രാസമാലിന്യം കലർന്ന മണ്ണ് പൂർണമായും നീക്കാൻ ആഴ്ചകളെടുക്കും

എറിയാട് : പഞ്ചായത്തിലെ വിവിധഭാഗങ്ങളിലെ തണ്ണീർത്തടങ്ങളും നീർച്ചാലുകളും നികത്താനുപയോഗിച്ച രാസമാലിന്യം കലർന്ന മണ്ണ് പൂർണമായും നീക്കുന്നതിന് ആഴ്ചകൾ വേണ്ടിവരും. ഒരു മണ്ണുമാന്തി ഉപയോഗിച്ചാണ് മണ്ണെടുക്കുന്നത്.
ചെവ്വാഴ്ച മുതൽ മണ്ണ് നീക്കംചെയ്യാൻ തുടങ്ങിയെങ്കിലും ബുധനാഴ്ച വൈകീട്ടുവരെ നാല് ടോറസ്‌ലോറി മണ്ണു മാത്രമാണ് കൊണ്ടുപോയിട്ടുള്ളത്. പഞ്ചായത്തധികൃതർ ലോറികൾ പരിശോധിച്ച ശേഷം നൽകിയ പാസ് ഉപയോഗിച്ച് പോലീസ് നിരീക്ഷണത്തിലാണ് മണ്ണ് കൊണ്ടുപോയത്. ആർ.ഡി.ഒ. വിളിച്ച യോഗത്തിലെ തീരുമാനമനുസരിച്ച് ഭൂവുടമകളും ഇടനിലക്കാരും ചേർന്നാണ് മണ്ണ് നീക്കുന്നത്.
അതത് സ്ഥലത്തുനിന്ന് എടുക്കുന്ന മണ്ണ് ഒരു ഭാഗത്ത് കൂട്ടിയിട്ടശേഷം അവിടെനിന്ന് ലോറിയിൽക്കയറ്റി കൊണ്ടുപോകണം.
ഇത് പഞ്ചായത്തുസെക്രട്ടറി, വില്ലേജ് ഓഫീസർ, മലിനീകരണബോർഡ് ഉദ്യോഗസ്ഥൻ എന്നിവർ നിരീക്ഷിക്കണം. മണ്ണ് മറ്റുസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കാൻ പോകുന്ന സ്ഥലങ്ങളിലെ പോലീസ്‌സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് പട്രോളിങ് നടത്തണമെന്നും ആർ.ഡി.ഒ. വിളിച്ച യോഗത്തിൽ നിർദേശിച്ചിരുന്നു.
അഴീക്കോട് ബീച്ച് റോഡിനോടു ചേർന്നുള്ള സ്ഥലത്തുനിന്നാണ് ബുധനാഴ്ച മണ്ണു വാരിയത്. കുറവ് മണ്ണിറക്കിയ പറമ്പുകളിൽനിന്നാണ് ആദ്യം മണ്ണെടുക്കുന്നത്.
രണ്ട് വാർഡുകളിൽ മാത്രമായി 2,300-ഓളം ടൺ മണ്ണ് ഇറക്കിയിട്ടുണ്ടെന്നാണ് കണക്ക്. അഴീക്കോട് ബീച്ച് റോഡിനോട് ചേർന്ന് ഒന്നരയേക്കറോളം
സ്ഥലത്തുമാത്രം 136 ടോറസ് ലോറി മണ്ണ് ഇറക്കിയിട്ടുണ്ട്. മറ്റു 12 സ്ഥലങ്ങളിലും രാസമാലിന്യം കലർന്ന മണ്ണുപയോഗിച്ച് നികത്തൽ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.