വിണ്ട് നിലം, നീറി കർഷകർ

മുണ്ടകൻകൃഷി ഉണക്കുഭീഷണിയിലായതോടെ കർഷകർ ആശങ്കയിൽ
പാഞ്ഞാൾ : മഴ കുറഞ്ഞതോടെ മുണ്ടകൻ നെൽകൃഷി ഉണക്കുഭീഷണിയിൽ. പാഞ്ഞാൾ പഞ്ചായത്തിലെ വടക്കേപ്പാട്ട് പാടശേഖരത്തിലെ പത്തേക്കറോളം മുണ്ടകൻ കൃഷിയാണ് ഉണക്കുഭീഷണിയിലുള്ളത്. ഓണത്തിന് മുൻപ് നട്ടിരുന്ന നെൽച്ചെടികൾ മഴ കുറഞ്ഞതോടെ കരിഞ്ഞുതുടങ്ങി. നിലം വിണ്ടുകീറിയ സ്ഥിതിയുമാണ്.
മഴയെ ആശ്രയിച്ചാണ് കൃഷി ഇറക്കിയത്. എന്നാൽ മഴ ഇല്ലാതായതോടെ തോട്ടിൽ സംഭരിച്ച വെള്ളം കൃഷിക്ക് ഉപയോഗിക്കാൻ പഞ്ചായത്ത് അനുമതി വേണമെന്നാണ് കർഷകർ പറയുന്നത്. ഇതിനായി അധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. ഇപ്പോൾ വിള സംരക്ഷിക്കാനായി കിണറുകളിൽനിന്ന് മറ്റും പമ്പ് ചെയ്ത് വെള്ളമെത്തിക്കുകയാണെന്ന് കർഷകർ പറഞ്ഞു.
ഇതിന് അധിക തുക കണ്ടെത്തേണ്ടതുണ്ട്. രണ്ട് ബണ്ട് ഉള്ളയിടത്താണ് വീണ്ടും മോട്ടോർഷെഡ്ഡ് നിർമിച്ചത്. ഇത് എല്ലാ കർഷകർക്കും ഗുണകരമാകുന്നില്ലെന്നും ആരോപണമുണ്ട്. പഞ്ചായത്തും കൃഷിഭവനും കർഷകർക്ക് തുണയാകുമെന്ന പ്രതീക്ഷയാണുള്ളത്.
മഴ ലഭിക്കാതെ വരുകയും പഞ്ചായത്ത് സഹായം നൽകാതിരിക്കുകയോ ചെയ്താൽ കൃഷിയെല്ലാം ഉണങ്ങിപ്പോകുന്ന സ്ഥിതിയാകും. അടിയന്തരമായി കർഷകരെ സഹായിക്കാനുള്ള നടപടികൾ വേണമെന്ന് കർഷകരായ കെ. രാജേഷ്, കെ. സതീഷ്, പി.ജെ. തോമസ്, വാസുദേവൻ, രാജീവ് പാഞ്ഞാൾ എന്നിവർ പറഞ്ഞു.
വന്യജീവികളുടെ ശല്യവും കാലാവസ്ഥ വ്യതിയാനത്തിലും കർഷകർ ആകെ പ്രതിസന്ധിയിലാണ് ഇപ്പോൾതന്നെ. കൃഷിയെ സംരക്ഷിക്കാൻ അധികാരികൾ മുന്നോട്ടുവന്നില്ലെങ്കിൽ കാർഷികമേഖയെ ആശ്രയിച്ച് ജീവിക്കുന്നവർ വലിയ പ്രതിസന്ധി നേരിടുമെന്നും കർഷകർ പറയുന്നു.
മുണ്ടകൻകൃഷിക്ക് വാഴാനിവെള്ളം തുറന്നുവിടും
വടക്കാഞ്ചേരി : മുണ്ടകൻകൃഷിക്ക് വാഴാനി അണക്കെട്ടിൽനിന്ന് വെള്ളം നാലുഘട്ടങ്ങളിലായി തുറന്നുവിടുന്നതിനുള്ള കലണ്ടർ തയ്യാറായി. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്നുവരെ പത്തു ദിവസം ആദ്യഘട്ടം വെള്ളം തുറന്നുവിടും. രണ്ടാംഘട്ടം ഒക്ടോബർ 26 മുതൽ നവംബർ നാലുവരെയാണ്. മൂന്നാംഘട്ടം നവംബർ 26 മുതൽ ഡിസംബർ അഞ്ചുവരെയും നാലാംഘട്ടം ഡിസംബർ 21 മുതൽ 31 വരെയുമാണ്. വാഴാനിയിൽ നിലവിൽ 14.30 ദശലക്ഷം ഘനമീറ്റർ വെള്ളമുണ്ട്. സംഭരണശേഷിയുടെ 78.92 ശതമാനം വെള്ളം. കഴിഞ്ഞ വർഷം ഇതേ ദിവസം 90.18 ശതമാനം വെള്ളം അണക്കെട്ടിലുണ്ടായിരുന്നു.