വറുതിയൊഴിയാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ

പെരിഞ്ഞനം സമിതി ബീച്ചിൽ കരക്ക്  കയറ്റിയിരിക്കുന്ന ചെറു വള്ളങ്ങൾ
പെരിഞ്ഞനം സമിതി ബീച്ചിൽ കരക്ക് കയറ്റിയിരിക്കുന്ന ചെറു വള്ളങ്ങൾ

പെരിഞ്ഞനം: മത്സ്യലഭ്യതയിലെ കുറവും പ്രവർത്തനച്ചെലവും സാമ്പത്തിക ബാധ്യതകളുംമൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകുന്നു. കടലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ചെറുവള്ളങ്ങൾ അടക്കമുള്ളവയിലെ തൊഴിലാളികൾക്ക് പഴയതുപോലെ വരുമാനം ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളാണ് സാധാരണ ലഭിക്കുന്നതെന്നും പക്ഷേ എല്ലാ വള്ളത്തിലുള്ളവർക്കും ഇങ്ങനെ ലഭിക്കാറില്ലെന്നും പെരിഞ്ഞനം, ആറാട്ടുകടവ്, സമിതി ബീച്ചിലേയും മതിലകം പൊക്ലായി, കൂളിമുട്ടം ഭജനമഠം ബീച്ചുകളിലേയും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ഈ മേഖലയിൽനിന്ന് അമ്പതോളം വള്ളങ്ങളാണ് മീൻപിടിത്തത്തിന് പോകുന്നത്. ചെറുവള്ളങ്ങളിലും മുറി വള്ളങ്ങളിലുമായി തീരത്തുനിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ ദൂരത്താണ് ഇവർ മത്സ്യബന്ധനം നടത്തുന്നത്. ഒരു വള്ളത്തിൽ നാലോ അഞ്ചോ തൊഴിലാളികളുണ്ടാകും. എന്നാൽ ഇപ്പോൾ കടലിൽനിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ അളവ് കുറഞ്ഞതോടെ ദിവസങ്ങളോളം അധ്വാനിച്ചാലും കാര്യമായ വരുമാനം ലഭിക്കാത്ത അവസ്ഥയാണ്.

വർഷത്തിൽ മൂന്നോ നാലോ മാസങ്ങളിലാണ് സാധാരണയായി മത്സ്യലഭ്യത കൂടുതലുള്ളത്. ഈ മാസങ്ങളിൽ ലഭിക്കുന്ന വരുമാനം കൊണ്ടാണ് മറ്റു മാസങ്ങളിലെ സാമ്പത്തിക നഷ്ടങ്ങളും കുടുംബച്ചെലവുകളും മറ്റും ഒരു പരിധിവരെ നികത്തുന്നത്.

പഴയകാലത്ത് തീരദേശത്ത് അനുഭവപ്പെട്ടിരുന്ന ചാകരയും വലിയ തോതിലുള്ള മത്സ്യലഭ്യതയും ഇപ്പോൾ അപൂർവമായതും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നുണ്ട്. യന്ത്രവത്കൃതമായ ചെറുവള്ളങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുമ്പോൾ ഇന്ധനച്ചെലവ് വലിയ ബാധ്യതയാണ്. നിലവിൽ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 120 രൂപയോളം ചെലവാകുന്നുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. 30 ലിറ്ററോളം ഇന്ധനം ആണ് ഈ വള്ളങ്ങളിൽ പോകാൻ ആവശ്യമായി വരുന്നത്.

ചെറുവള്ളങ്ങളിലും മുറി വള്ളങ്ങളിലും ഇന്ധനച്ചെലവായി ദിവസേന മൂവായിരത്തോളം രൂപയാണ് വരുന്നത്. എന്നാൽ ലഭിക്കുന്ന വരുമാനം ഒന്നിനും തികയില്ല എന്ന് മതിലകം പൊക്ലായി ബീച്ചിൽ വള്ളത്തിൽ പോകുന്ന മഹേഷ് പറഞ്ഞു.

ചെറുവള്ളത്തിൽ പോകുന്നവരുടെ എണ്ണവും ചെറുവള്ളവും കുറഞ്ഞ് വരുകയാണെന്നും താനടക്കം പലരും 40 - 50 പേർ പോകുന്ന വലിയ note-0 വള്ളത്തിലാണ് ഇപ്പോൾ പണിക്ക് പോകുന്നതെന്ന് പെരിഞ്ഞനം ആറാട്ടുകടവ് ബീച്ചിൽനിന്ന് വള്ളത്തിൽ പോകുന്ന വിനീഷ് പറഞ്ഞു.

വലിയ വള്ളമായാലും ചെറിയ വള്ളമായാലും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാണെന്നും ഇന്ധനവില കുറച്ചും സർക്കാരിന്റെ ഭാഗത്തുനിന്നും സഹായധനവും ഉണ്ടായാലേ പ്രതിസന്ധികൾക്ക് പരിഹാരം ഉണ്ടാകുകയുള്ളൂവെന്നും പെരിഞ്ഞനം സമിതി ബീച്ചിലെ വരാഹം ഗ്രൂപ്പ് മത്സബന്ധന വള്ളത്തിലെ പ്രവീൺ പറഞ്ഞു

Content Highlights: Traditional fishermen in coastal Thrissur face a severe livelihood crisis due to declining fish catch and surging operational and fuel costs.