മൂന്നാംകല്ലിൽ സർവീസ് റോഡിൽനിന്ന് ദേശീയപാതയിലേക്കു കയറാൻ നോ എൻട്രി: ആശങ്കയറിയിച്ച് കടപ്പുറം പഞ്ചായത്ത്

ദേശീയപാതയില്‍ ഒരുമനയൂര്‍ മൂന്നാംകല്ല് ഭാഗത്ത് ചേറ്റുവ പാലത്തിനോടു ചേര്‍ന്ന് നിര്‍മിക്കുന്ന റോഡിന്റെ പില്ലറുകള്‍ സ്ഥാപിക്കാനുള്ള പൈലിങ് ജോലികള്‍ നടക്കുന്നു, ഈ പണി പൂര്‍ത്തിയായാല്‍ മൂന്നാംകല്ലില്‍നിന്ന് ദേശീയപാതയിലേക്കു കയറാന്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റണം
ദേശീയപാതയില്‍ ഒരുമനയൂര്‍ മൂന്നാംകല്ല് ഭാഗത്ത് ചേറ്റുവ പാലത്തിനോടു ചേര്‍ന്ന് നിര്‍മിക്കുന്ന റോഡിന്റെ പില്ലറുകള്‍ സ്ഥാപിക്കാനുള്ള പൈലിങ് ജോലികള്‍ നടക്കുന്നു, ഈ പണി പൂര്‍ത്തിയായാല്‍ മൂന്നാംകല്ലില്‍നിന്ന് ദേശീയപാതയിലേക്കു കയറാന്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റണം

ചാവക്കാട്: ദേശീയപാതയിൽ ഒരുമനയൂർ മൂന്നാംകല്ലിൽ നിർമിക്കുന്ന അടിപ്പാതയോടനുബന്ധിച്ചുള്ള സർവീസ്റോഡ് തെക്കു ഭാഗത്തേക്കും ദേശീയപാതയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ റോഡിനു കിഴക്കുഭാഗത്തെ സർവീസ്റോഡ് തെക്കുഭാഗത്ത് ചേറ്റുവ പാലത്തിനടുത്ത് സമാപിക്കുന്ന നിലയിലാണ് നിർമാണം നടക്കുന്നത്. ഇതു കാരണം മൂന്നാംകല്ലിൽനിന്ന് ചേറ്റുവ, കൊടുങ്ങല്ലൂർ ഭാഗത്തേക്കു പോകണമെങ്കിൽ മൂന്നു കിലോമീറ്റർ സർവീസ് റോഡിലൂടെ വടക്കോട്ടു പോയി ദേശീയപാതയിലേക്കു കയറി വീണ്ടും മൂന്നു കിലോമീറ്റർ തിരിച്ച്‌ സഞ്ചരിച്ചുവേണം മൂന്നാംകല്ല് ഭാഗത്തേക്കെത്താൻ.

കടപ്പുറം പഞ്ചായത്തിൽനിന്നുള്ളവരാണ് ഇതു കാരണം ഏറ്റവും ദുരിതമനുഭവിക്കുക. പഞ്ചായത്തിലെ ജനങ്ങൾക്കും അഞ്ചങ്ങാടി ഭാഗത്തുനിന്ന് വരുന്നവർക്കും ദേശീയപാതയിലേക്കു പ്രവേശിക്കാനുള്ള ഏക പ്രധാന പൊതുമരാമത്ത് റോഡാണിത്. മൂന്നാംകല്ലിൽ അടിപ്പാത നിർമിക്കുന്നുണ്ടെങ്കിലും നിലവിലെ പദ്ധതിയുടെ രൂപരേഖയിൽ അടിപ്പാതയിൽനിന്ന് തെക്കു ഭാഗത്തേക്കുള്ള സർവീസ്റോഡ് ഹൈവേയുമായി ബന്ധിപ്പിക്കുന്ന രീതിയിലല്ല ക്രമീകരിച്ചിട്ടുള്ളത്. ഇതുമൂലം അഞ്ചങ്ങാടി ഭാഗത്തുനിന്ന് മൂന്നാംകല്ല് വഴി വരുന്ന വാഹനങ്ങൾക്കും മൂന്നാംകല്ല് പ്രദേശത്തുനിന്നുള്ള വാഹനങ്ങൾക്കും ദേശീയപാതയിലേക്ക് പ്രവേശിക്കാൻ വടക്കുഭാഗത്തേക്ക് ഏകദേശം മൂന്ന് കിലോമീറ്ററോളം സഞ്ചരിക്കേണ്ടിവരും. നിലവിൽ പണി പൂർത്തിയാകാത്തതിനാൽ മൂന്നാംകല്ലിൽനിന്ന് ചേറ്റുവ ഭാഗത്തേക്കു പോകാൻ ചുറ്റിവളയേണ്ടതില്ലെങ്കിലും പണി പൂർത്തിയായാൽ മൂന്നാംകല്ലിൽ സർവീസ്റോഡിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശമുണ്ടാകില്ല.

കളക്ടർക്ക് നിവേദനം നൽകി

: മൂന്നാംകല്ല് കടപ്പുറം പഞ്ചായത്തിന്റെ ദേശീയപാതയിലേക്കുള്ള പ്രധാന പ്രവേശനകവാടമാണ്. ഇത് ഒഴിവാക്കാൻ മൂന്നാംകല്ലിലെ അടിപ്പാതയിൽനിന്ന് തെക്കുഭാഗത്തേക്കും സർവീസ്റോഡ് ബന്ധിപ്പിക്കുന്ന രീതിയിൽ നിലവിലെ ദേശീയപാതാ പദ്ധതിയുടെ രൂപരേഖയിൽ മാറ്റം വരുത്തണം. ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.

- വി.എം. മനാഫ്, പഞ്ചായത്ത് പ്രസിഡന്റ്, കടപ്പുറം

Content Highlights: Kadappuram panchayat raises concern over the lack of southern access to the national highway from the Moonnamkallu service road near Chavakkad.