നാട്ടിക ടോൾപ്ലാസക്കു മുന്നിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക്

പാതിവഴിയിൽ ഇറക്കിവിട്ടതോടെ യാത്രക്കാർ വലഞ്ഞു
തൃപ്രയാർ : ടോൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നാട്ടികയിലെ ടോൾപ്ലാസയ്ക്കു മുന്നിൽ നിർത്തിയിട്ട് പണിമുടക്കി. ഇതേത്തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന മറ്റ് ബസുകളും നിർത്തിയിട്ട് യാത്രക്കാരെ ഇറക്കിവിട്ടതോടെ യാത്രക്കാരും വിദ്യാർഥികളും പെരുവഴിയിലായി.
തിങ്കളാഴ്ച രാവിലെ എട്ടിനാണ് ലിമിറ്റഡ്സ്റ്റോപ്പ് ബസുകൾ ടോൾ പ്ലാസയിലെ വിവിധ പാതകളിൽ നിർത്തിയിട്ടത്. ഈ ബസുകൾ ടോൾ നൽകിയിരുന്നില്ല. സർവീസ്റോഡിലൂടെ മാത്രമേ ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകൾ സർവീസ് നടത്താൻ പാടുള്ളൂ. കെ.എസ്.ആർ.ടി.സി.യുടെ മിന്നൽ, ഡീലക്സ്, സൂപ്പർഫാസ്റ്റ് ബസുകൾക്കാണ് ദേശീയപാതയിലെ ആറുവരിപ്പാതയിലൂടെ സർവീസ് നടത്താൻ അനുമതിയുള്ളത്. എന്നാൽ നാട്ടിക ടോൾപ്ലാസയിൽ സർവീസ്റോഡില്ല. അതുകൊണ്ടുതന്നെ ടോൾ കൊടുക്കില്ലെന്ന നിലപാടിലാണ് ലിമിറ്റഡ്സ്റ്റോപ്പ് ബസുകൾ. എന്നാൽ 23 മുതൽ ടോൾ പിരിക്കുമെന്നും അതിനുമുൻപേ ബസുടമകളോട് ടോൾപ്ലാസയിൽ എത്തണമെന്നും പറഞ്ഞിരുന്നതായി ടോൾ കമ്പനിയധികൃതർ പറയുന്നു.
സർവീസ്റോഡ് പണിതിട്ടുമതി ടോൾ പിരിക്കാൻ എന്ന നിലപാടിൽ ബസുടമകളും ഉറച്ചുനിന്നു. ഈ ആവശ്യവുമായി ഇന്നലെ ടോൾപ്ലാസയിൽ യാത്രക്കാരെ ഇറക്കിവിട്ട് പണിമുടക്കുകയായിരുന്നു. സ്വകാര്യ ബസുകൾ കൂടുതലും ദേശീയപാതയുടെ സർവീസ്റോഡിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ ടോൾ വാങ്ങുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ബസുടമകൾ.
വലപ്പാട് സി.ഐ. പി.കെ. പദ്മരാജന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. ബസ്സുടമാപ്രതിനിധികളും ടോൾപ്ലാസ അധികൃതരുമായി പിന്നീട് സി.ഐ. ഓഫീസിൽ ചർച്ച നടന്നു.
ചർച്ചയിൽ ഒരാഴ്ച ടോൾ പിരിക്കില്ലെന്നും അതിനിടയ്ക്ക് വിഷയത്തിൽ തീർപ്പുണ്ടാക്കാമെന്നുമുള്ള ധാരണയിൽ രാവിലെ പതിനൊന്നോടെ ബസ് പണിമുടക്ക് പിൻവലിച്ചു. ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ അജിത്ത് കുമാർ ഇട്ടിത്തറ, ആഷിക്ക് ബനാസിനി, നൗഷാദ് ആറ്റുപറമ്പത്ത്, ഇസ്മയിൽ കൊടുങ്ങല്ലൂർ, ദേശീയപാത അതോറിറ്റി, ടോൾ കമ്പനി, ബസ് തൊഴിലാളിപ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.