കാത്തിരിപ്പിന് വിരാമം; എടതിരിഞ്ഞി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

എടതിരിഞ്ഞി : നീണ്ട കാത്തിരിപ്പിനുശേഷം എടതിരിഞ്ഞി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. ഇരിങ്ങാലക്കുട- മൂന്നുപീടിക സംസ്ഥാനപാതയിൽ ചേലൂരിൽ പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ച് സംസ്ഥാന സർക്കാരിന്റെ പ്ലാൻ സ്‌കീം 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടമൊരുക്കിയത്. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചേലൂർ സെയ്ന്റ് മേരീസ് ചർച്ച് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.പി. അനിൽകുമാർ പുതിയ ഓഫീസ് നാടിന് സമർപ്പിക്കും. തോമസ് ഉണ്ണിയാടൻ എം.എൽ.എ. അധ്യക്ഷനാകും.

കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കെട്ടിടത്തിലേക്കാവശ്യമായ ഫർണിച്ചർ ലഭ്യമാകാൻ വൈകിയതായിരുന്നു ഉദ്ഘാടനം നീണ്ടുപോകാൻ കാരണം. വില്ലേജ് ഓഫീസ് പൊളിക്കുന്നതിനു മുൻപേ 2024 ജനുവരിയിൽ വില്ലേജ് ഓഫീസ് പ്രവർത്തനം ചെട്ടിയാൽ സെന്ററിലുള്ള വാടകക്കെട്ടിടത്തിലേക്ക് മാറ്റിയതാണ്. ഏഴുമാസത്തിനുശേഷമാണ് ഓഫീസ് കെട്ടിടം പൊളിച്ചത്. വീണ്ടും ഒരു വർഷം കഴിഞ്ഞാണ് പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയത്.

വില്ലേജ് ഓഫീസ് വാടകക്കെട്ടിടത്തിന്റെ രണ്ടാംനിലയിലായതിനാൽ വയോജനങ്ങളും ഭിന്നശേഷിക്കാരും പ്രയാസത്തിലായിരുന്നു. പുതിയ കെട്ടിടം വരുന്നതോടെ അതിന് പരിഹാരമാകും.

ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. അന്നേദിവസം നാലിന് മാപ്രാണം പി.കെ. ചാത്തൻ മാസ്റ്റർ സ്മാരക ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി എ.പി. അനിൽകുമാർ മാടായിക്കോണം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ തറക്കല്ലിടലും നിർവഹിക്കും.