തിരുവുള്ളക്കാവിൽ നവീകരിച്ച വലിയമ്പലവും ചുറ്റമ്പലവും മുഖമണ്ഡപവും സമർപ്പിച്ചു

ചേർപ്പ് : തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ നവീകരിച്ച ചുറ്റമ്പലം, മുഖമണ്ഡപം എന്നിവ സമർപ്പിച്ചു. മേൽശാന്തി മഴമംഗലത്ത് തരണനെല്ലൂർ രമേശൻ നമ്പൂതിരിപ്പാട് ശ്രീകോവിൽനിന്ന് പകർന്ന ദീപം തെളിച്ച് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ മുഖ്യ പൂജാരി കെ.എൻ. നരസിംഹ അഡിഗ സമർപ്പണം നിർവഹിച്ചു.
ക്ഷേത്രങ്ങൾ നവീകരിച്ച് സംരക്ഷിക്കുന്നതും അന്നദാനവും ചൈതന്യം വർധിപ്പിക്കുമെന്ന് നരസിംഹ അഡിഗ പറഞ്ഞു. പെരുവനം വേദപാഠശാല വിദ്യാർഥികളുടെ വേദമന്ത്രജപത്തോടെ അതിഥികളെ വരവേറ്റു. പഞ്ചവാദ്യവും ഉണ്ടായി. ദേവസ്വം സെക്രട്ടറി എ.എ. കുമാരൻ ഹാരാർപ്പണവും പ്രസിഡന്റ് ആരൂർ ദേവൻ സോമയാജിപ്പാട് പൂർണകുംഭവും നൽകി സ്വീകരിച്ചു. തന്ത്രി കെ.പി. കൃഷ്ണൻ ഭട്ടതിരിപ്പാട് കാർമികനായി.
ഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. വിവിധ ദ്രവ്യങ്ങളാൽ പറകൾ നിറച്ചു. സാംസ്കാരിക സമ്മേളനം ഗീതാ ഗോപി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. ക്ഷേത്രത്തിൽ പുതുതായി തുടങ്ങുന്ന നാണയപ്പറ വഴിപാട് ചിറയ്ക്കാക്കോട് എളങ്ങള്ളൂർ മന സദാനന്ദൻ നമ്പൂതിരി സമർപ്പിച്ചു.
നരസിംഹ അഡിഗയെ പ്രസിഡന്റും സുബ്രഹ്മണ്യ അഡിഗയെ ചിറ്റൂർ ഹരി നമ്പൂതിരിപ്പാടും ആദരിച്ചു. തച്ചുശാസ്ത്രവിദഗ്ധൻ എളവള്ളി ശിവദാസനെ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അനുമോദിച്ചു. മുൻ എം.എൽ.എ. ടി.വി. ചന്ദ്രമോഹൻ, മേളപ്രാമാണികൻ പെരുവനം കുട്ടൻമാരാർ, അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്സ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പ്രസാദ ഊട്ടും ഉണ്ടായി.
2025 ജനുവരിയിലാണ് നവീകരണം തുടങ്ങിയത്. നാലു കോടിയോളം രൂപ ചെലവിൽ 4025 ക്യുബിക് തേക്കുതടി, ചെമ്പുതകിട്, കരിങ്കൽ തൂണുകൾ, ശില്പങ്ങൾ എന്നിവയോടെ 2500 ചതുരശ്ര അടിയിലാണ് നവീകരണം നടത്തിയത്.