ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് വികസനം; കെട്ടിടമൊഴിയാൻ നഗരസഭയുടെ നോട്ടീസ്

ടൗൺഹാൾ ഷോപ്പിങ് കോംപ്ലക്സിലെ സ്ഥാപനങ്ങളോടും മാർച്ച് 31-നകം ഒഴിയാൻ നിർദേശം
ഇരിങ്ങാലക്കുട : ബസ് സ്റ്റാൻഡ് വികസനത്തിനായി പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകി. ഇതോടൊപ്പം ടൗൺഹാൾ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നഗരസഭ റവന്യൂ വിഭാഗം ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
ഇരിങ്ങാലക്കുട ടൗൺഹാൾ ഷോപ്പിങ് കോംപ്ലക്സിലേയും നഗരസഭ ബസ് സ്റ്റാൻഡിലേയും പഴയ കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്. മാർച്ച് 31-നകം സ്ഥാപനം ഒഴിഞ്ഞ് താക്കോൽ നഗരസഭയെ ഏൽപ്പിക്കാനാണ് സെക്രട്ടറി നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് വികസനത്തിനായി കഴിഞ്ഞ ബജറ്റിൽ പത്തുകോടി അനുവദിച്ചിരുന്നു.
നേരത്തേ ട്രിച്ചി മോഡൽ ബസ് സ്റ്റാൻഡ് നിർമിക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ നഗരസഭ സമ്മതപത്രം ക്ഷണിച്ചിരുന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. നിലവിലെ ബസ് സ്റ്റാൻഡിന്റെ സ്ഥലപരിമിതി മറികടക്കാൻ സ്റ്റാൻഡിന്റെ വടക്ക് നിലവിൽ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ഒരേക്കർ 25 സെന്റ് സ്ഥലം കൂടി പദ്ധതിയിൽ ഉൾപ്പെടുത്താനാണ് നീക്കം.
ഈ സ്ഥലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സർക്കാരിലേക്ക് കത്തയച്ചിട്ടുണ്ട്.1963-ൽ നിർമിച്ച ബസ് സ്റ്റാൻഡിന്റെ കിഴക്കുള്ള പഴയ ഇരുനില കെട്ടിടം പൂർണമായും പൊളിച്ചുനീക്കും. അക്കാലത്ത് ചെറിയ രീതിയിൽ നിർമിച്ച സ്റ്റാൻഡ് പിന്നീട് പടിഞ്ഞാറോട്ട് വികസിപ്പിച്ചെങ്കിലും, സമീപ റോഡുകളിലെ വാഹനബാഹുല്യവും ബസുകളുടെ എണ്ണം വർധിച്ചതും മൂലം പ്രദേശത്ത് ഗതാഗതക്കുരുക്കാണ്.
ആദ്യം ടൗൺഹാൾ കോംപ്ലക്സ് നിർമാണം
: 50,000 സ്ക്വയർഫീറ്റിലാണ് ടൗൺഹാൾ കോംപ്ലക്സ് നിർമിക്കുന്നത്. മുകളിലത്തെ നിലകളിൽ മുറികൾ, ഡോർമെട്രി, ഹാളുകൾ എന്നിവയടക്കമാണ് കോംപ്ലക്സ് സജ്ജമാക്കുന്നത്.
പഴയ ട്രഷറി ഇരുന്നിരുന്ന സ്ഥലവും ഈവനിങ്ങ് മാർക്കറ്റ് സ്ഥലവുമെല്ലാം ഉപയോഗപ്പെടുത്തിയാണ് പുതിയ കോംപ്ലക്സ് നിർമിക്കുകയെന്ന് നഗരസഭ ചെയർമാൻ എം.പി. ജാക്സൻ പറഞ്ഞു. ടൗൺഹാൾ കോംപ്ലക്സിന്റെ നിർമാണമാണ് ആദ്യം ആരംഭിക്കുക. അതോടൊപ്പം പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കി അതിന്റെ വികസനപ്രവർത്തനങ്ങളും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ചെയർമാൻ വ്യക്തമാക്കി.