കേരള കലാമണ്ഡലത്തിലെ വാർഷികാഘോഷങ്ങൾക്ക് വർണശബളമായ തുടക്കം

ചെറുതുരുത്തി : സകലകലകളും കൂത്തമ്പലത്തിന്റെ വേദിയിലെത്തിച്ച് കേരള കലാമണ്ഡലത്തിലെ വാർഷികാഘോഷങ്ങൾക്കു വർണശബളമായ തുടക്കം. രാവിലെ കൂത്തമ്പലത്തിനു മുന്നിലെ കൊടിമരത്തിൽ വൈസ്ചാൻസലർ ഡോ.ബി. അനന്തകൃഷ്ണൻ കൊടിക്കൂറയുയർത്തിയതോടെ വള്ളത്തോൾ ജയന്തി-കലാമണ്ഡലം വാർഷികാഘോഷങ്ങൾക്കു തുടക്കമായി.

പഞ്ചമദ്ദളകേളിയും കഥകളിപ്പദക്കച്ചേരിയും തുടക്കത്തിൽ കലാസ്വാദകർക്കു ആവേശത്തിന്റെ വേറിട്ട അനുഭവം തീർത്തു. തുടർന്നു സാംസ്കാരികസമ്മേളനത്തിനു ശേഷം വിദ്യാർഥികൾ അവതരിപ്പിച്ച വിഭിന്ന കലകൾ ഒന്നിച്ച താളവിസ്മയം അരങ്ങിലെത്തി. രാഗവർഷം കലകളുടെ താളവിസ്മയം എന്ന രംഗാവിഷ്കാരത്തിൽ മോഹിനിയാട്ടം, കഥകളി, തുള്ളൽ, ഭരതനാട്യം, കുച്ചിപ്പുഡി, ഒപ്പന, മാർഗംകളി എന്നീ കലാരൂപങ്ങളും ഇവയുടെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും താളത്തിന്റെയും സമന്വയവും വേറിട്ട അനുഭവം നൽകി. തുടർന്ന് കലാമണ്ഡലം തുള്ളൽവിഭാഗം തുള്ളൽ ആഹാര്യ സമന്വയം എന്ന നൂതനാവിഷ്‌കാരവുമായി അരങ്ങിലെത്തി.

കുഞ്ചൻനമ്പ്യാരുടെ കിരാതം കഥയാണ് അവതരിപ്പിച്ചത്. ഓട്ടൻ, ശീതങ്കൻ, പറയൻ തുള്ളലുകളായി എട്ടു തുള്ളൽവേഷങ്ങൾ ഈ അവതരണത്തിൽ രംഗത്തെത്തിയതും വേറിട്ട അനുഭവമായി.

ഗുരു കലാമണ്ഡലം രാമച്ചാക്യാർ വിദൂഷകനായി അരങ്ങിലെത്തിയ സുഭദ്രാ ധനഞ്ജയം കൂടിയാട്ടം പാരമ്പര്യത്തനിമയുടെ അടയാളമായി. വള്ളത്തോളിന്റെ ബന്ധനസ്ഥനായ അനിരുദ്ധൻ എന്ന കാവ്യത്തെ അടിസ്ഥാനമാക്കി ഡോ. പി. വേണുഗോപാലൻ രചിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച ഉഷാനിരുദ്ധം കഥകളിയോടെയാണ് ആദ്യദിനം സമാപിച്ചത്.

കേരള കലാമണ്ഡലത്തിൽ ഇന്ന്

ചെറുതുരുത്തി : കേരള കലാമണ്ഡലത്തിൽ വള്ളത്തോൾ ജയന്തി- കലാമണ്ഡലം വാർഷികാഘോഷങ്ങളുടെ രണ്ടാംദിനമായ ഞായറാഴ്ച രാവിലെ കലാമണ്ഡലം സംഗീത് ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, കഥകളിയെ ആസ്പദമാക്കിയുള്ള ഡോ. എ.എൻ. കൃഷ്ണന്റെയും ഡോ. സദനം ഹരികുമാറിന്റെയും പുസ്തകങ്ങളുടെ ചർച്ച, മട്ടന്നൂർ ശ്രീരാജും കല്ലേക്കുളങ്ങര ആദർശും അവതരിപ്പിക്കുന്ന തായമ്പക എന്നിവ നടക്കും.

വൈകീട്ട് അഞ്ചിന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ കാർത്തികേയൻ നായർ മുകുന്ദരാജ സ്മൃതിപ്രഭാഷണം നടത്തും. കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി വിദ്യാർഥികൾക്കുള്ള എൻഡോവ്‌മെന്റുകൾ വിതരണംചെയ്യും. തുടർന്ന് 'കൃഷ്ണായനം' ഡോക്യുമെന്ററി പ്രദർശനം, രാത്രി 7.30-ന്‌ പൂതപ്പാട്ട് നൃത്തശില്പം, തുടർന്ന്‌ കലാമണ്ഡലം ഓയൂർ രതീശൻ, കലാമണ്ഡലം കേശവൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കുന്ന സന്താനഗോപാലം കഥകളി എന്നിവ അരങ്ങേറും.