മഴയിൽ വെള്ളക്കെട്ട്, വെയിലിൽ പൊടിശല്യം

മണത്തലയിൽ ദേശീയപാത സർവീസ് റോഡിലെ കാനപണി ഇഴയുന്നു

ചാവക്കാട് : മണത്തല ജുമാ മസ്ജിദിനു സമീപം ദേശീയപാത 66 സർവീസ് റോഡിലെ കാനപണി ഇഴയുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. മഴ കനത്താൽ ഈ ഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ടും മഴ മാറിയാൽ രൂക്ഷമായ പൊടിശല്യവുമാണ് നിലവിലെ സ്ഥിതി.

ഏതാണ്ട് 50 മീറ്റർ ദൂരം മാത്രമാണ് ഈ ഭാഗത്ത് കാനപണി പൂർത്തിയാകാനുള്ളത്. എന്നാൽ, പണി വളരെ സാവകാശമാണ് നടക്കുന്നത്. മാസങ്ങളായി ഇവിടെ കാനപണി നടക്കുന്നുണ്ടെങ്കിലും ഏറെ ഗതാഗതത്തിരക്കുള്ള ഭാഗമാണെന്ന നിലയിൽ പണി വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളൊന്നും ദേശീയപാതാ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ചാവക്കാട് ബൈപാസിന്റെ പണി തീരാത്തതിനാൽ ഈ ഭാഗത്ത് ഗതാഗതം പൂർണമായും സർവീസ് റോഡുകളിലൂടെയാണ്. ഇതര സംസ്ഥാനവാഹനങ്ങൾ ഉൾപ്പെടെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് കാനപണി നടക്കുന്ന സർവീസ് റോഡിലൂടെ പോകുന്നത്. ചെളിയ അശ്രദ്ധയുണ്ടായാൽ വാഹനങ്ങൾ കാനയ്‌ക്കെടുത്ത കുഴിയിൽ വീഴും. കാനപണിയുടെ വേഗം കൂട്ടി എത്രയും വേഗം പൂർത്തിയാക്കണമെന്ന് പലതവണ എം.എൽ.എ. ഉൾപ്പെടെയുള്ളവർ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയൊന്നുമായില്ല.