കുറുമാലിപ്പുഴയിലെ മൺചിറപ്പണി; പണിയാണ്

സംസ്ഥാനത്തെ വലിയ കാർഷിക ജലസേചനപദ്ധതികളിൽ ഒന്നായ ചിമ്മിനിയും പുതുക്കാട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന കുറുമാലി, മണലിപ്പുഴകളും അവയിലെ ഒട്ടനവധി കുടിവെള്ള, ജലസേചനപദ്ധതികളും ഉണ്ടായിട്ടും വേനലൊന്നു കടുത്താൽ കുടിക്കാൻ പഞ്ചായത്തിന്റെ കുടിവെള്ളവിതരണത്തെ ആശ്രയിക്കണം
പുതുക്കാട് : കുറുമാലിപ്പുഴയിലെ താത്കാലിക മൺചിറകൾ എക്കാലത്തും ചർച്ചാവിഷയമാണ്. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ചിമ്മിനി ഡാമും കുറുമാലിപ്പുഴയും അതിലെ മൺചിറകളും ഹെക്ടർകണക്കിനുവരുന്ന ജില്ലയിലെ കോൾനിലങ്ങളും അധികൃതരുടെ ജാഗ്രതയെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരിക്കുന്നതാണ്. ഡാം തുറക്കാനോ ചിറ കെട്ടാനോ വൈകിയാൽ കളിയാകെ മാറും.
ചിമ്മിനി ഡാം തുറന്നില്ലെങ്കിൽ കോൾപ്പടവുകളിൽ നെൽകൃഷി വരണ്ടുണങ്ങും. പുഴയിൽ ചിറകൾകെട്ടാൻ വൈകിയാൽ തോട്ടം - മലയോരമേഖല വരൾച്ചാ ഭീഷണിയിലാകും. കൃഷിയും കർഷകരും നട്ടംതിരിയും. ഇനി ചിറ കെട്ടിയില്ലെങ്കിലോ വെള്ളം മൊത്തം ഒഴുകിപ്പോകും, പുഴയും ഡാമും വറ്റും.
കഴിഞ്ഞ കുറേ വർഷങ്ങളായി മൺചിറകളുടെ പണി വൈകുന്നതിനാൽ മേഖലയിലെ കാർഷിക ജലസേചനവും കുടിവെള്ളവിതരണവും താറുമാറാണ്. ഡിസംബറിൽ തുടങ്ങേണ്ട കുറുമാലിപ്പുഴയിലെ താത്കാലിക മൺചിറകളുടെ പണി തുടങ്ങുന്നത് ജനുവരി അവസാനത്തോടെയാണ്. ചിറകൾ വൈകുമ്പോൾ ഡാമിൽനിന്ന് കൂടുതൽ വെള്ളം തുറന്നുവിടേണ്ടിവരും. തുടർന്ന് തോട്ടം-വനം മേഖല കണ്ടത് കൊടിയ വരൾച്ചയായിരുന്നു. മേഖലയിലെ നെല്ല്, വാഴ, പച്ചക്കറി കൃഷിയെല്ലാം ജലസേചനത്തിന് മാർഗമില്ലാതെ വലിയ നഷ്ടമാണ് നേരിട്ടത്.
വർഷാവർഷം വേനലിന്റെ തുടക്കത്തിൽ പുഴയിൽ പണിയുന്ന മൺചിറകൾ പൂർത്തിയാകാൻ വൈകുമ്പോഴാണ് മേഖലയിൽ വെള്ളക്ഷാമം ഉണ്ടാകുന്നത്. ചിമ്മിനി ഡാമിൽനിന്ന് തുറന്നുവിടുന്ന വെള്ളം താത്കാലിക മൺചിറകൾ കെട്ടി തടഞ്ഞാലേ വരന്തരപ്പിള്ളി മുതലുള്ള പുതുക്കാട് മണ്ഡലത്തിന്റെ കാർഷിക-കുടിവെള്ള ആവശ്യങ്ങൾക്ക് പരിഹാരമാകൂ.