വളം വിതരണത്തിൽ ക്രമക്കേടെന്ന്; അന്വേഷണം ആവശ്യപ്പെട്ട് സത്യാഗ്രഹം

വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ പഞ്ചായത്തിന്റെ സമഗ്ര പുരയിട കൃഷി പദ്ധതിയിൽ തെങ്ങിന് ജൈവവളം വിതരണം ചെയ്തതിൽ ക്രമക്കേടും അഴിമതിയും നടന്നുവെന്നാരോപിച്ച് എൽ.ഡി.എഫ്. അംഗങ്ങൾ കൃഷിഭവനു മുൻപിൽ സത്യാഗ്രഹം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമേശ് മാടത്തിങ്കൽ രാജിവെച്ച് അന്വേഷണം നേരിടണമെന്നും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. രാജേഷ് ഉദ്ഘാടനം ചെയ്തു. എം.എം. മുകേഷ് അധ്യക്ഷനായി. ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, എം.കെ. മോഹനൻ, ഇ.ആർ. മുരളീധരൻ, എം.എസ്. രഘുനാഥ്, പി.ആർ. രതീഷ്, ഫസ്നാ റിജാസ് എന്നിവർ സംസാരിച്ചു.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണപക്ഷം വിശദീകരിച്ചു. 2025-26 ൽ കർഷകർക്ക് 1,300 രൂപയ്ക്ക് നൽകേണ്ട വളം 1,600 രൂപയ്ക്ക് നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ലക്ഷക്കണക്കിന് രൂപ കർഷകർക്ക് തിരികെ നൽകേണ്ടിവന്നു. ഈ വർഷം ജി.എസ്.ടി. ബില്ലുകൾ സമർപ്പിക്കുന്ന കർഷകർക്ക് 75 ശതമാനം സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകാനാണ് കാർഷിക വികസന സമിതി തീരുമാനിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു. കർഷകർ നൽകിയ ബില്ലുകൾ കൃഷിഭവനിൽ എത്തിക്കുക മാത്രമാണ് രമേശ് മാടത്തിങ്കൽ ചെയ്തതെന്നും അദ്ദേഹത്തിനെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും മുൻ ഭരണസമിതിയുടെ കാലത്തുണ്ടായ ക്രമക്കേടുകൾ മറച്ചുവെക്കാനുമാണെന്ന് ഭരണപക്ഷം ആരോപിച്ചു.
Content Highlights: LDF members staged a satyagraha in Vellangallur alleging corruption and irregularities in the distribution of organic fertilizers to coconut farmers.