ഭാരതപ്പുഴ വറ്റുന്നു

ചെറുതുരുത്തി : മഴമാറി കനത്തചൂടിൽ ഭാരതപ്പുഴ അതിവേഗം വറ്റിത്തുടങ്ങി. പുഴയിൽ പലഭാഗത്തും മണൽത്തിട്ടകൾ രൂപപ്പെട്ടുതുടങ്ങി. ഇപ്പോൾ ഇത്തരത്തിൽ പുഴ വറ്റിത്തുടങ്ങിയാൽ വരുംമാസങ്ങളിൽ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും. നിലവിൽ ചെറിയ ഒഴുക്കുമാത്രമാണുള്ളത്‌.

ഭാരതപ്പുഴയിൽ വെള്ളം സംഭരിക്കാൻ നിർമിച്ച ചെറുതുരുത്തി തടയണ ഇതുവരെ പൂർണമായും അടച്ചിട്ടില്ല. ഇതുമൂലം തടയണപ്രദേശത്തെ വെള്ളവും വറ്റിത്തുടങ്ങി.

തടയണ പൂർണമായും അടച്ച്‌ പദ്ധതിപ്രദേശത്ത് പരമാവധി വെള്ളം സംഭരിച്ചാൽമാത്രമേ വേനൽക്കാലത്ത് വരൾച്ച നേരിടാൻ കഴിയൂ. പൈങ്കുളം വാഴാലിപ്പാടം തടയണ തകർന്നതിനാൽ അവിടെയും വെള്ളം സംഭരിക്കാൻ കഴിയാത്ത നിലയാണ്.

നിലവിൽ പമ്പിങ്‌ മേഖലകളിൽ കുറച്ച് വെള്ളമെങ്കിലും കെട്ടിനിൽക്കുന്നുണ്ട്. ഇതു വറ്റിയാൽ കുടിവെള്ളവിതരണം തടസ്സപ്പെടും. ഇത്തവണ മഴക്കുറവുമൂലം ഒരുതവണ മാത്രമാണ് പുഴ പൂർണമായും നിറഞ്ഞൊഴുകിയത്.

ഭാരതപ്പുഴയുടെ ഘടന ചരിഞ്ഞതായതിനാൽ വെള്ളം അതിവേഗം ഒഴുകിപ്പോയി മണൽപ്പരപ്പ് മാത്രമായി മാറുന്നതാണ് പ്രകൃതം.

​േവണം പ്രാദേശിക പദ്ധതികൾ

:പുഴയുടെ തീരത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾതന്നെ വരൾച്ചയെ നേരിടാൻ പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കണമെന്ന ആവശ്യം ശക്തമായി. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കുഴൽക്കിണറുകളും മറ്റുമടങ്ങുന്ന നിരവധി പ്രാദേശിക കുടിവെള്ളപദ്ധതികളുണ്ട്. ഇവയെല്ലാം പരിശോധിച്ച്‌ അറ്റകുറ്റപ്പണികൾ നടത്തി പ്രാദേശികമായി കുടിവെള്ളവിതരണം നടത്തിയാൽ ഒരു പരിധിവരെ പിടിച്ചുനിൽക്കാം. അല്ലാത്തപക്ഷം ഇത്തവണ കുടിവെള്ളക്ഷാമം രൂക്ഷമാകും.

കഴിഞ്ഞവർഷംതന്നെ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്താണ് പിടിച്ചുനിന്നത്. ഇത്തവണ വരൾച്ച അതിലും രൂക്ഷമാകുന്ന സാഹചര്യത്തിൽ ജല അതോറിറ്റിയടക്കം വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച്‌ പദ്ധതികൾ തയ്യാറാക്കി നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.