ചെപ്പാറ കൈയേറാൻ ഭൂമാഫിയ, തടഞ്ഞ് നാട്ടുകാർ

വടക്കാഞ്ചേരി : വിനോദസഞ്ചാര കേന്ദ്രമായ ചെപ്പാറയിൽ അനധികൃത കൈയേറ്റം. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഒരു മാസം മുന്നേ ചെപ്പാറയുടെ താഴെ നടത്തിയ നിർമാണം വനംവകുപ്പ് തടഞ്ഞിരുന്നു. ഇതു അവഗണിച്ച് ചെപ്പാറയുടെ ഭാഗങ്ങൾ കൂടി കുറ്റിയടിച്ച് ഇരുമ്പുവല കെട്ടി കൈയടക്കാനുള്ള നീക്കമാണ് വ്യാഴാഴ്ച തെക്കുംകര പഞ്ചായത്തിലെ ജനപ്രതിനിധികൾ നാട്ടുകാരുടെ സഹകരണത്തോടെ തടഞ്ഞത്.

കൈയേറ്റക്കാരൻ തന്റേതെന്ന് അവകാശപ്പെടുന്ന സ്ഥലത്തിനു പുറമേ രണ്ട് ഏക്കർ ചെപ്പാറയുടെ മുകൾഭാഗം കൂടി വളച്ച് കെട്ടിയിരുന്നു. ഇവിടെ പണിക്കാരുമായി ഇരുമ്പുവേലി കെട്ടാൻ എത്തിയപ്പോഴാണ് നാട്ടുകാരും പഞ്ചായത്തും ഇടപെട്ടത്. തുടർന്ന് വടക്കാഞ്ചേരി പോലീസും വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കൈയേറ്റക്കാരനോട് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കെയാണ് കൈയേറ്റ ശ്രമം. കൈയേറ്റവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും കേസ് നിലനിൽക്കുന്നു. കേസുകളിൽ തെക്കുംകര പഞ്ചായത്ത് കക്ഷിയാണ്.

വടക്കാഞ്ചേരി മുൻസിഫ് കോടതിയിലും വ്യാജ പട്ടയവുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. പരിശോധനാ റിപ്പോർട്ടിന്റെയും അനുബന്ധ സ്‌കെച്ചിന്റെയും വിശ്വാസ്യത സംബന്ധിച്ച് വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലും മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ നടപടികൾ നടക്കുന്നുണ്ട്. ഇതിനിടയിലാണ് കൂടുതൽ സ്ഥലങ്ങൾ അധീനതയിലാക്കാനുള്ള ശ്രമം.

സർക്കാർ കോടികൾ ചെലവഴിച്ച് ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറ്റിയ ചെപ്പാറ കൈയടക്കാനുള്ള ശ്രമങ്ങളാണ് ഭൂമാഫിയ നടത്തുന്നതെന്ന് സി.പി.എം. കുറ്റപ്പെടുത്തി. ജനകീയ പ്രതിരോധം ഉയർത്തി ഇതിനെ ചെറുക്കുമെന്ന് സി.പി.എം. ലോക്കൽ സെക്രട്ടറി എൻ.ജി. സന്തോഷ് ബാബു പറഞ്ഞു. ചെപ്പാറ കൈയേറ്റത്തിനെതിരായ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.വി. സുനിൽകുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഉണ്ണികൃഷ്ണൻ, പി.എ. രജനി, വി.ജി. ജയസൂര്യ, പി.ആർ. രാധാകൃഷ്ണൻ, ടി.എസ്. ജയൻ, ടി. പരമേശ്വരൻ, അജീഷ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.