എറിയാട്ടെ വിഷമണ്ണ് നീക്കത്തിന് വേഗം പോരാ

പരാതിയുമായി നാട്ടുകാർ
എറിയാട് : പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ രാസമാലിന്യം കലർന്ന മണ്ണ് നീക്കംചെയ്യുന്നത് മന്ദഗതിയിലെന്ന് പരാതി.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് മണ്ണ് കുഴിച്ചെടുത്ത് ടോറസ് ലോറിയിൽ കയറ്റി കൊണ്ടുപോയിത്തുടങ്ങിയെങ്കിലും ഇതുവരെ 10 ലോഡ് മണ്ണുമാത്രമേ നീക്കിയിട്ടുള്ളൂ. മണ്ണ് എടുക്കുന്നതിനുള്ള ഹിറ്റാച്ചികളും കൊണ്ടുപോകാനുള്ള വാഹനങ്ങളും ആവശ്യത്തിനില്ലാത്തതാണ് പ്രധാന പ്രതിസന്ധി.
മണ്ണെടുക്കാൻ കൊണ്ടുവന്ന ജെ.സി.ബി. രണ്ടുതവണ കേടായി. ചെറിയ പറമ്പുകളിൽനിന്നുള്ള രാസമാലിന്യം കലർന്ന മണ്ണ് കോരിയെടുത്ത് ചെറിയ ലോറികളിലാക്കി മറ്റൊരു സ്ഥലത്ത് ശേഖരിച്ച് അവിടെനിന്ന് പഞ്ചായത്തിന്റെ പാസുപയോഗിച്ച് ടോറസ് ലേറികളിൽ പോലീസ് നിരീക്ഷണത്തോടെയാണ് കൊണ്ടുപോകുന്നത്. ഇടയാറിലെ ബിനാനി സിങ്കിന്റെ സ്ഥലത്തുതന്നെയാണ് മണ്ണ് തിരികെ കൊണ്ടുവന്നിടുന്നത്.
വലിയ തോതിൽ മണ്ണിട്ടിട്ടുള്ള ഭൂമികളിൽനിന്ന് മണ്ണെടുക്കൽ തുടങ്ങിയിട്ടില്ല.
നൂറുകണക്കിന് ലോഡ് രാസമാലിന്യം കലർന്ന മണ്ണാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കുളങ്ങളും തണ്ണീർത്തടങ്ങളും ഭൂമികളും നികത്താൻ ഉപയോഗിച്ചിട്ടുള്ളത്. നാലു മാസത്തിലധികം നീണ്ടുനിന്ന സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷമാണ് മണ്ണ് കൊണ്ടുവന്നവരും ഇടനിലക്കാരും ചേർന്ന് മണ്ണ് തിരിച്ചുകൊണ്ടുപോകണമെന്ന് സർക്കാർ കർശന നിലപാടെടുത്തത്.
മണ്ണെടുക്കുന്ന സ്ഥലങ്ങൾ കെ.കെ. വത്സരാജ് എം.എൽ.എ. വെള്ളിയാഴ്ച വൈകീട്ട് സന്ദർശിച്ചു. മണ്ണ് കൊണ്ടുപോകുന്നതിലുള്ള താമസത്തെക്കുറിച്ച് നാട്ടുകാരുടെ ആശങ്ക ആർ.ഡി.ഒ.യുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.എൽ.എ. പറഞ്ഞു.