അരനൂറ്റാണ്ടിന്റെ ദുരിതത്തിന് വിട ഇരട്ടപ്പാലം പുതുക്കുന്നു

പുറമ്പോക്ക് ചാൽ കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവും ശക്തം
ആലപ്പാട് : മഴ പെയ്താൽ വെള്ളം വീടുകളിലേക്ക് ഇരച്ചുകയറും ഒടുവിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം. ആലപ്പാട് ജയന്തിപ്പടവ് മേഖലയിലെ കുടുംബങ്ങൾ അരനൂറ്റാണ്ടിലേറെയായി അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരമാകുന്നു.
പെരിങ്ങോട്ടുകര-പാലയ്ക്കൽ റോഡിലെ ആലപ്പാട് ഇരട്ടപ്പാലത്തിലെ പഴക്കം ചെന്ന രണ്ട് ഓവുകൾ പൊളിച്ചുമാറ്റി ആഴത്തിലും വീതിയിലും കലുങ്ക് നിർമിക്കുന്ന ജോലികൾ ആരംഭിച്ചു. ആലപ്പാട്, പുറത്തൂർ, ചാഴൂർ, പഴുവിൽ പ്രദേശങ്ങളാൽ ചുറ്റപ്പെട്ട ജയന്തിപ്പടവ് പാടശേഖരത്തിലെ അധികജലം ഒഴുകിപ്പോകുന്ന ഇരട്ടപ്പാലത്തിലെ ഓവുകൾ നിലംനിരപ്പിൽനിന്ന് ഏറെ ഉയരത്തിലായിരുന്നതാണ് മഴക്കാലത്തെ വെള്ളക്കെട്ടിന് പ്രധാന കാരണം.
ഓവുകളിലൂടെ വെള്ളം ഒഴുകിത്തുടങ്ങുമ്പോഴേക്കും സമീപത്തെ താഴ്ന്ന പുരയിടങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്നത് പതിവായിരുന്നു. ഇതോടെ മഴക്കാലത്ത് പല കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായി. ഓവുകൾക്കുസമീപം ചണ്ടിയും മറ്റു മാലിന്യങ്ങളും വന്നടിയുന്നതും നീരൊഴുക്കിനെ തടസ്സപ്പെടുത്തിയിരുന്നു.
25 ലക്ഷം രൂപ ചെലവഴിച്ച് സംരക്ഷണഭിത്തികളടക്കം കലുങ്ക് പുനർനിർമിക്കുന്നതോടെ മേഖലയിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമാകുമെന്നാണ് പ്രതീക്ഷ. പുതിയ കലുങ്കിലൂടെ നീരൊഴുക്ക് സുഗമമാകുന്നതോടെ കോവിലകം പടവ്, അന്തിക്കാട്ടുപടവ് വഴി ഏനാമാവ് റെഗുലേറ്ററിലേക്കുള്ള ജലപ്രവാഹവും മെച്ചപ്പെടും.
അതേസമയം, ഇരട്ടപ്പാലത്തിന് വടക്കുഭാഗത്തേക്ക് വെള്ളം ഒഴുകിപ്പോകേണ്ട പുറമ്പോക്ക് ചാലിന്റെ ഒരു ഭാഗം സ്വകാര്യവ്യക്തിയുടെ അധീനതയിലാണെന്നത് ആശങ്കയുയർത്തുന്നു. ചാഴൂർ പഞ്ചായത്ത് നേരത്തേ നടത്തിയ നിയമനടപടികളിലെ വീഴ്ചകൾ പരിഹരിച്ച് പുറമ്പോക്ക് ചാൽ പൂർണമായും വീണ്ടെടുക്കണമെന്ന ആവശ്യവും ശക്തമാണ്. മേഖലയിലെ വെള്ളക്കെട്ട് ദുരിതവും ചാൽ കൈയേറ്റവും സംബന്ധിച്ച് 'മാതൃഭൂമി' നേരത്തേ വാർത്തകൾ നൽകിയിരുന്നു.