ശബരിമല തീർഥാടകർ തെരുവിൽത്തന്നെ

#കെ. എൻ. വേണു

ചിറങ്ങര ഇടത്താവളം ഈ സീണണിലും ഉപകാരപ്പെടില്ല

ചിറങ്ങര: ശബരിമലതീർഥാടനകാലം ഇങ്ങെത്തിയിട്ടും ചിറങ്ങരയിലെ ഇടത്താവളം ഇത്തവണയും ഭക്തർക്കു മുന്നിൽ തുറക്കില്ല. 12 കോടി വകയിരുത്തി നിർമാണമാരംഭിച്ച ഇടത്താവളം കരാർപ്രകാരം 15 മാസം കൊണ്ട് പൂർത്തിയാക്കി 2023-ൽ തുറന്നുകൊടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. നിയമസഭയിൽത്തന്നെ പലവട്ടം സബ്മിഷനുകളിലും ഇടത്താവളനിർമാണം അടിയന്തരപ്രധാന്യത്തോടെ പൂർത്തിയാക്കുമെന്ന്‌ ഉറപ്പുനൽകിയെങ്കിലും പാലിക്കാനായില്ല.

കിഫ്ബി പദ്ധതിയിൽ 12.24 കോടി ചെലവിട്ട് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കിഴിലുള്ള ചിറങ്ങര മഹാവിഷ്ണു ക്ഷേത്രത്തിനോടു ചേർന്ന് കൊച്ചി-തിരുവതാംകൂർ ദേവസ്വം ബോർഡുകളുടെ സംയുക്തസംരംഭമായാണ് ഇടത്താവളത്തിന് പദ്ധതിയിട്ടത്. ഇടത്താവളത്തിന്റെ നിർമാണം ഇഴഞ്ഞുനീങ്ങിയത് പലപ്പോഴും പ്രതിഷേധത്തിനും പരാതിക്കും ഇടയാക്കിയിരുന്നു. 2023 മുതൽ ഓരോ സീസണിലും ഇടത്താവളം തുറക്കുമെന്ന അധികൃതരുടെ ഉറപ്പാണ് ഈ വർഷവും കടന്നുപോകുന്നത്. ചിറങ്ങരയുടെ ഭൗതികസൗകര്യങ്ങൾ ഉൾക്കൊണ്ട് ഇടത്താവളത്തിനു നേരത്തേ മാതൃഭൂമി ആരംഭിച്ച ശരണകേന്ദ്രത്തിന്റെ ചുവടുപിടിച്ചാണ് മഹാവിഷ്ണു ക്ഷേത്രത്തോടുചേർന്ന് ഇടത്താവളം നിർമിച്ചത്. രണ്ടു വർഷം മുൻപേതന്നെ പ്രധാന ജോലി പൂർത്തിയാക്കിയ കെട്ടിടത്തിൽ ശൗചാലയബ്ലോക്കിന്റെ സെപ്റ്റിക്‌ടാടാങ്ക് നിർമിക്കേണ്ട സ്ഥലത്തെ വെള്ളക്കെട്ട് ബാധിക്കുന്നതായാണ് അധികൃതർ നൽകിയ കാരണം. എന്നാൽ, ടാങ്കിന്‌ എടുത്ത കുഴികളിലെ വെള്ളം നീക്കംചെയ്യുന്നതിന് പരിഹാരം കാണാതെവന്നതും വിവാദമായിരുന്നു.

കിഫ്ബിയിൽനിന്ന്‌ ലഭിക്കേണ്ട പണം ലഭിച്ചില്ലെന്നാരോപിച്ച് ഒടുവിൽ കരാർക്കമ്പനി നിർമാണം നിർത്തി. നിർമാണം നിർത്തിയെങ്കിലും നിർമാണസ്ഥലത്തെ തൊഴിലാളികളെ ഇവിടെത്തന്നെ നിലനിർത്തിയിരുന്നു. ഇവരെ പിന്നീട് ഇവിടെനിന്ന്‌ മാറ്റുകയും ചെയ്തു. ഇതോടെ നിർമാണം പൂർണമായും നിലച്ചു. ഇതിനിടയിൽ സർക്കാർ മാറിയതോടെ കിഫ്ബി വഴിയുള്ള നിർമാണങ്ങളുടെ നയമാറ്റം ഏതു രിതീയിലാകുമെന്നറിയാത്തതും ബാധിച്ചിട്ടുണ്ട്.

അടിയന്തരയോഗം വിളിക്കണം

കൊച്ചി, തിരുവതാംകൂർ ദേവസ്വങ്ങളുടെ സംയുക്തസംരഭമായി ചിറങ്ങരയിൽ നിർമാണത്തിലിരിക്കുന്ന ഇടത്താവളത്തിന്റെ ശേഷിച്ച ജോലികൾ അടിയന്തരപ്രാധാന്യത്തോടെ പൂർത്തിയാക്കി, ഈ സീസണിൽത്തന്നെ തുറന്നുകൊടുക്കണമെന്നാണ് ഭക്തരുടെ ആവശ്യം. ഇതിനായി ദേവസ്വംവകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ നിർമാണവുമായി ബന്ധപ്പെട്ട കിഫ്ബി അധികൃതരുടെയും കരാർക്കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും സാങ്കേതികവിദഗ്‌ധരുടെയും യോഗം വിളിക്കണമെന്ന ആവശ്യവും ശക്തമാണ്.