കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി

ചായ്പൻകുഴി : മലയോരനിർമാണ ജോലിക്കിടെ പൊളിഞ്ഞുവീണ സ്‌കൂൾ കെട്ടിടത്തിന്റെ അവശിഷ്ടം നീക്കിത്തുടങ്ങി. വെള്ളിയാഴ്ച രാവിലെയാണ് ചായ്പൻകുഴി ഗവ. യു.പി. സ്‌കൂളിനോടു ചേർന്ന് നിർമാണക്കമ്പനി ജെ.സി.ബി. ഉപയോഗിച്ച് അശ്രദ്ധമായി മണ്ണെടുക്കുന്നതിനിടെ ക്ലാസ് മുറികളുടെ വാർപ്പും ചുമരുകളും പൊളിഞ്ഞുവീണത്. ഒരു ക്ലാസ് മുറിയുടെ ഭാഗങ്ങൾ ഇതിനോടകം നീക്കി.
പൊളിഞ്ഞുവീണ ക്ലാസ് മുറിയുടെ മുകളിലായാണ് സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ സ്‌റ്റേജ് സജ്ജീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന് മുകളിൽ ഓഡിറ്റോറിയത്തിനായി നിർമിച്ച ട്രസ് വർക്ക് നീക്കിയാലെ രണ്ടാമത്തെ ക്ലാസ് മുറിയുടെ ഭാഗങ്ങൾ നീക്കാനാകു. രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് കരാർ കമ്പനി പ്രതിനിധികൾ അറിയിച്ചിരിക്കുന്നത്.
രണ്ട് മുറികളും പൊളിച്ചുമാറ്റിയ ശേഷം ബുധനാഴ്ച കെട്ടിടത്തിലെ മറ്റ് മുറികളുടെ ബലപരിശോധന നടത്തും. കെട്ടിടത്തിന്റെ ബലപരിശോധനയ്ക്ക് ശേഷം തുടർ നടപടികൾ ആലോചിക്കാനാണ് ശനിയാഴ്ച കോടശ്ശേരി പഞ്ചായത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനം.