ഒരിക്കലും നിങ്ങൾ നഷ്ടമാക്കരുത്

#സ്വന്തം ലേഖകൻ
ധനുഷ്‌കോടി
ധനുഷ്‌കോടി

പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവും തീർത്ഥാടന കേന്ദ്രവുമാണ് രാമേശ്വരം. ശ്രീലങ്കയിലെ മാന്നാർ ദ്വീപിൽനിന്നും വെറും അൻപത് കിലോമീറ്റർ അകലെയുള്ള പാമ്പൻ ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. യാത്രികർ ഏറെ ഇഷ്ടപ്പെടുന്ന ഇവിടേയ്ക്ക് കേരളത്തിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാനുമാകും. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽനിന്നു കുമളി–തേനി–മധുര–രാമനാഥപുരം വഴിയും പാലക്കാട്- മധുര വഴിയും രാമേശ്വരത്തേക്ക് എത്താം. 

രാജ്യത്തെ ആദ്യ വെർട്ടിക്കൽ കടൽപ്പാലമായ രാമേശ്വരത്തെ പാമ്പൻപാലം ദിവസങ്ങൾക്ക് മുൻപാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചത്. ക്ഷേത്രനഗരമായ രാമേശ്വരത്തേക്ക് മൂന്നുവർഷത്തോളമായി മുടങ്ങിക്കിടന്ന റെയിൽ ഗതാഗതമാണ് ഇതോടെ പുനഃസ്ഥാപിച്ചത്. 2.08 കിലോമീറ്റർ നീളമുള്ള പാമ്പൻപാലത്തിലൂടെ രാമേശ്വരം-താംബരം എക്സ്‌പ്രസ് തീവണ്ടിയോടിയതോടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമായത്. പുതിയ പാലം കൂടി വന്നതോടെ വലിയ വിനോദസഞ്ചാര സാധ്യതകളാണ് തുറക്കപ്പെട്ടിരിക്കുന്നത്. രാമേശ്വരം സന്ദർശിക്കുമ്പോൾ നിർബന്ധമായും അനുഭവിച്ചറിയേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

രാമനാഥസ്വാമി ക്ഷേത്രത്തിലെ ഇടനാഴി  

രാമനാഥസ്വാമി ക്ഷേത്രം  

രാമേശ്വരം റെയിൽവേ സ്റ്റേഷനിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് രാമനാഥ സ്വാമി ക്ഷേത്രം. മനോഹരമായ വാസ്തുവിദ്യയാണ് ഈ ക്ഷേത്രത്തിന്‍റെ പ്രധാന പ്രത്യേകത. ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. വടക്ക് ബദരീനാഥ്‌, കിഴക്ക് പുരി ജഗന്നാഥ്‌, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിങ്ങനെയാണ് പുണ്യക്ഷേത്രങ്ങളായി കണക്കാക്കുന്നത്. 

മറ്റു മൂന്നു ക്ഷേത്രങ്ങളും വിഷ്ണുക്ഷേത്രങ്ങള്‍ ആണെങ്കിലും രാമേശ്വരം ശിവക്ഷേത്രമാണ്. ഇന്ത്യയിലെ ഏറ്റവും നീളമുള്ള ക്ഷേത്ര ഇടനാഴി ഉള്ളതും രാമനാഥസ്വാമി ക്ഷേത്രത്തിലാണ്. ഇവിടത്തെ 22 പുണ്യ കിണറുകൾ ഏറെ പ്രശസ്തമാണ്. പുണ്യ കിണറുകളിൽ ഓരോന്നിനും സവിശേഷമായ രോഗശാന്തി ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം.  

പാമ്പനിലെ പുതിയ റെയില്‍പ്പാലം. പഴയ പാലമാണ് നടുക്ക്. റോഡുപാലം ഇടത്ത്.

പുതിയ പാമ്പൻ പാലം 

പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്നതാണ് പാമ്പൻ പാലം. കപ്പലുകൾക്ക് വഴിയൊരുക്കാൻ 'വെർട്ടിക്കൽ ലിഫ്റ്റിങ്' സംവിധാനത്തോടെ നിർമിച്ച രാജ്യത്തെ ആദ്യ പാലമെന്ന പ്രത്യേകയും ഉണ്ട്. ബംഗാൾ ഉൾക്കടലിന്റെ മനോഹരമായ കാഴ്ചകൾ പാലത്തിലൂടെയുള്ള സഞ്ചാരത്തിൽ ആസ്വദിക്കാം. കടലിന് മുകളിലൂടെയുള്ള ഈ തീവണ്ടി യാത്രാ അനുഭവം ജീവിതത്തിൽ ഒരിക്കലെങ്കിലും നാം അറിഞ്ഞിരിക്കണം. തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും നേരത്തേ റോഡുമാര്‍ഗമേ രാമേശ്വരത്ത് എത്താനാകുമായിരുന്നുള്ളൂ. പുതിയ പാലം തുറന്നതോടെ കേരളത്തില്‍നിന്നുള്ള അമൃത എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ രാമേശ്വരംവരെ ഓടും.

പഴയ പാമ്പൻപാലത്തിന്റെ നിർമാണം 1911-ൽ ആരംഭിച്ച് 1914-ലാണ് പൂർത്തിയായത്. ശ്രീലങ്കയിലേക്ക് ചരക്കുകൊണ്ടുപോകുന്നതിന് അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരാണ്  പാലം പണിതത്. 1988-ല്‍ റോഡുപാലം വരുന്നതുവരെ ഇതായിരുന്നു രാമേശ്വരത്തുള്ളവര്‍ക്ക് വന്‍കരയുമായി ബന്ധപ്പെടാനുള്ള ഏകവഴി. എന്നാൽ, 1964-ൽ രാമേശ്വരത്തുണ്ടായ ചുഴലിക്കാറ്റിൽ പാമ്പൻപാലം തകർന്നു. 

ധനുഷ്‌കോടിയുടെ ഭാഗങ്ങൾ കടൽവെള്ളത്തിൽ മുങ്ങി. പഴയ റെയില്‍പ്പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുന്നറിയിപ്പിനെത്തുടര്‍ന്ന് 2022 ഡിസംബര്‍ 23 മുതലാണ് നിര്‍ത്തിവെച്ചത്. രണ്ട് കിലോമീറ്ററിലേറെ നീളമുള്ള പഴയ പാലത്തിൽ കാലപ്പഴക്കം കാരണം അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്.

ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം പണിതത്. സമുദ്രനിരപ്പിൽനിന്ന് ആറുമീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്റർ ദൈർഘ്യമുണ്ട്. 

ധനുഷ്‌കോടി ബീച്ച്

ധനുഷ്‌കോടി ബീച്ച്

രാമേശ്വരത്തു നിന്ന് 22 കിലോമീറ്റര്‍ ദൂരമുണ്ട് ധനുഷ്‌കോടിയിലേക്ക്. ഇരുവശവും സമുദ്രതീരമുള്ള റോഡാണ് ഇവിടത്തെ പ്രത്യേകത. തെക്കുകിഴക്കെ വശത്ത് ശാന്തമായ ബംഗാള്‍ ഉള്‍ക്കടലും തെക്കുപടിഞ്ഞാറെ വശത്ത് ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രവും കാണാം. രാമേശ്വരത്തിന്റെ തെക്കുകിഴക്കൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ​ന​ഗരം, 1964-ലെ കൊടുങ്കാറ്റിലും സുനാമിയിലുമാണ് നശിപ്പിക്കപ്പെട്ടത്. 

പഴയ പള്ളികളുടെയും റെയിൽവേ സ്റ്റേഷനുകളുടെയും വീടുകളുടെയും അവശിഷ്ടങ്ങൾ ഇന്നും അവിടെ കാണാം. ചെറിയ ഭയം തോന്നുമെങ്കിലും ശാന്തവും മനോഹരവുമാണിവിടം. ലങ്കയിലേക്ക് ശ്രീരാമൻ നിർമിച്ച പാലത്തിന്റെ ആരംഭം ഇതാണെന്നാണ് ഐതിഹ്യം. 

അബ്ദുൾ കലാം മെമ്മോറിയൽ| photo: PTI

അബ്ദുൾ കലാം മെമ്മോറിയൽ

മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മനാടാണ് രാമേശ്വരം. അദ്ദേഹത്തിന്റെ ജീവിതത്തെയും നേട്ടങ്ങളെയും ആദരിക്കുന്ന ഒന്നാണ് പേയ് കരുമ്പുവിലുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്മാരകം. കലാമിന്റെ സ്വകാര്യ വസ്തുക്കൾ, ഫോട്ടോഗ്രാഫുകൾ, അദ്ദേഹം കൈയൊപ്പു പതിഞ്ഞ മിസൈലുകളുടെയും റോക്കറ്റുകളുടെയും മാതൃകകൾ എന്നിവ സ്മാരകത്തിൽ സൂക്ഷിച്ചിരിക്കുന്നു.

അഗ്നിതീർത്ഥം 

അഗ്നിതീർത്ഥം

രാമനാഥസ്വാമി ക്ഷേത്രത്തിന് തൊട്ടുപുറത്തായാണ് അഗ്നിതീർത്ഥം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തീർത്ഥാടകർ പുണ്യസ്നാനം ചെയ്യുന്ന ഒരു  കടൽത്തീരമാണിത്. ഇവിടെ മുങ്ങിക്കുളിക്കുന്നത് പാപങ്ങൾ കഴുകിക്കളയുകയും ആത്മാവിനെ ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. തന്‍റെ ചാരിത്ര്യം തെളിയിക്കാന്‍ സീതാദേവി അഗ്നിസ്നാനം നടത്തിയ സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. 

Content Highlights: 5 Things That You Must Do Rameswaram