ചിറവളവിൽ റോഡ് പൊളിക്കുന്നു

ഒറ്റവരി ഗതാഗത നിയന്ത്രണം
നടവരമ്പ് : തൃശ്ശൂർ–കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ നടവരമ്പ് ചിറവളവിൽ റോഡ് കോൺക്രീറ്റിങ്ങിനു പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു വശത്തുകൂടിമാത്രം ഗതാഗതം നിയന്ത്രിച്ചാണ് നിർമാണം പുരോഗമിക്കുന്നത്.
ആദ്യഘട്ടത്തിൽ റോഡിന്റെ ഒരു ഭാഗം പൊളിച്ചുനീക്കുകയാണ്. ഈ ഭാഗത്തെ കോൺക്രീറ്റിടൽ പൂർത്തിയാക്കിയശേഷം ഗതാഗതം പൂർത്തിയായ ഭാഗത്തേക്കു തിരിച്ചുവിട്ട് മറുഭാഗത്തെ റോഡുനിർമാണം നടത്തും. കലുങ്കിനു സമീപമുള്ള സംരക്ഷണഭിത്തിയുടെ നിർമാണവും തുടരുകയാണ്.
ചിറവളവിൽ ഒരു പാലവും രണ്ടു കലുങ്കുകളും ഉൾപ്പെടെയുള്ള നിർമാണങ്ങളുടെ ഭാഗമായി നേരത്തേ റോഡ് പൂർണമായും അടച്ചിട്ടിരുന്നു. കലുങ്കിന്റെ പുനർനിർമാണം ഭാഗികമായി പൂർത്തിയായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം മുതൽ ഒറ്റവരി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു.
കരൂപ്പടന്നമുതൽ കൂർക്കഞ്ചേരിവരെയുള്ള റോഡിൽ ചിറവളവിലെ ഏകദേശം 190 മീറ്റർ ഭാഗത്തെ കോൺക്രീറ്റിടലാണ് ഇനി പൂർത്തിയാക്കാനുള്ളത്.