ദേശീയപാത നിർമാണം: കാനയ്ക്കായി കുഴിയെടുക്കുന്നതിനിടെ മതിലും ഭണ്ഡാരവും തകർന്നു

ചാവക്കാട് ടൗണിൽ ഗതാഗതക്കുരുക്ക്
ചാവക്കാട് : ദേശീയപാത 66-ന്റെ നിർമാണവുമായി ബന്ധപ്പെട്ട് കാനയ്ക്കായി കുഴിയെടുക്കുന്നതിനിടെ മണത്തല ജുമാമസ്ജിദിന്റെ മതിലിന്റെ ഒരു ഭാഗവും ഭണ്ഡാരവും തകർന്നുവീണു. കുഴിയെടുക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളൊന്നും സ്വീകരിക്കാതെയുള്ള ദേശീയപാത നിർമാണക്കമ്പനിയുടെ അനാസ്ഥയാണ് സംഭവത്തിനു കാരണമെന്നാണ് വിമർശനം. ശനിയാഴ്ച രാവിലെ മണത്തല പള്ളിക്കു മുന്നിൽ ദേശീയപാത സർവീസ്റോഡിൽ കാനയ്ക്കായി മണ്ണുമാന്തിയന്ത്രമുപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് പള്ളിയുടെ മതിലിന്റെ ഒരു ഭാഗവും മതിലിനോടുചേർന്ന് സ്ഥാപിച്ചിരുന്ന ഭണ്ഡാരവും തകർന്നുവീണത്. ചാവക്കാട് ബൈപാസിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളെല്ലാം നിലവിൽ ഈ സർവീസ്റോഡിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ, ഇതൊന്നും വകവയ്ക്കാതെയുള്ള നിർമാണമാണ് ദേശീയപാതാ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് നാട്ടുകാരുടെ വിമർശനം.
സർവീസ്റോഡിൽ കാനയ്ക്കായി കുഴിയെടുക്കുന്ന വിവരം പോലീസിനു പോലും ദേശീയപാതാ അധികൃതരുടെ ഭാഗത്തുനിന്ന് നൽകിയിരുന്നില്ല. വീതികുറഞ്ഞ സർവീസ്റോഡിൽ കുഴിയെടുത്തതോടെ ഇതുവഴിയുള്ള ഗതാഗതം അപകടകരമായി. കാനക്കായി കുഴിയെടുത്തതിനടുത്തുകൂടെ വാഹനങ്ങൾ കടന്നുപോകുന്നതുവഴി റോഡ് ഇടിയുമെന്നനിലയായി. ഇതോടെ മണത്തല പള്ളി അധികാരികളും നാട്ടുകാരും പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ചാവക്കാട് സി.ഐ. എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പോലീസെത്തി ഇതുവഴിയുള്ള വാഹനഗതാഗതം നിർത്തിവെപ്പിച്ചു.
കോഴിക്കോടു ഭാഗത്തേക്കുള്ള വാഹനങ്ങൾ മണത്തല വോൾഗ നഗർ ഭാഗത്തേക്ക് വഴിതിരിച്ചുവിട്ട് മണത്തല മുല്ലത്തറയിലെ ദേശീയപാത മേൽപ്പാലത്തിലൂടെ വിട്ടാണ് പ്രശ്‌നത്തിന് ഭാഗികമായെങ്കിലും പരിഹാരം കണ്ടത്. ഇതിനെത്തുടർന്ന് രാവിലെ മുതൽ ഉച്ചവരെ ദേശീയപാതയിലും ചാവക്കാട് ടൗണിലും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് ദേശീയപാത നിർമാണക്കമ്പനിയധികൃതരെ സ്ഥലത്തേക്കു വിളിച്ചുവരുത്തുകയും പള്ളിയുടെ തകർന്ന മതിലും ഭണ്ഡാരപ്പെട്ടിയും പുനഃസ്ഥാപിച്ചുനൽകാമെന്ന് ധാരണയാകുകയും ചെയ്തിട്ടുണ്ട്.
ദേശീയപാതാ അധികൃതരുടേത് നിരുത്തരവാദിത്വമെന്ന് നാട്ടുകാർ
അന്തഃസംസ്ഥാന വാഹനങ്ങളുൾപ്പെടെ കടന്നുപോകുന്ന റോഡിൽ കാനയ്ക്കായി കുഴിയെടുക്കുമ്പോൾ സ്വീകരിക്കേണ്ട ഒരു മുൻകരുതലും ദേശീയപാതാ അധികൃതർ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കുഴിയെടുക്കുന്നതിന്റെ ഇരുവശവും ഇടിയാതിരിക്കാൻ ഒരു നടപടിയും ഉണ്ടായില്ലെന്ന് മണത്തല പള്ളിക്കമ്മിറ്റി ഭാരവാഹിയായ കെ.വി. ഷാനവാസ് പറഞ്ഞു.
മണൽപ്രദേശമായതിനാൽ മണ്ണിടിച്ചിലിനുള്ള സാധ്യത വളരെ കൂടുതലുള്ള പ്രദേശമാണിത്. പള്ളിക്കു മുൻപിലെ സർവീസ്റോഡിന്റെ മറ്റൊരു ഭാഗത്ത് കാനയ്ക്കായി എടുത്ത കുഴികൾ മാസങ്ങളോളം പണി നടത്താതെ തുറന്നുകിടക്കുന്ന സ്ഥിതിയായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ഭാഗത്ത് കാനപണി പുനരാരംഭിച്ചതെന്ന് ഷാനവാസ് പറഞ്ഞു.