അടച്ചിട്ട് പോലീസ്; കുരുങ്ങി ജനം

സമരമെന്നു കേട്ടാൽ നാട്ടുകാരെ പൂട്ടുന്നതെന്തിന് പോലീസേ...

തൃശ്ശൂർ : കേരളത്തിൽ ഏറ്റവും കൂടുതൽ കെ.എസ്.ആർ.ടി.സി.ബസുകളെത്തുന്ന നഗരമാണ് തൃശ്ശൂർ. സുഗമഗതാഗതം ഉറപ്പാക്കേണ്ട പോലീസിന്റെ അടുത്തകാലത്തെ നടപടികൾ പക്ഷേ, യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്. സുരക്ഷാമുന്നൊരുക്കമെന്ന പേരിൽ നടപ്പാക്കുന്ന റോഡുകെട്ടിത്തിരിക്കലും പരിപാടികൾ തുടങ്ങുന്നതിന് മണിക്കൂറുകൾക്കുമുൻപേ ഗതാഗതം നിരോധിക്കുന്നതും സ്ഥിരമായി. ഇൗയിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത തൂഫാൻ ജാഗരൺസന്ദേശ യാത്രയിൽ സ്വരാജ്റൗണ്ടിൽ ഗതാഗതം നിരോധിച്ചത് നാലു മണിക്കൂറാണ്.

തെക്കേഗോപുരനടയിൽനിന്നാരംഭിച്ച സന്ദേശയാത്രയിൽ തുറന്ന ജീപ്പിൽ മന്ത്രിമാർ കടന്നുപോയി. പിന്നാലെ വിദ്യാർഥികളുടെ റാലിയും. നാലു ബസുകൾക്ക് ഒരേസമയം പോകാൻ വീതിയുള്ള സ്വരാജ്റൗണ്ടിൽ ഒരു വരിയായെങ്കിലും വാഹനങ്ങൾ കടത്തിവിട്ടിരുന്നെങ്കിൽ അന്ന് അത്രയും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകില്ലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വരാജ്റൗണ്ടിൽ റോഡ് ഷോ നടത്തിയപ്പോൾപ്പോലും ഇത്രനേരം ഗതാഗതം തടഞ്ഞില്ല.

കേരളത്തിൽ അടുത്ത കാലത്ത് പ്രതിഷേധങ്ങളും സമരങ്ങളും വ്യാപകമായതോടെ ഇതു നേരിടാൻ പോലീസ് റോഡുകൾ കെട്ടിത്തിരിച്ച് ബാരിക്കേഡ് വെക്കുന്ന രീതിയും വർധിച്ചു. പരിപാടി ആരംഭിക്കുന്നത് രണ്ടോ മൂേന്നാ മണിക്കൂറുകൾക്കു മുൻപേ ഗതാഗതം നിരോധിക്കുന്ന രീതിയിലേക്കും പോലീസ് കടന്നു. പ്രതിഷേധം നടത്തുന്ന സ്ഥലത്തുമാത്രമല്ല, ഗതാഗതനിരോധനം. ആ ചുറ്റുപാടമുള്ള റോഡുകളിലേക്ക് നിരോധനം വരുന്നതോടെ വാഹനങ്ങൾ കുരുക്കിലമരുകയാണ്. യാത്രക്കാർ നട്ടംതിരിയുകയാണ്. അതേസമയം, യാത്രക്കാർക്ക് ബദൽ റോഡുകൾ ഉപയോഗപ്പെടുത്താൻ പോലീസുകാരെ നിയോഗിക്കാറുമില്ല. ട്രാഫിക് പോലീസുകാർപോലും ഇൗ സമയങ്ങളിൽ സുരക്ഷാച്ചുമതലയിലായിരിക്കും.

പോലീസ്‌കമ്മിഷണറുടെ ഓഫീസിലേക്ക് നടത്തുന്ന മാർച്ചിൽ വലിെയാരു റോഡുതന്നെ പൂർണമായി അടച്ചുകെട്ടുകയാണ്. വൈകീട്ടാണ് പ്രതിഷേധമെങ്കിൽ ഉച്ചയോടെ ബാരിക്കേഡുകളുയരും. ആ വഴി പിന്നീട് തുറക്കുന്നത് രാത്രിയോടെമാത്രം. പോലീസ്‌കമ്മിഷണറുടെ ഒാഫീസിനു മുൻവശം നാലുവരിപ്പാതയാണ്. പ്രതിേഷധക്കാരെത്തുംവരെയെങ്കിലും രണ്ടുവരിപ്പാതയിലൂടെ വാഹനം കടത്തിവിടാം. പ്രതിഷേധക്കാരെ നേരിടാനായി നിയോഗിച്ചിരിക്കുന്ന പോലീസുകാരെ പ്രകടനമെത്തുംവരെ സുഗമഗതാഗതം ഉറപ്പാക്കാനായി ഉപയോഗിക്കുകയുംചെയ്യാം.

ഗതാഗതം കിലോമീറ്ററുകളോളം നിരോധിച്ച് ബാരിക്കേഡു െകട്ടുന്നത് സുരക്ഷ കൂട്ടാനല്ല, പകരം പോലീസ് സ്വന്തം ഭാഗം സുരക്ഷിതമാക്കാനാണെന്ന ആരോപണം വ്യാപകമാണ്. പ്രതിഷേധം നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയാൽ പ്രതിഷേധക്കാരുടെ നേതാക്കളുമായി കാര്യങ്ങൾ ചർച്ചചെയ്യുന്ന രീതി പോലീസ് പണ്ട് നടത്താറുണ്ടായിരുന്നു. അതില്ലാതായി.

പ്രതിഷേധത്തിൽ അക്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന സ്പെഷ്യൽബ്രാഞ്ചിന്റെ റിപ്പോർട്ടാണ് കനത്ത സുരക്ഷയ്ക്ക് ആധാരമാക്കുന്നത്. സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് നൽകി അവരുടെ ഭാഗം സുരക്ഷിതമാക്കുന്നു. നട്ടം തിരിയുന്നത് സാധാരണക്കാരാണ്. മണിക്കൂറുകളാണ് ഗതാഗതക്കുരുക്കിൽ കിടക്കേണ്ടിവരുന്നത്. സ്കൂൾവിദ്യാർഥികൾ മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾവരെ സമയം വൈകിയെത്തേണ്ട സ്ഥിതിയിലേക്ക് മാറുകയാണ്. മിക്കവർക്കും ഹാജരും കൂലിയും മുടങ്ങുന്നു. ആംബുലൻസിനു പോലും കടന്നുപോകാനാകാത്തവിധമുള്ള കെട്ടിയടയ്ക്കലിൽ ജീവന്റെ വില കാണുന്നില്ല.