പ്രസവസമയത്ത് ഉള്ളിൽ വെച്ച പഞ്ഞി എടുത്തില്ല; വേദനതിന്ന് ഒന്നര മാസം

ചാവക്കാട് താലൂക്കാശുപത്രിക്ക്എതിരേ പരാതി
ചാവക്കാട് : താലൂക്കാശുപത്രിയിൽ പ്രസവസമയത്ത് 21-കാരിയുടെ ജനനേന്ദ്രിയത്തിനുള്ളിൽ പഞ്ഞിക്കെട്ട് മറന്നുവെച്ചു. പഞ്ഞി എടുത്തുമാറ്റാത്തതിനെത്തുടർന്നുണ്ടായ വേദനയുമായി യുവതി കഴിഞ്ഞത് ഒന്നര മാസം. കടപ്പുറം മുനയ്ക്കക്കടവ് സ്വദേശിയാണ് താലൂക്ക് ആശുപത്രി അധികൃതർക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.
ഓഗസ്റ്റ് 18-ന് രാവിലെയാണ് ചാവക്കാട് താലൂക്കാശുപത്രിയിൽ യുവതി പെൺകുഞ്ഞിനെ പ്രസവിച്ചത്. അവർ പറയുന്നതിങ്ങനെ: '' ശസ്ത്രക്രിയ അല്ലാതിരുന്നതിനാൽ വാർഡിലേക്കു മാറ്റി. മണിക്കൂറിനുള്ളിൽ രക്തസ്രാവമുണ്ടായി. വീണ്ടും ലേബർമുറിയിലേക്കു മാറ്റി. മുറിവുകൾ തുന്നിക്കെട്ടിയത് നീക്കി അവിടെയുണ്ടായിരുന്ന പഞ്ഞി പുറത്തെടുത്തു. എന്നാൽ, ആശുപത്രി വിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും വേദനയും ദുർഗന്ധവും മാറിയില്ല. 10 ദിവസത്തിനുശേഷം വീണ്ടും താലൂക്കാശുപത്രിയിലെത്തി പ്രസവമെടുത്ത ഡോക്ടറെ കണ്ടു.
പഴുപ്പാണെന്നു പറഞ്ഞ് പലതരം മരുന്നുകൾ എഴുതിനൽകിയതല്ലാതെ ശാരീരികാസ്വസ്ഥത മാറിയില്ല. സെപ്റ്റംബർ 29-ന് വീട്ടുകാർ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് മറ്റൊരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ചപ്പോഴാണ് ജനനേന്ദ്രിയത്തിൽ പഞ്ഞിയുണ്ടെന്നറിയുന്നത്. പഞ്ഞി മുഴുവനായി അവിടെവെച്ചാണ് നീക്കിയത്.”
തന്റെ അവശതയ്ക്കു കാരണക്കാരായവർക്കെതിരേ നടപടിയാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ, കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് യുവതി പരാതി നൽകിയിട്ടുണ്ട്.
പ്രസവസമയത്ത് രക്തസ്രാവമുണ്ടായതിനെത്തുടർന്നാണ് പഞ്ഞി വെച്ചതെന്നും രക്തസ്രാവം നിന്നപ്പോൾ പഞ്ഞി നീക്കംചെയ്തെന്നും പ്രസവമെടുത്ത ഡോ. ഡിറ്റോ ടോം വിശദീകരിച്ചു. പിന്നീട് എന്തു സംഭവിച്ചെന്നറിയില്ല.
തന്റെ കൂടെയുണ്ടായിരുന്ന അസിസ്റ്റന്റുമാരാണ് പഞ്ഞി വെച്ചതും നീക്കംചെയ്തതുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണമാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽഓഫീസർക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ. ഷാജ്കുമാർ റിപ്പോർട്ട് നൽകി. ഡി.എം.ഒ. നിയോഗിച്ച സംഘം ആശുപത്രിയിലെത്തി അടുത്ത ദിവസം അന്വേഷണം നടത്തും.