ഇതാണ് പഴമക്കാർ പറഞ്ഞ അടതാപ്പ്

വടക്കാഞ്ചേരി : പഴമക്കാർ ചെയ്ത അടതാപ്പുകൃഷിയിൽ വിജയഗാഥയുമായി മച്ചിങ്ങൽ ദിലീപ്കുമാർ. കൃഷിയോടുള്ള അഭിനിവേശത്തിൽ കുറുമാലിലെ പെരുമ്പിള്ളിപ്പാട്ട് ഫസലു സൗജന്യമായി കൃഷിയിറക്കാൻ നൽകിയ കുറുമാലിലെ 12 ഏക്കർ സ്ഥലത്തായിരുന്നു ദിലീപിന്റെ പരീക്ഷണം.
ഉരുളൻകിഴങ്ങിനു ബദലാണ് അടതാപ്പ്. തിരുവനന്തപുരത്തെ കാർഷികോത്സവത്തിലാണ് ദിലീപ് പരിചയപ്പെടുന്നത്. നട്ട് ആറു മാസത്തിനകം വിളവെടുക്കാനും സാധിച്ചു. അര കിലോമുതൽ രണ്ടുകിലോവരെ തൂക്കമുള്ള ഫലങ്ങളാണ് ലഭിച്ചത്. നൂറു കിലോ ആദ്യദിവസം വിറ്റഴിഞ്ഞു.
മികച്ച കർഷകനുള്ള പുരസ്കാരം ലഭിച്ച ദിലീപ്കുമാറിന്റെ അടതാപ്പ് പരീക്ഷണം അരയേക്കറിലായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധിപേർ വിത്ത് ആവശ്യപ്പെട്ടിരുന്നു. 40 കിലോ വിത്ത് കരുതിയിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു.
എ.സി. മൊയ്തീൻ എം.എൽ.എ. വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.കേരള ബാങ്ക് ഡയറക്ടർ എം. ബാലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.അബ്ദുൾറഷീദ് എന്നിവരും വിളവെടുപ്പിന്റെ ആഹ്ലാദത്തിൽ പങ്കുചേർന്നു.