ടോൾ പ്ലാസ അടച്ചു പോലീസ്; ആംബുലൻസും വിട്ടില്ല

തൃപ്രയാർ : ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ എൽ.ഡി.എഫ്. മാർച്ച് തടയാൻ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടഞ്ഞ പോലീസ് രോഗിയുമായി എത്തിയ 108 ആംബുലൻസും തിരിച്ചുവിട്ടു.

ഞായറാഴ്ച രാവിലെ എൽ.ഡി.എഫ്. മാർച്ച് ടോൾ പ്ലാസയ്ക്കു 100 മീറ്റർ അകലെയെത്തിയപ്പോഴാണ് ബാരിക്കേഡുകൾ സ്ഥാപിച്ച് ദേശീയപാതയിലെ ഗതാഗതം പൂർണമായും തടഞ്ഞത്. നാട്ടിക സെൻററിൽനിന്നും തളിക്കുളത്തുനിന്നും കിഴക്കേ ടിപ്പുസുൽത്താൻ റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടു.

ഈ സമയം നിരവധി വാഹനങ്ങൾ ടോൾ പ്ലാസയ്ക്ക് അടുത്തെത്തിയിരുന്നു. അവയെല്ലാം തിരിച്ചുപോകേണ്ടിവന്നു. ഇതോടെ സ്വകാര്യബസുകൾ യാത്രക്കാരെ ടോൾ പ്ലാസയ്ക്ക് സമീപം ഇറക്കിവിട്ട് സർവീസ് താത്കാലികമായി അവസാനിപ്പിച്ചു. എന്നാൽ, ടോൾപിരിവ് ഇല്ലാതിരുന്നതുകൊണ്ടുതന്നെ എൽ.ഡി.എഫ്. പ്രതിഷേധം സമാധാനപരമായിരുന്നു.

റോഡ് അടയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. പോലീസ് ബാരിക്കേഡിനു മുന്നിൽ പ്രതിഷേധയോഗം ഉദ്ഘാടനംചെയ്ത് സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന്‌ 108 ആംബുലൻസ് രോഗിയുമായി എത്തിയത്. ഈ സമയം തങ്ങൾ റോഡ് ഉപരോധിക്കുന്നില്ലായെന്നും ആംബുലൻസിന് കടന്നുപോകാൻ വഴിതുറന്നുകൊടുക്കണമെന്നും അബ്ദുൾഖാദർ പോലീസിനോട് മൈക്കിലൂടെ അഭ്യർഥിച്ചു.

എന്നാൽ, ആംബുലൻസിന് വഴിയൊരുക്കാതെ തിരിച്ചുവിടുകയാണ് പോലീസ് ചെയ്തത്. പ്രതിഷേധയോഗം അവസാനിപ്പിച്ചശേഷമാണ് ബാരിക്കേഡുകൾ നീക്കി ദേശീയപാതയിൽ ടോൾ പ്ലാസയിലൂടെ ഗതാഗതം പുനരാരംഭിച്ചത്. ഈ സമയവും യാത്രക്കാരെ പാതിവഴിയിൽ ഇറക്കിയ സ്വകാര്യബസുകൾ തങ്ങളുടെ അടുത്ത ട്രിപ്പിനുള്ള സമയം കാത്ത് റോഡിൽത്തന്നെ കിടന്നു.. നാട്ടിക: ടോൾപിരിവ് ഉണ്ടാകുമെന്ന ധാരണയിലാണ് ഞായറാഴ്ച എൽ.ഡി.എഫ്. നാട്ടിക, കയ്പമംഗലം മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ടോൾ പ്ലാസ മാർച്ച് നിശ്ചയിച്ചത്.

യോഗം സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനംചെയ്തു. സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.പി. സന്ദീപ് അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ, ചേർപ്പ് ഏരിയാ സെക്രട്ടറി എ.എസ്. ദിനകരൻ, വി.കെ. ജ്യോതിപ്രകാശ്, കെ.ആർ. സീത, കെ.എ. വിശ്വംഭരൻ, ടി.എസ്. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.