പേരിന്റെ അർത്ഥം പോലെ നിറഞ്ഞു ചിരിച്ച് ഇവ; സ്ത്രീശക്തി തെളിയിക്കുന്ന മേഘാലയൻ തെരുവ്

ഇവ എന്ന വാക്കിനർത്ഥം നന്നായി ചിരിയ്ക്കുന്നത് എന്ന് കൂടിയാണ്. ഇവയ്ക്ക് ഈ പേര് ചേരും. മനോഹരമായ ചിരിയാണിവൾക്ക്. നോഹാലിയ വെള്ളച്ചാട്ടത്തിനടുത്ത് കരകൗശല സാധനങ്ങൾ വിൽക്കുന്ന കടയുടമയാണ് ഇവ.
കട നിറയെ സാധനങ്ങളുണ്ട്. ഫോർട്ട് കൊച്ചിയിലോ അല്ലെങ്കിൽ ഡൽഹിയിലെ ജൻപഥിലോ കരകൗശലക്കടയിൽ കയറിയാൽ മഹാഭൂരിപക്ഷവും ഒരേപോലുള്ള സാധനങ്ങളായിരിക്കും. എന്നാൽ, ചിറാപ്പുഞ്ചിയിലെ നോഹാലികയിൽ അങ്ങനെയല്ല. ഈ നാടിനെ അടയാളപ്പെടുത്തുന്ന പല സാധനങ്ങളും ഇവിടെ വാങ്ങാൻ കിട്ടും.
തേയിലക്കൊളുന്ത് നുള്ളാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ പോകുമ്പോൾ പിറകിൽ കെട്ടിവയ്ക്കുന്നതുപോലെ കൊട്ട. ആ കൊട്ടയുടെ ചെറിയ രൂപം. അമ്പും വില്ലും, പലരൂപങ്ങൾ മരത്തിൽ കൊത്തിയെടുത്തിട്ടുണ്ട്. മുള രാകിമിനുക്കിയെടുത്ത സുന്ദരരൂപങ്ങൾ വേറെയും. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി കാലങ്ങൾക്കു ശേഷവും ആ ദിവസത്തെ, ഈ സ്ഥലത്തെ ഓർമയിലെടുക്കാൻ സഹായിക്കുന്ന വസ്തുക്കൾ.
മേഘാലയയിലെ ഖാസി കുന്നുകളിൽപ്പെട്ടതാണ് ചിറാപ്പുഞ്ചിയും അവിടത്തെ നോഹാലിക വെള്ളച്ചാട്ടവുമെല്ലാം. ഖാസികൾ മേഘാലയയിലെ ഏറ്റവും പ്രധാനപ്പെട്ട ഗോത്ര വിഭാഗമാണ്. ഗോത്ര നിയമങ്ങളിലൂന്നി ഇപ്പോഴും ജീവിക്കുന്ന ജനത. പല കാര്യങ്ങളിലും മാതൃകയാണ് ഖാസി സംസ്‌കാരം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ഗോത്രം സ്ത്രീകൾക്ക് നൽകുന്ന പരിഗണനയാണ്. മേഘാലയയിലെ ഏത് തെരുവിൽ പോയാലും ഏത് സമയത്തും നമുക്ക് സ്ത്രീകളെ കാണാം. തെരുവിനെ ആസ്വദിക്കുന്നവർ, അവിടെ തട്ടുകട നടത്തുന്നവർ, കുടുബത്തേയും കൊണ്ട് പലദിക്കിൽ പോയി വരുന്നവർ. അങ്ങനെ എല്ലാ മേഖലയിലും സ്ത്രീകളെ കാണാം. മേഘാലയയിൽ കുടുംബം നോക്കുന്നത് തന്നെ സ്ത്രീകളാണെന്നു പറയാം.
ഇവയുടെ വിവാഹം കഴിഞ്ഞതാണ്. കുട്ടികളുമുണ്ട്. ഇവ പക്ഷേ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ പോയി താമസിക്കേണ്ടതില്ല. ഖാസി ഗോത്രരീതി പ്രകാരം വിവാഹം കഴിഞ്ഞാൽ സ്ത്രീയുടെ വീട്ടിലാണ് പുരുഷൻ പിന്നീടുള്ള കാലം കഴിയേണ്ടത്. വീട് നോക്കുന്നതും നയിക്കുന്നതുമെല്ലാം സ്ത്രീകളാണ്. അതുകൊണ്ട് സ്ത്രീയെ ചൂഷണം ചെയ്യുന്നതും അടിച്ചമർത്തുന്നതുമെല്ലാം മേഘാലയയിൽ കുറവാണെന്ന് ഇവയും അവരുടെ സമൂഹത്തിലുള്ളവരും പറയുന്നു.
''ഞാനും ഭർത്താവുമെല്ലാം എന്റെ വീട്ടിലാണ്. ഇവിടെ ഇതാണ് രീതി'' എന്ന് ഇവ പറഞ്ഞതിൽനിന്നാണ് ആ സംസ്‌കാരത്തേക്കുറിച്ച് കൂടുതൽ അന്വേഷിച്ചത്. അമ്മയുടെ വീടും കുടുംബവുമായി ബന്ധപ്പെട്ടാണ് മേഘാലയയിൽ സ്വത്തവകാശം ഉൾപ്പെടെ തീരുമാനിക്കുന്നത്. കുടുംബത്തിലെ ഏറ്റവും ഇളയ മകൾക്കാണ് തറവാട്ടുവീട് സംരക്ഷിക്കാനുള്ള ചുമതല. വീടും അതിനോട് ചേർന്ന സ്വത്തും നോക്കി നടത്താനുള്ള ചുമതല ഇളയ പെൺകുട്ടിയ്ക്ക് കൈമാറി വരുന്നു. ഖാസി വിഭാഗത്തിലെ ഈ സമ്പ്രദായം സ്ത്രീകൾക്ക് സമൂഹത്തിൽ വലിയ പരിഗണന ലഭിക്കാൻ കാരണമായി. ഇവിടെ പല മേഖലകളിലും സ്ത്രീമുന്നേറ്റം കാണാൻ കഴിയും.
''വീട്ടിലേയ്ക്ക് വരുന്നോ, ഞങ്ങളുടെ പ്രത്യേക ഭക്ഷണമെല്ലാം ഉണ്ടാക്കിത്തരാം.''
കേരളത്തിൽനിന്നാണ് എന്നെല്ലാം അറിഞ്ഞ ശേഷം ഇവ വീട്ടിലേയ്ക്ക് ക്ഷണിച്ചു. അടുത്ത തവണയാകട്ടെയെന്നു പറഞ്ഞ് സ്നേഹപൂർവ്വം നിരസിച്ചു. എങ്കിലും ഇവ കാണിച്ച പരിഗണനയിലും അവർ നൽകിയ ചിരികളിലും സന്തോഷം തോന്നി.
നോഹാലിക വെള്ളച്ചാട്ടം കാണാൻ ആരെങ്കിലും പോകുന്നുവെങ്കിൽ ഇവയെക്കൂടി കാണൂ. അവിടെ കാർ പാർക്ക് ചെയ്യുന്നതിനടുത്തെ കുഞ്ഞുകടയിൽ നല്ല ചിരിയുമായി അവർ കാത്തിരിക്കുന്നുണ്ട്. ഖാസി കുന്നുകളിലെ മുളന്തണ്ടുകൾ മിനുക്കിയെടുത്ത അവരുടെ അലങ്കാരവസ്തുക്കളെ ഓർമ്മയായി വാങ്ങാം. ഇനി നമുക്ക് ഖ്ലേരിയാത്തിലേയ്ക്ക് പോകാം. അവിടെ കോടപെയ്യുന്ന മലനിരകളിൽ കുറേ പാതാളഗർത്തങ്ങളുണ്ട്.
Content Highlights: Explore the unique matrilineal society of the Khasi tribe in Meghalaya., Meet Eva, a local artisan selling bamboo and wooden handicrafts near Nohkalikai Falls., Understand the Khasi tradition where husbands move into the wife's home and property is inherited by the youngest daughter.