പ്രായം തളർത്തില്ല; ഈ ഇറ്റാലിയൻ കാറിനെയും സാരഥി തങ്കത്തെയും

തൃശ്ശൂർ: തൃശ്ശൂരിന്റെ നിരത്തുകളിലൂടെ ഇടയ്ക്കിടെ പായുന്ന ചുവന്ന വിന്റേജ് കാർ കൗതുകത്തോടെ നോക്കിനിൽക്കാത്തവരായിട്ട് ആരുമുണ്ടാകില്ല. വാഹനപ്രേമികൾക്കുപോലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റാത്ത ആ കാറിന് പഴക്കമേറെയാണ്. എങ്കിലും പ്രായത്തെ വെല്ലുന്ന ‘റോഡ് പ്രസൻസി’ൽ അതിന്നും ‘വണ്ടിക്കമ്പക്കാർക്ക്’ ന്യൂ മോഡലാണ്. 1935 മോഡൽ ഫിയറ്റ് ബല്ലില്ലയുടെ സ്റ്റിയറിങ്ങിന് പിന്നിൽ 71 വയസ്സുകാരിയായ തങ്കം ആന്റണിയാണെന്നറിയുമ്പോഴാണ് കാഴ്ചയുടെ കൗതുകം ഇരട്ടിയാകുന്നത്. ചെമ്പുക്കാവ് സ്വദേശിയായ തങ്കം ആന്റണിയുടെ ദൈനംദിനയാത്രകളിൽ ഇന്നും ഈ പഴയ കാർ സജീവമാണ്.
ഫിയറ്റിന്റെ കഥ, തങ്കത്തിന്റെയും
: ഒൻപതുപതിറ്റാണ്ടിന്റെ ചരിത്രവും പേറി തൃശ്ശൂരിന്റെ നിരത്തുകളിൽ ഇന്നും തലയെടുപ്പോടെ ഓടുകയാണ് ഈ ഫിയറ്റ് ബല്ലില്ല. ഇറ്റാലിയൻ വാഹനനിർമാതാക്കളായ ഫിയറ്റിന്റെ അപൂർവ മോഡലുകളിലൊന്ന്. ഒരുകാലത്ത് നിരത്തുകളിൽ സജീവമായിരുന്ന ഈ കാർ ഇന്ന് കണ്ടുകിട്ടുകതന്നെ അപൂർവം. പഴക്കവും രൂപഭംഗിയും മാത്രമല്ല, അതിന്റെ പിന്നിലുള്ള കഥയും ബല്ലില്ലയെ വേറിട്ടുനിർത്തുന്നു.
ഭർത്താവ് ബേബി കുന്നത്തിന്റെ വാഹനപ്രേമമാണ് ഫിയറ്റ് ബല്ലില്ലയെ തങ്കം ആന്റണിയുടെ ജീവിതത്തിലെത്തിച്ചത്. 1981-ൽ ഒാച്ചിറയിലെ ഒരു വർക്ഷോപ്പിൽവെച്ചാണ് ബേബി യാദൃച്ഛികമായി ഈ കാർ കാണുന്നത്. കണ്ടതോടെ കാർ തൃശ്ശൂരിലെ വർക്ഷോപ്പിലെത്തിച്ചു. പിന്നെ തുടങ്ങിയത് നീണ്ട പുനർനിർമാണം. ഒരുവർഷത്തോളം നീണ്ട പണികൾക്കൊടുവിൽ ബല്ലില്ല വീണ്ടും നിരത്തിലിറങ്ങി.
അന്ന് കാറിൽ സീറ്റിന്റെ ഫ്രെയിം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആദ്യ പരീക്ഷണഓട്ടത്തിന് ഇരിപ്പിടമായത് ഒരു സ്റ്റൂളും. പിന്നീട് ഓരോ ഭാഗവും പുനർനിർമിച്ചാണ് ബല്ല്ലില്ലയെ ഇന്നത്തെ രൂപത്തിലെത്തിച്ചത്.
കാർ ഓടിക്കാൻ പ്രയാസമാണെന്നായിരുന്നു ബേബി കുന്നത്തിന്റെ അഭിപ്രായം. എന്നാൽ, ഒന്ന് പരീക്ഷിച്ചുനോക്കണമെന്ന തങ്കം ആന്റണിയുടെ ആഗ്രഹമാണ് ബല്ലില്ലയുടെ ഡ്രൈവിങ്ങിലേക്കുള്ള വഴിയായത്. പിന്നീടിങ്ങോട്ട് ബല്ലില്ലയുടെ സ്റ്റിയറിങ്ങിൽ തങ്കം ആന്റണിയുണ്ട്. പെൺമക്കളെ സ്കൂളിൽ കൊണ്ടുപോയിരുന്നതും ഈ ബല്ലില്ലയിലായിരുന്നു.
മക്കൾ വളർന്ന് വിവാഹിതരായെങ്കിലും കാറിന്റെ യാത്രകൾ അവസാനിച്ചില്ല. ഇന്നും വീട്ടിലെ ആവശ്യങ്ങൾക്കായി ദിവസവും നിരത്തിലിറങ്ങും. ഊട്ടിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ദീർഘദൂരയാത്രകൾക്കും ബല്ലില്ലയെ കൂടെക്കൂട്ടാറുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാൻ ഈ കാറിന് കഴിയും. ആവശ്യമായ സ്പെയർ പാർട്സുകൾ കണ്ടെത്തുക ഇന്നും വെല്ലുവിളിയാണ്. എങ്കിലും ബേബി കുന്നത്തിന്റെ സാങ്കേതികപരിജ്ഞാനവും പരിചരണവും കാറിനെ മികച്ചനിലയിൽ നിലനിർത്തുന്നു.
തങ്കം ആന്റണിക്കു പിന്നാലെ മകളും കൊച്ചുമക്കളും ബല്ലില്ലയുടെ സ്റ്റിയറിങ് കൈകാര്യംചെയ്യുന്നുണ്ട്.