അവരുടെ പാതകളിലെ മൺധൂളിയാവാനേ മോഹം...

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

സ്‌കൂളവധി തുടങ്ങിയ ഒരു ചിങ്ങമാസപ്പകലിൽ അച്ഛൻ എനിക്ക് വായിക്കാൻ തന്ന പുസ്തകത്തിന്റെ പേര് ‘ആഫ്രിക്ക’ എന്നായിരുന്നു. ആ പേരിന് മുകളിൽ അതിനേക്കാൾ വലിയ അക്ഷരത്തിൽ സഞ്ചാര സാഹിത്യം എന്നും എഴുതിയിരുന്നു. എസ്.കെ.പൊറ്റെക്കാട് എഴുതിയതായിരുന്നു അത്. പുസ്തകം തുടങ്ങുന്നത് ഇങ്ങിനെയാണ്: ‘ബോംബെയിൽ നിന്ന് സമുദ്രം വഴിയായി 2500 നാഴിക സഞ്ചരിച്ചു പത്താം ദിവസം പ്രഭാതത്തിൽ ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ പടിവാതിലെന്ന് അറിയപ്പെടുന്ന ‘മൊമ്പാസ’ തുറമുഖം സ്പർശിച്ച ഞങ്ങളുടെ കപ്പലിൽനിന്ന് പുറത്തേക്ക് നോക്കിയപ്പോൾ ആദ്യമായി എന്റെ ശ്രദ്ധയിൽപ്പെട്ടത് ‘വാർഫി’ലെ ഗുദാമിന്റെ മുകൾത്തട്ടിൽനിന്ന് അത്ഭുതത്തോടെ കപ്പലിനെ നോക്കിക്കൊണ്ട് നിൽക്കുന്ന അർദ്ധനഗ്നനായ കൂറ്റൻ കാപ്പിരിയുടെ രൂപമാണ് കാപ്പിരികളുടെ നാട്ടിൽനിന്ന് ഞാൻ ആദ്യമായി കണ്ടുമുട്ടുന്ന നീഗ്രോ. ആഫ്രിക്കൻ വൻകരയിലെ കറുത്ത വർഗ്ഗങ്ങളെ മുഴുവനും അവൻ പ്രതിനിധീകരിക്കുന്നതായി എനിക്ക് തോന്നി’.

ആദ്യവാചകത്തിലൂടെ പൊറ്റെക്കാട് ഞാനെന്ന വായനക്കാരനെ ആഫ്രിക്കയുടെ അജ്ഞാതമായ അകങ്ങളിലേക്ക് വലിച്ചിട്ട അനുഭവമായിരുന്നു അത്. തുടർന്നുള്ള 775 പുറങ്ങളിൽ, ആഫ്രിക്ക അതിന്റെ സമസ്ത വൈവിധ്യങ്ങളോടെയും പരന്നുകിടന്നു.

കോഴിക്കോട്ടിരിക്കുന്ന എനിക്ക് മുന്നിൽ അതിവിചിത്രമായ ജീവിതങ്ങൾ തുടികൊട്ടിയാടി; മേലാസകലം മണ്ണുതേച്ച് കാട്ടുകനികളുമായി അർദ്ധനഗ്നരായ മനുഷ്യർ വന്നുകൂടുന്ന നാട്ടുചന്തകൾ മണത്തു; വിക്ടോറിയ വെള്ളച്ചാട്ടത്തിൽ ഞാൻ കുളിച്ചു; നൈലിനെ തൊട്ടു; കിലിമഞ്ജാറോ പർവ്വതത്തിന്റെ ലാവണ്യമറിഞ്ഞു; സിംഹത്തെ മണക്കുന്ന കൊടുംകാട്ടിലൂടെ, നിലാവിൽ ഞാൻ അജ്ഞാതനായ ഏതോ കറുത്ത വർഗ്ഗക്കാരന്റെ ലോറിയിൽ യാത്ര ചെയ്തു....

ആഫ്രിക്ക വായിച്ചുകഴിഞ്ഞപ്പോൾ അതേ എഴുത്തുകാരന്റെ ‘യൂറോപ്പ്’ എന്ന പുസ്തകം തന്നു; അതു കഴിഞ്ഞപ്പോൾ ‘ഏഷ്യ’. മൂന്നും വായിച്ചുകഴിഞ്ഞതോടെ സാഹിത്യത്തിൽ കഥയ്ക്കും കവിതയ്ക്കും നോവലിനും ലേഖനങ്ങൾക്കും നിരൂപണത്തിനും നാടകത്തിനുമൊപ്പം ‘സഞ്ചാരസാഹിത്യം’ എന്നൊരു മേഖല കൂടിയുണ്ട് എന്നെനിക്ക് മനസ്സിലായി മലയാളത്തിൽ അതിനെ പന്തലിച്ച് പടർത്തിയത് എസ്.കെ.പൊറ്റെക്കാട് ആണ് എന്നും. പിന്നീടെപ്പോഴോ മനസ്സ് ചോദിച്ചു: മനുഷ്യൻ എപ്പോഴാണ് യാത്ര ചെയ്തുതുടങ്ങിയത്? ജനിച്ച് ഇരുകാലുകളിൽ നിൽക്കാൻ ആരംഭിച്ചതുമുതൽ നമ്മൾ തുടങ്ങിയതാവും യാത്രചെയ്യാൻ. കാലാവസ്ഥയുടെ പ്രഹരങ്ങളിൽനിന്ന് രക്ഷപ്പെടാൻ, കാലികൾ ജീവിതത്തിന്റെ ഭാഗമായതോടെ അവയ്ക്ക് പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി, കൃഷിക്ക് പറ്റിയ മണ്ണുതേടി, കച്ചവടത്തിന്റെ സാധ്യതകൾ തേടി വിപണികളിൽനിന്ന് വിപണികളിലേക്ക്, പരസ്പരം പോരടിക്കാൻ തുടങ്ങിയതോടെ സമാധാനം തേടി എല്ലാമെടുത്ത് പെറുക്കി.... കാലങ്ങളിലൂടെ മനുഷ്യർ സഞ്ചരിച്ചു. ചുരങ്ങളിലൂടെ, വനങ്ങളിലൂടെ, പുഴയും കടലും കടന്ന് ആ യാത്രകൾ തുടർന്നു. പലപ്പോഴും വേരറ്റ് അവർ ഭൂമിയിൽ അലഞ്ഞ് പരന്നു; പരസ്പരം കലർന്നു. മനുഷ്യരുടെ ജനിതകത്തിലെ നാടോടിത്വം പല കാരണങ്ങളാൽ, പല സന്ദർഭങ്ങളിൽ പുറത്തുവന്നു. കുട്ടിയും കുടുംബവും വീടുമായൊതുങ്ങുന്ന സന്ദർഭത്തിൽ ആ ജനിതകം നിശ്ശബ്ദമായി ഒതുങ്ങി. ഒരിക്കലും അതില്ലാതെയായില്ല; ഏത് നിമിഷവും പൂത്ത് തളിർക്കാവുന്ന വിധത്തിൽ അത് ഓരോ മനുഷ്യനുള്ളിലും മയങ്ങിക്കിടന്നു.

പിന്നീടെപ്പോഴായിരിക്കും മനുഷ്യൻ, മറ്റൊരു ബാഹ്യകാരണങ്ങളുമില്ലാതെ യാത്ര ചെയ്യാൻവേണ്ടി മാത്രം യാത്ര ചെയ്തുതുടങ്ങിയത്? ഒരു പക്ഷേ കുടുംബവും സമൂഹവും സമുദായവും ഗ്രാമങ്ങളുമൊക്കെയായി ഒരിടത്തൊതുങ്ങിയപ്പോൾ, ഒരേ ഉദയങ്ങളും അസ്തമയങ്ങളും കണ്ട് പഴകിയപ്പോൾ, പുതിയ ആകാശങ്ങളും മഴവില്ലുകളും കാണാൻ മനസ്സ് മോഹിച്ചപ്പോൾ, ജനിതകത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ മൂലം മയങ്ങിക്കിടക്കുന്ന നാടോടി വിരസമായ നിമിഷങ്ങളിൽ കുതറിയുണർന്നപ്പോൾ മനുഷ്യർ പുതിയ കാഴ്ചകളും രാപ്പകലുകളും ജീവിത ഗന്ധങ്ങളും തേടി വീടുവിട്ടിറങ്ങിയതാവാം. ഏതൊക്കെയോ വിദൂര ദേശങ്ങളുടെ വിളി ചിറകടികളായിട്ടുണ്ടാവാം; ദേശാടനപ്പക്ഷികൾ മോഹിപ്പിച്ചിട്ടുണ്ടാവാം; തൃഷ്ണകൾ ഭ്രമിപ്പിച്ചിട്ടുണ്ടാവാം... പോയേ തീരൂ എന്ന് കോശങ്ങൾ നിലവിളിച്ചിരിക്കാം. പോയേ തീരൂ എന്ന ഈ അവസ്ഥയെ ഏറെക്കുറെ ശരിയായി വിശദീകരിച്ചത് ബ്രിട്ടീഷ് യാത്രാ എഴുത്തുകാരനായ ബ്രൂസ് ചാറ്റ്‌വിനാണ്. ‘RESTLESSNESS’ എന്ന പദമാണ് ചാറ്റ്‌വിൻ ഉപയോഗിച്ചത്. ഈ ‘RESTLESSNESS’ സത്തയിലെ സർഗാത്മകത തന്നെയാവാം; അല്ലെങ്കിൽ എല്ലാ മനുഷ്യനിലും സൂക്ഷ്മരൂപത്തിൽ മറഞ്ഞുകിടക്കുന്ന ആദിമ നാടോടിത്വം തന്നെയുമാവാം. ഏകാന്തയാത്രികരിൽമുതൽ പാക്കേജ് ടൂർ പോവുന്നവരിൽവരെ ഈ ധാതുക്കൾ പ്രകാശിക്കുന്നുണ്ട് എന്ന കാര്യം തീർച്ച. വേറെ വേറെ തരത്തിലും തലത്തിലുമാണ് ഓരോ മനുഷ്യനും ഇതനുഭവിക്കുന്നത് എന്നുമാത്രം.

എസ്.കെയുടെ സഞ്ചാര സാഹിത്യം

പിന്നീടെപ്പോഴായിരിക്കാം മനുഷ്യർ പോയ യാത്രകൾ കുറിച്ചുവെയ്ക്കാൻ തുടങ്ങിയത്? താൻ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ആരോടെങ്കിലും ഒന്നു പങ്കുവെയ്ക്കണം, ആരെങ്കിലുമൊക്കെ അതറിയണം എന്ന മോഹം. ഈ ലോകം വളരെ വലുതാണ്, അതിൽ കാണാനും അലയാനും അറിയാനും അനുഭവിക്കാനുമേറെയുണ്ട് എന്ന് ഒന്ന് വിളിച്ചുപറയാനുള്ള മോഹം. കാലദേശങ്ങളുടെ കരിങ്കൽ മറകൾ തകർത്ത്, നിരവധി നിരവധി പ്രതിസന്ധികളെ മറികടന്ന്, പല തവണ മരണത്തെ മുഖാമുഖം കണ്ട് നടത്തിയ യാത്രകൾ അവർ രേഖപ്പെടുത്തിയപ്പോൾ അത് ആദ്യത്തെ യാത്രാവിവരണങ്ങളായി. ഫാഹിയാനും ഹുയാൻസാങ്ങും അൽബിറൂണിയും ഫ്രാൻസിസ് ബുക്കാനനും നിക്കോളെ കോണ്ടിയുമെല്ലാം അവരുടെ രചനകളിലൂടെ യാത്രാവിവരണങ്ങൾക്ക് അടിത്തറയിട്ടു. ആ വിവരണങ്ങളിലൂടെ നാം പലദേശങ്ങൾ കണ്ടു, പല കാലങ്ങളെയറിഞ്ഞു: മനുഷ്യസമൂഹം വളർന്ന് വികസിച്ചുവന്ന വഴികളെയറിഞ്ഞു.

പിന്നെയുമേറെക്കഴിഞ്ഞിട്ടാവാം യാത്രാവിവരണം സഞ്ചാര സാഹിത്യമായത്. കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ അപ്പടി പറയുന്നത് മാറി, ഏതോ ദേശത്തിലും കാലത്തിലുമിരിക്കുന്ന വായനക്കാരനെ യാത്ര അനുഭവിപ്പിക്കുന്ന മാജിക് എഴുത്തിൽ വന്നു. കഥപോലെ, കവിത പോലെ ഹൃദ്യമായ അനുഭവമായി സഞ്ചാര സാഹിത്യം. കാഴ്ചകളും ജീവിതവും അനുഭവവും രുചിയും ഗന്ധങ്ങളും നരവംശശാസ്ത്രവും ആൾക്കൂട്ടവും ഏകാന്തതയും സാഹസികതയും ധ്യാനവും തത്വചിന്തയുമെല്ലാം നല്ല സഞ്ചാരസാഹിത്യ രചനയിൽ സംഗമിച്ചു. കേവലമൊരു ദേശപുരാണത്തിൽനിന്നും ഉന്നതമായ വേറൊരു വിതാനത്തിലേക്ക് സഞ്ചാരമെന്ന കല സാഹിത്യത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു.

പീറ്റർ മത്തീസൻ എന്ന അമേരിക്കൻ യാത്രികന്റെ ‘THE SNOW LEOPARD’ എന്ന പുസ്തകം വായിച്ചതോടെയാണ് സഞ്ചാരവിവരണത്തിൽ സാഹിത്യത്തിന്റെ അഭൗമമായ തലം ഞാൻ അനുഭവിച്ചത്. ഹിമാലയത്തിന്റെ ഉൾത്തടങ്ങളിലേയ്ക്കും ഔന്നത്യങ്ങളിലേയ്ക്കും ജോർജ്ജ് ഷാലർ എന്ന വിശ്വപ്രസിദ്ധനായ ഫീൽഡ് ബയോളജിസ്റ്റിനൊപ്പം യാത്ര ചെയ്യുകയാണ് മാത്തിസൻ. ഭാര്യ മരിച്ച സമയമായതിനാൽ മാത്തിസന്റെയുള്ളിൽ മൗനവും വേദനയും മഴമേഘങ്ങളായി വിങ്ങിനിന്നിരുന്നു. മിനുമിനുത്ത സാളഗ്രാമങ്ങൾ ഒഴുകുന്ന നേപ്പാളിലെ കാളീഖണ്ഡകീ നദിയുടെ കരയിലൂടെ ഹിമാലയത്തിന്റെ ഉയരങ്ങളിലേക്ക് കൂടുതലും മൗനമായി കയറിപ്പോവുമ്പോൾ ഷാലർ തേടുന്നത് നീലച്ചെമ്മരിയാടുകളെയാണ്; മാത്തിസനോ അപൂർവ്വമായിമാത്രം ദർശനം നൽകുന്ന മഞ്ഞുപുലിയേയും. മഞ്ഞുപുലി ഒരേ സമയം യാഥാർത്ഥ്യവും പ്രതീകവുമാണ്; മായാമരീചികയാണ്. കയറിക്കയറി പതിനായിരക്കണക്കിനടി ഉയരത്തിലേക്ക് പോവുന്നതിന് മുമ്പ്, ഇഡോ റോഷി എന്ന സെൻമാസ്റ്റർക്ക് മുന്നിൽ കണ്ണടച്ചുനിന്നു മാത്തിസൻ. ആ ഗുരു മഞ്ഞ് വീഴുന്നതുപോലെ മന്ത്രിച്ചു: EXPECT NOTHING. ആ വചനത്തിന്റെ വടിയൂന്നി യാത്ര തുടർന്ന മാത്തിസനേയും ഷാലറേയും ഉയരങ്ങൾക്കുമുയരേയുള്ള ക്രിസ്റ്റൽ മൊണാസ്ട്രിയിൽ കാത്തിരുന്നത് കാലൊടിഞ്ഞ ഏകാകിയായ ഒരു ബുദ്ധഭിക്ഷുവായിരുന്നു. ‘NO WIND, NO CLOUD, NO TRACK, NO BIRD, ONLY THE CRYSTAL CRESCENTS BETWEEN PEAKS...’ ഇതായിരുന്നു ആ വിഹാരം. കാക്കകൾപോലുമില്ലാത്തത്ര ഏകാന്തത.

മാത്തിസൻ എഴുതുന്നു: ‘ക്രിസ്റ്റൽ മൊണാസ്ട്രിയിലെ ലാമ വളരെ സന്തോഷവാനായിരുന്നു. കാലൊടിഞ്ഞതിനാൽ എട്ടുവർഷമായി എവിടേയ്ക്കും പോവാത്ത ഈ മനുഷ്യൻ ഇവിടത്തെ ഏകാന്തതയേയും മൗനത്തേയും എങ്ങിനെയായിരിക്കും നേരിടുന്നത് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു.....’ ലാമ പറഞ്ഞു: 'Of course i am happy here! its wonderful!Especially when i have no choice'
അദ്ദേഹത്തോട് മാത്തിസൻ ചോദിച്ചു: ‘അങ്ങ് മഞ്ഞുപുലിയെ കണ്ടിട്ടുണ്ടോ?’
‘ഇല്ല, അത് മനോഹരമാണോ?’- അദ്ദേഹം നിഷ്‌കളങ്കമായി ചോദിച്ചു.

പീറ്റർ മത്തീസന്റെ യാത്ര വായിച്ചു തീരുമ്പോൾ ഒരു യാത്രാവിവരണം വായിക്കുന്നതിലുപരി നമ്മിലേക്കുതന്നെ നടത്തുന്ന ഏകാന്ത തീർത്ഥാടനമാവുന്നു അത്. അതിൽ മനുഷ്യനും പ്രകൃതിയും സംഗമിയ്ക്കുന്നു. ഹിമാലയം പ്രൗഢമായ മൗനം നിറയ്ക്കുന്നു. കവിതയും തത്വചിന്തയും കലരുന്ന ഭാഷ അമ്പരപ്പിക്കുന്നു. പിന്നെയും പിന്നെയും പീറ്റർ മാത്തിസൻ യാത്രകൾ പോയി: ദക്ഷിണ അമേരിക്കയിലെ കൊടും കാടുകളിലേയ്ക്കും കലങ്ങിമറിയുന്ന പുഴകളിലേയ്ക്കും; ആഫ്രിക്കയിൽ മനുഷ്യവംശത്തിന്റെ ഉൽപ്പത്തികളിലേക്ക്; ബൈക്കൽ തടാകത്തിലേക്ക്്; അന്റാർട്ടിക്കയിലേക്ക്; ക്രെയിൻ എന്ന പക്ഷിയുടെ താരകളിലേയ്ക്ക്... ഏറ്റവുമൊടുവിൽ എല്ലാ യാത്രകൾക്കുംശേഷം കാലിഫോർണിയയിലെ ഒരു സെൻ ആശ്രമത്തിന്റെ മൗനത്തിലേക്ക് മാത്തിസൻ ഒതുങ്ങി. പീറ്റർ മാത്തിസൻ സഞ്ചാരത്തെ ആഴത്തിലുള്ള സ്വത്വാനുഭവമാക്കി. പോവുന്ന ദേശങ്ങൾക്കും അനുഭവങ്ങൾക്കുമനുസരിച്ച് അദ്ദേഹത്തിന്റെ ഭാഷയുടെ ഭാവവും താളവും മാറി. സഞ്ചാരസാഹിത്യത്തിന് ക്ലാസിക് കൃതികളുടെ ഷെൽഫിൽ പീറ്റർ മാത്തിസൻ എന്ന എഴുത്തുകാരൻ സ്ഥാനം നേടിക്കൊടുത്തു.

ഏതോ ദുബായ് യാത്രക്കിടയിലാണ് വിൽഫ്രഡ് തെസിഗർ എന്ന ബ്രിട്ടീഷ് പര്യവേഷകൻ എഴുതിയ ‘ARABIAN SANDS’ എന്ന പുസ്തകം കിട്ടിയത്. മരുഭൂമിയുടെ അതിവിശാലതയും ഏകാന്തതയുമായിരുന്നു അതിൽ നിറയേ. വേഷം മാറി ബദൂയിൻ ഗോത്രവംശത്തിലൊരാളായി, അഞ്ച് വർഷമാണ് ഈ പുസ്തകത്തിനുവേണ്ടി തെസിഗർ സഞ്ചരിച്ചത്. റുബുൽ ഖാലി എന്നും ‘EMTY QUARTER’ എന്നും അറിയപ്പെടുന്ന ഏകാന്ത മരുത്താര വെറും വള്ളിച്ചെരുപ്പിട്ട് തെസിഗർ മുറിച്ചുകടന്നു. ആകാശത്ത് നക്ഷത്രങ്ങൾ പൂത്തുപരക്കുന്ന മരുഭൂമിയിലെ രാത്രികളും, കാട്ടുതേനിന്റെ നിറമുള്ള സന്ധ്യകളും, കാറ്റിനനുസരിച്ച് രൂപം മാറുന്ന മണൽക്കുന്നുകളും, ചൂടും കാറ്റും ചൂരുള്ള ഒട്ടകങ്ങളും, അപകടകാരികളായ മണൽനാഗങ്ങളും, വഴിതെറ്റിക്കുന്ന കാനൽക്കാഴ്ചകളും, മരുഭൂമിക്ക് മാത്രം പകരാൻ കഴിയുന്ന സംഗീതവും... തെസിഗർ തുറന്നിട്ട വാതിലുകൾ എത്രയെത്ര

പിന്നീടെപ്പോഴോ, ധാവള്യത്തോടെ വിലസുന്ന ഗൾഫ് രാജ്യങ്ങളിലെത്തിയപ്പോൾ തെസിഗർ പറഞ്ഞുവത്രേ: ‘നിങ്ങളിപ്പോൾ കോടികൾ കിലുങ്ങുന്ന കാറിൽ കടന്നുപോവുന്ന വഴികളിലൂടെയെല്ലാം ഞാൻ ഒട്ടകപ്പുറത്ത് സഞ്ചരിച്ചിട്ടുണ്ട്!’ അതിസാഹസികമായ ആ സഞ്ചാരം അത്രതന്നെ ആഴവും ലാവണ്യവുമുള്ള ഭാഷയിലാണ് തെസിഗർ എഴുതിയിരിക്കുന്നത്. ഇപ്പോഴും മരുഭൂമി എന്ന് കേട്ടാൽ മനസ്സിൽ തെളിയുക തെസിഗറുടെ മുഖമാണ്. മൺക്കാറ്റുകൾ വന്ന് മൂടുമ്പോൾ വിൽഫ്രഡ് തെസിഗറുടെ വിരലുകൾ വന്ന് തൊടുന്നത് പോലെ.....

ശരിക്കും ആധുനിക കാലത്ത് വഴിതെറ്റി വന്നുപിറന്ന ജിപ്‌സിയായിരുന്നു ബ്രിട്ടീഷുകാരനായ ബ്രൂസ് ചാറ്റ്‌വിൻ. തന്റെ കോശങ്ങളിലെ നാടോടിയുടെ ജനിതകം പ്രകാശിച്ചതിനെക്കുറിച്ച് പ്രസിദ്ധമായ ‘IN PATAGONIA’ എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതുന്നത് വായിച്ചപ്പോൾ, ഒരു യാഥാർത്ഥ യാത്രികൻ ജനിക്കുന്നതെങ്ങിനെ എന്നറിഞ്ഞ് അമ്പരന്നുപോയി ‘എന്റെ അമ്മൂമ്മയുടെ ഭക്ഷണമുറിയിലെ ചില്ലലമാരയിൽ ഒരു കഷണം തൊലിയുണ്ടായിരുന്നു. ചെറുതാണെങ്കിലും, അത് കട്ടിയേറിയതും മുടിപോലുള്ള ചുവന്ന നൂലിഴ പിണഞ്ഞതുമായിരുന്നു. അത് ഒരു കാർഡിൽ പിൻ ചെയ്ത് വെച്ച നിലയിലായിരുന്നു. ആ കാർഡിൽ കറുത്ത മഷിയിൽ എന്തോ എഴുതിയിരുന്നെങ്കിലും കുട്ടിയായിരുന്ന എനിക്കത് വായിക്കാൻ പറ്റിയില്ല.

'എന്താണത്?'
'അത് ഒരു പല്ലിയുടെ അവശിഷ്ടമാണ്'
ചരിത്രാതീത കാലത്തെ രണ്ട് മൃഗങ്ങളുടെ പേര് അമ്മയ്ക്കറിയാമായിരുന്നു: ബ്രോണ്ടോസോറസ് എന്ന് പേരുള്ള പല്ലിയും മാമത്തും. ചില്ലലമാരയിലുള്ളത് മാമത്തല്ല എന്ന് അമ്മയ്ക്കറിയാമായിരുന്നു. മാമത്ത് സൈബീരിയയിൽനിന്നും വരുന്നതാണ്.
ഞാൻ പഠിച്ചിട്ടുണ്ട്, ബ്രോണ്ടോസോറസ് പ്രളയത്തിൽ ഒഴുകുകയും നോഹയുടെ പേടകത്തിന് അതിന് ഉൾക്കൊള്ളാൻ സാധിക്കാതിരിക്കുകയും ചെയ്തു. രോമാവൃതമായ ശരീരത്തോടുകൂടി തടിച്ച്, കൂർത്ത പല്ലും പേടിപ്പിക്കുന്ന പച്ച നിറത്തിലുള്ള കണ്ണുകളോടെയുള്ള ഒരു മൃഗത്തെ ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു. ചിലപ്പോൾ ബ്രോണ്ടോസോറസ് കിടപ്പുമുറിയുടെ ചുമരുകൾക്കിടയിലൂടെ വന്ന് വീണ് എന്നെ ഉറക്കത്തിൽനിന്നുണർത്താറുണ്ടായിരുന്നു. പ്രത്യേകതരത്തിലുള്ള ഈ ബ്രോണ്ടോസോറസ്, ദക്ഷിണ അമേരിക്കയിൽ, ലോകത്തിന്റെ അങ്ങേയറ്റത്തുള്ള, പാറ്റഗോണിയയിലാണ് ജീവിച്ചിരുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, അത് ഒരു ജലപാതത്തിൽ വീഴുകയും, നീലമഞ്ഞുകട്ടയുടെ ഉള്ളിൽപ്പെട്ട് ജയിലെന്നോണം താഴ്‌വരയിലേക്കൊഴുകുകയും, ഭദ്രമായി താഴെയെത്തുകയും ചെയ്തു. ഇവിടെയിതാ എന്റെ അമ്മൂമ്മയുടെ കസിൻ, നാവികനായ ചാർളി മിൽവാർഡ് അത് കണ്ടെത്തിയിരിക്കുന്നു....'

മനുഷ്യരും ഫോസിലുകളും ഒന്നിച്ച് പാർക്കുന്ന പാറ്റഗോണിയ. ഒരിടത്തുനിന്നും മടക്കയാത്രകളെക്കുറിച്ചാലോചിക്കാത്ത ചാറ്റ്‌വിൻ, പാറ്റഗോണിയയിൽ ദേശവാസികളിലൊരാളെപ്പോലെ പാർക്കുന്നു. അതിവിചിത്രരായ മനുഷ്യർ, അവരുടെ വേറിട്ട ജീവിതം, ചതുപ്പുകൾ, മഴകൾ, അലയുന്ന മൃഗങ്ങൾ... അജ്ഞാത ഭൂപടം വിടർത്തുന്നതുപോലെ ചാറ്റ്‌വിൻ എഴുതി... നാൽപ്പത്തിയൊൻപതാം വയസ്സിൽ എയിഡ്‌സ് ബാധിച്ച് മരിച്ച ബ്രൂസ് ചാറ്റ്‌വിന്റെ യാത്രകളുടെ ദൈർഘ്യം പാറ്റഗോണിയ മുതൽ കോഴിക്കോട് വരെയാണ്! അലഞ്ഞലഞ്ഞ് കോഴിക്കോട്ടെത്തിയ ചാറ്റ്‌വിൻ തിരിച്ചുപോയതിനുശേഷം ഡൽഹിയിലെ സുഹൃത്തായ പത്രപ്രവർത്തകന് എഴുതി: 'എനിക്ക് കുറച്ച് കോഴിക്കോടൻ ലുങ്കി വാങ്ങി അയക്കുമോ?'

ഓസ്‌ട്രേലിയൻ ആദിവാസികളായ അബോർജിനുകളുടെയിടയിൽ സഞ്ചരിക്കുമ്പോഴും നാടോടികളുടെ ജീവിതവും ചരിത്രവുമെഴുതാനുള്ള വെമ്പലായിരുന്നു ചാറ്റ്‌വിനിൽ കൂടുതൽ. എല്ലാ കെട്ടുകളും പൊട്ടിച്ചുള്ള യാത്രകളിൽ, ബ്രൂസ് ചാറ്റ്‌വിന് ജീവിതം ഒരു കടങ്കഥയായിരുന്നു. ജീവിതത്തിലെ കണക്കുകളും വ്യാകരണങ്ങളും അയാൾക്ക് മനസ്സിലായില്ല. ‘RESTLESSNESS’ ഒരു അസുഖം പോലെ അയാളെ കാർന്നുതിന്നുകൊണ്ടേയിരുന്നു. ഭാര്യയായ എലിസബത്ത് എല്ലാം കണ്ടും സഹിച്ചുംനിന്നു. ജയ്പൂരിലെ വഴികളിലൂടെ എലിസബത്ത് നടന്നുപോവുന്നത് ഒരിക്കൽ ഞാൻ കണ്ടു. വിളറിയ ഒരു ചന്ദ്രക്കല പോലെ തോന്നിച്ചു അവർ. വിഷാദമായിരുന്നു ആ മുഖം നിറയെ. സഞ്ചാരത്തിന്റെ ചുഴലിയിൽപ്പെട്ട് ചിതറിയ ഒരു യാത്രികൻ പതിപ്പിച്ചതായിരുന്നു ആ വിഷാദം.

പീറ്റർ മാത്തിസൻ പ്രകൃതിയിലേയ്ക്കും ഏകാന്തതകളിലേയ്ക്കും സാഹസിക വഴികളിലേയ്ക്കും സഞ്ചരിച്ചപ്പോൾ പോൾ തെറൂ എന്ന അമേരിക്കൻ മിക്കപ്പോഴും ആൾക്കൂട്ടങ്ങൾക്കിടയിലേക്കാണ് യാത്രപോയത്- പൊടിപുരണ്ട തീവണ്ടികളിൽ. നിർത്താതെ മഴപെയ്ത ഒരു സന്ധ്യയിൽ ഓൾഡ് ഗോവയിലെ കടൽത്തിരത്ത് കെട്ടിയുയർത്തിയ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽനിന്നാണ് ആ സന്ധ്യയേക്കാൾ മഞ്ഞിച്ച താളുകളുള്ള, തെറൂവിന്റെ ‘THE GREAT റെയിൽവേ BAZAR’ എന്ന പുസ്തകം ലഭിച്ചത്. ലണ്ടനിൽനിന്ന് ഡയറക്ട് ഓറിയന്റ് എക്‌സ്പ്രസ്സിൽ കയറിയ തെറൂ രാപകലുകളിലൂടെ പാരീസ്-ലുസേ-മിലാൻ-ട്രയിസ്റ്റേ-സാഗ്രബ്-ബൊഗ്രാദ്-സോഫിയ വഴി ഇസ്താംബുളിലെത്തുന്നു. അവിടെനിന്ന് വടക്കുകിഴക്കൻ ഇറാനിലെ മെസ്ഹദിലേക്കുള്ള രാത്രി വണ്ടിയിൽ; ഖൈബർപാസ് ലോക്കലിൽക്കയറി, 39 തുരങ്കങ്ങളും 92 പാലങ്ങളും കടന്ന് കാബൂളിലേക്ക്; ഖൈബർ മെയിലിൽ പാക്കിസ്താനിലെ ലാഹോറിലേക്ക്; ഫ്രണ്ടിയർ മെയിലിൽ ഇന്ത്യയിലേക്ക്; ലോക്കൽ ട്രെയിനിൽ രാമേശ്വരത്തേക്ക്; തലൈമന്നാർ മെയിലിൽ ശ്രീലങ്കയുടെ തുഞ്ചത്തെ ഗള്ളെയിലേക്ക്; മാൻഡാലെ എക്‌സ്പ്രസ്സിൽ ബർമ്മയിലേക്ക്; നോംഖായി എക്‌സ്പ്രസ്സിൽ ബാങ്കോക്കിലൂടെ;ഇന്റർ നാഷണൽ എക്‌സ്പ്രസ്സിൽ വിയറ്റ്‌നാമിലൂടെ; ഗോൾഡൻ ആരോവിൽ കൊലാലംപൂരിലേക്ക്; നോർത്ത് സ്റ്റാർ നൈറ്റ് എക്‌സ്പ്രസ്സിൽ സിംഗപ്പൂരിലേക്ക്; ഹാത്സുകാരി (പ്രഭാതപക്ഷി) ലിമിറ്റഡ് എക്‌സ്പ്രസ്സിൽ ജപ്പാനിലേക്ക്; ഹികാരി സൂപ്പർ എക്‌സ്പ്രസ്സിൽ ക്യോട്ടോവിലേയ്്ക്ക്; ഒടുവിൽ റഷ്യൻ സ്‌റ്റെപ്പികളും മഞ്ഞുപാടങ്ങളും കടന്ന് ഏഴുനാളുകളെടുത്ത് ട്രാൻസ് സൈബീരിയൻ എക്‌സ്പ്രസ്സിൽ മോസ്‌കോയിൽ... അത്ഭുതകരമായിരുന്നു തെറൂവിനൊപ്പമുള്ള ട്രെയിൻ യാത്ര. മാറി മാറി വരുന്ന ഭൂപ്രകൃതി മാത്രമല്ല മനുഷ്യരും മണങ്ങളും ജീവിത കഥകളും വ്യത്യസ്തമായ സംസ്‌കാരങ്ങളും കണ്ടുകണ്ടും അറിഞ്ഞറിഞ്ഞുമങ്ങനെ... ഒടുവിൽ ആ യാത്ര റഷ്യയിൽ അവസാനിക്കുമ്പോൾ സഞ്ചാരം ഒരു കലയും അതിന്റെ വിവരണം സൂക്ഷ്മമായ ധ്യാനവുമാവുന്നു. വർഷങ്ങൾക്കുശേഷം തെറൂ ഈ വഴികളിലൂടെ വീണ്ടും യാത്ര ചെയ്തു. എല്ലാം മാറിയിരുന്നു, പക്ഷേ ജീവിതം അനസ്യൂതം തുടർന്നുകൊണ്ടേയിരുന്നു.

ജയ്പൂരിൽ, മൺഗ്ലാസുകളിൽ ചായ പകരുന്ന കടയിൽ പോൾ തെറൂവുമായ മുഖാമുഖമിരുന്ന് സംസാരിച്ചപ്പോൾ മനസ്സിലൂടെ ഒരായിരം ട്രെയിനുകൾ കൂവിയാർത്തു; പകൽവണ്ടികളും രാത്രിവണ്ടികളും ഏതൊക്കെയോ പാലങ്ങൾ കടന്നുപോയി. സംഭാഷണമവസാനിക്കുമ്പോൾ തെറൂ പറഞ്ഞു: ‘നാലരമാസം നീണ്ട യാത്ര കഴിഞ്ഞ് ഞാൻ എത്തിയപ്പോഴേയ്ക്കും എന്റെ ഭാര്യയ്ക്ക് ഒരു കാമുകൻ ഉണ്ടായി. അവർ എന്റെ വീട്ടിൽ താമസിച്ചുതുടങ്ങിയിരുന്നു. ഞാൻ അവളോട് ചോദിച്ചു: ‘എങ്ങിനെ നിനക്കിതിന് സാധിച്ചു? 'അപ്പോൾ അവൾ പറഞ്ഞു: ‘ഞാൻ കരുതി നിങ്ങൾ മരിച്ചെന്ന്’

മുപ്പത്തിമൂന്ന് വർഷങ്ങൾക്കുശേഷം ഈ അനുഭവത്തെക്കുറിച്ച് തെറൂ എഴുതി: ‘മരിച്ചാൽ എങ്ങിനെയിരിക്കും എന്ന് എനിക്കന്ന് മനസ്സിലായി. പ്രിയപ്പെട്ടവർക്ക് നിങ്ങളെ നഷ്ടപ്പെട്ടേയ്ക്കാം. പക്ഷേ അവരുടെ ജീവിതം നിങ്ങളില്ലാതെയും തുടരും. നിങ്ങളുടെ സ്ഥാനത്ത് പുതിയ മനുഷ്യർ വരും. നിങ്ങളുടെ കസേരയിൽ അവരിരിക്കും, നിങ്ങളുടെ കുഞ്ഞുങ്ങളെ കളിപ്പിയ്ക്കും, അവരെ ഉപദേശിയ്ക്കും, അവർ നിങ്ങളുടെ കിടക്കയിൽ ഉറങ്ങും, നിങ്ങളുടെ ചിത്രങ്ങൾ കാണും; പുസ്തകങ്ങൾ വായിക്കും; നിങ്ങളുടെ പണം ചെലവഴിയ്ക്കും; നിങ്ങളുടെ മരണം മിക്കസമയവും മറക്കപ്പെടും....' സഞ്ചാരവും സഞ്ചാര സാഹിത്യവും സങ്കീർണ്ണമായ ഒരു ജീവിതപാഠം കൂടിയാണ് എന്ന് പോൾ തെറൂ പഠിപ്പിച്ചു.

പീറ്റർ മാത്തിസനെപ്പോലെ ഭാര്യ മരിച്ച് ദു:ഖത്തിന്റെ കനവുമായിട്ടാണ് ബ്രിട്ടീഷ് യാത്രികനായ കോളിൻ തുബ്രോൺ തനിയെ കൈലാസത്തിലേക്ക് യാത്ര ചെയ്യുന്നത്. മധ്യപൗരസ്ത്യ ദേശങ്ങളിലൂടെയും സൈബീരിയയിലൂടെയും റഷ്യയിലൂടെയും വിപുലമായി സഞ്ചരിച്ചയാളായിരുന്നു തുബ്രോൺ. കൈലാസത്തിലേയ്ക്കുള്ള യാത്ര അദ്ദേഹത്തെ ശുദ്ധീകരിക്കുന്നു. തുബ്രോണിന്റെ ചില അനുഭവങ്ങൾ കഥകളെപ്പോലും വെല്ലുന്നതായിരുന്നു. ടിബറ്റിന്റെയും നേപ്പാളിന്റെയും അതിർത്തിയിൽവെച്ചാണ് അദ്ദേഹം ഇത്തരത്തിലൊന്നിന് സാക്ഷിയായത്: ‘രാത്രിയായപ്പോൾ വൃദ്ധനായ ഒരു മനുഷ്യൻ പതറിപ്പതറി ഹിൽസാ പാലം കടന്നുവന്നു. അയാളുടെ ചെറുപ്പക്കാരനും ബുദ്ധമത സന്യാസിയുമായ മകൻ, അച്ഛനെ കരുതലോടെ ചേർത്ത് പിടിച്ച് ഇപ്പുറത്തുള്ള നേപ്പാളിന്റെ മണ്ണിലേക്ക് കടത്തി. പാലം ആടുകയും ഞെരങ്ങുകയും ചെയ്തു. ചെമ്മരിയാടിന്റെ തോലിൽ ചൈനീസ് സിൽക്കിന്റെ കരവെച്ച ജാക്കറ്റായിരുന്നു വൃദ്ധനായ പിതാവ് ധരിച്ചിരുന്നത്. പാലം കടക്കവേ മറുകരയിലുള്ള ചെറിയ സങ്കേതത്തിലേക്ക് അദ്ദേഹം നോക്കിക്കൊണ്ടേയിരുന്നു....... മകന് ഇംഗ്ലീഷ് സംസാരിക്കാനറിയുമായിരുന്നു. ടിബറ്റിൽനിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത അയാൾ ഡെറാഡൂണിൽ പഠിക്കുകയാണ്. അയാൾക്കൊരിക്കലും സ്വദേശത്തേക്ക് തിരിച്ചുപോവാൻ സാധിക്കില്ല. പക്ഷേ എല്ലാ വർഷവും അയാളുടെ വൃദ്ധനായ പിതാവ് അതിർത്തികടന്ന് ഹുംലയ്ക്ക് വരും. ആരുടേതുമല്ലാത്ത ഭൂമി (NO MAN'S LAND)യിൽ നാല് ദിവസം അവർ പാർക്കും. സംസാരിക്കും. എല്ലാ വർഷവും പാലത്തിനപ്പുറത്തേയ്ക്കുമിപ്പുറത്തേയ്ക്കും പിരിയുമ്പോൾ ഇരുവരും കരുതും ഇത് അവസാനത്തെ സമാഗമമാണ്!'

കുറച്ച്് വർഷങ്ങൾക്ക് മുമ്പ് കോളിൻ തുബ്രോണിനെ കാണാനിടയായി. അദ്ദേഹത്തിനപ്പോൾ 76 വയസ്സായിരുന്നു. ഇലകൊഴിഞ്ഞ ഒരു വൃക്ഷത്തെപ്പോലെ ശോഷിച്ച അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് വാർധക്യം പടർന്നിരുന്നു. ‘ഇനി എങ്ങോട്ടാണ് അങ്ങ് യാത്ര പോവുന്നത്?' -ഞാൻ ചോദിച്ചു. ‘മംഗോളിയയിൽത്തുടങ്ങി സൈബീരിയയിലൂടെ ചൈനയുടെ അതിർത്തികളെത്തൊട്ടൊഴുകി റഷ്യയിൽപ്പടരുന്ന അമുർ നദിയുടെ ഉദ്ഭവത്തിലേയ്ക്ക്-അദ്ദേഹം പറഞ്ഞു.

ഈ പ്രായത്തിൽ അദ്ദേഹത്തിന് ഇത്രയും വലിയ ഒരു യാത്ര സാധിക്കുമോ എന്ന് എന്നിലെ പരിമിത വിഭവൻ സംശയിച്ചു. എന്നാൽ ആറ് വർഷങ്ങൾക്കുശേഷം,81-ാം വയസ്സിൽ, തുബ്രോൺ എഴുതിയ ‘THE AMUR RIVER-BETWEEN റഷ്യ AND CHINA’ എന്ന പുസ്തകം എന്നെത്തേടിയെത്തി. ചെങ്കിസ്ഖാൻ ഉറങ്ങുന്ന മംഗോളിയൻ പുൽമേടുകളിലൂടെ കുതിരപ്പുറത്ത് ഇറങ്ങിവരുന്ന തുബ്രോൺ പല തവണ വീഴുകയും നെഞ്ചിൻകൂട് തകരുകയും ചെയ്യുന്നുണ്ട്. ഒന്നിലധികം തവണ അദ്ദേഹം ചൈനീസ് പോലിസിന്റെ പിടിയിലായി. എന്റെ അച്ഛനേക്കാൾ ഒരു വയസ്സിനിളപ്പമേ തുബ്രോണിനുണ്ടായിരുന്നുള്ളൂ. വാർദ്ധക്യത്തിന്റെ പരവശതകളുമായി, വീഴുമെന്ന് പേടിച്ച് അധികം നടക്കാൻപോലും മടിക്കുന്ന അച്ഛനേയും ഏതൊക്കെയോ വഴികളിലൂടെ ഈ പ്രായത്തിലും അലഞ്ഞുകൊണ്ടേയിരിക്കുന്ന കോളിൻ തുബ്രോണേയും ഞാൻ താരതമ്യപ്പെടുത്തി നോക്കിയിരുന്നു. അപ്പോഴൊക്കെ ബ്രൂസ് ചാറ്റ്്‌വിൻ പറഞ്ഞ ആ വാക്കിൽത്തന്നെച്ചെന്ന് ഞാൻ മുട്ടിനിന്നു: RESTLESSNESS... RESTLESSNESS...
…..………………..
ഈ എഴുത്തുകാരെല്ലാം എന്നെ പഠിപ്പിച്ചതെന്താണ്? സഞ്ചാരികളെല്ലാം സഞ്ചാരസാഹിത്യകാരന്മാരല്ല എന്ന സത്യമാണ് പ്രധാനപ്പെട്ടത്. എല്ലാ യാത്രകളും എഴുതപ്പെടേണ്ടതല്ല എന്നും, കണ്ടതും അനുഭവിച്ചതുമെല്ലാം വിളിച്ചുപറയുന്ന മൈക്ക് അനൗൺസ്‌മെന്റല്ല സഞ്ചാരസാഹിത്യം എന്നും മനസ്സിലായി. ടൂർ ഡയറി ഒരിക്കലും സഞ്ചാരസാഹിത്യമാവുന്നില്ല. വിവരങ്ങൾ നിരത്തുന്ന വിക്കീപീഡിയയുമല്ല സഞ്ചാരസാഹിത്യം. ഇപ്പറഞ്ഞ എഴുത്തുകാരെല്ലാം ദൃശ്യമാധ്യമങ്ങൾക്കും മുമ്പുള്ള കാലത്ത് വാക്കുകളിലൂടെയും ഭാഷയിലൂടെയും അപരിചിതലോകങ്ങളെ ദൃശ്യവൽക്കരിച്ചു. രവീന്ദ്രന്റെ ‘അകലങ്ങളിലെമനുഷ്യർ’ എന്ന പുസ്തകത്തിന്റെ ആദ്യ അദ്ധ്യായമായ 'പുകയുന്ന ഗ്രാമങ്ങൾ' തുടങ്ങുന്നത് നോക്കൂ: 'രാവിലെ രണ്ട് പോത്തുകൾ വലിച്ച ഒരു വണ്ടിയിൽ ഗ്രാമത്തിലെ ഏതാനും സ്ത്രീകൾ നാലഞ്ച് നാഴിക അകലെയുള്ള രേണുകാ ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഇപ്പോൾ വൈകുന്നേരം അവർ തിരിച്ചുവരുന്നു. ദൂരെ വയലുകൾ മുറിച്ചെത്തി അവരുടെ വണ്ടി ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് എനിക്ക് കാണാം...'

രവീന്ദ്രന്റെ വാക്കുകളിലൂടെ വായനക്കാരും ആ ഗ്രാമത്തിലേക്ക് എത്ര അനായാസമായാണ് പ്രവേശിക്കുന്നത്! പാക്കേജ് ടൂറുകാർ തിരിച്ചെത്തി പരത്തിപ്പറയുന്നതിനൊക്കെ എത്രയോ അപ്പുറം, തനിയെ ഉദിച്ചുനിൽക്കുന്ന ധ്രുവ നക്ഷത്രമാണ് സഞ്ചാര സാഹിത്യം. അത് ആർക്കും ചെയ്യാവുന്ന അനായാസമായ തൊഴിലല്ല എന്ന് മഹാന്മാരായ ഈ പൂർവ്വസൂരികൾ എന്നെ പഠിപ്പിച്ചു. അത് സാധനയും സർഗ്ഗാത്മകതയുമാണ്. സഞ്ചാരസാഹിത്യകാരൻ വെറും വഴിപോക്കനല്ല; വഴിയും വാക്കും വിളക്കുമാണ്. എല്ലായ്‌പോഴും അയാൾ തനിച്ചുമാണ്. മഹായാത്രികർ കടന്നുപോയ പാതകളിലെ മൺധൂളിയാവാനാണ് മോഹം....

Content Highlights: This article explores the evolution, creative depth, and philosophical significance of travel literature, highlighting legendary writers such as S.K. Pottekkatt, Peter Matthiessen, and Bruce Chatwin.