മുളങ്കാട് നിറഞ്ഞ മലനിര, മേഘക്കൂട്ടങ്ങൾ, ഡ്രൈവർ സൈഡിൽ കരുതിവെച്ച വെട്ടുകത്തി

പുലർച്ചെ അഞ്ച് മണിയായിട്ടേയുള്ളു. പക്ഷേ ഇതിലും നേരത്തേ നേരംവെളുത്തിട്ടുണ്ട്. ആൾത്തിരക്കും വാഹനത്തിരക്കുമില്ലാത്ത ഐസ്വാൾ നഗരവഴികളിലൂടെ ബൊലേറോ ഹെലിപ്പാഡിനടുത്തുള്ള ടാക്സി സ്റ്റാൻഡിലേയ്ക്ക് പോകുകയാണ്. ഇന്നലെ രാത്രിയിലെ ട്രാഫിക് വെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ യാത്ര അത്ഭുതമാണ്. ഇന്നലെ ഒന്നര മണിക്കൂറ് കൊണ്ട് ഏന്തി വലിഞ്ഞ് എത്തിയ സ്ഥലത്ത് ഇന്ന് പത്ത് മിനിറ്റുകൊണ്ടെത്തി.
''നാല് മണിയ്ക്ക് തുറക്കും''.
ടാക്സി സ്റ്റാൻഡിനടുത്ത് ചായക്കട നടത്തുന്ന ചേച്ചി കപ്പിലേയ്ക്ക് ചായയൊഴിച്ച് കൊണ്ട് പറഞ്ഞു. ഐസ്വാളിലെ മിക്കവയും പോലെ ഇതും ചെറിയ കടയാണ്. കയറിയിരുന്ന് കഴിക്കാനൊന്നും സൗകര്യമില്ലാത്ത കട. എങ്കിലും പുലർച്ചെ തന്നെയെത്തി ചേച്ചി യാത്രികർക്ക് ചായ വിൽക്കുന്നു.
റോഡിന്റെ അപ്പുറത്തേയ്ക്ക് നോക്കി നിൽക്കുമ്പോൾ പിന്നിൽ നിന്ന് മണി കിലുങ്ങുന്ന ശബ്ദം. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യമെടുക്കാൻ വന്ന വണ്ടിയിൽ നിന്നാണ് ആ മണിയൊച്ച . വണ്ടി എത്തി എന്നറിയിക്കാൻ തൊഴിലാളി മണി കിലുക്കിക്കോണ്ടിരിക്കുന്നു. ആളുകൾ, കവറിലും കൊട്ടയിലുമായി എടുത്തുവെച്ച പ്ലാസ്റ്റിക്കും മറ്റും ലോറിയിലേയ്ക്ക് എത്തിച്ച ശേഷം മടങ്ങുന്നു. രാവിലെ ആറ് മണിയാകുമ്പഴേയ്ക്ക് തന്നെ ഇതെല്ലാം നടക്കുന്നു.
ചുരാചന്ത്പൂരിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ് നമ്മുടെ ടാറ്റാ സുമോ. ഒരുക്കം കണ്ടപ്പൊ ഇവിടുത്തെ യാത്രകളെപ്പറ്റി അൽപ്പം ധാരണയൊക്കെ വന്നു. സുമോയുടെ മുകളിൽ ഏതാണ്ട് ഒന്നര മീറ്ററോളം ഉയരത്തിൽ എന്തൊക്കെയോ സാധനങ്ങൾ കെട്ടിവെച്ചിട്ടുണ്ട്. ഐസ്വാളിൽ നിന്ന് ചുരാചന്ത്പൂരിലെത്തിക്കാനുള്ള ചരക്കാണ് അതെല്ലാം. ബാഗിലും കാർഡ്‌ബോഡ് പെട്ടിയിലുമായി കുറേ സാധനങ്ങൾ ഇപ്പോഴും കയറ്റിക്കോണ്ടിരിക്കുന്നു. 14 കിലോയുടെ ഗ്യാസ് സിലിണ്ടറും അതിനിടയിലേയ്ക്ക് കയറ്റി വച്ചു. മുകൾ ഭാഗം പെട്ടികൾ കൊണ്ട് നിറഞ്ഞിട്ടും ഞങ്ങൾ യാത്രക്കാരുടെ ബാഗുകൾ കയറ്റിയിട്ടില്ല. വഴിയോരത്ത് കൂട്ടിയിട്ട ബാഗുകളെല്ലാം ഒടുവിൽ ടാറ്റാസുമോയുടെ പിറകിൽ ഒരോന്നോരോന്നായി അടുക്കിവെച്ച് കയറു കെട്ടി. അതിന് മുകളിലൊരു പ്ലാറ്റിക് ഷീറ്റ് കൂടി കെട്ടി മുറുക്കി. മഴ വന്നും പോയുമിരിക്കുന്ന കാലാവസ്ഥയിൽ ആ കരുതൽ നല്ലതാണെന്ന് തോന്നി.
എല്ലാം കഴിഞ്ഞ് വണ്ടിയെടുക്കാൻ ഏഴ് മണിയായി. സുമോയുടെ ഏറ്റവും പിറകിലാണ് ഞങ്ങളുടെ സീറ്റ്. എനിയ്ക്കും വൈശാഖിനുമൊപ്പം ഐസ്വാളുകാരി സാറയും. ചുരാചന്ത്പൂരിനടുത്തുള്ള ഗ്രാമത്തിലേയ്ക്കാണ് സാറയുടെ ചേച്ചിയെ വിവാഹം കഴിച്ച് കൊണ്ടു പോയത്. കഴിഞ്ഞ മൂന്ന് വർഷമായി സാറ ചേച്ചിയെ നേരിട്ടു കണ്ടിട്ടില്ല. ഇപ്പോൾ ആ സുന്ദരമായ കൂടിക്കാഴ്ചയ്ക്കുള്ള പോക്കാണ്.
ഐസ്വാൾ നഗരത്തിലെ കെട്ടിടങ്ങളുടെ തിരക്കിൽ നിന്ന് അധികം വൈകാതെ മലനിരകളുടെ ഏകാന്തതയിലേയ്ക്ക് ഞങ്ങളുടെ വണ്ടി പാഞ്ഞു. ഏത് ദിക്കിലേയ്ക്ക് നോക്കിയാലും ഒരേ പോലിരിക്കുന്ന മലകൾ. എല്ലായിടത്തും മുളങ്കാടാണ്. പേര് പൊട്ടാതെ ഒരു തൈ പൊട്ടിച്ചെടുത്ത് വീട്ടു മുറ്റത്തെ വരമ്പിൽ നട്ടാൽ മനോഹരമായിരിക്കുമെന്ന് തോന്നി. മുള്ളില്ലാത്ത വീതി കുറഞ്ഞ മുളങ്കമ്പ്, മെലിഞ്ഞ നീളനിലകൾ. മേഘക്കൂട്ടങ്ങൾ മുതൽ അരുവിയുടെയോരം വരെ ഈ മുളങ്കാടുകൾ മാത്രം. വീടുകളോ മറ്റേതെങ്കിലും കെട്ടിടങ്ങളോ എവിടെയും കാണാനില്ല. അടുത്തകാലത്തെപ്പെഴോ പണിത റോഡിന് പുതിയതിന്റെ തിളക്കം മാറിയിട്ടില്ല. അതുകൊണ്ട് ടാറ്റാ സുമോയുടെ പിൻസീറ്റ് യാത്രയുടെ കുഴപ്പം ഇതുവരേ കാര്യമായി അറിഞ്ഞ് തുടങ്ങിയിട്ടില്ല.
സാറ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്.
'' കേരളത്തെ എനിക്കിഷ്ടമാണ്.''
അതെന്തു കൊണ്ടാണ്?
''ആളുകളുടെ ഇടപെടൽ. അവിടുത്തെ ലിറ്ററസി റേറ്റ്. രസമുള്ള സ്ഥലങ്ങൾ. എല്ലാം ഇഷ്ടമാണ്.'' - സാറയും നമ്മുടെ നാടിനെ അറിയുന്നു.
സാറയുടെ അമ്മയും അച്ഛനും ചെറുപ്പത്തിലേ മരിച്ചു പോയതാണ്. അതിനു ശേഷം ചേച്ചിയുമവളും അമ്മവീട്ടിൽ നിന്ന് പഠിച്ചു. ചേച്ചി കുറച്ച് വർഷങ്ങൾക്ക് മുൻപ് വിവാഹം കഴിഞ്ഞ് പോയതോടെ ശരിക്കും ഒറ്റയ്ക്കാണ് സാറ. ക്രാഫ്റ്റ് വർക്കുകൾ ചെയ്യാൻ ചെറുപ്പത്തിലേ താൽപര്യമുണ്ടായിരുന്ന സാറ പഠനത്തിന് ശേഷം സ്വന്തമായി ബിസിനസ് തുടങ്ങി. ഷൂവിന് മുകളിൽ ചെയ്യുന്ന ക്രാഫ്റ്റ്.
നമ്മുടെ കയ്യിലൊരു ഷൂവുണ്ടെങ്കിൽ, അത് പുതിയതോ പഴയതോ ഏതായാലും സാറ അതിനെ രസമുള്ളതാക്കി മാറ്റിത്തരും. ഇന്നാട്ടിൽ കല്യാണത്തിനും മറ്റ് ആഘോഷ പരിപാടികൾക്കുമെല്ലാം ചന്തമുള്ള ഷൂ ധരിച്ചിറങ്ങുന്ന ആളുകളുണ്ട്. അവരെ കണ്ടു കൊണ്ടാണ് സാറ കച്ചവടത്തിനിറങ്ങിയത്. ഇപ്പോൾ നന്നായി ജീവിക്കാനുള്ള വരുമാനം അതിലൂടെ കിട്ടുന്നുണ്ട്.
'' ഡൽഹിയിൽ പോയി കച്ചവടം വലുതാക്കണം എന്നൊക്കെയുണ്ട്'' - സാറ പറഞ്ഞു.
നല്ലതല്ലേ, ഡൽഹിയ്ക്ക് കയറൂ. അവിടെ കുറച്ച് പരിചയക്കാരൊക്കെയുണ്ട്, സഹായിക്കാമെന്ന് സാറയോട് പറഞ്ഞു.
''പക്ഷേ, അത് നടക്കുമെന്ന് തോന്നുന്നില്ല. അവിടെയുള്ള മിക്കവരും ഞങ്ങളെ ഇന്ത്യക്കാരായി കാണുന്നില്ല. ഒരു പാട് പ്രശ്നം നേരിടേണ്ടി വരും.''
കുറച്ച് വിഷമത്തോടെയാണ് സാറ ഇക്കാര്യം പറഞ്ഞത്. ജനിച്ച് വളർന്ന രാജ്യത്തിന്റെ തലസ്ഥാനത്ത് പോയി പണിയെടുത്ത് ജീവിക്കാൻ ഒരു യുവതിയെ തടയും വിധം ഉറഞ്ഞു തുള്ളുന്ന വംശീയ വിദ്വേഷം. അടുത്തിടെ കൊല്ലപ്പെട്ട മണിപ്പൂരി കലാകാരൻ ഉൾപ്പെടെ ഡൽഹിയിൽ വംശീയ വിദ്വേഷത്തിന് ഇരകളേറെയുണ്ട്. ഒരു മലയാളിയും തമിഴ്നാട്ടുകാരനും ഡൽഹിയിൽ പോയി പണിയെടുത്ത് ജീവിക്കും പോലെ വടക്കു കിഴക്കൻ സംസ്ഥാനത്തെ ഒരാൾക്ക് കഴിയില്ല എന്ന് ഇവിടുത്തുകാർ കരുതുന്നുവെന്ന് ചുരുക്കം. ഈ ഭയവും കൂടിച്ചേർന്ന ഒന്നാണ് സ്വാതന്ത്ര്യത്തിന് ശേഷം നാം വളർത്തിയെടുത്ത ഇന്ത്യ .
സംസാരിച്ചും കാഴ്ചകൾ കണ്ടും സമയം പൊയ്ക്കോണ്ടിരിക്കുകയാണ്. മലഞ്ചെരിവിലെ വളവ് തിരിഞ്ഞപ്പോൾ വണ്ടി വഴിയോരത്ത് നിർത്തി. നീളൻ ട്രൗസറും ബനിയനുമിട്ട ഡ്രൈവർ പുറത്തേയ്ക്കിറങ്ങി. അദ്ദേഹം പ്രാദേശിക ഭാഷയിൽ എന്തോ പറഞ്ഞു. മൂത്രമൊഴിക്കണമെങ്കിൽ ഇറങ്ങിക്കോളു എന്നാണ് അപ്പറഞ്ഞതെന്ന് സാറ ട്രാൻസ്ലേറ്റ് ചെയ്തു. ഞാനും വൈശാഖും ഡ്രൈവറുമൊഴികെ വണ്ടിയിലുള്ളവരെല്ലാം സ്ത്രീകളാണ്. മൂത്രപ്പുരയോ മറ്റ് സംവിധാനമോ ഒന്നുമില്ലാത്ത സ്ഥലത്ത് ഈ സ്ത്രീകളെങ്ങനെ മൂത്രമൊഴിക്കാൻ പോകുമെന്ന് ആലോചിച്ചു. ആ ആലോചന അധികം നീണ്ടില്ല. ധരിച്ച കുപ്പായത്തിനൊപ്പം ഷോളുപോലെ കഴുത്തിൽ കുരുക്കിയിട്ട ചെറിയ പുതപ്പുപോലുള്ള തുണിയും കൊണ്ട് മുന്നിലെ സീറ്റിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾ വഴിയോരത്തെ കുറ്റിക്കാട്ടിലേയ്ക്ക് പോയി. ആ തുണി പുതച്ച് അവരവിടെ മൂത്രമൊഴിച്ചു.
വഴിയോരത്തും പാടവരമ്പിലും അങ്ങനെ തുറസ്സായ എല്ലായിടത്തും ആണുങ്ങൾ നിന്ന് മൂത്രമൊഴിക്കുന്നത് സർവ്വവ്യാപിയായ കാഴ്ചയാണല്ലൊ. പക്ഷേ, സ്ത്രീകൾക്ക് അങ്ങനെയൊരു സൗകര്യം കിട്ടുന്നത് ഇതാദ്യമായി കാണുകയാണ്. ഇന്നാട്ടിൽ ഇത് പതിവാണെന്ന് തോന്നുന്നു. കേരളത്തിലെ പലയിടത്തും യാത്രയ്ക്കിടെ കാണുന്ന ടേക്കേ ബ്രേക്കും പെട്രോൾ പമ്പുകളുമൊന്നും ഈ മലയോര യാത്രയിൽ കണ്ടില്ല. ഇത്തരം സാഹചര്യത്തിൽ പറ്റാവുന്നത് പോലെ കാര്യം നടത്തുക എന്നത് മാത്രമാണല്ലൊ ആളുകൾക്ക് ചെയ്യാൻ കഴിയു.
പന്ത്രണ്ട് മണിയോടെ ഹോട്ടലിൽ കയറി ചോറും ബീഫ് കറിയും ചിക്കൻ വറുത്തതുമെല്ലാം കഴിച്ച് യാത്ര തുടരുന്നു. ഇടയ്ക്ക് മാത്രം വീടുകൾ. അതും മരവും തകര ഷീറ്റുകളും കൊണ്ട് കെട്ടി മറച്ച ചെറിയ കെട്ടിടങ്ങൾ മാത്രമാണ്. മൂന്ന് മണിയോടടുത്ത് ഐഡിയൽ പാലത്തിനടുത്തെത്തി. പാലം കടന്നാൽ മണിപ്പൂർ. പക്ഷേ പാലം കടക്കും മുമ്പ് പോലീസിന്റെ പരിശോധനയുണ്ട്.
വണ്ടിയിൽ ആരൊക്കെയാണ്?
എവിടേയ്ക്ക് പോകുന്നു എന്നെല്ലാം ഡ്രൈവർ ചെക്ക് പോസ്റ്റിൽ പോയി പറഞ്ഞു. ചെക്ക് പോസ്റ്റ് എന്ന് പറഞ്ഞാൽ വലിയ സംവിധാനമൊന്നുമല്ല. രണ്ട് പായ കെട്ടിവലിച്ചുണ്ടാക്കിയ താൽക്കാലിക ഷെഡ്. ഒരു വാഹനത്തിന് മാത്രം കഷ്ടി കടന്നു പോകാൻ പറ്റുന്ന ഐഡിയൽ പാലം കടന്ന് മണിപ്പൂരിലേയ്ക്ക് പ്രവേശിച്ചു. ഈ യാത്രയിലെ നാലാമത്തെ സംസ്ഥാനം. സംസ്ഥാനം മാറിയപ്പോൾ വലിയ മാറ്റം സംഭവിച്ചത് റോഡിനാണ്. ഇവിടെ മണിപ്പൂരിൽ റോഡില്ല!
പണ്ടെപ്പൊഴോ ടാറ് ചെയ്ത റോഡിൽ ഇളകിപ്പറിഞ്ഞ കല്ല് മാത്രമേ ബാക്കിയുള്ളു. ഒമ്പത് പേരെയും പിന്നെ അതിലും ഭാരമുള്ള ഭാണ്ഡക്കെട്ടുകളുമായി ടാറ്റാ സുമോ കുലുങ്ങിക്കുലുങ്ങി വഴികൾ താണ്ടുന്നു. ഇടയ്ക്കൊരു പാലം കൂടിക്കടന്നു പിന്നെയും കാട്ടിലൂടെ യാത്ര തുടരുന്നു. ഇപ്പൊ താഴെപ്പോകും എന്ന് തോന്നിക്കും വിധം പലപ്പോഴും വണ്ടി ആടിയുലഞ്ഞു.
ഡ്രൈവറുടെ വലതുവശത്തെ ഡോറിൽ അപ്പോഴാണ് ആ കാഴ്ച കണ്ടത്. വലുപ്പമുള്ള വെട്ടുകത്തി അദ്ദേഹം കരുതി വെച്ചിട്ടുണ്ട്. കലാപം കൊടുമ്പിരി കൊള്ളുന്ന മണിപ്പൂരിൽ ഓരോ മനുഷ്യനും സ്വയം പ്രതിരോധത്തിനുള്ള വഴി കൂടി കണ്ട് വയ്ക്കുന്നുണ്ട്. നമ്മളിപ്പോൾ സഞ്ചരിക്കുന്ന വഴികളും നമുക്കെത്താനുള്ള ചുരാചന്ത്പൂരും കുക്കി ഭൂരിപക്ഷ മേഖലയാണ്. അതുകൊണ്ട് തന്നെ വണ്ടിയോടിക്കുന്നയാളും കുക്കിയായിരിക്കുമെന്ന് ഞാനൂഹിച്ചു. ഊഹം മാത്രമല്ല, അത് ശരിയുമാണ്. മറ്റൊരു വിഭാഗത്തിലെ ആൾക്ക് എതിർ ഗോത്രത്തിന്റെ ഭൂരിപക്ഷ പ്രദേശത്തു കൂടി വണ്ടിയോടിക്കാനുള്ള ധൈര്യം ഇന്ന് മണിപ്പൂരിൽ ഇല്ല. ഇരുട്ടും മുമ്പ് വഴിയോരത്ത് കണ്ട കാഴ്ചകളിൽ വളരെക്കുറച്ച് വീടുകളേയുള്ളു. റോഡിലേയ്ക്ക് ഒലിച്ചിറങ്ങിയ മല നീക്കാൻ ജെസിബി പണിയെടുക്കുന്ന സ്ഥലത്ത് തോക്കുമായി കാവൽ നിൽക്കുന്ന യുവാവിനെ കണ്ടു.
ഇല്ലാത്ത റോഡിലൂടെ തപ്പിപ്പിടിച്ച് ഏന്തിവലിഞ്ഞ് ചുരാചന്ത്പൂരിലെത്തുമ്പഴേയ്ക്ക് സമയം രാത്രി ഒൻപത്. ജീവിതത്തിലെ തന്നെ ദൈർഘ്യമേറിയതും ദുഷ്‌കരവുമായ റോഡ് യാത്രകളിലൊന്ന് പൂർത്തിയായിരിക്കുന്നു. ഇക്കഴിഞ്ഞ 400 കിലോമീറ്റർ യഥാർത്ഥത്തിൽ ഇന്ത്യയുടെ ഒരറ്റത്തെ അടയാളപ്പെടുത്തിത്തന്നു. ഇന്നാട്ടിലെ മനുഷ്യരുടെ ജീവിതാവസ്ഥയെ മനസ്സിലാക്കിത്തന്നു. സാറയെ കൂട്ടിക്കൊണ്ടു പോകാൻ ചേച്ചിയും കുടുംബവും എത്തിയിട്ടുണ്ട്.
ജീവിതത്തിൽ ഒരു പക്ഷേ ഇനിയൊരിക്കലും കണ്ടുമുട്ടില്ല എന്ന തിരിച്ചറിവിൽ അവളോട് യാത്ര പറയുന്നു. സന്തോഷമുള്ള കണ്ടുമുട്ടൽ. ഇതെല്ലാം കൂടിച്ചേർന്നതാണല്ലോ നമ്മുടെ ജീവിതയാത്ര.
Content Highlights: A detailed account of a grueling 400 km road trip from Aizawl to Churachandpur., Insights into the daily lives, bamboo landscapes, and travel realities in Mizoram and Manipur., Firsthand observations of security checks, poor road conditions, and local resilience in conflict-affected regions.