ചാലക്കുടിയിലെ പുതിയ ഗതാഗതപരിഷ്കാരം; കുരുക്കും സംശയങ്ങളും ബാക്കി

ചാലക്കുടി : പട്ടണത്തിൽ ഗതാഗതപരിഷ്കാരം നടപ്പാക്കിയെങ്കിലും ഗതാഗതക്കുരുക്കിന് പൂർണമായും പരിഹാരമായില്ല. യാത്രക്കാർക്കും ബസുൾപ്പെടെയുള്ള വാഹനങ്ങളിലെ ഡ്രൈവർമാർക്കും പരിഷ്കാരം സംബന്ധിച്ച് ധാരണ കിട്ടാത്തതാണ് പ്രശ്നം. ചില യാത്രക്കാർ പഴയ ബസ്സ്റ്റോപ്പിൽത്തന്നെ കാത്തുനിൽക്കുന്നതുമൂലം ബസുകൾക്ക് പഴയ സ്റ്റോപ്പിലും പുതിയ സ്റ്റോപ്പിലും നിർത്തേണ്ടതായി വരുന്നു. സൗത്ത് ജങ്ഷനിൽനിന്ന് കൊരട്ടി ഭാഗത്തേക്കു പോകുന്ന ബസുകൾ ഇപ്പോഴും ചിക്കൂസിനു മുൻപിലാണ് നിർത്തുന്നത്.
ദീർഘദൂര സ്വകാര്യബസുകൾ സൗത്ത് ജങ്ഷനിൽ സുരാഗ് ബിൽഡിങിനു മുൻപിലാണ് നിർത്തേണ്ടത്. എന്നാൽ, യാത്രക്കാർ ദേശീയപാതയിലെ പഴയ ബസ്സ്റ്റോപ്പിൽത്തന്നെ നിൽക്കുന്നതിനാൽ ബസുകൾ ഇവിടെയും നിർത്തി ആളുകളെ കയറ്റേണ്ട സ്ഥിതിയാണ്. ദീർഘദൂര സ്വകാര്യ ബസ്സർവീസ് ഏജൻസികളെ മുനിസിപ്പൽ അധികൃതർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
മാള ഭാഗത്തുനിന്ന് വരുന്ന സ്വകാര്യബസുകളിൽ അതിരപ്പിള്ളി, ഇരിങ്ങാലക്കുട, കൊടകര, തൃശ്ശൂർ ഭാഗങ്ങളിലേക്കുള്ളവ മുനിസിപ്പൽഓഫീസ് വഴി പുതിയ റൂട്ടിലാണ് സർവീസ് നടത്തുന്നത്. കൊരട്ടിയുൾപ്പെടെ മറ്റു ഭാഗങ്ങളിലേക്കു പോകുന്ന ബസുകൾ ട്രാംവേ വഴി തന്നെയാണ് പോകേണ്ടത്. ഇതു സംബന്ധിച്ച് യാത്രക്കാർക്ക് സംശയങ്ങളുമുണ്ട്. മാർക്കറ്റ് റോഡിൽ വൺവേ പൂർണമായും നടപ്പാക്കിയിട്ടില്ല. ആവശ്യമായ സൂചനാ ബോർഡുകളും മറ്റു ക്രമീകരണങ്ങളും പൂർണമായും ഒരുക്കിയ ശേഷം കർശനനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ആനമല മോഡി ജങ്ഷനിൽ ഗതഗതക്കുരുക്ക് കുറയ്ക്കുന്നതിനായി പഴയ ദേശീയപാതയിൽ താത്കാലിക മീഡിയൻ വെക്കുന്ന നടപടി അടുത്ത ദിവസം പൂർത്തിയാക്കുമെന്ന് നഗരസഭാധ്യക്ഷ ആലിസ് ഷിബു അറിയിച്ചു. മുനിസിപ്പൽ ഓഫീസിനു സമീപമുള്ള ദേശീയപാത സർവീസ് റോഡിലേക്ക് (പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡ്)തെക്കു ഭാഗത്തു നിന്ന് വാഹനങ്ങൾക്ക് പ്രവേശനമില്ലെങ്കിലും വാഹനങ്ങൾ തെറ്റായി പ്രവേശിക്കുന്നുണ്ട്.