കാടുപിടിച്ച് സ്‌കൂൾ മൈതാനവും പരിസരവും

കോടശ്ശേരി : ചായ്പൻകുഴി ഗവ. ഹൈസ്‌കൂളിനോടു ചേർന്ന മൈതാനവും പരിസരവും പുല്ലും പാഴ്‌ച്ചെടികളും വളർന്ന് കാടുപിടിച്ച നിലയിൽ. ഹൈസ്‌കൂളിലും ഹയർ സെക്കൻഡറി സ്‌കൂളിലുമായി 400-ലേറെ വിദ്യാർഥികൾ കളിക്കുന്ന മൈതാനമാണിത്. സമീപത്ത് കൃഷിയോ ആൾപ്രവേശനമോ ഇല്ലാതെ കിടക്കുന്ന വ്യക്തികളുടെ പറമ്പുകളും കാടുപിടിച്ച് കിടക്കുന്നുണ്ട്.

ഇഴജന്തുക്കളുടെയും മറ്റും ശല്യം വർധിച്ചുവരുന്നതായും പരാതിയുണ്ട്. പരിസരം വൃത്തിയാക്കണമെന്ന് രക്ഷിതാക്കൾ പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. മൈതാനത്ത് വിവിധയിടങ്ങളിലായി ഉയർന്നുനിൽക്കുന്ന മട്ടിക്കല്ലുകൾ കളിക്കുന്നവർക്ക് അപകടഭീഷണിയാണ്.

കളിക്കുന്നതിനിടെ കല്ലിൽ തട്ടിവീഴുന്ന വിദ്യാർഥികൾക്കും യുവാക്കൾക്കും പരിക്കുകളും പതിവാണ്.

മൂന്നു പതിറ്റാണ്ടുമുൻപ് വിദ്യാലയത്തിനുവേണ്ടി നിർമിച്ച കെട്ടിടം പരിപാലനമില്ലാതെ ജീർണാവസ്ഥയിലായ കെട്ടിടത്തിന് നിലവിൽ ഫിറ്റ്‌നസ് ഇല്ല. പുതിയ കെട്ടിടം നിർമിച്ച് ക്ലാസുകൾ മാറ്റിയതോടെയാണ് പഴയകെട്ടിടവും ശൗചാലയവും ഉപേക്ഷിച്ചത്.

ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടവും ശൗചാലയങ്ങളും പൊളിച്ചുനീക്കി അപകടഭീഷണി ഒഴിവാക്കണമെന്ന് വർഷങ്ങൾക്കുമുൻപ് സ്‌കൂൾ പി.ടി.എ. തീരുമാനിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. പരിസരം കാടുവെട്ടി ശുചീകരിച്ചും ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടം പൊളിച്ചുമാറ്റിയും കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.