ചേറ്റുവ പാലത്തിലെ വഴിവിളക്കുകൾദേ വരും, ദാ പോകും !

ഏങ്ങണ്ടിയൂർ : പരാതി നൽകുമ്പോൾ തെളിയും, ദിവസങ്ങൾക്കകം വീണ്ടും ഇരുട്ടിലാവും. ചേറ്റുവ പാലത്തിന്റെ അവസ്ഥയിതാണ്. തെരുവുവിളക്കുകൾ മാസങ്ങളായി പ്രവർത്തനരഹിതമായതോടെ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും അപകടഭീഷണിയിലാണെന്ന് നാട്ടുകാർ പറഞ്ഞു.
രാത്രി പാലത്തിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും ഉൾപ്പെടെയുള്ളവർ ഇരുട്ടിൽ ഏറെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്. മണ്ഡലമാസമായതോടെ അയ്യപ്പഭക്തരുടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകുമ്പോൾ മാത്രമാണ് ദേശീയപാത അതോറിറ്റി താത്കാലികമായി തെരുവുവിളക്കുകൾ പ്രവർത്തിപ്പിക്കുന്നതെന്നും എന്നാൽ, ഏതാനും ദിവസങ്ങൾക്കുശേഷം വീണ്ടും പഴയപടി വിളക്കുകൾ അണയുന്ന അവസ്ഥയാണെന്നും പ്രദേശവാസികൾ പറയുന്നു.
പരാതികൾക്ക് താത്കാലികപരിഹാരം കാണുന്നതിനുപകരം തെരുവുവിളക്കുകളുടെ തകരാറിന്റെ യഥാർഥകാരണം കണ്ടെത്തി ശാശ്വതപരിഹാരം ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റി ഇതുവരെയും തയ്യാറായിട്ടില്ല. വൈദ്യുതിബന്ധം, കേബിളുകൾ, നിയന്ത്രണസംവിധാനങ്ങൾ എന്നിവ പരിശോധിച്ച് മുഴുവൻ വിളക്കുകളും സ്ഥിരമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെളിച്ചമില്ലാത്തത് അപകടങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലപരിശോധന നടത്തണം. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് പരാതി നൽകിയതായി സാമൂഹികപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു.