കലാമണ്ഡലം രംഗകലാമ്യൂസിയം സാംസ്‌കാരിക-ടൂറിസം ഭൂപടത്തിലേക്ക്

ചെറുതുരുത്തി :  മുൻ കേന്ദ്രസർക്കാരിന്റെയും സംസ്ഥാനസർക്കാരിന്റെയും ഭരണകാലത്ത്‌ ആവിഷ്‌കരിച്ച കേരള കലാമണ്ഡലത്തിന്റെ അഭിമാനപദ്ധതിയായ ദേശീയ രംഗകലാ മ്യൂസിയത്തിന്റെ നിർമാണം പുനരാരംഭിച്ചു. ഇതോടെ സാംസ്‌കാരിക ടൂറിസത്തിന്റെ ഭാഗമായ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷയുണർന്നു.

2012-ൽ ഡോ. മൻമോഹൻസിങ് പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് തറക്കല്ലിട്ടത്. 2014-ഓടെ 12 കോടിയിലധികം രൂപ ചെലവഴിച്ച് മ്യൂസിയത്തിന്റെ ബഹുനിലക്കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും കെട്ടിടഉദ്ഘാടനച്ചടങ്ങുമാത്രം നടന്നു.

ദേശീയതലത്തിൽത്തന്നെ അഭിമാനിക്കാവുന്നവിധം ഭക്ഷിണേന്ത്യൻ രംഗകലകളെ ആധുനിക സാങ്കേതികവിദ്യകളിലൂടെ അടുത്തറിയാവുന്ന തരത്തിൽ ഒരു കുടക്കീഴിൽ കൊണ്ടുവന്ന്‌ അവതരിപ്പിക്കുന്ന പദ്ധതിയുടെ രൂപരേഖയും തയ്യാറാക്കി. ബെംഗളൂരുവിലുള്ള കൺസൾട്ടൻസി കമ്പനിയാണിത് തയ്യാറാക്കിയത്. തുടർന്ന് ചർച്ചകളും മറ്റും പൂർത്തിയാക്കി. ഇതിനിടെ ദേശീയ-സംസ്ഥാനതലത്തിൽ ഭരണമാറ്റമുണ്ടായതോടെ പദ്ധതി കുറേക്കാലം സാങ്കേതിക-സാമ്പത്തിക കുരുക്കിൽപ്പെട്ടു. പരിശോധന നടത്തേണ്ട വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്‌മയും പ്രശ്‌നമായി.

വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ, കലാമണ്ഡലം മുൻ രജിസ്ട്രാർ ഡോ. പി. രാജേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ സർക്കാർതലത്തിലും വിവിധ വകുപ്പുദ്യോഗസ്ഥതലത്തിലും നിരവധി ചർച്ചകൾ പൂർത്തിയാക്കുകയും തുടർന്ന് കഴിഞ്ഞ സർക്കാർ 80 ലക്ഷത്തോളം രൂപ അനുവദിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ഇലക്‌ട്രിക്കൽ വിഭാഗത്തിന്റെ നിർമാണം ഇപ്പോൾ നടന്നുവരുകയാണ്.

വീണ്ടും യു.ഡി.എഫ് സർക്കാർ ഭരണത്തിൽ വന്ന സാഹചര്യത്തിൽ ദേശീയതലത്തിൽത്തന്നെ അഭിമാനപദ്ധതിയായ രംഗകലാ മ്യൂസിയം പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് കലാലോകം. നിലവിൽ കലാമണ്ഡലത്തിന്റെ ടൂറിസം വരുമാനവിഹിതം വലിയതോതിൽ വർധിച്ച സാഹചര്യത്തിൽ ദേശീയ രംഗകലാ മ്യൂസിയംകൂടി വന്നാൽ സാംസ്‌കാരിക ടൂറിസം രംഗത്ത്‌ വലിയ കുതിപ്പേകാൻ കലാമണ്ഡലത്തിന്‌ കഴിയും. കൂടാതെ കേരള കലാമണ്ഡലം നൂറാംവയസ്സിലേക്കടുക്കുന്ന സാഹചര്യത്തിൽ ഈ ദേശീയ മ്യൂസിയത്തിന് സാധ്യതകളുമേറെയാണ്.