കാട്ടാനക്കൂട്ടത്തെ തുരത്താൻ വിയർത്ത് വനംവകുപ്പ്

അതിരപ്പിള്ളി : എലിഫെന്റ്ഡ്രൈവ് ശക്തമായി തുടരുമ്പോഴും ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനക്കൂട്ടത്തെ തുരത്താനാകാതെ വനംവകുപ്പ്.

ഈ പ്രദേശങ്ങളിലിറങ്ങുന്ന കാട്ടാനക്കൂട്ടത്തെ വനപാലകരും ആർ.ആർ.ടി.സംഘവും നാട്ടുകാരുംചേർന്ന് പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിലൂടെ പടക്കംപൊട്ടിച്ച് പുഴ കടത്താൻ ശ്രമിക്കുമ്പോൾ മറുകരയിൽ കാലടി പ്ലാന്റേഷൻ പ്രദേശങ്ങളിൽ പൈനാപ്പിൾകൃഷി ചെയ്തിരിക്കുന്നവർ അന്യസംസ്ഥാന തൊഴിലാളികളെ കാവൽനിർത്തി ആനകളെ തിരികെ ഓടിക്കുകയാണ്.

‌വലിയ ശബ്ദമുള്ള ഗുണ്ടുകൾ ഉപയോഗിച്ചാണ് ഇവയെ തിരികെ ഓടിക്കുന്നത്. ഇതോടെ പുഴ കടന്ന് തിരികെയെത്തുന്ന ഈ കാട്ടാനക്കൂട്ടം അക്രമാസക്തരാകുകയും സൗരോർജവൈദ്യുതിവേലികൾ തകർത്ത് വീണ്ടും ജനവാസമേഖലയിലെത്തി വനപാലകരെയും, ആർ.ആർ.ടി. സംഘത്തെയും നാട്ടുകാരെയും ഓടിക്കുകയും ചെയ്യും.വെറ്റിലപ്പാറ മേഖലയിൽ കൊന്നക്കുഴി സ്റ്റേഷന്റെ നേതൃത്വത്തിൽ എലിഫെന്റ് ഡ്രൈവ് വിജയകരമാകുകയും കാട്ടാനശല്യം ഒരു പരിധിവരെ തടയാനാകുകയും ചെയ്തിരുന്നു. ഈ സമയത്താണ് കോടതി വിധിയും വനംവകുപ്പിന്റെ കർശനനിർദേശങ്ങളും കാറ്റിൽപ്പറത്തി പൈനാപ്പിൾത്തോട്ടത്തിലെ ജീവനക്കാർ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നത്.

പ്ലാന്റേഷൻമേഖലയിൽ എലിഫെന്റ് ഡ്രൈവ് ശക്തമാക്കിയാൽ കാട്ടാനകളെ വനത്തിലേക്കു തുരത്താൻ സാധിക്കുമെന്നും ഇതിനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.