ഉപ്പിട്ട ചായ, ദീപിക പറഞ്ഞ എമാ ദത്ഷി; ഭൂട്ടാനിലെ കൗതുകങ്ങള്‍ ഇനിയും എന്തെല്ലാം

ബുദ്ധരാജ്യമായ ഭൂട്ടാനിലൂടെയുള്ള എന്റെ ഏഴ് ദിവസത്തെ യാത്രയില്‍, ജീവിതത്തിന്റെ ആകര്‍ഷകകരമായ നിരവധി വശങ്ങള്‍ കണ്ടു. പ്രണയിക്കാതിരിക്കാന്‍ കഴിയാത്തവിധത്തില്‍ മനോഹരമായിരുന്നു ആ സ്ഥലം. എന്റെ ഭൂട്ടാന്‍ യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗത്തില്‍ ഭൂട്ടാന്റെ ചില പ്രത്യേകതകള്‍ പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബുദ്ധമത പാരമ്പര്യങ്ങളുമായുള്ള ഭൂട്ടാന്റെ ആഴത്തിലുള്ള ബന്ധം എല്ലായിടത്തും പ്രകടമാണ്. ഈ ചെറിയ രാജ്യം സന്തോഷ സൂചികയില്‍ ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്നതില്‍ അതിശയിക്കാനില്ല. ഭൂട്ടാനിന്റെ മണ്ണില്‍ കാലുകുത്തിയ നിമിഷം മുതല്‍ ഓരോ മൂലയും ഓരോ കഥ പറയുന്നതായി നമുക്ക് തോന്നും. അടുത്ത അയല്‍ക്കാരാണെങ്കിലും, ഭൂട്ടാനെ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണ്? എന്റെ ശ്രദ്ധ ആകര്‍ഷിച്ച ചില കാര്യങ്ങളും എന്റെ യാത്രാ ഗൈഡ് പങ്കിട്ട ചില അത്ഭുതകരമായ അറിവുകളും ഞാന്‍ പങ്കുവെക്കുന്നു.
ഭൂട്ടാന്റെ പരമ്പരാഗത വസ്ത്രധാരണം: ഒരു ദൈനംദിന കാര്യം
ഇവിടുത്തെ ദേശീയ വേഷവിധാനമാണ് എന്നെ ആദ്യം ആകര്‍ഷിച്ചത്. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി, ഒഫീഷ്യല്‍ വസ്ത്രമായും ചില പ്രത്യേക അവസരങ്ങളിലും പരമ്പരാഗത വസ്ത്രങ്ങള്‍ മാത്രമാണ് ഇവിടെയുള്ളവര്‍ ധരിക്കുന്നത്. പുരുഷന്മാര്‍ കോ എന്ന മുട്ടോളം നീളമുള്ള വസ്ത്രവും സ്ത്രീകള്‍ കിര എന്ന കണങ്കാല്‍ വരെ നീളമുള്ള വസ്ത്രവുമാണ് ധരിക്കുന്നത്. നിര്‍ബന്ധമായുള്ള ഈ വസ്ത്രധാരണ രീതി എന്നില്‍ ഏറെ കൗതുകമുണര്‍ത്തി. സ്‌കൂള്‍ കുട്ടികള്‍ പോലും ഇത്തരം വസ്ത്രം തന്നെയാണ് ധരിക്കുന്നത്. പുരുഷന്മാരുടെ മൊബൈല്‍ ഫോണുകള്‍ കോയുടെ ബില്‍റ്റ്-ഇന്‍ പോക്കറ്റിലാണ് സുരക്ഷിതമായി വെക്കുന്നത്. സ്ത്രീകളുടെ കിര ധരിക്കാന്‍ വളരെ സൗകര്യപ്രദമായ ഒന്നാണ്. എനിക്കും ഒരെണ്ണം കിട്ടിയാല്‍ നന്നായിരുന്നേനെയെന്ന് ഞാന്‍ ചിന്തിച്ചു.
സുജ: ഉപ്പ് വിത്ത് ചായ
ഇന്ത്യയില്‍ ചായയ്ക്ക് പഞ്ചസാരയാണ് കൂട്ടെങ്കില്‍ ഭൂട്ടാനില്‍ തികച്ചും വ്യത്യസ്തമായി സുജ അല്ലെങ്കില്‍ ബട്ടര്‍ ടീ. അതെ, വെണ്ണയും ഉപ്പും ചേര്‍ന്ന ചായ. എന്റെ സുഹൃത്ത് ആദ്യമായി സുജ പരീക്ഷിച്ചപ്പോള്‍, അവള്‍ അതിനെ 'കഞ്ഞിവെള്ളം' വുമായാണ് താരതമ്യം ചെയ്തത്. പക്ഷേ എനിക്കത് രുചികരമായിട്ടാണ് തോന്നിയത്. പുളിയും മധുരവുമെല്ലാം ചേര്‍ന്ന രുചിയില്‍ വെണ്ണ ചേരുമ്പോള്‍ അതിന്റെ സ്വാദ് ഇരട്ടിപ്പിക്കുന്നു. നിങ്ങള്‍ എപ്പോഴെങ്കിലും ഭൂട്ടാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍, തീര്‍ച്ചയായി സുജ പരീക്ഷിക്കേണ്ടതാണ്.
എല്ലായിടത്തും കൂട്ടായി നായ്ക്കള്‍
മനസിന് കുളിര്‍മ നല്‍കുന്ന കാഴ്ചയേതെന്ന് ചോദിച്ചാല്‍ എനിക്ക് നിസ്സംശയം പറയാനാകും നായ്ക്കളെന്ന്. ഞാന്‍ പോകുന്നിടത്തെല്ലാം, രോമമുള്ള നായ്ക്കള്‍ ചുറ്റിനടക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നമ്മള്‍ പലപ്പോഴും കാണുന്ന തെരുവ് നായ്ക്കളില്‍നിന്ന് വ്യത്യസ്തമായി, വളരെ ശാന്തവും സൗമ്യവുമായ പ്രകൃതമായാണ് എനിക്ക് അനുഭവപ്പെട്ടത്. പുനഖയില്‍ ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ ടൈഗര്‍ എന്ന വെളുത്ത നായ അനൗദ്യോഗിക കാവല്‍ക്കാരനായി നില്‍ക്കുന്നുണ്ടായിരുന്നു. ലോബിയില്‍ വലിയ ഗമയില്‍ അഭിമാനത്തോടെ ഇരിപ്പുണ്ടാകും. അവനൊപ്പം ഞങ്ങളും വളരെ സുരക്ഷിതരാണെന്ന് എനിക്ക് തോന്നി. റസ്റ്റോറന്റുകളിലും ആരെയും ശല്യപ്പെടുത്താതെ ഇവ കറങ്ങി നടപ്പുണ്ടാകും.
ഭൂട്ടാനിലെ വിവാഹങ്ങള്‍
ഭൂട്ടാനിലെ വിവാഹ ആചാരങ്ങള്‍ക്ക് അതിന്റേതായ ചാരുതയുണ്ട്. മിക്ക വിവാഹങ്ങളും പ്രണയ വിവാഹങ്ങളാണെന്നും ആളുകള്‍ക്ക് അവരുടെ പങ്കാളികളെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഞങ്ങളുടെ ഗൈഡ് ഞങ്ങളോട് പറഞ്ഞു. എന്നിരുന്നാലും, രാജ്യത്തെ നിയമമനുസരിച്ച് ഇന്‍ട്രാ കാറ്റഗറി വിവാഹങ്ങള്‍ മാത്രമേ അനുവദിക്കൂ.
യാചകരില്ല, അനാഥാലയങ്ങളില്ല
ഭൂട്ടാനില്‍ കണ്ട ഒരു നല്ല കാര്യമെന്തെന്ന് ചോദിച്ചാല്‍ തെരുവില്‍ യാചകരെയോ ഭവനരഹിതരെയോ അപൂര്‍വമായി മാത്രമേ കാണാനാകൂ എന്നതാണ്. അഥവാ എവിടെയെങ്കിലും യാചകരെ കാണപ്പെട്ടാല്‍ അവരെ ഏറ്റെടുത്ത് അവരെ പരിപാലിച്ച് സംരക്ഷിക്കുന്നതില്‍ ഭൂട്ടാന്‍ രാജാവ് പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്. അനാഥര്‍ക്കായി ഒരിടം തന്നെ ഇവിടെയില്ലാത്തതിന് കാരണവും ഇതുതന്നെ.
ശൈത്യകാലത്ത് പച്ചക്കറികള്‍ ഉണക്കി സൂക്ഷിക്കും
ഭൂട്ടാനിലൂടെ യാത്ര ചെയ്തപ്പോള്‍, പച്ചക്കറികള്‍ ഉണക്കുന്ന കാഴ്ച കാണാന്‍ സാധിച്ചു. ഭൂട്ടാനീസ് ജനത വേനല്‍ക്കാലത്ത് പച്ചക്കറികള്‍ ഉണക്കി തണുപ്പുകാലത്തേക്ക് സൂക്ഷിക്കുകയാണത്രെ പതിവ്. ചുവന്ന മുളക്, കൂണ്‍, ബീന്‍സ്, ആപ്പിള്‍ അങ്ങിനെ എന്തും അവര്‍ ഉണക്കി സൂക്ഷിക്കുന്നു. പാറോയിലൂടെ ഞങ്ങള്‍ വാഹനത്തില്‍ കടന്ന് പോകുമ്പോള്‍ ചാറ്റല്‍ മഴയിലും ചുവന്ന മുളകുകള്‍ കൊണ്ട് പൊതിഞ്ഞ മേല്‍ക്കൂരയുള്ള വീടുകള്‍ കാണാനായി. മഴയാണെങ്കിലും മേല്‍ക്കൂരയിലെ മുളകുകള്‍ പെട്ടെന്ന് എടുത്ത് മാറ്റാന്‍ സാധിക്കാത്തതിനാല്‍ അവ മഴയത്ത് നനഞ്ഞും വെയിലത്ത് ഉണങ്ങുന്നതുമായ കാഴ്ച ഞാന്‍ കണ്ടു. ഉണക്കി സൂക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാനമായി എനിക്കവിടെ കാണാന്‍ കഴിഞ്ഞത് എരിവുള്ള ചുവന്ന മുളകാണ്. ഇത് പലപ്പോഴും ഒരു പഞ്ച് ആയി പായ്ക്ക് ചെയ്താണ് വില്‍ക്കുന്നത്. അവിടുത്തെ മാര്‍ക്കറ്റില്‍ നിന്ന് കുറച്ച് ഉണങ്ങിയ ആപ്പിളും കൂണും വീട്ടിലേക്കായി ഞാന്‍ വാങ്ങി.
എമ ദത്ഷി: ദേശീയ വിഭവം
അവരുടെ ദേശീയ വിഭവമായ എമാ ദത്ഷി പരീക്ഷിക്കാതെ എനിക്ക് ഭൂട്ടാന്‍ വിടാന്‍ കഴിയുമായിരുന്നില്ല. ഭൂട്ടാനിലെ എന്റെ ആദ്യ ദിവസം തന്നെ ഈ വിഭവം ഞാന്‍ പരീക്ഷിച്ചു. മുളകും (എമ), ചീസും (ദറ്റ്ഷി) കൊണ്ടുണ്ടാക്കിയ എരിവുള്ള വിഭവത്തിന്റെ രുചി ശരിക്കും എന്നെ അതിശയിപ്പിച്ചു. ഉപയോഗിക്കുന്ന പച്ചക്കറികളെ ആശ്രയിച്ച് ഇത് വിവിധ രുചികളില്‍ നമുക്കുമുന്നിലെത്തും. സുഹൃത്തുക്കളില്‍ നിന്ന് ഞാന്‍ ഈ വിഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ട്, തെന്നിന്ത്യന്‍ താരം ദീപിക പദുക്കോണ്‍ ശുപാര്‍ശ ചെയ്ത ഈ വിഭവം എങ്ങിനെയുണ്ടായിരിക്കുമെന്ന ആകാംക്ഷ എന്നിലുണ്ടായിരുന്നു. നല്ല എരിവുള്ളതാണെങ്കിലും തീര്‍ത്തും സ്വാദിഷ്ടമായ വിഭവം തന്നെയാണിത്. മിക്കവാറും എല്ലാ ദിവസങ്ങളിലും ഇത് കഴിക്കുന്നതിനായി ഞാന്‍ സമയം കണ്ടെത്തി.
ചുവന്ന അരി: ഭൂട്ടാനിലെ പ്രധാന ഭക്ഷണം
ഭൂട്ടാനില്‍ പ്രസിദ്ധമായ മറ്റൊരു പ്രത്യേകത അവിടെയുള്ള ചുവന്ന അരിയാണ്. കേരളത്തില്‍ കിട്ടുന്ന മട്ട അരിയാണ് എന്റെ ഓര്‍മയിലേക്കോടിയെത്തിയത്. ഒരു പ്രത്യേക രുചിയാണിതിന്. കടും ചുവപ്പ് മുതല്‍ ഇളം പിങ്ക് വരെയുള്ള നിറങ്ങളിലായാണ് ഈ അരി കാണപ്പെടുന്നത്. മിക്കവാറും എല്ലാ ഭക്ഷണത്തിലും ഇത് ഒരു പ്രധാന ഘടകമാണ്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിലെല്ലാം ഈ അരിയുടെ സാന്നിധ്യമുണ്ടായതായി എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഭൂട്ടാനീസ് പാചകരീതി മിക്കവാറും വെജിറ്റേറിയന്‍ ആണെങ്കിലും, പല ഹോട്ടലുകളും നോണ്‍-വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ചിക്കനും ലഭ്യമാണ്.
യാക്ക് ചീസ്: ചോ ഗോ
യാക്ക് ചീസ് അല്ലെങ്കില്‍ ചോ ഗോ ആയിരുന്നു ഞാന്‍ കണ്ട ഒരു വിചിത്രമായ ഭക്ഷ്യവസ്തു. ചെറിയ സമചതുരകളായാണ് ഇത് വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്നത്. വെറ്റില പോലെ ചവച്ചരച്ചാണ് ഇത് കഴിക്കുന്നത്. ഒരു ചെറിയ ക്യൂബ് തന്നെ കഴിച്ചുതീര്‍ക്കാന്‍ മണിക്കൂറുകളോളം സമയമെടുക്കും. തിംഫുവിലേക്കും പാരോയിലേക്കും പോകുന്ന വഴിയിലെ പലചരക്ക് കടകളില്‍ പ്ലാസ്റ്റിക് കവറുകളില്‍ വില്‍പ്പനയ്ക്കായി തൂങ്ങിക്കിടക്കുന്നത് കാണാം. ഓരോ ക്യൂബിനും 20 രൂപ. അല്‍പ്പം വിലയേറിയവയാണെങ്കിലും ഞാനും കുറച്ചു വാങ്ങി.
സ്നേഹനിര്‍ഭരമായ ആതിഥ്യമര്യാദ
എന്നെ ശരിക്കും ആകര്‍ഷിച്ച ഒരു കാര്യം ഭൂട്ടാന്‍ ജനതയുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സ്നേഹപൂര്‍വമായ പെരുമാറ്റമാണ്. ഞാന്‍ താമസിച്ചിരുന്ന മിക്കവാറും എല്ലാ ഹോട്ടലുകളിലും, ഞങ്ങളെ പരിശോധിക്കുന്നത് മുതല്‍ ഭക്ഷണം വിളമ്പുന്നത് വരെ എല്ലാം കൈകാര്യം ചെയ്തത് സ്ത്രീകളായിരുന്നു. ഇവിടുത്തെ ഔദ്യോഗിക ഭാഷ സോംഗ (Dzongkha)യാണ്. എന്നിരുന്നാലും ഇംഗ്ലീഷ് വ്യാപകമായി സംസാരിക്കുന്നുണ്ട്. ഞങ്ങളുടെ ഗൈഡ് രണ്ട് ഭാഷയും അനായാസേന കൈകാര്യം ചെയ്യുന്നതും ഞാന്‍ ശ്രദ്ധിച്ചു.
ഭൂട്ടാനിലെ ഈ ഒരാഴ്ചയില്‍ നമ്മുടെ ജീവിതരീതിയില്‍ നിന്നും വ്യത്യസ്തമായ ഒരു ജീവിതരീതിയിലേക്കുള്ള യാത്രയായി എനിക്കനുഭവപ്പെട്ടു. യാത്ര തിരിക്കാനായി ഒരുങ്ങിയപ്പോള്‍ ഭൂട്ടാനീസ് ഭാഷയില്‍ നന്ദി എന്നര്‍ത്ഥം വരുന്ന 'കഠിന്‍ ചെയ്' എന്ന് പറഞ്ഞ് ഞങ്ങളുടെ ഗൈഡിനെ ഒന്ന് ഞെട്ടിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞത് ശരിയാണോ എന്തോ? ആര്‍ക്കറിയാം? ഒരാഴ്ചത്തെ ഭൂട്ടാന്‍ വാസത്തിനൊടുവില്‍ നന്ദി എന്ന ആ ഒരു വാക്കെങ്കിലും പറയണമെന്നെനിക്ക് തോന്നി. എന്തുതന്നെയായാലും ഭൂട്ടാന്‍ യാത്ര ഒരിക്കലും മായാനാകാത്ത ഓര്‍മകളാണെനിക്ക് സമ്മാനിച്ചത്.
Content Highlights: 10 things I loved about Bhutan: From fiery chillies to friendly dogs | My Travel