റോഡ് പൊളിക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ

കയ്പമംഗലം : ജനങ്ങളുടെ എതിർപ്പ് വകവെക്കാതെ ചളിങ്ങാട് വീണ്ടും റോഡ് പൊളിക്കാൻ കരാറുകാരന്റെ ശ്രമം. സംഘടിച്ചെത്തിയ നാട്ടുകാർ ശ്രമം വീണ്ടും തടഞ്ഞു.

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ചൊവ്വാഴ്ച റോഡ് പൊളിക്കൽ നിർത്തിയിരുന്നതാണ്. ചളിങ്ങാട് മേഖലയിൽ പൈപ്പിടാൻവേണ്ടി പൊളിച്ച റോഡ് ഒന്നരവർഷം കഴിഞ്ഞിട്ടും ടാറിടാത്തത് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ തീരുമാനമായശേഷം പൊളിക്കുകയുള്ളൂവെന്ന ഉറപ്പിലാണ് പണികൾ ചൊവ്വാഴ്ച നിർത്തിവെപ്പിച്ചിരുന്നത്.

എന്നാൽ ഇത് വകവെക്കാതെ ബുധനാഴ്ച രാവിലെ വീണ്ടും ഉപകരണങ്ങളുമായി കരാറുകാരൻ എത്തുകയായിരുന്നു. ഇതോടെ നാട്ടുകാർ സംഘടിച്ച് ഇത് വീണ്ടും തടഞ്ഞു. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ വൈസ് പ്രസിഡന്റ് കെ.കെ. സക്കറിയ, കയ്പമംഗലം പോലീസ് എസ്.ഐ. ടി. ജയകുമാർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.

ജനങ്ങളുടെ എതിർപ്പ് മറികടന്ന് റോഡ് പൊളിക്കേണ്ടെന്നും അടുത്ത ദിവസം എം.എൽ.എ. ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന ശേഷമേ ഇനി റോഡ് പൊളിക്കാൻ പാടുള്ളൂവെന്നും പോലീസ് കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്.